പഠിക്കാത്തതിന് ശിക്ഷിച്ചതിന്റെ പക; ടിഫിൻ ബോക്സിൽ തോക്കുമായെത്തിയ വിദ്യാർത്ഥി അധ്യാപകനെ വെടിവച്ചു
- Published by:Nandu Krishnan
- news18-malayalam
Last Updated:
അധ്യാപകനെ വെടിവച്ച ശേഷം രക്ഷപെടാൻ ശ്രമിച്ച വിദ്യാർത്ഥിയെ മറ്റ് അധ്യാപകർ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു
പഠിക്കാത്തതിന് ശിക്ഷിച്ചതിന്റെ പകയിൽ ടിഫിൻ ബോക്സിൽ തോക്ക് ഒളിപ്പിച്ച് കൊണ്ടുവന്ന് വിദ്യാർത്ഥി അധ്യാപകനെ വെടിവച്ചു. ഉത്തരാഖണ്ഡിലെ ഉധം സിംഗ് നഗർ ജില്ലയിലെ ഗുരു നാനാക്ക് സ്കൂളിലെ ഭൗതികശാസ്ത്ര അധ്യാപകനായ ഗംഗൻദീപ് സിംഗ് കോഹ്‌ലിക്കാണ് വെടിയേറ്റത്.സമരത്ത് ബജ്‌വ എന്ന വിദ്യാർത്ഥിയാണ് അധ്യാപകനെതിരെ വെടിയുതിർത്തതെന്ന് പൊലീസ് പറഞ്ഞു. ഒരാഴ്ചമുമ്പ് ഈ വിദ്യാർത്ഥിയെ പഠിക്കാത്തതിന് അധ്യാപകൽ ശിക്ഷിച്ചിരുന്നു.
സ്കൂളിലെ രാവിലത്തെ ഇടവേളയ്ക്ക് തൊട്ടുപിന്നാലെ അധ്യാപകൻ ക്ലാസ് മുറിയിൽ നിന്ന് പുറത്തുപോകുന്നതിനിടെ വിദ്യാർത്ഥി വെടി വയ്ക്കുകയായിരുന്നു. വെടിയുണ്ട അധ്യാപകന്റെ പുറകിലൂടെ തുളച്ചുകയറി. ഉടൻ തന്നെ അദ്ദേഹത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. വെടിയുണ്ട വിജയകരമായി നീക്കം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു. തുടർ നിരീക്ഷണത്തിനായി അദ്ദേഹത്തെ ഐസിയുവിലേക്ക് മാറ്റുമെന്നും ഡോക്ടർമാർ പറഞ്ഞു.
അധ്യാപകനെ വെടിവച്ച ശേഷം രക്ഷപെടാൻ ശ്രമിച്ച വിദ്യാർത്ഥിയെ മറ്റ് അധ്യാപകർ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 109 പ്രകാരം പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൗമാരക്കാരന് തോക്ക് എങ്ങനെ ലഭിച്ചുവെന്നും അധികൃതർ അന്വേഷിക്കുന്നുണ്ട്. പിസ്റ്റൾ പിടിച്ചെടുത്തിട്ടുണ്ട്. കേസിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
Location :
New Delhi,Delhi
First Published :
August 21, 2025 10:23 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
പഠിക്കാത്തതിന് ശിക്ഷിച്ചതിന്റെ പക; ടിഫിൻ ബോക്സിൽ തോക്കുമായെത്തിയ വിദ്യാർത്ഥി അധ്യാപകനെ വെടിവച്ചു