ഹോട്ടലിൽവെച്ച് മദ്യം നൽകി യുവതിയെ പീഡിപ്പിച്ചതിന് രണ്ടുപേർക്കെതിരെ കേസ്
- Published by:Anuraj GR
- news18-malayalam
Last Updated:
യുവതിയെ തിരുവല്ല കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിന് സമീപമുളള എലൈറ്റ് ഹോട്ടലിലേക്ക് വിളിച്ചുവരുത്തിയാണ് ലൈംഗികമായി ചൂഷണം ചെയ്തത്
പത്തനംതിട്ട: യുവതിയെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി മദ്യം നൽകി പീഡിപ്പിച്ച സംഭവത്തിൽ രണ്ടുപേർക്കെതിരെ പൊലീസ് കേസെടുത്തു. കോട്ടയം മണര്‍കാട് സ്വദേശി ബിനു, കാഞ്ഞിരപ്പള്ളി സ്വദേശി ഉമേഷ് എന്നിവര്‍ക്കെതിരേയാണ് കേസെടുത്തത്. തിരുവല്ല പൊലീസാണ് കേസെടുത്തത്.
തിരുവല്ല തെങ്ങേലി സ്വദേശിനിയായ യുവതിയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. കേസെടുക്കാൻ വൈകിയതിനെ തുടർന്ന് പ്രതികൾ വിദേശത്തേക്ക് കടന്നതായും ആരോപണം ഉയർന്നിട്ടുണ്ട്.
കഴിഞ്ഞ മാസം 28നാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. വൈകിട്ട് അഞ്ചിന് യുവതിയെ തിരുവല്ല കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിന് സമീപമുളള എലൈറ്റ് ഹോട്ടലിലേക്ക് ബിനുവാണ് വിളിച്ചു വരുത്തിയത്. ഇരുവരും മുന്‍പ് വിദേശത്തായിരുന്നു. അവിടെ വച്ച് അടുത്ത സുഹൃത്തുക്കളായിരുന്നു. ഈ പരിചയം മറയാക്കിയാണ് യുവതിയെ ബിനു ഹോട്ടലിലേക്ക് എത്തിച്ചത്.
മൂന്നാം നിലയിലെ സ്യൂട്ട് റൂമില്‍ വച്ച് യുവതിക്ക് മദ്യം നല്‍കി മയക്കിയ ശേഷം ബിനുവും ഉമേഷും പീഡിപ്പിച്ചു. പീഡന ദൃശ്യങ്ങള്‍ മൊബൈല്‍ഫോണില്‍ പകര്‍ത്തുകയും ചെയ്തു. ഇതിനുശേഷം ദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി യുവതിയോട് പണം ആവശ്യപ്പെട്ടു. എന്നാൽ യുവതി പണം നൽകാൻ തയ്യാറായില്ല. ഇതോടെ ദൃശ്യങ്ങൾ പോൺ സൈറ്റില്‍ അപ്‌ലോഡ് ചെയ്തു. യുവതിയെ പരിചയമുള്ള ഒരാൾ വിളിച്ചാണ് ദൃശ്യങ്ങൾ പ്രചരിക്കുന്ന വിവരം അറിയിച്ചത്.
advertisement
ഇതോടെ ബിനുവിനെ വിളിച്ച് യുവതി പരാതി നൽകുമെന്ന് പറഞ്ഞു. എന്നാൽ ഇതിന് പിന്നാലെ ബിനുവും ഉമേഷും വിദേശത്തേക്ക് കടക്കുകയായിരുന്നു. സംഭവം നടന്ന് നാലാമത്തെ ദിവസമാണ് പ്രതികൾ വിദേശത്തേക്ക് പോയത്. സംഭവത്തിൽ പരാതി ലഭിച്ചിട്ടും പൊലീസ് അന്വേഷണത്തിന് തയ്യാറായില്ലെന്ന് ആരോപണം ഉയർന്നിട്ടുണ്ട്.
Location :
Pathanamthitta,Pathanamthitta,Kerala
First Published :
August 10, 2023 10:17 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഹോട്ടലിൽവെച്ച് മദ്യം നൽകി യുവതിയെ പീഡിപ്പിച്ചതിന് രണ്ടുപേർക്കെതിരെ കേസ്