തൃശൂര്‍: പോക്സോ കേസില്‍ (Pocso Case) പ്രതിയായ സ്‌കൂള്‍ അധ്യാപകനെ വിവിധ വകുപ്പുകളിലായി ഒൻപതു വര്‍ഷം കഠിനതടവിനും 45,000 രൂപ പിഴയടയ്ക്കുന്നതിനും തൃശൂര്‍ അതിവേഗ പോക്സോ സ്പെഷ്യല്‍ കോടതി (Special Pocso Court) ശിക്ഷിച്ചു. പാലക്കാട് ചിറ്റൂര്‍ കടമ്പിടി രഘുനന്ദനെ(58) യാണ് ജഡ്ജി ബിന്ദു സുധാകരന്‍ കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷിച്ചത്. പിഴയടക്കുന്ന തുക അതിജീവിതക്ക് നൽകാനും ഉത്തരവായി. പിഴയടക്കാത്ത പക്ഷം അഞ്ചുമാസം അധികത്തടവ് അനുഭവിക്കണം.
2018 ല്‍ ആണ് കേസിനാസ്പദമായ സംഭവം. എട്ടാം ക്ലാസുകാരിയോട് മെസ് ഹാളിലും വരാന്തയിലുംവെച്ച് ലൈംഗികച്ചുവയോടെ സംസാരിക്കുകയും പീഡിപ്പിക്കുകയും ചെയ്‌തെന്നാണ് കേസ്. കൂട്ടുകാരിയുടെ സഹായത്തോടെയാണ് പ്രിന്‍സിപ്പലിന് പരാതി നല്‍കിയത്. വിചാരണയ്ക്കിടെ കൂട്ടുകാരിയായ സാക്ഷി പ്രതിഭാഗത്ത് ചേര്‍ന്നു. എങ്കിലും പ്രോസിക്യൂഷൻ തെളിവുകളുടേയും സാക്ഷിമൊഴികളുടേയും അടിസ്ഥാനത്തിൽ കുറ്റം തെളിയിക്കപ്പെടുകയായിരുന്നു.
അതിജീവിതയുടെ മൊഴിയും സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കോടതിയില്‍ നല്‍കിയ മൊഴിയും നിര്‍ണായകമായി. സമൂഹത്തിലും വിദ്യാര്‍ഥികള്‍ക്കു മുന്നിലും മാതൃകയാകേണ്ട അധ്യാപകനില്‍നിന്ന് ഉണ്ടാകാന്‍ പാടില്ലാത്ത കുറ്റകൃത്യമാണിതെന്നും പ്രതിയുടെ അഭ്യര്‍ഥന പരിഗണിച്ച് ശിക്ഷ ലഘൂകരിച്ചാല്‍ അത് സമൂഹത്തില്‍ തെറ്റായ സന്ദേശം നല്‍കുമെന്നും കോടതി നിരീക്ഷിച്ചു.
പഴയന്നൂര്‍ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇന്‍സ്‌പെക്ടര്‍ വിജയകുമാര്‍, എസ് ഐ പി കെ ദാസ് എന്നിവരാണ് അന്വേഷിച്ച് കുറ്റപത്രം നല്‍കിയത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ പി അജയ്കുമാര്‍ ഹാജരായി.
കൊല്ലത്ത് വീട്ടമ്മ പൊള്ളലേറ്റു മരിച്ചു; വിമുക്തഭടനായ ഭർത്താവ് അറസ്റ്റിൽ
കൊല്ലം അഞ്ചൽ അയിലറയിൽ വീട്ടമ്മ പൊള്ളലേറ്റു മരിച്ചു. അയിലറ സ്വദേശി ഹരികുമാറിന്റെ ഭാര്യ സംഗീത (42)യാണ് മരിച്ചത്. സംഭവത്തിൽ വിമുക്ത ഭടൻ ഹരികുമാറിനെ (45) ആത്മഹത്യ പ്രേരണാ കുറ്റത്തിനു പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഗീതയെ വീടിന് പുറത്ത് പൊള്ളലേറ്റ നിലയിൽ കാണപ്പെട്ടത്.
ബഹളം കേട്ട് എത്തിയ അയൽക്കാർ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ബുധനാഴ്ച പുലർച്ചെ മരിച്ചു. ഹരികുമാറിന്റെ നിരന്തര പീഡനം കാരണം സംഗീത ആത്മഹത്യ ചെയ്തുവെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറയുന്നു.
22 വർഷം മുൻപായിരുന്നു ഓയൂർ സ്വദേശിയായ സംഗീതയുടെയും ഹരികുമാറിന്റെയും വിവാഹം. ഹരികുമാറിന്റെ മാനസിക, ശാരീരിക ഉപദ്രവം സഹിക്കാതെ സംഗീത നേരത്തേ ഏരൂർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. അവയിൽ പലതും ഒത്തു തീർപ്പാക്കി ഒരുമിച്ചു താമസിക്കുകയായിരുന്നു. മറ്റു ചില കേസുകളിലും ഹരികുമാർ പ്രതിയാണെന്ന് പൊലീസ് പറയുന്നു.
സംഗീതയ്ക്കു പൊള്ളലേറ്റ് അധികം വൈകാതെ ഇയാളെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഇയാളെ വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കും. സംഗീതയുടെ സംസ്കാരം ഓയൂരിലെ കുടുംബ വീട്ടിൽ നടത്തി. മകൻ: കാർത്തിക്.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.