HOME /NEWS /Crime / പാലക്കാട് ഇരട്ട സഹോദരികളെയും സുഹൃത്തുക്കളെയും കാണാതായ സംഭവത്തിൽ അന്വേഷണം ഊർജ്ജിതം

പാലക്കാട് ഇരട്ട സഹോദരികളെയും സുഹൃത്തുക്കളെയും കാണാതായ സംഭവത്തിൽ അന്വേഷണം ഊർജ്ജിതം

സി.സി.ടി.വി. ദൃശ്യം

സി.സി.ടി.വി. ദൃശ്യം

ഇവര്‍ പാലക്കാട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലും പാര്‍ക്കിലും നടക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു

  • Share this:

    പാലക്കാട്: ആലത്തൂരിൽ (Alathur) ഇരട്ട സഹോദരിമാരെയും (twin sisters missing) സഹപാഠികളായ രണ്ട് ആണ്‍കുട്ടികളെയും കാണാനില്ലെന്ന പരാതിയില്‍ പൊലീസ് അന്വേഷണം (police investigation) ഊർജിതമാക്കി. ഇവർ സംസ്ഥാന അതിർത്തിയിലെ  ഗോവിന്ദാപുരം ചെക്ക് പോസ്റ്റ് കടന്നുപോയതായുള്ള വിവരത്തിന്‍റെ അടിസ്ഥാനത്തിൽ  അന്വേഷണം തമിഴ്നാട്ടിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്.

    നവംബർ മൂന്നിനാണ്  ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികളായ നാലു പേരെ കാണാതായത്. ഇവര്‍ പാലക്കാട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലും പാര്‍ക്കിലും നടക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. ആലത്തൂര്‍ സിഐയുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘമാണ് അന്വേഷണം നടത്തുന്നത്.

    ആലത്തൂര്‍ പുതിയങ്കത്തു നിന്ന് കാണാതായ സൂര്യ കൃഷ്ണ എന്ന യുവതിയെ ഒരു മാസം പിന്നിട്ടിട്ടും കണ്ടെത്താനായിട്ടില്ല. ഇതിനിടയിലാണ് നാല് വിദ്യാര്‍ത്ഥികളുടെ തിരോധാനം. വിദ്യാർത്ഥികൾക്കായി പൊലീസ് മിസ്സിംഗ് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. കാണാതായ ദിവസം ഇരട്ട സഹോദരികൾ ധരിച്ചിരുന്നത് ജീൻസ് പാൻ്റും ടീ ഷർട്ടുമാണ്. ആൺകുട്ടികൾ ധരിച്ചത്  പാൻ്റും പച്ച കളർ ഷർട്ടുമാണെന്ന് പൊലീസിൻ്റെ മിസ്സിംഗ് നോട്ടീസിൽ പറയുന്നു. ഇവരുടെ കൈവശം ചുവന്ന ബാഗും ഉണ്ടായിരുന്നു.

    നാലുപേരും ഒരേ ക്ലാസിലെ വിദ്യാർത്ഥികളാണ്. ഇവരുടെ ഫോണുകൾ സ്വിച്ച് ഓഫ് ആണ്. അതുകൊണ്ടുതന്നെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് അന്വേഷിക്കുന്നതിനും തടസ്സങ്ങളുണ്ടെന്ന് പൊലീസ് പറയുന്നു.

    ആഗസ്ത് 30നാണ് ആലത്തൂർ പുതിയങ്കം സ്വദേശി രാധാകൃഷ്ണൻ്റെയും സുനിതയുടെയും മകൾ സൂര്യ കൃഷ്ണയെ കാണാതായത്. പാലക്കാട് മേഴ്സി കോളേജിൽ ഡിഗ്രി വിദ്യാർത്ഥിനിയായ സൂര്യ കൃഷ്ണ പഠനാവശ്യത്തിനുള്ള പുസ്തകം വാങ്ങാൻ ആലത്തൂരിലേക്ക് പോയതായിരുന്നു. പുസ്തകക്കടയിലേക്ക് വരുന്നുണ്ടെന്ന് അച്ഛൻ രാധാകൃഷ്ണനെ വിളിച്ചറിയിച്ച ശേഷമാണ് വീട്ടിൽ നിന്നുമിറങ്ങിയത്. പിന്നീട് സൂര്യ കൃഷ്ണയെ കണ്ടിട്ടില്ല.

    താൻ ഗോവയ്ക്ക് പോയി അവിടെ താമസിയ്ക്കുമെന്ന് ഇവർ ഇടയ്ക്കിടെ വീട്ടുകാരോട് പറഞ്ഞിരുന്നു. മൊബൈൽ ഫോണൊന്നും എടുക്കാതെയാണ് ഇവർ പോയിരുന്നത്. രണ്ടു ജോഡി വസ്ത്രങ്ങളുമായാണ് ഇവർ പുസ്തകക്കടയിലേക്ക് ഇറങ്ങിയിരുന്നതെന്ന് വ്യക്തമായിട്ടുണ്ട്. എന്നാൽ സൂര്യ കൃഷ്ണയ്ക്ക് പറയത്തക്ക കൂട്ടുകാരൊന്നും ഉണ്ടായിരുന്നില്ലെന്ന് വീട്ടുകാർ പറയുന്നു.

    ഇതിന് പുറമെ പാലക്കാട് മുതലമടയില്‍ നിന്നും രണ്ട് യുവാക്കളെ കാണാതായിട്ടും ഒരു മാസം പിന്നിട്ടു. ആഗസ്ത് 30നാണ് ചപ്പക്കാട് കോളനിയിലെ സ്റ്റീഫനെയും മുരുകേശനെയും കാണാതായത്. തമിഴ്നാട് കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിലും ഇവരെ കണ്ടെത്താന്‍ പൊലീസിനായിട്ടില്ല. കോളനിയിൽ ഇവർ ഒരുമിച്ച് സമീപത്തെ തെങ്ങിന്‍ തോട്ടം വരെ സഞ്ചരിച്ചത് കണ്ടവരുണ്ട്. എന്നാൽ പിന്നീട് ഒരു വിവരവും ലഭിച്ചിട്ടില്ല.

    തോട്ടങ്ങളിലും വനത്തിലും  ജലാശയങ്ങളിലുമടക്കം പൊലീസും ഫയര്‍ഫോഴ്സും നാട്ടുകാരും ഇവരെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല.  ഡ്രോണ്‍ ഉപയോഗിച്ചും പൊലീസ് നായയെ എത്തിച്ചും അന്വേഷണം നടത്തിയിരുന്നു. കോളനി വിട്ട് അകലേക്ക് പോകാത്തവരാണ് ഇരുവരും. തമിഴ്നാടിനോട് ചേര്‍ന്നുകിടക്കുന്ന പ്രദേശമായതിനാല്‍ ആ നിലയിലും അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായിട്ടില്ല. ഇവരുടെ തിരോധാനത്തിൽ വലിയ ദുരൂഹതയാണുള്ളത്. എന്തെങ്കിലും അപകടത്തിൽ പെടുകയോ അക്രമത്തിനിരയാകുകയോ ചെയ്തിട്ടുണ്ടെന്നാണ് കോളനി നിവാസികളുടെ സംശയം.

    First published:

    Tags: Girl Missing, Missing, Missing case