പാലക്കാട് ശ്രീനിവാസൻ വധം: പോപ്പുലർ ഫ്രണ്ട് മുൻ സംസ്ഥാന സെക്രട്ടറി റൗഫിന്റെ അറസ്റ്റ് രേഖപ്പെടുത്തി
- Published by:Rajesh V
- news18-malayalam
Last Updated:
ശ്രീനിവാസൻ കേസിൽ ഗൂഢാലോചനക്ക് പുറമെ പ്രതികൾക്ക് ഒളിവിൽ കഴിയാൻ റൗഫ് സഹായം ചെയ്തതായാണ് പൊലീസ് കണ്ടെത്തൽ
പാലക്കാട്: ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് എ ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പോപ്പുലർ ഫ്രണ്ട് മുൻ സംസ്ഥാന സെക്രട്ടറി സി എ അബ്ദുൽ റൗഫിന്റെ (34) അറസ്റ്റ് രേഖപ്പെടുത്തി. നിലവിൽ എൻഐഐ കേസിൽ തൃശൂർ വിയ്യൂർ ജയിലിൽ കഴിയുന്ന റൗഫിന്റെ അറസ്റ്റ് ഇവിടെയെത്തിയാണ് അന്വേഷണ സംഘം രേഖപ്പെടുത്തിയത്. അറസ്റ്റിനുശേഷം ഇയാളെ 10 ദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങി.
ശ്രീനിവാസൻ കേസിൽ ഗൂഢാലോചനക്ക് പുറമെ പ്രതികൾക്ക് ഒളിവിൽ കഴിയാൻ റൗഫ് സഹായം ചെയ്തതായാണ് പൊലീസ് കണ്ടെത്തൽ. പോപ്പുലര്‍ ഫ്രണ്ട് നേതാവ് സുബൈറിന്റെ കൊലപാതകത്തിന് പ്രതികാരമാണ് ശ്രീനിവാസന്‍ വധമെന്നാണ് പൊലീസ് കണ്ടെത്തല്‍. കഴിഞ്ഞ 28നാണ് റൗഫിനെ പട്ടാമ്പി കരിമ്പുള്ളിയിലെ വീട് വളഞ്ഞ് കൊച്ചിയിൽനിന്നുള്ള എൻഐഎ സംഘം പിടികൂടിയത്. നിരോധനത്തിന് പിന്നാലെ പല നേതാക്കളേയും ഒളിവിൽ കഴിയാൻ സഹായിച്ചതും റൗഫ് ആണെന്നാണ് എൻഐഎയുടെ കണ്ടെത്തൽ. ഡിസംബർ 5 വരെയാണ് കസ്റ്റഡി കാലാവധി.കേസിൽ ഗൂഢാലോചനയിൽ ഉൾപ്പെടെ പങ്കെടുത്ത റൗഫ് 41 ാം പ്രതിയാണ്.
advertisement
കഴിഞ്ഞ ദിവസം കൊലപാതകവുമായി ബന്ധപ്പെട്ട് ഒരു പോപ്പുലർ ഫ്രണ്ട് പ്രവർത്തകനെ പൊലീസ് പിടികൂടിയിരുന്നു. പാലക്കാട് ശംഖുവാരത്തോട് സ്വദേശി കാജാ ഹുസൈൻ എന്ന റോബർട്ട് കാജയാണ് പിടിയിലായത്. പിഎഫ്ഐ. മുൻ ഏരിയാ റിപ്പോർട്ടറാണ് പ്രതി.
2022 ഏപ്രില്‍ 16ന് ഉച്ചയ്ക്ക് ഒരുമണിക്കാണ് മൂന്ന് ബൈക്കുകളിലെത്തിയ സംഘം മേലാമുറിയിലെ എസ്കെഎസ് ഓട്ടോസ് എന്ന സ്ഥാപനത്തില്‍ക്കയറി ശ്രീനിവാസനെ വെട്ടിക്കൊന്നത്. പിഎഫ്ഐ പ്രവര്‍ത്തകനായ സുബൈര്‍ എലപ്പുള്ളിയില്‍ വെട്ടേറ്റുമരിച്ച് 24 മണിക്കൂര്‍ തികയുംമുമ്പാണ് ശ്രീനിവാസന്‍ കൊല്ലപ്പെട്ടത്.
advertisement
നേരത്തെ കേസ് അന്വേഷിച്ച ഡിവൈഎസ്പിക്ക് നേരെ വധഭീഷണി ഉയര്‍ന്നിരുന്നു. സംഭവത്തില്‍ അന്വേഷണം സൈബര്‍ പൊലീസിന് കൈമാറി. പാലക്കാട് നാര്‍കോട്ടിക് ഡിവൈഎസ്പി അനില്‍ കുമാറിനാണ് കഴിഞ്ഞ ദിവസം ഭീഷണി സന്ദേശം ലഭിച്ചത്. വധഭീഷണിയുടെ സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ സുരക്ഷ വര്‍ധിപ്പിച്ചു. വിദേശത്ത് നിന്നാണ് ഡിവൈഎസ്പിക്ക് ഭീഷണി സന്ദേശം വന്നത്. ശ്രീനിവാസന്‍ കൊലക്കേസില്‍ പോപ്പുലര്‍ ഫ്രണ്ടുകാരെ അറസ്റ്റ് ചെയ്തതോടെയാണ് ഇന്റര്‍നെറ്റ് കോളിലൂടെ ഭീഷണി വന്നത്. കൊലപ്പെടുത്തുമെന്നും ശവപ്പെട്ടി തയ്യാറാക്കി വെച്ചോളൂ എന്നുമായിരുന്നു ഭീഷണി. പരാതിയില്‍ പാലക്കാട് സൗത്ത് പോലീസെടുത്ത കേസാണ് സൈബര്‍ വിഭാഗത്തിന് കൈമാറിയത്.
Location :
First Published :
November 29, 2022 7:34 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
പാലക്കാട് ശ്രീനിവാസൻ വധം: പോപ്പുലർ ഫ്രണ്ട് മുൻ സംസ്ഥാന സെക്രട്ടറി റൗഫിന്റെ അറസ്റ്റ് രേഖപ്പെടുത്തി