മലപ്പുറം: നിലമ്പൂർ (Nilambur) കാളികാവ് കൂറ്റമ്പാറയില്‍ നിന്നും കഞ്ചാവും (Cannabis) ഹാഷിഷ് ഓയിലും (Hashish Oil) പിടിച്ച കേസില്‍ രണ്ട് ഗൂഡല്ലൂര്‍ (Gudalur) സ്വദേശികളെ എക്സൈസ് (Excise) ക്രൈം ബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തു. ഗൂഡല്ലൂര്‍ താലൂക്കില്‍ ചെമ്പാല സ്വദേശി ശിഹാബുദ്ദിന്‍ (35), പെരുന്തു സ്വദേശി ഷാഫി എന്ന ഷാഹിര്‍ അഹമ്മദ് (34) എന്നിവരാണ് അറസ്റ്റിലായത്.
2021 സെപ്റ്റമ്പര്‍ 17ന് കൂറ്റമ്പാറയില്‍ നിന്ന് 182 കിലോ കഞ്ചാവ് , 1 കിലോ ഹാഷിഷ് ഓയില്‍ എന്നിവ പിടികൂടിയ കേസിലെ പ്രതികളാണ് ഇവര്‍. മലപ്പുറം എക്സൈസ് ഇന്റലിജന്റ്സ് ബ്യൂറോയുടെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നിലമ്പൂര്‍ എക്സൈസ് സര്‍ക്കിള്‍ ഓഫീസിലെ എക്സൈസ് ഇന്‍സ്പെക്ടറും സംഘവും കൂറ്റമ്പാറയില്‍ വെച്ചാണ് കഞ്ചാവും ഹാഷിഷ് ഓയിലും പിടികൂടിയിരുന്നത്. ഇവ കടത്താനുപയോഗിച്ച ഹോണ്ട സിറ്റി കാര്‍, ബൊലേറോ പിക്കപ്പ്, ബൈക്ക് എന്നിവയും പിടികൂടിയിരുന്നു.
കുറ്റമ്പാറ സ്വദേശികളായ അബ്ദുള്‍ ഹമീദ്, സല്‍മാന്‍, പോത്തുകല്ല് സ്വദേശി റഫീഖ്, എടക്കര സ്വദേശി ഷറഫുദിന്‍, അമരമ്പലം സ്വദേശികളായ അലി, ജംഷാദ്, കൂറ്റമ്പാറ സ്വദേശി വിഷ്ണു, ഗൂഡല്ലൂര്‍ സ്വദേശികളായ രണ്ടുപേരെയും പ്രതികളാക്കി രജിസ്റ്റര്‍ ചെയ്ത കേസ്സില്‍ തുടരന്വേഷണം എക്സൈസ് ക്രൈം ബ്രാഞ്ച് സംഘം ഏറ്റെടുക്കുകയായിരുന്നു. കൂറ്റമ്പാറയില്‍ പ്രതികളുമായി ചേര്‍ന്ന് കഞ്ചാവ് ഇറക്കിയ ശേഷം പിക്കപ്പ് വാഹനവുമായി ഗൂഡല്ലരിലേക്ക് പോകുന്ന വഴി എക്സൈസുകാര്‍ കഞ്ചാവ് പിടികൂടിയ വിവരം അറിഞ്ഞ് വഴിക്കടവില്‍ പിക്കപ്പ് വാഹനം ഉപേക്ഷിച്ച് ഒളിവില്‍ പോകുകയായിരുന്നു ഇവര്‍.
Also Read-
Sexual Abuse | മതപഠനത്തിന് എത്തിയ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച മദ്രസ അധ്യാപകൻ അറസ്റ്റിൽ
കേസ് അന്വേഷണം ഏറ്റെടുത്ത ക്രൈം ബ്രാഞ്ച് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ആര്‍ എന്‍.ബൈജു വിന്റെ നേതൃത്വത്തിലുള്ള സംഘം ഗൂഡല്ലൂര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. കേസില്‍ ഒളിവില്‍ പോയ രണ്ടാം പ്രതി സല്‍മാന്‍, മൂന്നാം പ്രതി റഫീഖ്, ഏഴാം പ്രതി വിഷ്ണു എന്നിവര്‍ക്കായി അന്വേഷണം തുടരുകയാണ്. പ്രതികളെ മഞ്ചേരി എന്‍ഡിപിഎസ് സ്പെഷ്യല്‍ കോടതി മുമ്പാകെ ഹാജരാക്കി റിമാൻഡ് ചെയ്തു.
അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി. ഷിജുമോന്‍, പ്രിവന്റിവ് ഓഫീസര്‍മാരായ സുഗന്ധകുമാര്‍, സുധീര്‍, സജീവ്, സിവില്‍ എക്സൈസ് ഓഫീസര്‍ ജിബില്‍, നിതിന്‍. ഇ, ഡ്രൈവര്‍ രാജേഷ് എന്നിവരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്.
Also Read-
Arrest| പിഞ്ചു കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയി; 30കാരിയെ അറസ്റ്റ് ചെയ്തു
2021 സെപ്റ്റമ്പര്‍ 17ന് പൂക്കോട്ടുംപാടം കൂറ്റമ്പാറ പരതകുന്നിൽ ആമ്പുക്കാടൻ സുഹൈലിൻ്റെ കാട് പിടിച്ച പറമ്പിൽ ഒളിപ്പിച്ചിരുന്ന കഞ്ചാവാണ് പുലർച്ചെ 6 മണിയോടെ എക്സൈസ് സംഘം പിടികൂടിയത്. ചെറുപ്ലാസ്റ്റിക് പാക്കറ്റുകളിലായി ചാക്കിൽ കെട്ടിയ നിലയിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. കൂടാതെ ഹോണ്ട സിറ്റി കാറിൽ സൂക്ഷിച്ചിരുന്ന ഒരു ലിറ്ററോളം ഹഷീഷ് ഓയിലും പിടികൂടിയിട്ടുണ്ട്. എക്സൈസ് വകുപ്പിനു ലഭിച്ച രഹസ്യ വിവരത്തെക്കുറിച്ച് എക്സൈസ് ഇൻസ്പെക്ടർ കെ വി നിധിൻ ഐ ബി ഇൻസ്പെക്ടർ മുഹമ്മദ് ഷഫീഖ്, ടി ഷിജുമോൻ തുടങ്ങിയവരുടെ നേതൃത്വത്തി ലുള്ള എക്സൈസ് സംഘമാണ് അന്ന് ലഹരി മരുന്നുകളും പ്രതികളെയും പിടികൂടിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.