ഐസ്‌ക്രീം ഫ്രീസറില്‍ 28കാരന്റെ മൃതദേഹം; ത്രികോണപ്രണയത്തിന്റെ ഇരയെന്ന് പൊലീസ്
- Published by:Rajesh V
- news18-malayalam
Last Updated:
കൊല്ലപ്പെട്ട ശരിഫുൽ, മുഖ്യ പ്രതിയെന്ന് പൊലീസ് സംശയിക്കുന്ന ഡോക്ടർ ദിബാകര്‍ സാഹ (28), സാഹയുടെ അടുത്ത ബന്ധുവായ യുവതി എന്നിവരുടെ ത്രികോണ പ്രണയമാണ് കൊലയിലേക്ക് നയിച്ചത്.
മേഘാലയ ഹണിമൂണ്‍ കൊലപാതക കേസിന് പിന്നാലെ രാജ്യത്തെ നടുക്കി ത്രിപുരയില്‍ 28കാരന്റെ മൃതദേഹം ഐസ്‌ക്രീം ഫ്രീസറില്‍ കണ്ടെത്തി. ഫ്രീസറില്‍ ട്രോളിബാഗിലാക്കിയ നിലയിലായിരുന്നു യുവാവിന്റെ മൃതദേഹം ഉണ്ടായിരുന്നത്. അഗര്‍ത്തലയിലെ ഇന്ദ്രാനഗര്‍ പ്രദേശവാസിയായ ശരിഫുല്‍ ഇസ്ലാം ആണ് കൊല്ലപ്പെട്ടത്. അഗര്‍ത്തല സ്മാര്‍ട്ട് സിറ്റി മിഷന്‍ പ്രോജക്ടിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ഇലക്ട്രീഷ്യന്‍ ആണ് കൊല്ലപ്പെട്ട യുവാവ്.
ദലായ് ജില്ലയിലെ ഗന്ധചേര മാര്‍ക്കറ്റില്‍ നിന്നാണ് ശരിഫുലിന്റെ മൃദേഹം കണ്ടെത്തിയത്. അഗര്‍ത്തലയില്‍ നിന്ന് ഏതാണ്ട് 120 കിലോമീറ്റര്‍ ദൂരെയാണ് ഈ മാര്‍ക്കറ്റ്. പൊലീസ് അന്വേഷണം ആരംഭിച്ചതോടെയാണ് കൊലപാതകത്തെ കുറിച്ച് പുറത്തറിഞ്ഞത്. ശരിഫുല്‍ ഇസ്ലാമിനെ കാണാനില്ലെന്ന പരാതിയെ തുടര്‍ന്നാണ് പൊലീസ് കേസ് അന്വേഷണം ആരംഭിച്ചത്. കേസ് അന്വേഷണത്തില്‍ ത്രികോണ പ്രണയത്തിനുള്ള സാധ്യതയും പൊലീസ് അന്വേഷിച്ചിരുന്നു.
കൊല്ലപ്പെട്ട ശരിഫുൽ, മുഖ്യ പ്രതിയെന്ന് പൊലീസ് സംശയിക്കുന്ന ഡോക്ടർ ദിബാകര്‍ സാഹ (28), സാഹയുടെ അടുത്ത ബന്ധുവായ യുവതി എന്നിവരുടെ ത്രികോണ പ്രണയമാണ് കൊലയിലേക്ക് നയിച്ചത്.
advertisement
ഇതും വായിക്കുക: ഒളിക്യാമറ വച്ച് പൊലീസ് സ്റ്റേഷനിൽ വനിതാ പൊലീസ് വസ്ത്രം മാറുന്നത് പകർത്തി; ഇടുക്കിയിൽ പൊലീസുകാരൻ അറസ്റ്റിൽ
കേസില്‍ ഇതുവരെ ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സാഹയും മാതാപിതാക്കളും ഉള്‍പ്പെടെ ആറ് പേരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. പൊലീസ് പറയുന്നതനുസരിച്ച് ജൂണ്‍ എട്ടിന് വൈകുന്നേരം സൗത്ത് ഇന്ദ്രാനഗര്‍ കബര്‍ഖല പ്രദേശത്തുള്ള ജോയ്ദീപ് ദാസിന്റെ വീട്ടിലേക്ക് സാഹ ശരിഫുലിനെ ക്ഷണിച്ചിരുന്നു. ഒരു സമ്മാനം നല്‍കാനെന്ന വ്യാജേന ആയിരുന്നു ഇത്. ശരിഫുല്‍ അവിടെ എത്തിയതോടെ സാഹയും രണ്ട് സഹായികളും ചേര്‍ന്ന് അദ്ദേഹത്തെ ആക്രമിച്ചു. അനിമേഷ് യാദവ് (21), നബനിത ദാസ് (25) എന്നിവരാണ് സാഹയെ കൊലപാതകത്തില്‍ സഹായിച്ചത്.
advertisement
ശരിഫുലിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി രണ്ട് ദിവസം മുമ്പ് വാങ്ങിയ ട്രോളി ബാഗില്‍ മൃതദേഹം ഒളിപ്പിച്ചു. പിറ്റേന്ന് രാവിലെ സാഹയുടെ മാതാപിതാക്കളായ ദിപകും ദേബിക സാഹയും ഗന്ധചേരയില്‍ നിന്നും അഗര്‍ത്തലയിലെത്തി ശരിഫുലിന്റെ മൃതദേഹം ഒളിപ്പിച്ച ട്രോളി ബാഗുമായി പുറത്തേക്ക് പോയി. ഗന്ധചേര മാര്‍ക്കറ്റില്‍ അവരുടെ തന്നെ കടയിലെ ഐസ്‌ക്രീം ഫ്രീസറില്‍ മൃതദേഹം ഒളിപ്പിച്ചു.
ശരിഫുലിനെ കാണാനില്ലെന്ന പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. രണ്ട് ദിവസത്തെ അന്വേഷണത്തിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. ചൊവ്വാഴ്ച രാത്രിയോടെ ആറ് പേരെയും പൊലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച ഉച്ചയോടെ ശരിഫുലിന്റെ മൃതദേഹം പുറത്തെടുത്തു. വ്യാഴാഴ്ച ആറ് പ്രതികളെയും കോടതിയില്‍ ഹാജരാക്കും. കൊലപാതകത്തിന്റെ ഉദ്ദേശ്യം തെളിയിക്കുന്നതിനായി പ്രതികളുടെ മൊബൈല്‍ ഫോണുകളും ഫോണ്‍ സന്ദേശങ്ങളും അടക്കമുള്ള ഡിജിറ്റല്‍ തെളിവുകളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.
Location :
Agartala (incl. Jogendranagar, Pratapgarh, Badharghat),West Tripura,Tripura
First Published :
June 12, 2025 12:00 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഐസ്‌ക്രീം ഫ്രീസറില്‍ 28കാരന്റെ മൃതദേഹം; ത്രികോണപ്രണയത്തിന്റെ ഇരയെന്ന് പൊലീസ്