പാറശ്ശാലയിൽ സ്‌കൂട്ടര്‍ യാത്രക്കാരിയെ ആക്രമിച്ച് ആറുപവന്റെ മാല തട്ടിപ്പറിച്ച സംഭവം; പ്രധാനപ്രതി പിടിയിൽ
- Published by:Rajesh V
- news18-malayalam
Last Updated:
ലിജി ദാസിനെ ആക്രമിച്ച് മാല തട്ടിപ്പറിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളിലടക്കം വൈറലായിരുന്നു
തിരുവനന്തപുരം: പാറശ്ശാലയിൽ സ്‌കൂട്ടര്‍ യാത്രക്കാരിയെ ബൈക്കില്‍ പിന്തുടര്‍ന്ന് ആക്രമിച്ച് ആറ് പവന്റെ മാല പൊട്ടിച്ച സംഭവത്തില്‍ പ്രധാന പ്രതി അറസ്റ്റിൽ. കൊല്ലം ജില്ലയിലെ ചിതറ വളവ് പച്ചദേശത്ത് ഉണ്ണിമുക്ക് സൂര്യകുളം തടത്തരികത്ത് വീട്ടില്‍ മുഹമ്മദ് ഷാന്‍(24) ആണ് പൊലീസ് പിടിയിലായത്.മാര്‍ച്ച് 18 ന് രാവിലെ പതിനൊന്ന് മണിയോട് കൂടി പ്ലാമൂട്ടുക്കട പൊഴിയൂര്‍ റോഡില്‍ വച്ചാണ് ആക്രമണമുണ്ടായത്.
പ്ലാമൂട്ടുക്കടയിലെ ഡ്രൈവിങ് സ്‌കൂളിലെ ജീവനക്കാരിയായ വിരാലി ചെറിയകണ്ണുക്കുഴി വീട്ടില്‍ ലിജി ദാസിന്റെ മാലയാണ് മോഷ്ടിച്ചത്. പ്ലാമൂട്ടുക്കടയില്‍ നിന്ന് പൂഴിക്കുന്ന് ഭാഗത്തേക്ക് സഞ്ചരിക്കുകയായിരുന്ന ലിജിദാസ് സ്‌കൂട്ടര്‍ തിരിക്കുന്നതിനായി റോഡരികിലേക്ക് ഒതുക്കിയപ്പോള്‍ മുഹമ്മദ് ഷാന്‍ ലിജിദാസിനെ ആക്രമിച്ച് മാല തട്ടിപ്പറിക്കുകയായിരുന്നു. ആക്രമിയെ പ്രതിരോധിക്കാന്‍ ലിജിദാസ് ശ്രമിച്ചെങ്കിലും ലിജിയെ ആക്രമിച്ച് പ്രതികള്‍ മാലയുമായി രക്ഷപ്പെടുകയായിരുന്നു.
ലിജി ദാസിനെ ആക്രമിച്ച് മാല തട്ടിപ്പറിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളിലടക്കം വൈറലായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ ബൈക്ക് ഓടിച്ചിരുന്ന യുവാവിനെ തിരുവനന്തപുരം നഗരത്തില്‍ വച്ച് പോലീസ് നേരത്തെ പിടികൂടിയിരുന്നു. സംഭവത്തിന് ശേഷം ബെംഗളൂരുവില്‍ ഒളിവില്‍പ്പോയ മുഹമ്മദ് ഷാനെ വെള്ളിയാഴ്ച രാത്രി പൊലീസ് ആറ്റിങ്ങലിന് സമീപത്ത് വച്ച് പിടികൂടുകയായിരുന്നു. പ്രതിയെ സംഭവ സ്ഥലത്തെത്തിച്ച് പൊഴിയൂര്‍ പൊലീസ് തെളിവെടുപ്പ് നടത്തി.
advertisement
നഷ്ടപ്പെട്ട മാലയ്ക്കു പകരം യുവതിക്കു എഴു പവൻ വരുന്ന മാല വ്യവസായി ബോബി ചെമ്മണ്ണൂർ സമ്മാനിച്ചിരുന്നു. വിരാലിയിലെ ശാലോം ഡ്രൈവിങ് സ്കൂളിലെ പരിശീലന ജോലിയിൽ നിന്ന് ലഭിക്കുന്ന തുക കൊണ്ടാണ് അടുത്തിടെ ലിജി ദാസ് മാല വാങ്ങിയത്.
Location :
Parassala,Thiruvananthapuram,Kerala
First Published :
May 04, 2024 9:20 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
പാറശ്ശാലയിൽ സ്‌കൂട്ടര്‍ യാത്രക്കാരിയെ ആക്രമിച്ച് ആറുപവന്റെ മാല തട്ടിപ്പറിച്ച സംഭവം; പ്രധാനപ്രതി പിടിയിൽ


