തിരുവനന്തപുരം: അയൽവാസികൾ തമ്മിലുണ്ടായ തര്‍ക്കത്തിൽ കൈകാലുകൾ അടിച്ചൊടിച്ച സംഭവത്തിൽ വട്ടപ്പാറ അമ്പലനഗർ അരുൺഭവനിൽ കെ. അരുൺദാസ് (28), പിതാവ് കൃഷ്ണൻകുട്ടി (60) എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തു. ഇരുവരുടെയും ബന്ധുവും അയൽവാസിയുമായ അമ്പലനഗർ വീട്ടിൽ ആർ.അപ്പു (60) വിനാണ് പരിക്കേറ്റത്. തിങ്കളാഴ്ച രാത്രി 10ഓടെയാണ് സംഭവം.
പരിക്കേറ്റ അപ്പുവിനെ ആശുപത്രിയിലെത്തിക്കാൻ വിളിച്ച ആംബുലൻസ് നിയന്ത്രണം വിട്ട് വേറ്റിനാട് വച്ച് തലകീഴായി മറിഞ്ഞു. ഡ്രൈവർ മദ്യപിച്ചതാണ് അപകടത്തിനു കാരണമെന്ന് പൊലീസ് വ്യക്തമാക്കി. തുടർന്ന് മറ്റൊരു ആംബുലൻസ് വരുത്തിയാണ് അപ്പുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.വീട്ടിൽ നിന്നും മൺവെട്ടിയും മറ്റും കാണാതായെതിനു അപ്പു മദ്യപിച്ച് കൃഷ്ണൻകുട്ടിയുടെ വീടിനു മുന്നിലെത്തി അസഭ്യം പറയുകയും ഇതിൽ പ്രകോപിതനായി അരുൺ ദാസ് ക്രിക്കറ്റ് ബാറ്റ് കൊണ്ട് അപ്പുവിന്റെ കൈകളും കൃഷ്ണൻകുട്ടി കുറുവടി കൊണ്ട് കാലും അടിച്ചൊടിക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.
പൊലീസ് സ്ഥലത്തെത്തുമ്പോൾ അപ്പു രക്തത്തിൽകുളിച്ചു കിടക്കുകയായിരുന്നു. എസ്എച്ച്ഒ എസ്. ശ്രീജിത്ത്, എസ്ഐ ശ്രീലാൽ എഎസ്ഐ സുനിൽകുമാർ, സിപിഒ ജയകുമാർ എന്നിവരടങ്ങുന്ന സംഘം കൃഷ്ണൻകുട്ടിയെ വീട്ടിൽ നിന്നു സംഭവ ദിവസവും, അരുൺദാസിനെ ഇന്നലെ ബന്ധുവീട്ടിൽ നിന്നും അറസ്റ്റു ചെയ്തു. മദ്യപിച്ച് ആംബുലൻസ് ഓടിച്ച ഡ്രൈവർ തൃശൂർ ചൂലിശ്ശേരി അമ്പാടത്ത് ശിവകുമാർ ( 47 ) നെതിരെ വട്ടപ്പാറ പൊലീസ് കേസെടുത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.