വെറ്ററിനറി വിദ്യാർഥിയുടെ മരണം: ആറുപേർ അറസ്റ്റിൽ; SFI നേതാക്കളടക്കം 12 പേർ ഒളിവിൽ
- Published by:Rajesh V
- news18-malayalam
Last Updated:
കേസില്‍ ആദ്യം പ്രതിചേര്‍ത്ത എസ്എഫ്ഐ നേതാക്കള്‍ ഉള്‍പ്പെടെയുള്ള 12 പേര്‍ ഇപ്പോഴും ഒളിവിലാണ്
വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ഥിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കസ്റ്റഡിയിലെടുത്ത ആറുപേരെ പൊലീസ് അറസ്റ്റുചെയ്തു. ബുധനാഴ്ച ഉച്ചയോടെയാണ് കേസില്‍ പുതുതായി പ്രതിചേര്‍ത്ത ആറുപേരെയും കസ്റ്റഡിയിലെടുത്തത്. അതേസമയം, കേസില്‍ ആദ്യം പ്രതിചേര്‍ത്ത എസ്എഫ്ഐ നേതാക്കള്‍ ഉള്‍പ്പെടെയുള്ള 12 പേര്‍ ഇപ്പോഴും ഒളിവിലാണ്.
മരിച്ച സിദ്ധാര്‍ഥനെ റാഗ് ചെയ്തതിലും ക്രൂരമായി മര്‍ദിച്ചതിലും എട്ടുവിദ്യാര്‍ഥികളെ ബുധനാഴ്ച പൊലീസ് ചോദ്യംചെയ്യാനായി വിളിപ്പിച്ചിരുന്നു. ഇതില്‍ ആറുപേരെയാണ് പിന്നീട് കസ്റ്റഡിയിലെടുത്തത്. ഇവരെ കേസില്‍ പ്രതിചേര്‍ക്കുകയും ചെയ്തു. ഇതോടെ കേസില്‍ ആകെ 18 പ്രതികളായി.
യൂണിയന്‍ പ്രസിഡന്റ് കെ അരുണ്‍, ഭാരവാഹി എന്‍ ആസിഫ് ഖാന്‍ (20), എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി അമല്‍ ഇഹ്‌സാന്‍ (20), കെ അഖില്‍ (23), ആര്‍ എസ് കാശിനാഥന്‍ (19), അമീന്‍ അക്ബര്‍ അലി (19), സിന്‍ജോ ജോണ്‍സണ്‍ (20), ജെ അജയ് (20), ഇ കെ സൗദ് റിസാല്‍ (22), എ അല്‍ത്താഫ് (22), വി ആദിത്യന്‍ (22), എം മുഹമ്മദ് ഡാനിഷ് (22) എന്നിവരുടെ പേരിലാണ് നേരത്തെ കേസെടുത്തിരുന്നത്. നാലുപേര്‍ സിദ്ധാര്‍ഥന്റെ ക്ലാസില്‍ പഠിക്കുന്നവരാണ്. 12 വിദ്യാര്‍ഥികളെയും അന്വേഷണവിധേയമായി കോളേജില്‍നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. സംഭവത്തില്‍ ഇത്രയുംദിവസമായിട്ടും പ്രതികളായ എസ്എഫ്ഐക്കാരെ പിടികൂടാത്തതില്‍ പൊലീസിനെതിരേ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു.
advertisement
ബിവിഎസ്സി രണ്ടാംവര്‍ഷ വിദ്യാര്‍ഥിയായ തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി സിദ്ധാര്‍ഥ(21)നെ ഫെബ്രുവരി 18നാണ് ഹോസ്റ്റലിലെ കുളിമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. വാലെന്റൈന്‍സ് ഡേ ദിനാചരണവുമായി ബന്ധപ്പെട്ട് കോളേജിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് കോളേജിൽവച്ച് സിദ്ധാര്‍ഥന് ക്രൂരമര്‍ദനവും ആള്‍ക്കൂട്ട വിചാരണയും നേരിടേണ്ടിവന്നുവെന്നാണ് പരാതി. മൂന്നുദിവസം ഭക്ഷണംപോലും നല്‍കാതെ തുടര്‍ച്ചയായി മര്‍ദിച്ചെന്നും ആരോപണമുണ്ടായിരുന്നു. കഴിഞ്ഞദിവസം പുറത്തുവന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ഈ ആരോപണങ്ങള്‍ സാധൂകരിക്കുന്നതായിരുന്നു.
Location :
Wayanad,Kerala
First Published :
February 28, 2024 9:40 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
വെറ്ററിനറി വിദ്യാർഥിയുടെ മരണം: ആറുപേർ അറസ്റ്റിൽ; SFI നേതാക്കളടക്കം 12 പേർ ഒളിവിൽ