ആമസോൺ വഴി വിലയേറിയ ഫോണുകൾ ഓർഡർചെയ്യും; കേടാണെന്ന് അറിയിച്ച് വിലകുറഞ്ഞ വ്യാജ ഫോണുകൾ തിരിച്ചയക്കും: ലക്ഷങ്ങൾ തട്ടിയ 23കാരൻ അറസ്റ്റിൽ
- Published by:Rajesh V
- news18-malayalam
Last Updated:
ആമസോണിൽ നിന്ന് ലക്ഷങ്ങൾ വരുന്ന മൊബൈൽ ഫോണുകൾ വാങ്ങിയ ശേഷം അത് കേടാണ് എന്ന് റിപ്പോർട്ട് ചെയ്യുകയും തിരിച്ചെടുക്കാൻ വരുന്ന ജീവനക്കാർക്ക് വ്യാജ മൊബൈൽ ഫോണുകൾ നൽകി കബളിപ്പിച്ചും പണംതട്ടിയ യുവാവാണ് കമ്പനിയുടെ പരാതിയിൽ അറസ്റ്റിലായത്
കൊച്ചി: ആമസോൺ കമ്പനിയെ പറ്റിച്ച് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ യുവാവ് പിടിയിൽ. ആമസോണിൽ നിന്ന് ലക്ഷങ്ങൾ വരുന്ന മൊബൈൽ ഫോണുകൾ വാങ്ങിയ ശേഷം അത് കേടാണ് എന്ന് റിപ്പോർട്ട് ചെയ്യുകയും തിരിച്ചെടുക്കാൻ വരുന്ന ജീവനക്കാർക്ക് വ്യാജ മൊബൈൽ ഫോണുകൾ നൽകി കബളിപ്പിച്ചും പണംതട്ടിയ യുവാവാണ് കമ്പനിയുടെ പരാതിയിൽ അറസ്റ്റിലായത്. തിരുമാറാടി മണ്ണത്തൂർ ഭാഗത്ത് തറെകുടിയിൽ വീട്ടിൽ എമിൽ ജോർജ് സന്തോഷ് (23) ആണ് കൂത്താട്ടുകുളം പൊലീസിന്റെ പിടിയിലായത്.
ആമസോണിൽ വിലകൂടിയ ഫോണുകൾ ഓർഡർ ചെയ്താണ് തട്ടിപ്പ്. ഓർഡർ ചെയ്ത ഫോണുകൾ കൊച്ചി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഡെലിവറി ജീവനക്കാരുടെ കൈയിൽനിന്ന് വാങ്ങും. പിന്നീട് ഫോണുകൾ കേടാണെന്ന് കമ്പനിക്ക് റിപ്പോർട്ട് ചെയ്ത് വീണ്ടും പുതിയത് വാങ്ങുകയായിരുന്നു. ഈ ഫോണുകളും കേടാണെന്ന് റിപ്പോർട്ട് ചെയ്ത പണം തിരികെ വാങ്ങുകയാണ് ഇയാൾ ചെയ്തിരുന്നത്. എന്നാൽ പ്രതി തിരികെ കൊടുത്തിരുന്നത് എല്ലാം വിലകുറഞ്ഞ വ്യാജ മൊബൈൽ ഫോണുകളായിരുന്നു.
ലക്ഷങ്ങൾ വിലയുള്ള മൊബൈൽ ഫോണുകളാണ് ഇയാൾ ഓർഡർ ചെയ്ത് വാങ്ങിയിരുന്നത്. ഓരോ ഇടപാടുകളിൽ നിന്നും ഇയാൾ ലക്ഷങ്ങളാണ് തട്ടിയെടുത്തിരുന്നത്. സമാന തരത്തിലുള്ള കേസുകൾ ഇയാൾക്കെതിരെ പിറവം, വാഴക്കുളം, കോതമംഗലം പൊലീസ് സ്റ്റേഷനുകളിലും നിലവിലുണ്ട്.
advertisement
നേരത്തെ എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷൻ, എളമക്കര പൊലീസ് സ്റ്റേഷൻ കോട്ടയം മണർകാട് പൊലീസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ ഓൺലൈൻ തട്ടിപ്പുകളുമായി ബന്ധപ്പെട്ട കേസുകൾ നിലവിലുണ്ട്. ഇതിന് പുറമെ മണർകാട് പൊലീസ് സ്റ്റേഷനിൽ ഒരു കഞ്ചാവ് കേസും നിലവിലുണ്ട്.
തട്ടിപ്പ് പുറത്തായതോടെ കൊടൈക്കനാലിലേക്ക് രക്ഷപ്പെടാനും ഇയാൾ ശ്രമിച്ചു. പൊലസ് പിന്തുടർന്നെങ്കിലും കബളിപ്പിച്ച് മുങ്ങി. അന്വേഷണത്തിൽ പ്രതി മണ്ണൂർ ഭാഗത്ത് ഉണ്ടെന്നറിഞ്ഞ പൊലീസ് ഇയാളെ അവിടെയെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേനയുടെ നിർദ്ദേശാനുസരണം പുത്തൻകുരിശ് ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ് നിഷാദ് മോന്റെ നേതൃത്വത്തിൽ കൂത്താട്ടുകുളം ഇൻസ്‌പെക്ടർ വിൻസന്റ് ജോസഫ്, എഎസ്ഐ മനോജ് കെ വി, സി പി ഒമാരായ രജീഷ്, മനോജ്, ബിബിൻ സുരേന്ദ്രൻ, അബ്ദുൽ റസാക്ക്, ശ്രീദേവ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
Location :
Kochi,Ernakulam,Kerala
First Published :
June 11, 2024 3:13 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ആമസോൺ വഴി വിലയേറിയ ഫോണുകൾ ഓർഡർചെയ്യും; കേടാണെന്ന് അറിയിച്ച് വിലകുറഞ്ഞ വ്യാജ ഫോണുകൾ തിരിച്ചയക്കും: ലക്ഷങ്ങൾ തട്ടിയ 23കാരൻ അറസ്റ്റിൽ