അയൽവാസിയെ കുടുക്കാൻ അൻപതോളം പേർക്ക് അശ്ലീല ഊമക്കത്തുകൾ; യുവതിയും സൈനികനുൾപ്പെടെ 3 പേർ പിടിയിൽ

Last Updated:

ആറുമാസത്തിനിടെ പ്രായഭേദമന്യേ നൂറനാട് സ്വദേശികളായ അൻപതോളം സ്ത്രീ പുരുഷന്മാർക്കാണ് അശ്ളീല കത്തുകൾ ലഭിച്ചത്. 

ആലപ്പുഴ: അയൽവാസിയെ കുടുക്കാൻ ആറു മാസക്കാലമായി അൻപതോളം പേർക്ക് അശ്ലീല ഊമക്കത്തുകൾ എഴുതിയ മൂന്നുപേർ അറസ്റ്റില്‍. നൂറനാട് നെടുകുളഞ്ഞി ശ്യാം നിവാസിൽ ശ്യാം (36), നൂറനാട് നെടുകുളഞ്ഞി  തിരുവോണം വീട്ടിൽ ജലജ (44), ചെങ്ങന്നൂർ ചെറിയനാട് മാമ്പ്ര കാർത്തിക നിവാസിൽ രാജേന്ദ്രൻ (57) എന്നിവരാണ് നൂറനാട് പോലീസിന്റെ പിടിയിലായത്.
പൊലീസ് പറയുന്നത് ഇങ്ങനെ- ഒന്നാം പ്രതിയായ ശ്യാം അയൽവാസിയായ മനോജിന്റെ കിണറ്റിൽ ആരോ പട്ടിയെ കൊണ്ടിട്ടുണ്ടെന്നും അത് താനാണ് ഇട്ടതെന്നു പറഞ്ഞ് മനോജ് നാട്ടിൽ അപവാദ പ്രചരണം നടത്തുന്നുണ്ടെന്നു പറഞ്ഞ് ആറുമാസം മുമ്പ് നൂറനാട് പൊലീസിൽ പരാതി നല്‍കിയിരുന്നു. തന്റെ പേരു വച്ച് മനോജ് അശ്ലീലച്ചുവയുള്ള കത്തുകള്‍ എഴുതാറുണ്ടെന്നും ശ്യാം പൊലീസിനോട് പറഞ്ഞു. ഒരാഴ്ചയ്ക്കകം നൂറനാ‌ട് പഞ്ചായത്ത് പ്രസിഡിന് ശ്യാമിന്‍റെ പേരില്‍ അശ്ലീലക്കത്ത് കി‌ട്ടി. ഇതിൽ അയച്ച ആളുടെ പേര് ശ്യാം, ശ്യാം നിവാസ്, പടനിലം എന്നായിരുന്നു.മനോജിനെ പോലീസ് ചോദ്യം ചെയ്യുകയും കൈയക്ഷരം പരിശോധിക്കുകയും ചെയ്തു. എന്നാൽ മനോജോ വീട്ടുകാരോ കത്തെഴുതിയതിന് ഒരു സൂചനയും ലഭിച്ചില്ല.തുടർന്ന് പ്രദേശത്ത് പ്രായഭേദമന്യേ സ്ത്രീ പുരുഷന്മാർക്ക് അശ്ളീല കത്തുകൾ കിട്ടിത്തുടങ്ങി.ആറുമാസത്തിനിടെ നൂറനാട് സ്വദേശികളായ അൻപതോളം പേർക്കാണ് ഇത്തരത്തിലെ കത്തുകൾ ലഭിച്ചത്. ഇതെല്ലാം ശ്യാമിന്റെ പേരു വെച്ച കത്തുകൾ ആയിരുന്നു.
advertisement
കഴിഞ്ഞ ആഴ്ച ശ്യാമിന്റെ ബന്ധുവായ സ്ത്രീക്ക് ഇത്തരത്തിൽ കത്തു വരികയും അവർ അത് പൊലീസിൽ ഏൽപ്പിക്കുകയും ചെയ്തു. ആ കത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ വെൺമണി പോസ്റ്റ് ഓഫീസിനു സമീപമുളള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോള്‍ അതിൽ ഒരു മധ്യവയസ്കനെ സംശയകരമായ രീതിയിൽ കണ്ടെത്തി. തുടർന്ന് അയാളെപ്പറ്റി അന്വേഷണം നടത്തിയതിൽ അത് ചെറിയനാട് താമസിക്കുന്ന റിട്ടയേഡ് പട്ടാളക്കാരനായ രാജേന്ദ്രൻ ആണെന്ന് മനസ്സിലായി. രാജേന്ദ്രനെ കണ്ടെത്തി ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിച്ച അയാൾ ഇതെല്ലാം പടനിലത്തുള്ള ജലജ എന്ന സ്ത്രീ പറഞ്ഞിട്ടാണെന്നും അറിയിച്ചു.
advertisement
ജലജയ്ക്ക് രാജേന്ദ്രനും ശ്യാമുമായും അടുത്ത ബന്ധം ഉണ്ടായിരുന്നു എന്നാണ് സൂചന. തുടർന്ന് ജലജയെ നൂറനാട് പൊലീസ് ചോദ്യം ചെയ്തു. കത്തുകൾക്ക് പിന്നിൽ ശ്യാം തന്നെയാണെന്ന് ജലജ പോലീസിനെ അറിയിച്ചു. തുടർന്ന് ശ്യാമിനെ ചോദ്യം ചെയ്യുകയും അയാൾ കുറ്റം സമ്മതിക്കുകയും ചെയ്തു. ജലജയുടെയും ശ്യാമിന്റെയും വീടുകളിൽ പൊലീസ് റെയ്ഡ് നടത്തി അയച്ച കത്തുകളുടെ ഫോട്ടോസ്റ്റാറ്റുകളും കവറുകളും കണ്ടെടുത്തു. ശ്യാമും ജലജയും ചേർന്നാണ് ആദ്യത്തെ മൂന്നുമാസം കത്ത് എഴുതിയിട്ടുള്ളത്. പൊലീസ് ശ്യാമിനെ സംശയിക്കുന്നുണ്ട് എന്ന് മനസ്സിലാക്കി അടുത്ത മൂന്നുമാസം കത്ത് എഴുതിയിട്ടുള്ളത് രാജേന്ദ്രനാണെന്ന് കണ്ടെത്തി.
advertisement
ഈ കത്തുകളുടെയെല്ലാം പിന്നിൽ മനോജാണെന്ന് ശ്യാമിന്റെ സഹോദരിയെ തെറ്റിദ്ധരിപ്പിച്ച് അവരുടെ ഒരു പരാതി നൂറനാട് പൊലീസിൽ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇതിനിടെ ശ്യാം ഹൈക്കോടതി മുമ്പാകെ മുൻകൂർ ജാമ്യത്തിനും പോയി.
ശ്യാമിന് മനോജിനോട് സ്വത്തു സംബന്ധമായ കാരണത്തിലുള്ള വൈരാഗ്യം തീർക്കാനാണ് ഇങ്ങനെ ചെയ്തത് എന്നാണ് സൂചന. ഇവരുടെ അറസ്റ്റോടെ കഴിഞ്ഞ ആറ് മാസകാലമായി പ്രദേശത്ത് തലവേദന ഉണ്ടാക്കിയ ഒരു പ്രശ്നത്തിനാണ് പരിഹാരമാകുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
അയൽവാസിയെ കുടുക്കാൻ അൻപതോളം പേർക്ക് അശ്ലീല ഊമക്കത്തുകൾ; യുവതിയും സൈനികനുൾപ്പെടെ 3 പേർ പിടിയിൽ
Next Article
advertisement
കോഴിക്കോട്ട് സ്കൂട്ടറിന് പിന്നിൽ സ്വകാര്യ ബസിടിച്ച് മൂന്നുവയസുകാരൻ മരിച്ചു
കോഴിക്കോട്ട് സ്കൂട്ടറിന് പിന്നിൽ സ്വകാര്യ ബസിടിച്ച് മൂന്നുവയസുകാരൻ മരിച്ചു
  • ബസിടിച്ച് മൂന്നുവയസുകാരൻ മരിച്ചു

  • മലപ്പുറം സ്വദേശിയായ ജെസിന്റെ മകൻ മുഹമ്മദ് ഹിബാൻ ആണ് മരിച്ചത്

  • ബസ് സ്കൂട്ടറിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ അപകടം

View All
advertisement