വിരമിച്ചശേഷവും കൈക്കൂലി വാങ്ങിയ മുൻ വില്ലേജ് അസിസ്റ്റന്റും സഹപ്രവർത്തകനും അറസ്റ്റിൽ
- Published by:Rajesh V
- news18-malayalam
Last Updated:
സർവീസിൽ നിന്ന് വിരമിച്ച കാര്യം വെളിപ്പെടുത്താതെയാണ് പട്ടയം ശരിയാക്കി നല്‍കുന്നതിന് 10,000 രൂപ ആവശ്യപ്പെട്ടത്
കൊച്ചി: മൂന്നുദിവസം മുമ്പ് വിരമിച്ചത് മറച്ചുവച്ച് കൈക്കൂലി വാങ്ങാൻ ശ്രമിച്ച മുൻ വില്ലേജ് അസിസ്റ്റന്റിനെയും നിലവിലെ വില്ലേജ് ഫീൽഡ് അസിസ്റ്റന്റിനെയും വിജിലൻസ് അറസ്റ്റ് ചെയ്തു. ആലുവ താലൂക്കിലെ ചൊവ്വര വില്ലേജ് ഓഫീസിൽ നിന്ന് മേയ് 30ന് വിരമിച്ച വില്ലേജ് അസിസ്റ്റന്റ് തമ്പി, ഫീൽഡ് അസിസ്റ്റന്റ് നവാസ് എന്നിവരാണ് വിജിലൻസിന്റെ പിടിയിലായത്.
ചൊവ്വര വില്ലേജ് പരിധിയിലെ 1.24 ഏക്കർ സ്ഥലത്തിന്റെ പട്ടയത്തിനായി കാക്കനാട് സ്വദേശി നൽകിയ അപേക്ഷയിൽ മേയ് 24ന് ഇരുവരും സ്ഥലപരിശോധന നടത്തി അളന്ന് തിട്ടപ്പെടുത്തിയിരുന്നു. തുടർനടപടികൾക്കായി അപേക്ഷകനോട് 10,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടെങ്കിലും വഴങ്ങിയില്ല. പട്ടയത്തിന് കാലതാമസം നേരിട്ടതിനെ തുടർന്ന് ഉദ്യോഗസ്ഥരെ ഫോണിൽ വിളിച്ചപ്പോൾ വീണ്ടും പണം ആവശ്യപ്പെട്ടു.
സർവീസിൽ നിന്ന് വിരമിച്ച കാര്യം വെളിപ്പെടുത്താതെയാണ് പട്ടയം ശരിയാക്കി നല്‍കുന്നതിന് 10,000 രൂപ ആവശ്യപ്പെട്ടത്. വി ജിലൻസ് നൽകിയ 10,000 രൂപ ഇന്നലെ വൈകിട്ട് ചൊവ്വര വില്ലേജ് ഓഫീസ് പരിസരത്ത് ഉദ്യോഗസ്ഥർക്ക് കൈമാറുന്നതിനിടെയാണ് പിടിയിലായത്. ചൊവ്വാഴ്ച മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കും.
advertisement
പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ, വിജിലൻസിന്റെ ടോൾ ഫ്രീ നമ്പറായ 1064 എന്ന നമ്പറിലോ, 8592900900 എന്ന നമ്പരിലോ, വാട്സാപ്പ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം അറിയിച്ചു.
Location :
Kochi [Cochin],Ernakulam,Kerala
First Published :
June 03, 2025 7:30 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
വിരമിച്ചശേഷവും കൈക്കൂലി വാങ്ങിയ മുൻ വില്ലേജ് അസിസ്റ്റന്റും സഹപ്രവർത്തകനും അറസ്റ്റിൽ