advertisement

തളിർക്കുമോ കൊഴിയുമോ രണ്ടില? ജോസ് കെ മാണിയുടെ രാഷ്ട്രീയ ഭാവി നിർണയിക്കുന്ന തിരഞ്ഞെടുപ്പ്

Last Updated:

യുഡിഎഫ് വിട്ട് എൽ‌ഡിഎഫിൽ ചേരാനുളള സാഹസിക തീരുമാനം ശരിയെന്ന് തെളിയിച്ച നേതാവ്, 'കോഴ മാണീ' എന്ന് വിളിപ്പിച്ചവരെ കൊണ്ട് കെ എം മാണിക്ക് സ്മാരകം നിർമ്മിക്കാൻ തീരുമാനം എടുത്ത മകൻ. പല കാരണങ്ങളാൽ വ്യത്യസ്തനായ ജോസ് കെ മാണി എന്ന നേതാവിന് ഈ തിരഞ്ഞെടുപ്പ് ഫലം നൽകുന്ന ഭാവി സാധ്യതകൾ എന്തെല്ലാമാവും. നേതാക്കളുടെ നാളെ പംക്തിയിൽ ജോസ് കെ മാണി

ജോസ് കെ മാണി
ജോസ് കെ മാണി
ആർ കിരൺ ബാബു
ധീരനായ ഒരു നേതാവ് എന്ന വിശേഷണം ജോസ് കെ മാണിക്കില്ല.  പക്ഷേ ധീരമായ രാഷ്ട്രീയ തീരുമാനത്തിലൂടെ തന്റെ പാർട്ടിയുടെ രാഷ്ട്രീയ ഭാവിയിൽ നിർണായക മാറ്റം വരുത്തിയ നേതാവാണ് ജോസ് കെ മാണി. അത്രേമേൽ സാഹസികമായിരുന്നു യു ഡി എഫ് വിട്ട് എൽ ഡി എഫിൽ എത്താനുളള ജോസ് കെ മാണിയുടെ തീരുമാനം. പാളിപ്പോയാൽ തന്റെ രാഷ്ട്രീയ ഭാവി ഇരുളടയും എന്നു മാത്രമായിരുന്നില്ല, പിതാവ് കെ എം മാണി രൂപീകരിച്ച കേരള കോൺഗ്രസ് എം എന്ന രാഷ്ട്രീയ പാർട്ടി തകരാനോ പല കഷ്ണങ്ങളായി പിളരാനോ ഉളള സാധ്യതകൾ അത്രമേലായിരുന്നു. എന്നാൽ ഇടതു മുന്നണിയുടെ തുടർ ജയം വഴി തന്റെ രാഷ്ട്രീയ തീരുമാനം ശരിയായിരുന്നു എന്ന് തെളിയിക്കാനും അതുവഴി കേരളത്തിലെ ഏറ്റവും ശക്തമായ കേരള കോൺഗ്രസായി മാണി ഗ്രൂപ്പിനെ നിലനിർത്താനും കഴിഞ്ഞു.
advertisement
കെ എം മാണിയെ പോലെ രാഷ്ട്രീയ  തന്ത്രജ്ഞതയിൽ കുശാഗ്രബുദ്ധിക്കാരനായ ഒരു നേതാവിന്റെ അഭാവത്തിൽ ജോസ് കെ മാണിക്ക് അധികകാലം ഈ പാർട്ടിയെ കൈപ്പിടിയിൽ നിർത്താനാവില്ല എന്ന തരത്തിലായിരുന്നു തുടക്കത്തിലെ വിലയിരുത്തലുകൾ. അധികാര തർക്കവും പിളർപ്പും കേരള കോൺഗ്രസുകളുടെ ജനിതക ഘടനയുടെ ഭാഗവുമാണ്. അങ്ങനെയൊരു പാർട്ടിയെ പിളർപ്പില്ലാതെ കേരള കോൺഗ്രസുകളിൽ ഒന്നാം നമ്പർ പാർട്ടിയായി ഇത്രകാലം നിലനിർത്താനായി എന്നത് തന്നെ വലിയ നേട്ടമാണ്. പുറമേയ്ക്കുളള പതിഞ്ഞ പ്രകൃതം പോലെയല്ല കെ എം മാണിയുടെ രാഷ്ട്രീയ  തന്ത്രജ്ഞത തനിക്കും കൈമുതലായുണ്ടെന്നും ജോസ് കെ മാണി തെളിയിച്ചു. 'കോഴ മാണീ' എന്ന് വിളിച്ച പാർട്ടിക്കാരെ കൊണ്ട് കെ എം മാണിക്ക് സ്മാരകം നിർമിക്കാനും ജയ് വിളിപ്പിക്കാനും കഴിഞ്ഞ മകൻ കൂടിയാണ് ജോസ്.
advertisement
ഇതാനും വായിക്കുക: രാജ്യഭരണമോ വനവാസമോ? തിരഞ്ഞെടുപ്പിനുശേഷം വി ഡി സതീശനെ കാത്തിരിക്കുന്നത്
പിളരാതെ പാർട്ടിയെ നിലനിർത്തുന്നതിലും അധികാരം നിലനിർത്തുന്നതിലും വിജയിച്ചു എങ്കിലും സ്വന്തം വിജയം ഉറപ്പാക്കുന്നതിൽ ആ മികവ് തെളിയിക്കാൻ ജോസിനായില്ല. പാലയ്ക്ക് ഒരു വിലാസമേ 2019 വരെ ഉണ്ടായിട്ടുളളു. അത് അര നൂറ്റാണ്ടിലേറെക്കാലം പാലയെ പ്രതിനിധീകരിച്ച കെ എം മാണിയാണ്. പക്ഷേ കെ എം മാണിയെ മാത്രം വിജയിപ്പിച്ച കേരള കോൺഗ്രസ് എമ്മിന്റെ അടിത്തറയായ പാലയിൽ പക്ഷേ, ജയിക്കാൻ ജോസിനായില്ല. കേരളമാകെ ഇടതു തരംഗം ആഞ്ഞടിക്കുകയും ഇടതു മുന്നണിയുടെ ഭാഗമായി മറ്റിടങ്ങളിൽ മത്സരിച്ച കേരള കോൺഗ്രസുകാർ പലരും വിജയിച്ചിട്ടും പാർട്ടിയു​ടെ എക്കാലത്തെയും വലിയ കോട്ടയായ പാലയിൽ ജോസ് കാലിടറി വീണു. അവസാന കാലങ്ങളിൽ ഭൂരിപക്ഷം വല്ലാതെ കുറഞ്ഞെങ്കിലും കൊടുങ്കാറ്റും പേമാരിയും വന്നിട്ടും മാണിയും പാലയും ഒരിക്കലും കോർത്ത കൈ അഴിച്ചിട്ടില്ല എന്നോർക്കണം. പാലായിലെ പരാജയത്തിന്റെ ആഴം അത്രത്തോളം വലുതായിരുന്നു.
advertisement
ഇതും വായിക്കുക: 3.0 യാഥാർത്ഥ്യമായാൽ പിണറായി അജയ്യൻ; മറിച്ചായാൽ.... സാധ്യതകളിങ്ങനെ
പാലായിൽ ജയിക്കാനായിരുന്നു എങ്കിൽ കേരള കോൺഗ്രസ് എം പ്രതിനിധിയായി മന്ത്രിസഭയിൽ ആരെന്ന ചോദ്യം തന്നെ ഉയരുമായിരുന്നില്ല. പകരക്കാരനായ റോഷി അഗസ്റ്റിനെ മന്ത്രിയാക്കിയപ്പോൾ കേരള കോൺഗ്രസുകളുടെ ചരിത്രം വച്ച് ക്രമേണ പാർട്ടി നേതൃത്വം റോഷിയിലേക്ക് മാറാനുളള സാധ്യത അത്ര വലുതായിരുന്നു. പക്ഷേ അവിടെയും കാര്യമായ പരിക്കില്ലാതെ പിടിച്ചു നിൽക്കാൻ ജോസിനായി. അടുത്തിടെ യു ഡി എഫ് പാളയത്തിലേക്കുളള മടക്കം മുടക്കിയത് റോഷിയാണെന്നത് പരസ്യമായ രഹസ്യമാണെങ്കിലും പാർട്ടിയിൽ തന്റെ മേധാവിത്വം ഉറപ്പിച്ചു നിർത്താനും ജോസിനായി.
advertisement
ജോസ് കെ മാണിക്ക് മുന്നിൽ ഈ തെരഞ്ഞെടുപ്പ് ഫലം മുന്നോട്ടു വയ്ക്കുന്ന രാഷ്ട്രീയ ഭാവി സാധ്യതകൾ പരിശോധിക്കാം.
സാധ്യത ‌1 - LDF ഉം ജോസും ജയിക്കുന്നു
ഇടതു മുന്നണിക്ക് മൂന്നാം ഊഴം ലഭിക്കുകയും ജോസ് കെ മാണി പാലയിൽ നിന്ന് ജയിക്കുകയും ചെയ്താൽ വരുന്ന മന്ത്രിസഭയിൽ പ്രധാന വകുപ്പുകളിൽ ഒന്നിന്റെ ചുമതലയുളള മന്ത്രിയാവും. ഒപ്പം കേരള രാഷ്ട്രീയത്തിലെയും മധ്യ കേരളത്തിലെയും കേരളമാകെയുള്ള ക്രൈസ്തവ വിഭാഗത്തിന് ഇടയിലെയും ഏറ്റവും കരുത്തനായ നേതാവായി ജോസ് കെ മാണി മാറും. ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നതും സാധ്യമാകണേ എന്ന് മുട്ടിപ്പായി പ്രാർത്ഥിക്കുകയും ചെയ്യുന്നത് ഇത്തരം ഒരു രാഷ്ട്രീയ സാധ്യത തനിക്കു മുന്നിൽ തുറന്നു കിട്ടണേ എന്നാവും. ഇടതു മുന്നണിയുടെ വമ്പൻ ജയത്തിന് അപ്പുറം കേരള കോൺഗ്രസ് എം എംഎൽ‌എമാരുടെ പിന്തുണ നിർണായകമാകുന്ന ചെറിയ ഭൂരിപക്ഷമാകും കൂടുതൽ ആഗ്രഹിക്കുക. അങ്ങനെയെങ്കിൽ ജോസിന്റെ കരുത്തും സമ്മർദശേഷിയും കൂടും.
advertisement
സാധ്യത 2 - LDF ജയം, ജോസിന് തോൽവി
എൽ ഡി എഫ് വീണ്ടും വിജയിച്ചാൽ പാർട്ടി എന്ന നിലയിൽ കേരള കോൺഗ്രസ് എമ്മിന്റെ ജയം കൂടിയാവും അത്. പക്ഷേ മന്ത്രിസഭയിലേക്ക് റോഷി അഗസ്റ്റിനെയോ മറ്റാരു എം എൽ എയോ നിയോഗിക്കേണ്ടി വരും. വീണ്ടും മന്ത്രിമോഹം അടച്ചു വയ്ക്കേണ്ടിയും വരും. റോഷിക്ക് ഒരു തവണ കൂടി അവസരം നൽകിയാൽ പാർട്ടിയിലെ അധികാര കേന്ദ്രം മാറുമോ എന്ന ഭയം സ്വാഭാവികമായും ഉണ്ടാകും. പക്ഷേ റോഷിയെ മാറ്റി മറ്റൊരാളെ കൊണ്ടുവരിക എന്നത് അത്ര എളുപ്പമാവില്ല. അതിനു കഴിഞ്ഞാൽ പാർട്ടി ലീഡർ എന്ന നിലയിൽ അധികാരം നിലനിർത്തി മുന്നോട്ടു പോകാനായേക്കും. പക്ഷേ അപ്പോഴും പിളർപ്പിന്റെ സാധ്യത തളളാനാവില്ല.
advertisement
സാധ്യത 3- LDF തോൽവി, പാലയിൽ ജയം
യു ഡി എഫിന് ഭരണം കിട്ടിയാലും പാലായിൽ ജയിക്കാനായാൽ തൽക്കാലം പിടിച്ചു നിൽക്കാം. ഒപ്പം മറ്റൊരു സാധ്യതയുള്ളത് മുന്നണി മാറ്റത്തിനുള്ള തന്റെ നീക്കമായിരുന്നു ശരിയെന്ന് ബോധ്യപ്പെടുത്താനാവും. വേണമെങ്കിൽ ഈ സർക്കാർ കാലാവധിക്കിടയിൽ തന്നെ മുന്നണി മാറ്റ സാധ്യതയുമുണ്ട്.
പക്ഷേ മുന്നണി മാറ്റ സാധ്യതയിൽ യു ഡി എഫ് ഭൂരിപക്ഷം എത്രയാണെന്നത് പ്രധാനമാണ്. വലിയ ഭൂരിപക്ഷത്തിനാണ് യു ഡി എഫ് ജയിക്കുന്നതെങ്കിൽ മുന്നണിമാറ്റ മോഹം അറിയിച്ചാലും കത്തിരിക്കേണ്ടി വരും. ചിലപ്പോൾ അത് അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പ് വരെ നീളാം. യു ഡി എഫ് ജയം കുറഞ്ഞ ഭൂരിപക്ഷത്തിനാണെങ്കിൽ മുന്നണി മാറ്റ സാധ്യത ഏറും.
സാധ്യത 4 - LDFനും ജോസിനും തോൽവി
എൽ ഡി എഫിന് ഭരണം കിട്ടാതിരിക്കുകയും പാലയിൽ ജോസ് തോൽക്കുകയും ചെയ്യുന്ന അവസ്ഥയാകും ജോസിനെ സംബന്ധിച്ച് ഏറ്റവും കനത്ത തിരിച്ചടി. നേതാവ് എന്ന നിലയിൽ വലിയ വെല്ലുവിളിയാവും പിന്നീട് നേരിടേണ്ടി വരിക. മുന്നണി മാറ്റത്തിനുള്ള തന്റെ നീക്കം പൊളിച്ചതാണ് പാർട്ടിയെ ഈ അപകടത്തിൽ എത്തിച്ചതെന്ന് ഒരു വിഭാഗത്തെ ബോധ്യപ്പെടുത്താൻ ചിലപ്പോൾ കഴിഞ്ഞേക്കും. പക്ഷേ ജോസ് കെ മാണിയുടെ നേതൃശേഷി ചോദ്യം ചെയ്യപ്പെടും. മറുപക്ഷത്ത് മോൻസും അപു ജോസഫും കരുത്തരാവുകയും മധ്യ കേരള രാഷ്ട്രീയത്തിലും ക്രൈസ്തവ രാഷ്ട്രീയത്തിലും അവർ കരുത്തരാവുകയും ജോസ് ദുർബലനാവുകയും ചെയ്യും. പിന്നീടുളള ഓരോ സമയവും പിളർപ്പിനുളള സാധ്യത ഡൊമോക്ളിസിന്റെ വാൾ പോലെ തലയ്ക്ക് മേൽ തൂങ്ങിയാടും.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തളിർക്കുമോ കൊഴിയുമോ രണ്ടില? ജോസ് കെ മാണിയുടെ രാഷ്ട്രീയ ഭാവി നിർണയിക്കുന്ന തിരഞ്ഞെടുപ്പ്
Next Article
advertisement
തളിർക്കുമോ കൊഴിയുമോ രണ്ടില? ജോസ് കെ മാണിയുടെ രാഷ്ട്രീയ ഭാവി നിർണയിക്കുന്ന തിരഞ്ഞെടുപ്പ്
തളിർക്കുമോ കൊഴിയുമോ രണ്ടില? ജോസ് കെ മാണിയുടെ രാഷ്ട്രീയ ഭാവി നിർണയിക്കുന്ന തിരഞ്ഞെടുപ്പ്
  • ജോസ് കെ മാണിയുടെ ഇടതു മുന്നണിയിൽ ചേരാനുള്ള സാഹസിക തീരുമാനം പാർട്ടിയുടെ ഭാവി നിർണയിച്ചു

  • പാലായിൽ ജയിച്ചാൽ മന്ത്രിസഭയിൽ പ്രധാന വകുപ്പുകൾ ലഭിക്കുകയും കേരളത്തിൽ ശക്തനായ നേതാവാവും

  • പാലയിൽ തോറ്റാൽ പാർട്ടിയിൽ അധികാര കേന്ദ്രം മാറാനും പിളർപ്പിനുള്ള സാധ്യത ഉയരാനും സാധ്യതയുണ്ട്

View All
advertisement