'ശരീരവും മനസും സമർപ്പിക്കണം'; മലപ്പുറത്ത് പതിനേഴുകാരിയെ മരണത്തിലേക്ക് തള്ളിവിട്ടത് കരാട്ടെ മാസ്റ്ററുടെ ക്രൂരത
- Published by:Anuraj GR
- news18-malayalam
Last Updated:
മൂന്ന് വർഷത്തോളമായി പരിശീലകൻ ലൈംഗികമായി പീഡിപ്പിച്ചിരുന്നെന്നും ഇക്കാര്യം തങ്ങള്‍ വൈകിയാണ് അറിഞ്ഞതെന്നും മരിച്ച പെണ്‍കുട്ടിയുടെ സഹോദരിമാർ പറയുന്നു
കൊണ്ടോട്ടി: എടവണ്ണപ്പാറയില്‍ പ്ലസ്‌വണ്‍ വിദ്യാർത്ഥിനിയെ ചാലിയാർ പുഴയില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതൽ വിവരങ്ങൾ പുറത്ത്. വിദ്യാർഥിനിയുടെ മരണത്തിന് കാരണക്കാരനായ കരാട്ടെ അദ്ധ്യാപകൻ സിദ്ധിഖ് അലി പിടിയിലായതോടെയാണ് വിവരങ്ങൾ പുറത്തുവന്നത്. കരാട്ടെ അധ്യാപകൻ ലൈംഗികമായി പീഡിപ്പിച്ചിരുന്നുവെന്ന വിവരമാണ് പുറത്തുവരുന്നത്. സ്‌കൂളിലെ കൗണ്‍സലിംഗിലാണ് പീഡനവിവരം പെൺകുട്ടി വെളിപ്പെടുത്തിയിരുന്നത്.
താൻ ഗുരുവും ദൈവവുമാണെന്നും ശരീരവും മനസും ഗുരുവിന്റെ തൃപ്തിക്കായി സമർപ്പിക്കണമെന്നും കുട്ടികളെ പറഞ്ഞു വിശ്വസിപ്പിക്കുകയാണ് സിദ്ദിഖ് അലി ചെയ്തിരുന്നത്. നെഞ്ചത്ത് കൈവച്ചാലെ ശിഷ്യരെ അറിയാൻ ഗുരുവിന് കഴിയുകയുള്ളുവെന്നും ഗുരുവിലൂടെ മാത്രമേ വിജയിക്കാനാവൂ എന്നും ഇയാൾ കുട്ടികളോട് പറഞ്ഞിരുന്നു. കൂടുതലും ചെറിയ കുട്ടികളാണ് കരാട്ടെ ക്ലാസില്‍ ചേർന്നിരുന്നത്. റിലാക്‌സേഷൻ വർക്കെന്ന് പറഞ്ഞ് സിദ്ദിഖ് അലി ശരീര വളർച്ചയെത്തിയ പെണ്‍കുട്ടികളുടെ ശരീരത്തിൽ കയറിയിരിക്കും. കുട്ടികളെ തലോടുകയും ചുണ്ടുകളില്‍ പരസ്യമായി ഉമ്മ വയ്ക്കുകയും ചെയ്യുന്നത് പതിവായിരുന്നു. ഇതെല്ലാം സാധാരണ കാര്യങ്ങളാണെന്ന് വിശ്വസിപ്പിച്ച് കുട്ടികളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു ഇയാൾ ചെയ്തിരുന്നതെന്നും മരിച്ച കുട്ടിയുടെ സഹോദരിമാർ പറയുന്നു.
advertisement
മൂന്ന് വർഷത്തോളമായി പരിശീലകൻ ലൈംഗികമായി പീഡിപ്പിച്ചിരുന്നെന്നും ഇക്കാര്യം തങ്ങള്‍ വൈകിയാണ് അറിഞ്ഞതെന്നും പെണ്‍കുട്ടിയുടെ സഹോദരിമാർ മാധ്യമങ്ങളോട് പറഞ്ഞു. സെപ്തംബർ 15ന് വീണ്ടും പീഡിപ്പിച്ചതോടെ പെണ്‍കുട്ടി കടുത്ത മാനസിക ബുദ്ധഇമുട്ടിലായി. കരാട്ടെ ക്ലാസിലെ മറ്റു പെണ്‍കുട്ടികളെയും കരാട്ടെയുടെ പാഠങ്ങളാണെന്ന് വിശ്വസിപ്പിച്ച് പീഡിപ്പിച്ചിരുന്നു.
കോഴിക്കോട് മെഡിക്കല്‍ കോളേജിന് സമീപമുള്ള സ്‌കൂളിലെ പ്ലസ്‌വണ്‍ വിദ്യാർത്ഥിനിയാണ് മരിച്ച പെണ്‍കുട്ടി. എട്ടാം ക്ലാസുമുതല്‍ കരാട്ടെ പഠിക്കുന്നുണ്ട്. സ്കൂളിൽ നടത്തിയ കൌൺസിലിങ്ങിൽ പീഡനവിവരം വെളിപ്പെടുത്തിയതോടെ അധികൃതർ കോഴിക്കോട് ശിശുക്ഷേമ അധികൃതരെ വിവരമറിയിച്ചു. തുടർന്ന് പരാതി വാഴക്കാട് പൊലീസിന് കൈമാറി. പെണ്‍കുട്ടി സംസാരിക്കാൻ കഴിയുന്ന സ്ഥിതിയിലല്ലാഞ്ഞതിനാല്‍ മൊഴിയെടുക്കല്‍ മാറ്റിവയ്‌ക്കുകയായിരുന്നു. ആരോപണ വിധേയനായ കരാട്ടെ അദ്ധ്യാപകൻ രണ്ട് പോക്‌സോ കേസുകളില്‍ പ്രതിയാണ്.
advertisement
സിദ്ദിഖ് അലിയുടെ ഊർക്കടവിലെ വീട്ടില്‍വച്ചുള്ള പരിശീലനത്തില്‍ വിവിധ ബാച്ചുകളിലായി മുപ്പതോളം കുട്ടികൾ കരാട്ടെ അഭ്യസിക്കുന്നുണ്ട്. പത്താം ക്ലാസില്‍ മികച്ച മാർക്കോടെ വിജയിച്ച പെണ്‍കുട്ടി കരാട്ടെ ക്ലാസിലെ പീഡനത്തെ തുടർന്ന് രണ്ടാഴ്ചയോളമായി സ്‌കൂളില്‍ പോയിട്ടില്ല. പീഡനത്തെക്കുറിച്ച് കുട്ടി സഹോദരിമാരോട് സൂചിപ്പിച്ചിരുന്നു. ഇതേ കുറിച്ച് ചോദിച്ചപ്പോള്‍ പരിശീലകൻ ആദ്യം ഒഴിഞ്ഞുമാറിയെങ്കിലും പിന്നീട് തെറ്റുപറ്റിപ്പോയെന്ന് ഏറ്റുപറഞ്ഞതായി പെണ്‍കുട്ടിയുടെ സഹോദരിമാർ പറഞ്ഞു.
ഇക്കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് പെണ്‍കുട്ടിയെ വീട്ടില്‍ നിന്ന് കാണാതായത്. രാത്രി എട്ടോടെ ചാലിയാർ പുഴയില്‍ അധികം വെള്ളമില്ലാത്ത ഭാഗത്ത് കമിഴ്ന്നു കിടക്കുന്ന നിലയിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കുട്ടിയുടെ ശരീരത്തിൽ മേല്‍വസ്ത്രം ഉണ്ടായിരുന്നില്ല. ഒരു ചെരിപ്പ് മാത്രമാണ് മൃതദേഹത്തില്‍ നിന്ന് കണ്ടെത്തിയത്. പെണ്‍കുട്ടി ആത്മഹത്യ ചെയ്യില്ലെന്നും പരിശീലകനെതിരെ കേസ് നല്‍കിയതായും കുടുംബം വ്യക്തമാക്കി.
Location :
Malappuram,Malappuram,Kerala
First Published :
February 22, 2024 11:19 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
'ശരീരവും മനസും സമർപ്പിക്കണം'; മലപ്പുറത്ത് പതിനേഴുകാരിയെ മരണത്തിലേക്ക് തള്ളിവിട്ടത് കരാട്ടെ മാസ്റ്ററുടെ ക്രൂരത