പുറത്തറിഞ്ഞാൽ കുടുംബത്തോടെ ആത്മഹത്യ ചെയ്യുമെന്ന് അവന്റെ അച്ഛൻ പറഞ്ഞ് ആറു വർഷത്തിനു ശേഷം ഡിസംബറിൽ അവൻ അറസ്റ്റിൽ
- Published by:Rajesh V
- news18-malayalam
Last Updated:
അറസ്റ്റിലായ ഡിവൈഎഫ്ഐ വിളവൂർക്കൽ മേഖലാ കമ്മിറ്റി പ്രസിഡന്റ് ജെ. ജിനേഷിനെതിരെ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ് അയൽവാസിയും സംരംഭകയുമായ ശ്രീജ അജേഷ്. ആറു വർഷം മുൻപുള്ള സംഭവമാണ് ശ്രീജ ചൂണ്ടിക്കാട്ടുന്നത്
തിരുവനന്തപുരം: പതിനാറുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ ഡിവൈഎഫ്ഐ പ്രാദേശിക നേതാവ് ജിനേഷ് ഉള്‍പ്പെടെ എട്ടുപേരെ പോക്സോ നിയമപ്രകാരം മലയിൻകീഴ് പൊലീസ് അറസ്റ്റു ചെയ്തിരുന്നു. അറസ്റ്റിലായ ഡിവൈഎഫ്ഐ വിളവൂർക്കൽ മേഖലാ കമ്മിറ്റി പ്രസിഡന്റ് ജെ. ജിനേഷിനെതിരെ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ് അയൽവാസിയും സംരംഭകയുമായ ശ്രീജ അജേഷ്. ആറു വർഷം മുൻപുള്ള സംഭവമാണ് ശ്രീജ ചൂണ്ടിക്കാട്ടുന്നത്.
2016ലാണ് ശ്രീജയുടെ ഫോൺനമ്പർ ജെനീഷ് ഒരു പോൺഗ്രൂപ്പിൽ ഇടുകയായിരുന്നു. തൊട്ടടുത്ത ദിവസം മുതൽ ഫോണ്‍കോളുകളും സന്ദേശങ്ങളുമെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ നാട്ടുകാരനായ ജെനീഷ് തന്നെയാണ് ഫോണ്‍ നമ്പർ ഗ്രൂപ്പിൽ ഇട്ടതെന്ന് ശ്രീജയ്ക്ക് മനസ്സിലായി. കേസ് കൊടുക്കാൻ തീരുമാനിച്ചെങ്കിലും യുവാവിന്റെ അച്ഛൻ വന്ന് ക്ഷമ പറയുകയും പുറത്തറിഞ്ഞാല്‍ കുടുംബം ഒന്നടങ്കം ആത്മഹത്യ ചെയ്യേണ്ടിവരുമെന്നും പറഞ്ഞതിനാൽ പിന്മാറി. പ്രതിവിധിയായി ശ്രീജ മുന്നോട്ടുവെച്ച ആവശ്യം, അഭയയിലോ ശ്രീചിത്രാ ഹോമിലോ ഗാന്ധിഭവനിലോ 25,000 രൂപ അടച്ച് സംഭാവന രസീത് ഏൽപിക്കണമെന്നാണ്. മകൻ ജയിലിൽ കിടക്കാതിരിക്കാൻ അവന്റെ അച്ഛൻ ഈ ആവശ്യം അംഗീകരിച്ചു. ഈ രസീത് ഉൾപ്പെടെ ശ്രീജ ഫേസ്ബുക്കിൽ മുമ്പ് പങ്കുവെച്ചിരുന്നു.
advertisement
പീഡന കേസിൽ ജിനേഷ് അറസ്റ്റിലായതിന് പിന്നാലെ ശ്രീജയുടെ ഫേസ്ബുക്ക് കുറിപ്പ്
ചില വൈരാഗ്യങ്ങൾ… അത് ഭഗവാന്റെ മുന്നിലാണ് വെക്കുക… നീതിമാനോടൊപ്പം ഭഗവാൻ നിന്നിരിക്കും
ഇതു പോലൊരു ഡിസംബർ 6 കൊല്ലം മുന്നേ നിങ്ങൾക്ക് പലർക്കും ഒന്നോർത്താൽ ഓർമ കിട്ടും…
എന്റെ ഫോൺ നമ്പർ പോൺ ഗ്രൂപ്പുകളിൽ കൊണ്ടിട്ട ഒരു പാർട്ടി നേതാവിനെ കൊണ്ട് ശ്രീ ചിത്ര പൂവർ ഹോമിൽ ഞാൻ 25,000രൂപ അടപ്പിച്ചത്.. അന്നേനെ കൊന്നു കളയും കാല് വെട്ടും കൈ വെട്ടും എന്ന് പറഞ്ഞു വന്നപാർട്ടി കാരന്റെയോ പേര് പാർട്ടിയുടെയോ പേര് ഞാൻ പറഞ്ഞില്ല… പറയാത്തതിന്റെ കാരണം ഇവന്റെ അച്ഛൻ മോളെ പറ്റിപ്പോയി, മോള് പറയുന്നത് എന്തും ഞാൻ ചെയ്യാം, ഇത് പുറത്തു അറിഞ്ഞാൽ ഞങ്ങൾ കുടുംബത്തോടെ ആത്മഹത്യ ചെയ്യും എന്ന് പറഞ്ഞത് കൊണ്ടാണ്… ഇന്ന് അതേ ഡിസംബറിൽ അവൻ അറസ്റ്റിൽ ആയിരിക്കുന്നു…
advertisement
ഇവനോട് കൂടുതൽ പറയുന്നില്ല… ഒന്നേ പറയാനുള്ളൂ.. 6 കൊല്ലം മുന്നേ കഷ്ടപ്പാടും ഗതികേട്ടും കൊണ്ട് ജീവിതം രണ്ടറ്റം കൂട്ടി മുട്ടിക്കാൻ ഞാൻ നെട്ടോട്ടം ഓടുമ്പോൾ ചേച്ചി എന്ന് തികച്ചു നി വിളിക്കാത്ത, മോനെ എന്ന് മാത്രം ഞാൻ വിളിച്ച എന്റെ നമ്പർ നീ പോൺ ഗ്രൂപ്പിൽ കൊണ്ടിട്ടു.. അന്ന് കാശ് പൂവർ ഹോമിൽ അടച്ചിട്ടു വന്നപ്പോ ഞാൻ കരണം പുകച്ചു ഒരെണ്ണം തന്നിട്ട് നിന്നോട് ഞാൻ പറഞ്ഞത് നിനക്ക് ഓർമ്മയുണ്ടോ ” നിന്റെ അമ്മ തന്നതാണ് എന്ന് കരുതിയാൽ മതി എന്ന് ”
advertisement
എന്നിട്ടും നീ നന്നായില്ല… ഇപ്പോ നിന്റെ കുടുംബത്തിന് ആത്മഹത്യ ചെയ്യണ്ടേ??? അന്ന് ഒരു മോശം പെണ്ണായി എന്നേ മാറ്റാൻ നിനക്ക് തോന്നിയത് എന്ത് കൊണ്ട് എന്നെനിക്കു ഇന്നും അറിയില്ല.. കാരണം അന്ന് ഞാൻ നിന്നെ മോനെ എന്ന് വിളിക്കുമ്പോൾ നീ എനിക്കൊരു കുഞ്ഞു കുട്ടിയായിരുന്നു.. അങ്ങനെ ഞാൻ കണ്ടിട്ടുള്ളൂ…
അന്ന് ഞാൻ പറഞ്ഞു പാർട്ടി ഇവനെ ഇപ്പോ പുറത്താക്കിയില്ലെങ്കിൽ ഇവൻ നാടിനു തന്നെ ഭീഷണി ആകുമെന്ന്, ഇവന്റെ അമ്മക്ക് പോലും വീട്ടിൽ കിടന്നുറങ്ങാൻ പറ്റില്ല എന്ന്…
advertisement
പിന്നെ അന്നത്തെ എന്റെ അതേ നമ്പർ തന്നെയാണ് ഇന്നും എന്റെ പെർസ്നൽ നമ്പര്‍. മാറ്റിയിട്ടില്ല.. കാരണം നിന്നെ പോലെ ഒക്കെ പോലുള്ള ഊളകളുടെ കുന്തളിപ്പ് കണ്ട് പേടിച്ചു ഓടുന്നവരല്ല നട്ടെല്ലുള്ള പെണ്ണ്..
അപ്പോ ഇനി ഉണ്ട ഒക്കെ sorry ചപ്പാത്തി ഒക്കെ തിന്നു കൊഴുത്തു ഇറങ്ങി വാ.. നാട്ടിൽ ഇനിയും പെങ്കൊച്ചുങ്ങൾ ഉണ്ടല്ലോ… ലഹരി വിരുദ്ധ പ്രസ്ഥാനത്തിന് നേതൃത്വം കൊടുക്കുന്ന കഞ്ചാവ് കുമാരാ….. 😁😁😁
2016ൽ ശ്രീജ എഴുതിയ കുറിപ്പ്
എനിക്ക് വിലയിടാൻ വന്നവന് ഞാൻ കൊടുത്ത പണി( സ്ത്രീകളുടെ ഫോൺ നമ്പർ കാണുമ്പോൾ ഉള്ള ചൊറിച്ചിലിനു ഇതേ മരുന്നുള്ളൂ)
advertisement
ഈ അടുത്ത ദിവസം അപരിചിതമായ നമ്പറിൽ നിന്ന് എനിക്കൊരു കാൾ വന്നു..എന്നെ അവനു കാണണം …എത്ര രൂപയ്ക്കു എന്നെ കിട്ടും എന്നതായിരുന്നു ചോദ്യം? പിന്നെ തുരുതുരെ calls ഉം മെസ്സേജുകളും തന്നെ.. ഫോൺ എടുക്കാതെയായി …ഫോൺ ഓഫ് ചെയ്ത് വേക്കേണ്ട അവസ്ഥയായി… ആദ്യംഒരു അന്ധാളി പ്പ് തോന്നി… പിന്നെ വന്ന നമ്പറുകളിലൊന്നിൽ ഞാൻ തിരിച്ചു വിളിച്ചു .. ഞാനെന്റെ പ്രൊഫൈൽ അവനെ പറഞ്ഞു മനസ്സിലാക്കി..ഇടയ്ക്കു കണക്കിന് കൊടുക്കുകയും ചെയ്തു….അപ്പോഴേക്കും അവൻ പേടി ച്ചു വിറച്ചു കാലു പിടിക്കാനും കരയാനും തുടങ്ങി..അവൻ എന്റെ നമ്പർ കിട്ടിയ വഴി പറഞ്ഞു..എന്റെ നാട്ടുകാരനായ ഒരു “ മോൻ” എന്റെ നമ്പർ ഒരു ഗ്രൂപ്പിൽ ഇട്ടു ..സൂപ്പർ സാധനമാണ് എന്ന അടിക്കുറിപ്പോടെ…ഗ്രൂപ്പിൽ നിന്ന് ഉടൻ തന്നെ എന്നെ അറിയുന്ന കുട്ടികളും ചേച്ചിയായ എന്നെ വിളിച്ചു പറഞ്ഞു…സ്ക്രീൻ ഷോട്ടും അയച്ചു തന്നു…എന്റെ നാട്ടുകാരനായ …എന്നെ ചേച്ചീന്നു തികച്ചു വിളിക്കാതെ …എന്നെ കാണുമ്പോ തന്നെ ബഹുമാനിച്ചു വില്ലു പോലെ വളയുന്ന പൊന്നു മോൻ …കേസ് കൊടുക്കാൻ ഞാൻ തീരു മാനിച്ചു.. എങ്ങനെയോ ഇതറിഞ്ഞ് അഖിലേന്ത്യാ പാർട്ടിയുടെ യുവജനപ്രസ്ഥാനത്തിലെ ചില പ്രവർത്തകർ എന്നെ വിളിച്ചു…അന്നേരം ആണ് ഈ പൊന്നുമോൻ പാർട്ടിയുടെ ആ സ്ഥലത്തെ സെക്രട്ടറി ആണെന്ന് ഞാൻ അറിയുന്നത്.. ഇത്തരം സ്ത്രീലമ്പടന്മാരേയും ആഭാസൻമാരേയും ആണോ പാർട്ടി നേതൃസ്ഥാനത്ത് പ്രതിഷ്ഠിച്ചിരിക്കുന്നത് എന്നും ഒരു സ്ത്രീയായ എന്നെ അപമാനിച്ച “പൊന്നും കുടത്തിനെ “പാർട്ടിയിൽ നിന്ന് പുറത്താക്കണം എന്നും ഞാൻ പറഞ്ഞു…ഊണും ഉറക്കവും ഇല്ലാതെ കഷ്ടപ്പെട്ട് പഠിച്ച് ജീവിതം പൊരുതി നേടിയ ഒരു സ്ത്രീയാണ് ഞാൻ. ഒരിടത്തും ഞാനെന്റെ അഭിമാനത്തേയോ സ്ത്രീത്വത്തേ യോ മുറിവേൽപ്പിച്ചിട്ടില്ല… ഒരുത്തനേയും ഞാനെന്റെ അഭിമാനത്തെ തൊട്ടു കളിയ്ക്കാൻ പോയിട്ട്… വൃത്തികെട്ട കണ്ണു കൊണ്ട് ഒന്നു നോക്കാൻ പോലും ഞാൻ അനുവദിക്കില്ല… നിയമപരമായി ഞാൻ മുന്നോട്ടു നീങ്ങാൻ ഉറപ്പിച്ചു..എന്നാൽ ഇന്നലെ ഈ പൊന്നുമോന്റെ അച്ഛൻ എന്റെ വീട്ടിൽ വന്നു എന്നോട് ക്ഷമ പറഞ്ഞു …കാലു പിടിക്കാൻ പോലും ആ അച്ഛൻ തയ്യാറായി.. എന്റെ അച്ഛന്റെ പ്രായമുള്ള ഒരാളുടെ അപേക്ഷ കേട്ടില്ലാന്നു വെക്കാൻ എന്റെ മനസ്സ് അനുവദിച്ചില്ല..അതുകൊണ്ട് ഞാൻ compromise ണ് തയ്യാറായി… എന്നാൽ എന്റെ സ്‌ത്രീത്വ ത്തിന് വിലയിട്ടവന് മുഖമ ടച്ചു ഒന്ന് കൊടുക്കണം എന്ന് തോന്നി ..പക്ഷെ അത് കൊണ്ട് ആർക്കു എന്ത് പ്രയോജനം….അതിനാൽ ഞാൻ ഒരു പ്രതിവിധി കണ്ടു
advertisement
എന്നെ അപമാനിക്കാൻ ശ്രമിച്ച പൊന്നു മോനോട് ഞാൻ പറഞ്ഞു… ” എന്നോട് നീ ചെയ്ത തെറ്റിന് പ്രായശ്ചിത്തമായി അഭയയിലോ, ശ്രീ ചിത്ര ഹോമിലോ, ഗാന്ധിഭവനിലോ 25,000/- രൂപ ജ ……….ൻ എന്ന നിന്റെ പേരിൽ സംഭവന നൽകി രസീത് എന്നെ ഏൽപ്പിക്കണം .. അല്ലെങ്കിൽ ഞാൻ നിയമനടപടികളുമായി മുന്നോട്ടു പോകും”
മകൻ ജയിലിൽ കിടക്കാതിരിക്കാൻ അവന്റെ അച്ഛൻ… മറ്റു മാർഗ്ഗങ്ങൾ ഒന്നും ഇല്ലാന്ന് കണ്ടപ്പോൾ എന്റെ ഡിമാന്റ് അംഗീകരിച്ചു..
“ഇന്നവൻ ശ്രീ ചിത്ര ഹോമിൽ 25,000 രൂപ സംഭാവനയായി അടച്ചു.. ” ഇതു കൊണ്ടെങ്കിലും അവൻ നല്ല വഴി നടന്ന് നന്നായി ജീവിച്ചോട്ടെ…. എന്നു കരുതി പേര് പറഞ്ഞ് ഞാൻ നാണം കെടുത്തുന്നില്ല… എന്നാലും കരണം പൊട്ടിച്ച് ഒന്നു കൊടുത്തു വിട്ടിട്ടുണ്ട്.. ഇതു ഞാൻ ഇവിടെ അവസാനിപ്പിക്കുന്നു.. ഇതിന്റെ പേരിൽ ഉഡായിപ്പുമായി ഇറങ്ങിയാൽ മനുഷ്യത്വം എന്നൊന്ന് ഞാനിനി കാണിക്കത്തില്ല
ശ്രീചിത്ര ഹോമിന് സംഭവന നൽകിയ 25000/- രൂപയുടെ രസീതും ഞാൻ നിങ്ങൾക്ക് മുന്നിൽ വയ്ക്കുന്നു..പാർട്ടിയിൽ നിന്നും പൊന്നുമോനെ പുറത്താക്കി കൊണ്ടുള്ള പാർട്ടി മീറ്റിംഗിന്റെ മിനിറ്റ്സും 8 മണിക്ക് എനിക്ക് അയച്ചു തരാമെന്ന് പറഞ്ഞിട്ടുണ്ട്..
NB : നാളെ ക്കഴിഞ്ഞ് ഈ നെറികെട്ടവനെ പാർട്ടി തിരിച്ചു എടുക്കുമോ എന്നെനിക്കറിയില്ല.. അങ്ങനെയാണെങ്കിൽ പാർട്ടിയ്‌ക്ക് ഒരിക്കലും തീരാത്ത കളങ്കമായിത്തീരുന്ന പീഡനകഥകൾ നമുക്ക് കേൾക്കാം. അല്ലേൽ കാണാം.. വീടു കയറി വെട്ടുന്ന സ്വഭാവമാണത്രേ ഇവന്… ക്രിമിനൽ പശ്ചാത്തലവും സ്വഭാവവും ഉള്ള ഇവനെ ഇത്രയും നാൾ പാർട്ടി കൊണ്ടു നടന്നതു തന്നെ തീർത്തും അപഹാസ്യമാണ്… സ്ത്രീ സുരക്ഷ ഉറപ്പാക്കേണ്ട യുവജനപ്രസ്ഥാനങ്ങൾ ഇങ്ങനെ അധ:പതിക്കുന്നത് തികച്ചും ലജ്ജാവഹമാണ്.
ഇരട്ട ബിരുദാനന്തര ബിരുദമുള്ള ജിനേഷ്
രണ്ട് ബിരുദാനന്തര ബിരുദമുള്ള ജിനേഷ് ലഹരിക്കെതിരായ പ്രാദേശിക കൂട്ടായ്മയുടെ നേതൃത്വം വഹിക്കുന്നയാളാണ്. ഇയാൾ ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നതിന്റെയും മറ്റുള്ളവർക്കു നൽകുന്നതിന്റെയും വീഡിയോയും പൊലീസിനു ലഭിച്ചിട്ടുണ്ട്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടേതുൾപ്പെടെ മുപ്പതോളം സ്ത്രീകളുമായി ലൈംഗികബന്ധത്തിലേർപ്പെടുന്ന വീഡിയോ ഇയാളുടെ ഫോണിൽ പൊലീസ് കണ്ടെത്തി. ഇത് കൂടുതൽ സാങ്കേതിക പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്.
ഡിവൈഎഫ്ഐ മേഖലാ കമ്മിറ്റി പ്രസിഡന്റായ ജിനേഷിന് ഹിന്ദിയിലും ഇക്കണോമിക്സിലും ബിരുദാനന്തരബിരുദമുണ്ട്. പെൺകുട്ടികൾക്ക് ലഹരിവസ്തുക്കൾ കൊടുക്കുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. കത്തി, കഠാര, വാൾ തുടങ്ങിയ മാരകായുധങ്ങൾ ഉപയോഗിക്കുന്നതിന്റെ ദൃശ്യവും ഇയാൾ മൊബൈലിൽ പകർത്തിയിട്ടുണ്ട്.
പതിനാറുകാരിയുടെ പീഡനകഥയുടെ ചുരുളഴിഞ്ഞത് ഇങ്ങനെ
പെൺകുട്ടിയെ കാണാനില്ലെന്ന അമ്മയുടെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പീഡനക്കഥ പുറത്തായത്. ഡിസംബർ രണ്ടിനാണ് കുട്ടിയുടെ അമ്മ മലയിൻകീഴ് പൊലീസിന് പരാതി നൽകിയത്. വീട്ടിൽനിന്നു പുറപ്പെട്ട പെൺകുട്ടിയെ ഫോണിൽ കിട്ടാത്തതിനെ തുടർന്നാണ് അമ്മ പൊലീസിനെ സമീപിച്ചത്.
പരാതി ലഭിച്ച ഉടൻ മലയിൻകീഴ് എസ്എച്ച്ഒ പ്രതാപചന്ദ്രൻ സൈബർ സെല്ലിനെ വിവരമറിയിച്ചു. സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ കുട്ടിയെ തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ കണ്ടെത്തി. ആറുദിവസം മുൻപ് ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട തൃശൂർ കുന്ദംകുളം സ്വദേശി സുമേജിനെ കാണാനെത്തിയതായിരുന്നു പെൺകുട്ടി. തൃശ്ശുരിൽ കാറ്ററിങ് തൊഴിലാളിയാണിയാൾ. സുമേജിനൊപ്പം നാടുവിടാനുള്ള തീരുമാനത്തിലായിരുന്നു പെൺകുട്ടി. പൊലീസെത്തുമ്പോൾ ഇരുവരും കണ്ടുമുട്ടിയിരുന്നില്ല.
ഇതിനുശേഷം സുമേജിനെ റെയിൽവേ സ്റ്റേഷനിൽ നിന്നു പൊലീസ് കസ്റ്റഡിയിലെടുത്തു. പെൺകുട്ടിയുടെ ചിത്രം മറ്റുള്ളവർക്ക് കൈമാറിയതിനാണ് സുമേജിനെ പ്രതിയാക്കിയത്. തുടർന്ന് മെഡിക്കൽ പരിശോധന നടത്തിയപ്പോഴാണ് രണ്ടു വർഷമായി പലരിൽ നിന്നുമുണ്ടായ പീഡനത്തെക്കുറിച്ച് കുട്ടി ഡോക്ടറോട് പറഞ്ഞത്. സ്വന്തം വീട്ടിൽ തന്നെയാണ് പീഡനങ്ങൾ നടന്നതെന്ന് പെൺകുട്ടി പൊലീസിനോടു പറഞ്ഞു. ആദ്യം പരിചയപ്പെട്ട ആളിൽനിന്ന് ഫോൺ നമ്പർ കൈക്കലാക്കിയാണ് മറ്റുള്ളവർ പെൺകുട്ടിയുമായി അടുക്കുന്നത്.
വാട്സാപ്പിലൂടെയും മറ്റും ചാറ്റ് ചെയ്താണ് ബന്ധങ്ങൾ തുടങ്ങിയിരുന്നത്. പലരും ചിത്രങ്ങളും വീഡിയോകളും ഉപയോഗിച്ച് പെൺകുട്ടിയെ കൂടുതൽ ചൂഷണം ചെയ്തെന്നും പൊലീസ് സംശയിക്കുന്നു.
റൂറൽ ജില്ലാ പൊലീസ് മേധാവി ഡി ശിൽപയുടെ നിർദ്ദേശമനുസരിച്ച് കാട്ടാക്കട ഡിവൈ എസ് പി അനിൽകുമാറിന്റെയും മലയിൻകീഴ് സ്റ്റേഷൻ ഇൻസ്‌പെക്ടർ എ ജി പ്രതാപചന്ദ്രന്റെയും നേതൃത്വത്തിൽ രൂപീകരിച്ച 15 അംഗ പ്രത്യേക സംഘമാണ് കേസന്വേഷണം നടത്തി പ്രതികളെ പിടികൂടിയത്.
Location :
First Published :
December 07, 2022 2:19 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
പുറത്തറിഞ്ഞാൽ കുടുംബത്തോടെ ആത്മഹത്യ ചെയ്യുമെന്ന് അവന്റെ അച്ഛൻ പറഞ്ഞ് ആറു വർഷത്തിനു ശേഷം ഡിസംബറിൽ അവൻ അറസ്റ്റിൽ