8.34 ലക്ഷം കോടിയുടെ തട്ടിപ്പിന് അമേരിക്ക തിരയുന്ന രാജ്യാന്തര കുറ്റവാളിയെ വർക്കലയിൽ നിന്ന് പിടികൂടി
- Published by:Rajesh V
- news18-malayalam
Last Updated:
ഇന്റര്‍പോള്‍ റെഡ്‌കോര്‍ണര്‍ നോട്ടിസ് ഇറക്കിയ കുറ്റവാളിയും ലിത്വാനിയന്‍ പൗരനുമായ അലക്‌സേജ് ബെസിയോകോവ് (46) ആണ് വര്‍ക്കലയിൽ അറസ്റ്റിലായത്
തിരുവനന്തപുരം: യുഎസ് തേടുന്ന രാജ്യാന്തര കുറ്റവാളിയെ തിരുവനന്തപുരം വർക്കലയിൽ നിന്ന് കേരള പൊലീസ് പിടികൂടി. ഇന്റര്‍പോള്‍ റെഡ്‌കോര്‍ണര്‍ നോട്ടിസ് ഇറക്കിയ കുറ്റവാളിയും ലിത്വാനിയന്‍ പൗരനുമായ അലക്‌സേജ് ബെസിയോകോവ് (46) ആണ് വര്‍ക്കലയിൽ അറസ്റ്റിലായത്. ഗാരന്റക്‌സ് എന്ന ക്രിപ്‌റ്റോകറന്‍സി എക്‌സ്‌ചേഞ്ചിന്റെ സഹസ്ഥാപകനാണ്.
ക്രിമിനല്‍ സംഘങ്ങള്‍ക്കും സൈബര്‍ കുറ്റവാളികള്‍ക്കും കോടിക്കണക്കിനു ഡോളറിന്റെ കള്ളപ്പണം വെളുപ്പിക്കാന്‍ സഹായം നല്‍കിയെന്നതാണ് ഇയാള്‍ക്കെതിരായ പ്രധാന കുറ്റം. 8.34 ലക്ഷം കോടിയുടെ തട്ടിപ്പാണ് ഇയാള്‍ നടത്തിയതെന്നാണ് വിവരം.
കുടുംബത്തോടൊപ്പം അവധിക്കാലം ചെലവിടാൻ വര്‍ക്കലയിലെത്തിയ അലക്‌സേജ് ബെസിയോകോവിനെ ഹോംസ്‌റ്റേയില്‍നിന്നാണു കസ്റ്റഡിയിലെടുത്തത്. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശാനുസരണം വർക്കല ഡിവൈഎസ്പി ഗോപകുമാറിന്റെ നേതൃത്വത്തിൽ വർക്കല എസ് എച്ച് ഒ ദിപിനും ബീച്ച് പൊലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്. രാജ്യം വിടാൻ പദ്ധതിയിട്ടിരുന്ന ഇയാളെ സിബിഐയുടെ ഇന്റർപോൾ യൂണിറ്റിന്റെ സഹായത്തോടെ കേരള പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
advertisement
അലക്‌സേജ് ബെസിയോകോവിനെ യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ജസ്റ്റിസ് (ഡിഒജി) പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. ഗാരന്റക്‌സിന്റെ സഹസ്ഥാപകരിലൊരാളായ അലക്‌സാണ്ടര്‍ മിറ സെര്‍ദ (40) എന്ന റഷ്യന്‍ പൗരനെതിരെയും സമാന കുറ്റത്തിനു കേസുണ്ട്. ഇയാള്‍ യുഎഇയിലാണെന്നാണു സൂചന.
യുഎസിന്റെ അപേക്ഷപ്രകാരം വിദേശകാര്യ മന്ത്രാലയം കേസിൽ ഇടപെട്ടിരുന്നു. തുടർന്ന് ഡല്‍ഹിയിലെ പട്യാല ഹൗസ് കോടതി അലക്‌സേജിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. ഇന്റർപോൾ, സിബിഐ, കേരള പൊലീസ് എന്നിവർ സംയുക്തമായി നടത്തിയ നീക്കത്തിലാണു ഇയാൾ വലയിലായത്. പ്രതിയെ കേരള പൊലീസ് പട്യാല ഹൗസ് കോടതിയില്‍ ഹാജരാക്കിയശേഷം യുഎസിനു കൈമാറാനാണു നീക്കം.
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
March 13, 2025 1:28 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
8.34 ലക്ഷം കോടിയുടെ തട്ടിപ്പിന് അമേരിക്ക തിരയുന്ന രാജ്യാന്തര കുറ്റവാളിയെ വർക്കലയിൽ നിന്ന് പിടികൂടി