പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ KSEB ജീവനക്കാരൻ ഉൾപ്പടെ മൂന്ന് പേർ അറസ്റ്റിൽ
- Published by:Anuraj GR
- news18-malayalam
Last Updated:
ഇൻസ്റ്റാഗ്രാം വഴിയാണ് കൂടുതല്‍ പേർ കുട്ടിയുമായി സൗഹൃദത്തിലായതെന്ന് പൊലീസ് വ്യക്തമാക്കുന്നു
പത്തനംതിട്ട: പ്ലസ് വണ്‍ വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ കെഎസ്‌ഇബി ജീവനക്കാരനും പ്രായപൂർത്തിയാകാത്ത ഒരാളുമുള്‍പ്പെടെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ടയിലാണ് സംഭവം. കെഎസ്‌ഇബി ജീവനക്കാരൻ മുഹമ്മദ് റാഫി, സജാദ്, പ്രായപൂർത്തിയാകാത്ത ഒരാള്‍ എന്നിങ്ങനെ മൂന്നു പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ റാന്നി ഡിവൈഎസ്‌പി ഓഫീസില്‍ കീഴടങ്ങിയ മറ്റൊരു യുവാവിനെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.
കേസില്‍ 18 പ്രതികളുണ്ടെന്നാണ് റിപ്പോർട്ട്. ചൈല്‍ഡ് വെല്‍ഫെയർ കമ്മിറ്റിയില്‍ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ നഗ്ന ദൃശ്യങ്ങള്‍ പകർത്തി പ്രചരിപ്പിച്ചതായും പരാതിൽ പറയുന്നു. ഇൻസ്റ്റാഗ്രാം വഴിയാണ് കൂടുതല്‍ പേർ കുട്ടിയുമായി സൗഹൃദത്തിലായതെന്ന് പൊലീസ് വ്യക്തമാക്കുന്നു.
വിദ്യാർഥിനിയെ പീഡിപ്പിച്ചവരുടെ കൂട്ടത്തിൽ പ്രായപൂർത്തിയാകാത്ത ആളുകളുമുണ്ടെന്നാണ് വിവരം. കുട്ടി സ്കൂളിലേക്ക് പോകാൻ തയ്യാറാകാതെ വന്നതോടെ നടത്തിയ കൗണ്‍സിലിംഗിലാണ് പീഡന വിവരം പുറത്തു വന്നത്.
ഇതേത്തുടർന്ന് ചൈല്‍ഡ് വെല്‍ഫെയർ കമ്മിറ്റി വിവര പൊലീസിനെ അറിയിക്കുകയായിരുന്നു. കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു. സൈബർ പൊലീസിന്‍റെ ഉൾപ്പടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിനൊടുവിലാണ് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തത്.
Location :
Pathanamthitta,Pathanamthitta,Kerala
First Published :
February 05, 2024 7:50 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ KSEB ജീവനക്കാരൻ ഉൾപ്പടെ മൂന്ന് പേർ അറസ്റ്റിൽ