മൂന്ന് കോടിയുടെ ഇൻഷുറൻസ് ലഭിക്കാൻ അച്ഛനെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊന്ന രണ്ട് മക്കൾ അറസ്റ്റിൽ
- Published by:Sarika N
- news18-malayalam
Last Updated:
ഒക്ടോബർ 22-നാണ് ഗണേശനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്
ചെന്നൈ: ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ പിതാവിനെ വിഷപ്പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ രണ്ട് മക്കൾ ഉൾപ്പടെ 6 പേർ അറസ്റ്റിൽ. തിരുവള്ളൂർ ജില്ലയിലെ പൊടറ്റൂർപേട്ടിലാണ് സംഭവം. സർക്കാർ സ്‌കൂളിലെ ലാബ് അസിസ്റ്റന്റായ ഇ.പി. ഗണേശൻ (56) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മക്കളായ മോഹൻരാജ് (26), ഹരിഹരൻ (27), സുഹൃത്തുക്കളായ ബാലാജി, പ്രശാന്ത്, ദിനകരൻ, നവീൻകുമാർ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
ഒക്ടോബർ 22-നാണ് ഗണേശനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പാമ്പുകടിയേറ്റാണ് മരണം സംഭവിച്ചതെന്ന് കരുതി പോലീസ് ആദ്യം അസ്വാഭാവിക മരണത്തിന് കേസെടുത്തു. എന്നാൽ, ഗണേശന്റെ പേരിൽ ഒരേസമയം മൂന്ന് കോടി രൂപയുടെ ഉയർന്ന ഇൻഷുറൻസ് പോളിസികൾ മക്കൾ എടുത്തത് ഇൻഷുറൻസ് കമ്പനിയിൽ സംശയമുണ്ടാക്കി. കമ്പനി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഐ.ജി അസ്രഗാർഗിന്റെ നേതൃത്വത്തിൽ നടന്ന പ്രത്യേക അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്.
പിതാവിനെ കൊലപ്പെടുത്താൻ മക്കൾ രണ്ടുതവണ പാമ്പുകളെ ഉപയോഗിച്ചതായി പോലീസ് കണ്ടെത്തി. ആദ്യ തവണ ഉറങ്ങിക്കിടന്ന ഗണേശനെ ഒരു മൂർഖൻ പാമ്പിനെക്കൊണ്ട് കാലിൽ കടിപ്പിച്ചു. എന്നാൽ അയൽവാസികൾ ഉടൻ ആശുപത്രിയിലെത്തിച്ചതോടെ അദ്ദേഹം രക്ഷപ്പെട്ടു.രണ്ടാം തവണ അതിമാരക വിഷമുള്ള 'വെള്ളിക്കെട്ടൻ' (Krait) പാമ്പിനെ സംഘം സംഘടിപ്പിച്ചു. ഒക്ടോബർ 22-ന് പുലർച്ചെ ഗണേശന്റെ കഴുത്തിൽ പാമ്പിനെക്കൊണ്ട് കടിപ്പിച്ചു. ഇത്തവണ മരണം ഉറപ്പാക്കാൻ വേണ്ടി ആശുപത്രിയിൽ എത്തിക്കുന്നത് വൈകിപ്പിക്കുകയും ചെയ്തു. ശേഷം തെളിവ് നശിപ്പിക്കാനായി പാമ്പിനെ വീട്ടിനുള്ളിൽ വെച്ച് കൊലപ്പെടുത്തി.
advertisement
അതേസമയം, ഗ്രാമത്തിൽ പാമ്പ് ശല്യം കൂടുതലാണെന്നായിരുന്നു മക്കളുടെ വാദം. എന്നാൽ ഇവരുടെ ഫോൺ രേഖകളും സാമ്പത്തിക ഇടപാടുകളും പരിശോധിച്ചപ്പോൾ പാമ്പ് പിടുത്തക്കാരുമായി ഇവർ ബന്ധപ്പെട്ടതായും ഇതിനായി രണ്ട് ലക്ഷം രൂപ കൈമാറിയതായും പോലീസ് കണ്ടെത്തി. വൻതോതിൽ കടബാധ്യതയുള്ള മക്കൾ ഇൻഷുറൻസ് തുക ഉപയോഗിച്ച് കടം തീർക്കാനാണ് കൃത്യം നടത്തിയത്. പ്രതികൾ ഇപ്പോൾ റിമാൻഡിലാണ്.
Location :
Chennai [Madras],Chennai,Tamil Nadu
First Published :
Dec 21, 2025 12:34 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
മൂന്ന് കോടിയുടെ ഇൻഷുറൻസ് ലഭിക്കാൻ അച്ഛനെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊന്ന രണ്ട് മക്കൾ അറസ്റ്റിൽ










