51 കോടി വിലമതിക്കുന്ന സ്വര്‍ണടോയ്‌ലറ്റ് മോഷ്ടിച്ച കോടീശ്വരൻ്റെ ജയില്‍ ശിക്ഷ റദ്ദാക്കി
- Published by:Sneha Reghu
- news18-malayalam
Last Updated:
ടോയ്‌ലറ്റിന്റെ പ്രത്യേകതകള്‍ കാരണം മോഷണം വലിയ ശ്രദ്ധയാകര്‍ഷിച്ചിരുന്നു
യുകെയിലെ ബ്ലെന്‍ഹെയിം പാലസില്‍ നിന്ന് 4.5 മില്ല്യൺ പൗണ്ട്( ഏകദേശം 51 കോടി രൂപ) വിലമതിക്കുന്ന സ്വര്‍ണ ടോയ്‌ലറ്റ് മോഷ്ടിച്ച കോടീശ്വരന്റെ ജയില്‍ ശിക്ഷ റദ്ദാക്കി. 37കാരനായ ജ്വല്ലർ ഫ്രെഡറിക് ഡോ എന്നയാളുടെ ജയില്‍ ശിക്ഷയാണ് രണ്ട് വര്‍ഷത്തേക്ക് യുകെ കോടതി മരവിപ്പിച്ചത്. 2019ലാണ് കേസിനാസ്പദമായ സംഭവം. യുകെ മുന്‍ പ്രധാനമന്ത്രി വിന്‍സ്റ്റണ്‍ ചര്‍ച്ചിലിന്റെ ജനനസ്ഥലമാണ് ബ്ലെന്‍ഹെയിം പാലസ്. 21 മാസം ജയില്‍ ശിക്ഷയാണ് ഇയാള്‍ക്ക് കോടതി വിധിച്ചിരുന്നത്.
ഇറ്റാലിയന്‍ കലാകാരനായ മൗറീഷ്യോ കാറ്റലെന്‍ നിര്‍മിച്ച 'അമേരിക്ക' എന്ന ടോയ്ലറ്റ് ആണ് മോഷ്ടിക്കപ്പെട്ടത്. ഇതിന്റെ വില്‍പ്പനയ്ക്ക് ഇടനിലക്കാരനാകാന്‍ ശ്രമിച്ചതിന് ശേഷം അത് കൈമാറ്റം ചെയ്യാന്‍ ഗൂഢാലോചന നടത്തിയതിനാണ് ഫ്രെഡറിക് സൈന്‍സ് എന്നറിയപ്പെടുന്ന ഫ്രെഡറിക് ഡോയ്ക്ക് ജയില്‍ ശിക്ഷ നല്‍കിയത്.
2019 സെപ്റ്റംബറിലാണ് ടോയ്‌ലറ്റ് മോഷ്ടിക്കപ്പെട്ടത്. മുഖംമൂടി ധരിച്ച ഒരു സംഘം മോഷ്ടാക്കള്‍ കൊട്ടാരത്തില്‍ കയറി ചുറ്റികകളും മറ്റും ഉപയോഗിച്ച് പൂര്‍ണമായും പ്രവര്‍ത്തിക്കുന്ന സ്വര്‍ണ ടോയ്‌ലറ്റ് പൊളിച്ച് മാറ്റി. ഇതിന് ശേഷം അവര്‍ മോഷ്ടിച്ച വാഹനങ്ങളില്‍ കയറി രക്ഷപ്പെട്ടു. അഞ്ച് മിനിറ്റുകൊണ്ടാണ് ടോയ്‌ലറ്റ് മോഷ്ടിച്ച് കള്ളന്മാര്‍ കടന്നുകളഞ്ഞത്. ചരിത്രപരമായി ഏറെ പ്രത്യേകതകളുള്ള ടോയ്‌ലറ്റിന് കാര്യമായ നാശനഷ്ടമുണ്ടാക്കി. ഏകദേശം 98 കിലോഗ്രാമായിരുന്നു ടോയ്‌ലറ്റിന്റെ ഭാരം. എന്നാല്‍, മോഷണം നടന്നതിന് ശേഷം ഇത് വീണ്ടെടുക്കാന്‍ ഇതുവരെയും കഴിഞ്ഞിട്ടില്ല. ഉരുക്കിയെടുത്തതായി കരുതപ്പെടുന്ന സ്വര്‍ണവും കണ്ടെടുത്തിട്ടില്ല. മോഷ്ടിച്ച സ്വര്‍ണം വില്‍ക്കാന്‍ സഹായിക്കുന്ന ഒരു മണ്ടനായ ഇടനിലക്കാരനായിട്ടാണ് ഡോ ഈ കുറ്റകൃത്യത്തിന്റെ ഭാഗമായതെന്ന് ജഡ്ജി ഇയാന്‍ പ്രിംഗിള്‍ പറഞ്ഞു. ''നിങ്ങള്‍ക്ക് കുറഞ്ഞ ജോലി മാത്രമെ ഉണ്ടായിരുന്നുള്ളൂ, വ്യക്തിപരമായ നേട്ടങ്ങളൊന്നുമുണ്ടായിരുന്നില്ല, ഇതില്‍ നിങ്ങള്‍ക്ക് നേരിട്ട് പങ്കാളിത്തമില്ല, ചെറിയൊരു കാലയളവിലേക്ക് മാത്രമെ ഡോ ഉള്‍പ്പെട്ടിരുന്നുള്ളൂ,'' ജഡ്ജി നിരീക്ഷിച്ചതായി വാര്‍ത്താ ഏജന്‍സി എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.
advertisement
മോഷ്ടാക്കളിലൊരാളായ ജെയിംസ് ഷീനുമായി ജോ ആശയവിനിമയം നടത്തിയിരുന്നതായി കണ്ടെത്തി. സ്വര്‍ണം വാങ്ങാനാളെ കണ്ടെത്തുന്നത് സംബന്ധിച്ചായിരുന്നു ഇത്. ഇതിന് കാര്‍സ്(cars) എന്ന് കോഡ് വാക്ക് ആണ് ഉപയോഗിച്ചത്. മോഷ്ടിച്ച വസ്തു വിറ്റ് പണമാക്കി മാറ്റാൻ ശ്രമിച്ചതിനാണ് ഡോ കുറ്റക്കാരനാമെന്ന് കോടതി കണ്ടെത്തിയത്. കുറ്റകൃത്യത്തിലൂടെ ഡോ സാമ്പത്തിക നേട്ടമൊന്നും ഉണ്ടാക്കിയില്ലെന്നും കോടതി കണ്ടെത്തി. ഡോയുടെ മുന്‍കാലങ്ങളിലെ നല്ല സ്വഭാവവും രോഗിയായ ഭാര്യയെയും നാല് കുട്ടികളെയും പരിചരിക്കുന്നത് ഉള്‍പ്പെടെയുള്ള ഉത്തരവാദിത്വങ്ങള്‍ എന്നീ കാര്യങ്ങളും ശിക്ഷ ഇളവ് ചെയ്യാന്‍ കോടതി പരിഗണിച്ചു. കൂടാതെ, യുവാക്കള്‍ക്കായി ബോക്‌സിംഗ് ക്ലബ് നടത്തുന്ന ഡോ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും ചെയ്യുന്നുണ്ടെന്ന് കോടതി കണ്ടെത്തി. ഈ ഘടകങ്ങളെല്ലാം പരിഗണിച്ച കോടതി 240 മണിക്കൂര്‍ സന്നദ്ധ സേവനം ചെയ്യാന്‍ ഡോയോട് നിര്‍ദേശിച്ചു. കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കുവഹിച്ച ജെയിംസ് ഷീന്‍, മൈക്കള്‍ ജോണ്‍സ് എന്നിവര്‍ക്ക് അടുത്തമാസം ശിക്ഷ വിധിക്കും. മോഷണക്കുറ്റത്തിന് ഡോയ്‌ക്കൊപ്പം 39കാരനായ ജോണ്‍സും കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. മോഷണം, കള്ളപ്പണം വെളുപ്പിക്കല്‍ എന്നിവ ചെയ്തുവെന്ന് ഷീന്‍ കുറ്റസമ്മതം നടത്തിയിട്ടുണ്ട്.
advertisement
ടോയ്‌ലറ്റിന്റെ പ്രത്യേകതകള്‍ കാരണം മോഷണം വലിയ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ഒരു കലാസൃഷ്ടിയുടെ മോഷണം എന്ന നിലയിലും മോഷ്ടാക്കള്‍ക്ക് വന്‍ സാമ്പത്തിക നേട്ടമുണ്ടാകുമെന്നതുമാണ് ശ്രദ്ധ നേടാന്‍ കാരണമായത്. ഇപ്പോഴും കേസില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.
Location :
Delhi
First Published :
May 21, 2025 3:05 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
51 കോടി വിലമതിക്കുന്ന സ്വര്‍ണടോയ്‌ലറ്റ് മോഷ്ടിച്ച കോടീശ്വരൻ്റെ ജയില്‍ ശിക്ഷ റദ്ദാക്കി