കാസര്‍ഗോഡ്: മേല്‍പ്പറമ്പില്‍ എട്ടാം ക്ലാസുകാരി ആത്മഹത്യചെയ്ത കേസില്‍ അധ്യാപകന് അറസ്റ്റില്‍. മേല്‍പ്പറമ്പ് ജാമിയ സാദിയ സ്കൂളിലെ അധ്യാപകനായ ഉസ്മാനാണ് അറസ്റ്റിലായത്. ഈമാസം എട്ടാം തീയതിയാണ് പെണ്‍കുട്ടിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. അധ്യാപകനെതിരെ പോക്സോ, ആത്മഹത്യ പ്രേരണ, ജുവനൈല്‍ ജസ്റ്റിസ് വകുപ്പ് പ്രകാരമുള്ള കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.
മുംബൈയിലായിരുന്നു അധ്യാപകന് ഒളിവില്‍ കഴിഞ്ഞിരുന്നത്. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതിയായ ഉസ്മാനെ പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിന് ശേഷം ഒളിവില്‍പോയ അധ്യാപകനായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. സോഷ്യല്‍ മീഡിയ സന്ദേശം മറ്റുള്ളവര്‍ അറിഞ്ഞതില്‍ ഉള്ള മനോവിഷമത്തിലാണ് എട്ടാം ക്ലാസ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തതെന്നാണ് പോലീസ് റിപ്പോര്‍ട്ട്.
സ്കൂളിലെ അധ്യാപകന് ആദൂര്‍ സ്വദേശി ഉസ്മാന് പെണ്‍കുട്ടിയുമായി സമൂഹ മാധ്യമങ്ങളില്‍ ശബ്ദ സന്ദേശങ്ങളും മറ്റും കൈമാറിയിരുന്നു എന്ന് പ്രാഥമികാന്വേഷണത്തില്‍ തന്നെ പോലിസ് കണ്ടെത്തിയിരുന്നു. അധ്യാപകനെന്ന നിലയില്‍ വിദ്യാര്‍ഥിനിക്ക് സംരക്ഷകനാകേണ്ടുന്ന വ്യക്തിയില്‍ നിന്നുണ്ടായ ചൂഷണം പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് മാനസികാഘാതം ഉണ്ടാക്കിയെന്നാണ് പോലീസ് കണ്ടെത്തല്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇയാള്‍ക്കെതിരെ പോക്സോ- ബാലനീതി തുടങ്ങിയ വകുപ്പ് പ്രകാരം മേല്‍പ്പറമ്പ് പോലീസ് കേസെടുത്തത്.
മകളുടെ മരണത്തിനിടയാക്കിയ അധ്യാപകന് തക്കതായ ശിക്ഷ ലഭിക്കണമെന്ന് പെണ്‍കുട്ടിയുടെ പിതാവ്മേല്‍പ്പറമ്പ് പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു. കുട്ടി ഓണ്‍ലൈന്‍ പഠനത്തിനായി ഉപയോഗിച്ചിരുന്ന ഫോണ്‍ സൈബര്‍ സംഘം പരിശോധിച്ചു വരുന്നു. സംഭവത്തില്‍ ബാലാവകാശ കമ്മീഷന് കേസെടുത്തിട്ടുണ്ട്. ഒക്ടോബര്‍ നാലിനകം റിപ്പോര്‍ട്ട് നല്‍കാനാണ് കമ്മീഷന്റെ നിര്‍ദ്ദേശം. ബേക്കല്‍ ഡിവൈഎസ്പിയുടെ മേല്‍നോട്ടത്തില്‍ മേല്‍പ്പറമ്പ് സിഐ ഉത്തംദാസിനാണ് അന്വേഷണ ചുമതല. തനിക്കെതിരെ ആരോപണം ഉയര്‍ന്ന ഘട്ടത്തില്‍തന്നെ ആദൂര്‍ സ്വദേശിയായ അധ്യാപകന് ഉസ്മാന് ഒളിവില്‍ പോയിരുന്നു.
ഇതിനു പിന്നാലെ സമൂഹമാധ്യമങ്ങളില്‍ പെണ്‍കുട്ടിക്ക് എതിരായ സന്ദേശങ്ങളും പ്രചരിച്ചരുന്നു. പെണ്‍കുട്ടി തന്നെ കുടുക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നായിരുന്നു സോഷ്യല്‍ മീഡിയ വഴി അധ്യാപകന്റെ വിശദീകരണം. എന്നാല്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയാണ് എന്ന് അറിഞ്ഞു കൊണ്ട് തന്നെയാണ്ഇയാള്‍ പെണ്‍കുട്ടിയുമായി അടുപ്പം സ്ഥാപിച്ചതെന്ന് പോലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ അപകീര്‍ത്തി സന്ദേശങ്ങള്‍ ഉള്‍പ്പെടെ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെയും ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് ആക്ഷന്‍ കമ്മിറ്റിയുടെ ആവശ്യം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Crime news, Girl commit suicide, Kasargod