ബൈക്കിന്റെ സിസി അടയ്ക്കാൻ 1500 രൂപ നൽകാത്തതിന് 65കാരനായ പിതാവിനെ 26കാരൻ കൊലപ്പെടുത്തി
- Published by:Rajesh V
- news18-malayalam
Last Updated:
പോസ്റ്റ് മോര്‍ട്ടത്തിലാണ് തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് കണ്ടെത്തിയത്. മൃതദേഹം വീട്ടിലെത്തിക്കുന്നതിന് മുമ്പ് തന്നെ വിഷ്ണുവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തു
വയോധികനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം. ഞായറാഴ്ച്ച ഉച്ചകഴിഞ്ഞാണ് വണ്ടിപ്പെരിയാര്‍ കന്നിമാര്‍ചോല പുതുപ്പറമ്പില്‍ മോഹനനെ (65) വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണം കൊലപാതകമാണെന്ന് കണ്ടെത്തിയതിനു പിന്നാലെ ഇയാളുടെ മകന്‍ വിഷ്ണു (26)വിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. മദ്യലഹരിയില്‍ വീട്ടിലെത്തിയ വിഷ്ണു ബൈക്കിന്റെ സി സി അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് അച്ഛനുമായി തർക്കത്തിലേർപ്പെട്ടു. 1500 രൂപ സി സി അടയ്ക്കാനായി വേണമെന്ന് വിഷ്ണു ആവശ്യപ്പെടുകയായിരുന്നു.
ഇരുവരും തമ്മിലുള്ള തർക്കം വിഷ്ണുവിന്റെ അമ്മ കുമാരി ഇടപെട്ട് തീർക്കുകയും അതിനുശേഷം അമ്മ കുളിക്കാനായി പോവുകയുമായിരുന്നു. അമ്മ തിരികെ എത്തിയപ്പോള്‍ മോഹനന്‍ അനക്കമില്ലാതെ കിടക്കുന്നതാണ് കാണുന്നത്. വഴക്കിനിടയില്‍ അച്ഛന്‍ വീണു എന്നും അനക്കമില്ല എന്നും അമ്മയോട് വിഷ്ണു പറഞ്ഞതിനെ തുടര്‍ന്ന് ഇവര്‍ നാട്ടുകാരെ വിളിച്ചു വരുത്തി. മോഹനന്റെ മകള്‍ ധന്യയും ഭര്‍ത്താവും എത്തി മോഹനനെ ആശുപത്രിയില്‍കൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും വിഷ്ണു തടഞ്ഞു. മോഹനനെ കിടത്തിയിരുന്ന കട്ടിലിന് താഴെ രക്തം വാര്‍ന്നത് തുണിയിട്ട് മൂടിയിരിക്കുന്നത് കണ്ട നാട്ടുകാര്‍ വണ്ടിപ്പെരിയാര്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു.
advertisement
പൊലീസ് അസ്വഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഫോറന്‍സിക് വിദഗ്ധരെ എത്തിച്ച് തെളിവുകള്‍ ശേഖരിക്കുകയും ചെയ്തു. തുടര്‍ന്ന് തിങ്കളാഴ്ച ഇടുക്കി മെഡിക്കല്‍ കോളജിലേക്ക് പോസ്റ്റുമോര്‍ട്ടത്തിനായി അയച്ചു. പോസ്റ്റ് മോര്‍ട്ടത്തിലാണ് തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് കണ്ടെത്തിയത്. മൃതദേഹം വീട്ടിലെത്തിക്കുന്നതിന് മുമ്പ് തന്നെ വിഷ്ണുവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തു. ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ചതോടെയാണ് അറസ്റ്റിലേക്ക് കടന്നത്.
വാക്കുതര്‍ക്കത്തിനിടയില്‍ വീടിനുള്ളിലെ കോണ്‍ക്രീറ്റ് സ്ലാബില്‍ അച്ഛന്റെ തല നാലുതവണ ഇടിച്ചു എന്നാണ് വിഷ്ണു പൊലീസില്‍ മൊഴി നല്‍കിയത്. വണ്ടിപ്പെരിയാര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഡി സുവര്‍ണ കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അന്വേഷണം നടത്തിയത്. വിഷ്ണുവിനെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. ബുധനാഴ്ച കോടതിയില്‍ ഹാജരാക്കും.
Location :
Idukki,Kerala
First Published :
May 28, 2025 10:46 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ബൈക്കിന്റെ സിസി അടയ്ക്കാൻ 1500 രൂപ നൽകാത്തതിന് 65കാരനായ പിതാവിനെ 26കാരൻ കൊലപ്പെടുത്തി