പൂനെ: പൊലീസ് ഉദ്യോഗസ്ഥനായി ചമഞ്ഞ് 19 കാരിയെ പീഡിപ്പിച്ച സംഭവത്തിൽ ആശുപത്രിയിലെ സുരക്ഷാ ഉദ്യോഗസ്ഥൻ അറസ്റ്റിൽ. പൂനെയിലെ പിംപ്രിയിലുള്ള സർക്കാർ ആശുപത്രിയിലെ ജീവനക്കാരനാണ് അറസ്റ്റിലായത്. ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ പെൺകുട്ടിയെയാണ് ഇയാൾ പീഡിപ്പിച്ചത്.
ഡിസംബർ 21 നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പെൺകുട്ടി നൽകിയ പരാതിയിലാണ് 47 കാരനായ സെക്യൂരിറ്റി ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസ് ഉദ്യോഗസ്ഥനെന്ന വ്യാജേന പെൺകുട്ടിയുടെ മുറിയിലെത്തിയ ഇയാൾ പീഡിപ്പിച്ചെന്നാണ് പരാതി.
പെൺകുട്ടിയെ മറ്റൊരു വാർഡിലേക്ക് കൊണ്ടുപോയി അസുഖത്തെ കുറിച്ച് മോശം രീതിയിൽ സംസാരിച്ചെന്നും ഉപദ്രവിച്ചു എന്നും പരാതിയിൽ പറയുന്നു. പെൺകുട്ടി പിന്നീട് സംഭവം ആശുപത്രി അധികൃതരെ അറിയിക്കുകയായിരുന്നു. ആശുപത്രിയിൽ നിന്ന് പൊലീസിൽ വിവരം അറിയിച്ചു.
ലൈംഗിക പീഡനം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. പൊലീസ് ഉദ്യോഗസ്ഥനായി ചമഞ്ഞതിനും ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. ബുധനാഴ്ച്ച എഫ്ഐആർ രജിസ്റ്റർ ചെയ്തതിന് പിന്നാലെ ഇയാളെ അറസ്റ്റ് ചെയ്തു.
ഇയാൾ നേരത്തേയും ഈ രീതിയിൽ രോഗികളോട് പെരുമാറിയിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷിക്കുന്നതായി അസിറ്റന്റ് ഇൻസ്പെക്ടർ ഗണേഷ് ലോണ്ഡേ അറിയിച്ചു.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.