കോഴിക്കോട്: ബംഗളുരുവിൽ കണ്ടെത്തിയ ടെലിഫോൺ എക്സ്ചേഞ്ചിന് കോഴിക്കോട്ടെ സമാന്തര എക്സ്ചേഞ്ചുമായി ബന്ധമുണ്ടെന്ന് പോലീസ്. സംഭവവുമായി ബന്ധമുണ്ടെന്ന് കരുതുന്ന ബംഗളുരു കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന മലപ്പുറം സ്വദേശി ഇബ്രാഹിം എന്നയാളെ പോലീസ് കസ്റ്റഡിയിൽ വാങ്ങി. വിശദമായ ചോദ്യം ചെയ്യലിനായി ഇയാളെ വൈകാതെ കേരളത്തിലെത്തിക്കാനാണ് പൊലീസിൻ്റെ തീരുമാനം.
കോഴിക്കോട്ടെ സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് കേസിലെ മുഖ്യപ്രതികള്‍ സംസ്ഥാനം വിട്ടിട്ടില്ലെന്നായിരുന്നു പൊലീസ് നിഗമനം. സമീപ ജില്ലകളില്‍ തന്നെയുള്ളതായി വിവരം ലഭിച്ചിട്ടുണ്ടെന്നും ഉടന്‍ പിടിയിലാകുമെന്നും അന്വേഷണസംഘം വ്യക്തമാക്കിയിരുന്നു. ഇവരില്‍ ഒരാള്‍ 2018 ലെ സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് കേസിലെ പ്രതിയാണെന്നാണ് സൂചന.
മുഖ്യസൂത്രധാരരെന്ന് കരുതുന്ന കോഴിക്കോട് സ്വദേശികളായ ഷബീറിനെയും പ്രസാദിനേയുമാണ് ഇനി കിട്ടാനുള്ളത്. ഇവര്‍ സംസ്ഥാനത്തിന്റ പുറത്തേക്ക് കടന്നിട്ടില്ലെന്നാണ് വിവരം. സമീപ ജില്ലയിലുണ്ടെന്ന സൂചനയുണ്ട്. അന്വേഷണം ഊര്‍ജിതമാക്കിയെന്നും ഉടന്‍ വലയിലാകുമെന്നാണ് അന്വേഷണസംഘത്തിന്റ പ്രതീക്ഷ. ഇവരുടെ മൊബൈല്‍ഫോണ്‍ ഓഫാണ്. ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്താലേ സമാന്തര സംവിധാനത്തിന്റെ വ്യാപ്തി കണ്ടെത്താനാകൂ.
പ്രതികളിലൊരാള്‍ 2018ല്‍ കോഴിക്കോട്ട് സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് കണ്ടെത്തിയ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് സൂചന. പിടിച്ചെടുത്ത സിമ്മിലേക്ക് വന്ന കോളുകള്‍ കണ്ടെത്താന്‍ സൈബര്‍ സെല്ലിന്റ സഹായം തേടി.
ഏതൊക്കെ രാജ്യങ്ങളില്‍ നിന്ന് കോളുകള്‍ വന്നിട്ടുണ്ടെന്ന് അറിഞ്ഞാലേ വിധ്വംസക പ്രവര്‍ത്തനത്തിന് ഉപയോഗിച്ചിട്ടുണ്ടോയെന്നും വ്യക്തമാകുകയുള്ളൂ. 730 സിമ്മുകളാണ് സ്വന്തം എക്സ്ചേഞ്ചുകളിൽ നിന്ന് കണ്ടെടുത്തത്. ഇത്രയും സിം എങ്ങനെ കിട്ടിയെന്നും ആരുടെ പേരിലാണ് എടുത്തതെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
കേസില്‍ കൊളത്തറ സ്വദേശി ജുറൈസിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ജുറൈസിൻ്റ മൊഴിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ബംഗളുരുവിലേക്ക് വ്യാപിപ്പിച്ചത്. കോഴിക്കോട്ടെ ഏഴ് സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ചുകളുമായി ഇബ്രാഹിമിന് ബന്ധമുള്ളതായി സംശയിക്കുന്നതായി ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
ഇൻറലിജൻസ് ബ്യൂറോയുടെ (ഐ.ബി.) പരിശോധനയിൽ കസബ പൊലീസ് പരിധിയിലെ ചിന്താവളപ്പിലെ യശോദ ബിൽഡിങ്ങിലാണ് ആദ്യ കേന്ദ്രം കണ്ടെത്തിയത്.
ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പുതിയറ കെ.എം.എ. ബിൽഡിങ്, മൂരിയാട്ടെ കെട്ടിടം, മാങ്കാവിലെ വി.ആർ.എസ്. കോംപ്ലക്സ്, കുണ്ടായിത്തോട്ടിലെ സന്തോഷ് ബിൽഡിങ്, പുതിയറ ശ്രീനിവാസ ലോഡ്ജിന് സമീപത്തെ കെട്ടിടം എന്നിവിടങ്ങളിലും പരിശോധന നടത്തി. ഇവിടങ്ങളിൽ നിന്നും ചില ഉപകരണങ്ങളും നിരവധി സിം കാർഡുകളും കണ്ടെത്തിയിരുന്നു.
ഇതിന് മുമ്പാണ് ബംഗളുരുവിൽ സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് കണ്ടെത്തിയിരുന്നത്. തീവ്രവാദ പ്രവർത്തനമടക്കം സംശയിക്കപ്പെട്ട ഈ കേസിൽ ബംഗളുരുവിൽ പിടിയിലായവരിൽ ചിലർക്ക് മലയാളികളുമായി ബന്ധമുള്ളതായും സൂചനയുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് കോഴിക്കോട്ടും സമാന കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നതായി വിവരം ലഭിച്ചത്.
ചിന്താവളവിലെ കെട്ടിടത്തിന്റെ രണ്ടാം നിലയിലുള്ള മുറിയിലാണ് കേന്ദ്രം പ്രവർത്തിച്ചിരുന്നത്. സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് വഴി എത്ര കോളുകള്‍ ആർക്കൊക്കെ എപ്പോഴൊക്കെ വിളിച്ചുവെന്നും ഇത് ആരംഭിച്ചത് എപ്പോഴാണെന്നും സ്ഥിരം വിളിക്കുന്നതാരെയെല്ലാമാണെന്നും കണ്ടെത്തിയാൽ മാത്രമേ ദുരൂഹതകളുടെ ചുരുളഴിയൂ.
Published by:user_57
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.