സന്ദീപാനന്ദഗിരി ദേവിയോട് മണിമുഴക്കി പ്രാർത്ഥിച്ചു; ആശ്രമം കത്തിച്ചതിലെ വെളിപ്പെടുത്തൽ രണ്ടുമാസത്തിനകം
സന്ദീപാനന്ദഗിരി ദേവിയോട് മണിമുഴക്കി പ്രാർത്ഥിച്ചു; ആശ്രമം കത്തിച്ചതിലെ വെളിപ്പെടുത്തൽ രണ്ടുമാസത്തിനകം
കഴിഞ്ഞ സെപ്റ്റംബർ 10ന് സന്ദീപാനന്ദ ഗിരി ഉത്തരാഖണ്ഡിലെ അൽമോറയിലെ ക്ഷേത്രത്തിലെത്തി മണിമുഴക്കി 'കേസിലെ ദുഷ്ടശക്തികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണേ ദേവീ' എന്ന് പ്രാർത്ഥിച്ചിരുന്നു
തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദഗിരിയുടെ കുണ്ടമൻകടവിലെ ആശ്രമം കത്തിച്ച സംഭവത്തിൽ നാലുവർഷത്തിനുശേഷമാണ് നിർണായക വെളിപ്പെടുത്തൽ ഉണ്ടായിരിക്കുന്നത്. യാതൊരു തുമ്പും കിട്ടാതെ ക്രൈംബ്രാഞ്ച് കേസ് അവസാനിപ്പിക്കുന്നതിലേക്ക് നീങ്ങുന്നതിനിടെയാണ് നിർണായക വെളിപ്പെടുത്തലുണ്ടായിരിക്കുന്നത്. പ്രതികളെ കുറിച്ച് യാതൊരു തുമ്പും ലഭിക്കാതെ വരികയും സംശയത്തിന്റെ ചൂണ്ടുവിരൽ സന്ദീപാനന്ദ ഗിരിയിലേക്കും വന്നിരുന്നു. ഇതിനിടെ കഴിഞ്ഞ സെപ്റ്റംബർ 10ന് അദ്ദേഹം ഉത്തരാഖണ്ഡിലെ അൽമോറയിലെ ഗോലുദേവീക്ഷേത്രത്തിലെത്തി മണിമുഴക്കി 'കേസിലെ ദുഷ്ടശക്തികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണേ ദേവീ' എന്ന് പ്രാർത്ഥിക്കുകയും ചെയ്തിരുന്നു. Also Read- സന്ദീപാനന്ദഗിരിയുടെ വാഹനം നാലുവർഷം മുൻപ് കത്തിച്ചത് താനെന്ന് നാലു മാസം മുമ്പ് മരിച്ചയാൾ പറഞ്ഞതായി സഹോദരൻ ആശ്രമത്തിന് തീയിട്ടത് പ്രദേശവാസിയായ പ്രകാശ് എന്ന ആർഎസ്എസ് പ്രവർത്തകനും കൂട്ടുകാരും ചേർന്നാണ് എന്നാണ് നാലുവർഷത്തിനുശേഷം വന്ന വെളിപ്പെടുത്തൽ. പ്രകാശിന്റെ സഹോദരൻ പ്രശാന്താണ് ഇക്കാര്യം ഒരു സ്വകാര്യ ചാനലിനോട് വെളിപ്പെടുത്തിയത്. ഈ വർഷം ജനുവരിയിൽ പ്രകാശ് ആത്മഹത്യ ചെയ്തിരുന്നു. ഇയാളുടെ മരണത്തിന് ശേഷം മാസങ്ങൾക്ക് ശേഷമാണ് സംസ്ഥാനത്ത് ഏറെ കോളിളക്കമുണ്ടാക്കിയ ആശ്രമം കത്തിക്കൽ കേസിലെ പുതിയ വെളിപ്പെടുത്തൽ ഉണ്ടായിരിക്കുന്നത്.
Also Read- 'ആശ്രമം കത്തിച്ച ദുഷ്ടശക്തികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണേ ദേവീ'; മണിമുഴക്കി പ്രാര്‍ഥിച്ച് സന്ദീപാനന്ദഗിരി 2018 ഒക്ടോബർ 27 നാണ് തിരുവനന്തപുരം കുണ്ടമൺ കടവിലുള്ള സന്ദീപാനന്ദഗിരിയുടെ വസതി തീപിടിച്ച നിലയിൽ കണ്ടെത്തുന്നത്. മുഖ്യമന്ത്രി അടക്കമുള്ളവർ അന്നുതന്നെ സംഭവസ്ഥലത്തേക്ക് എത്തി. ഉടൻ അന്വേഷണം പ്രഖ്യാപിക്കുകയും പ്രതികളെ പിടികൂടുമെന്ന് പറയുകയും ചെയ്തു. വലിയ രാഷ്ട്രീയ വിവാദമായ സംഭവം. ആദ്യംസിറ്റി പൊലീസിന്റെ പ്രത്യേകസംഘവും പിന്നീട് ക്രൈം ബ്രാഞ്ചും അന്വേഷിച്ച കേസിൽ പക്ഷേ പിന്നീട് പുരോഗതിയുണ്ടായില്ല. ഒടുവിൽ കേസ് അവസാനിപ്പിക്കാനുളള നീക്കത്തിലായിരുന്നു ക്രൈംബ്രാഞ്ച്. അങ്ങനെ ഇരിക്കെയാണ് സംഭവം കഴിഞ്ഞ് നാല് വർഷത്തിന് ശേഷം നിർണായക വഴിത്തിരിവുണ്ടായത്. ഇതിനിടെ ആശ്രമത്തിന് തീയിട്ടത് സന്ദീപാനന്ദ ഗിരി തന്നെയാണെന്ന തരത്തില്‍ സോഷ്യൽ മീഡിയയിൽ പ്രചാരണമുണ്ടായിരുന്നു. രണ്ടുമാസം മുൻപ് ആശ്രമം കത്തിച്ച കേസിലെ പ്രതികളെ കണ്ടെത്താന്‍ അമ്പലത്തില്‍ മണിമുഴക്കി പ്രാർത്ഥിക്കുന്ന സ്വാമി സന്ദീപാനന്ദഗിരിയുടെ വീഡിയോ വൈറലായിരുന്നു. ഉത്തരാഖണ്ഡിലെ അല്‍മോറ ക്ഷേത്രത്തിലായിരുന്നു സന്ദീപാനന്ദഗിരിയുടെ പ്രാർത്ഥന. ഇതിന്റെ വീഡിയോ അദ്ദേഹം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.