എച്ച്3എന്‍2 ബാധിച്ച് രണ്ട് പേരാണ് ഇന്ത്യയില്‍ ഈ വര്‍ഷം മരിച്ചത്. ഇതോടെ രാജ്യത്ത് വീണ്ടും ജാഗ്രത നിര്‍ദ്ദേശവുമായി സര്‍ക്കാരും രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ ഈ രോഗം എത്രത്തോളം അപകടകരമാണ്? ആര്‍ക്കെല്ലാമാണ് രോഗം ഗുരുതരമാകുക? വാക്സിനേഷന് ഫലപ്രദമാണോ? എന്നിങ്ങനെ നിരവധി സംശയങ്ങളാണ് ഉയരുന്നത്. അതേപറ്റി കൂടുതല്‍ വിശദമാക്കുകയാണ് ഇന്ന് ഇവിടെ.
1. ശരിയായ പരിശോധന ലഭ്യമാക്കുന്നതിലെ വെല്ലുവിളി
കോവിഡ് 19 രോഗം പൂര്‍ണ്ണമായി രാജ്യത്ത് നിന്ന് തുടച്ചുനീക്കുന്നതിന് മുമ്പ് തന്നെ വെല്ലുവിളിയുയര്‍ത്തി രാജ്യത്തെ വിവിധ പ്രദേശങ്ങളില്‍ എച്ച്3എന്‍2 വൈറസ് രോഗം പടരുകയാണെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. കോവിഡ് 19 നൊപ്പം ജീവിതം മുന്നോട്ട് കൊണ്ടുപോകുന്ന ജനതയ്ക്ക് ഒരുപക്ഷെ പുതിയ രോഗത്തിന്റെ വെല്ലുവിളി വേഗത്തില്‍ കണ്ടെത്താനായി എന്ന് വരില്ല. ശരിയായ സമയത്ത് രോഗനിര്‍ണ്ണയം നടത്താന്‍ കഴിയാതെ വരാനുള്ള സാധ്യതയേറെയാണ്. സാധാരണ ജലദോഷം, പനി, കൊവിഡ് 19 എന്നിവയ്ക്കെല്ലാം ലക്ഷണങ്ങൾ ഏകദേശം ഒന്ന് തന്നെയാണ്. ഇവയില്‍ നിന്ന് എങ്ങനെ എച്ച്3എന്‍2വിനെ തിരിച്ചറിയുമെന്ന ചോദ്യമാണ് ഇപ്പോൾ വ്യാപകമാകുന്നത്.
ഇന്‍ഫ്ളുവന്‍സ രോഗങ്ങള്‍ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളാണ് ഉണ്ടാക്കുന്നത്. മരണത്തിലേക്ക് വരെ നയിച്ചേക്കാവുന്ന രോഗമാണിത്. ആരോഗ്യസ്ഥിതി മോശമായവരില്‍ രോഗം മൂര്‍ഛിക്കുകയും ചെയ്യും. ലാബോറട്ടറി ടെസ്റ്റിലൂടെ രോഗകാരിയെ കണ്ടെത്താനാകും. തൊണ്ട, മൂക്ക്, എന്നിവിടങ്ങളില്‍ നിന്നാണ് ഇവയ്ക്കാവശ്യമായ സ്രവം ശേഖരിക്കുന്നത്. ആര്‍ടിപിസിആര്‍ ടെസ്റ്റും പരിശോധനയ്ക്കായി ഉപയോഗിക്കാറുണ്ട്.
2. ഇന്ത്യയില്‍ ആദ്യമായല്ല ഫ്ളൂ പടരുന്നത്
ഇന്ത്യയില്‍ രണ്ട് സമയങ്ങളിലാണ് ഇന്‍ഫ്ളുവന്‍സ രോഗം റിപ്പോര്‍ട്ട് ചെയ്യുന്നത്. ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലത്തും, മണ്‍സൂണിന് ശേഷമുള്ള സമയത്തുമാണ് സാധാരണയായി ഇന്‍ഫ്ളുവന്‍സ രോഗം റിപ്പോര്‍ട്ട് ചെയ്യാറുള്ളത്. സാധാരണയായി മാര്‍ച്ച് മാസം അവസാനത്തോടെ ഈ രോഗവ്യാപനം കുറയുകയാണ് പതിവെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഇത്തരം സീസണല്‍ ഇന്‍ഫ്ളുവന്‍സയുടെ ഉപവിഭാഗമാണ് എച്ച്3എന്‍2 വൈറസ് എന്നാണ് കരുതപ്പെടുന്നത്.
3. ഇന്‍ഫ്ളുവന്‍സ മരണകാരിയോ?
ഇന്‍ഫ്ളുവന്‍സ രോഗങ്ങളില്‍ നിന്നുള്ള മരണസാധ്യത കാലക്രമേണ കുറഞ്ഞിട്ടുണ്ടെന്നാണ് ആഗോള പഠനങ്ങള്‍ പറയുന്നത്. എന്നാല്‍ ആഗോള തലത്തില്‍ ഇപ്പോഴും ഈ രോഗം ബാധിച്ച് മരിക്കുന്നവരുടെ എണ്ണം കുറവല്ല. ആരോഗ്യമുള്ളവരില്‍ പോലും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ കഴിവുള്ളവയാണ് ഇന്‍ഫ്ളുവന്‍സ വൈറസുകള്‍ എന്നാണ് കരുതപ്പെടുന്നത്.
Also read-പനി കണക്കുകൾ ഉയരുന്നു; ആന്റി ബയോട്ടിക്ക് ചികിത്സ കുറയ്ക്കണമെന്ന് ഡോക്ടർമാരോട് ഐഎംഎ
4. ഇന്‍ഫ്ളുവന്‍സ രോഗവ്യാപനം
H3N2 വൈറസ് മറ്റ് വൈറസുകളേക്കാള്‍ വേഗത്തില്‍ മനുഷ്യരിലേക്ക് കൂടുതല്‍ എളുപ്പത്തില്‍ പടരാന്‍ സാധ്യതയുള്ളവയാണെന്നാണ് CDC റിപ്പോര്‍ട്ടില്‍ പറയുന്നു. മാത്രമല്ല ഇന്‍ഫ്ളുവന്‍സ വൈറസുകള്‍ക്ക് മാറ്റം സംഭവിച്ചുകൊണ്ടേയിരിക്കും. H3N2 വൈറസിനും മാറ്റം സംഭവിക്കുമെന്നും വ്യക്തിയില്‍ നിന്ന് മറ്റൊരു വ്യക്തിയിലേക്ക് എളുപ്പത്തില്‍ പടരാനും സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഹോങ്കോംഗ് ഫ്ളു എന്നും അറിയപ്പെടുന്ന രോഗമാണിത്. ഇന്‍ഫ്ളുവന്‍സ എ വൈറസിന്റെ ഒരു ഉപവിഭാഗമാണിത്. മനുഷ്യരില്‍ ശ്വാസകോശ സംബന്ധമായ രോഗത്തിന് ഈ വൈറസ് കാരണമാകുന്നു.
ഇന്‍ഫ്ളുവന്‍സ രോഗത്തിന് വാക്സിനേഷന് ഉണ്ടോ?
ഇന്‍ഫ്ളുവന്‍സ രോഗം തടയാന്‍ വാര്‍ഷിക വാക്സിനേഷന് ലോകാരോഗ്യ സംഘടന നിര്‍ദ്ദേശിക്കുന്നുണ്ട്. ആരോഗ്യമുള്ളവര്‍ക്ക് ഈ വാക്സിന് സംരക്ഷണം പൂര്‍ണ്ണമായി ലഭിക്കുന്നു. പ്രായമായവരില്‍ വാക്സിനേഷന് ഫലപ്രദമല്ലെങ്കിലും രോഗം മൂര്‍ഛിക്കാതെയിരിക്കാനും രോഗത്തിന്റെ തീവ്രത കുറയ്ക്കാനും സഹായിക്കുന്നതാണ്.
ഇന്ത്യയില്‍ ഫ്ളു വാക്സിന് ആര്‍ക്കെല്ലാം ലഭിക്കും?
എല്ലാവരിലേക്കുമെത്തിക്കുന്ന രീതിയില്‍ ഇന്‍ഫ്ളുവന്‍സ വാക്സിനുകള്‍ വ്യാപകമാക്കിയിട്ടില്ലെന്ന് പ്രതിരോധ കുത്തിവെയ്പ്പുകളുടെയും വാക്സിനുകളുടെയും ഉപദേശക സമിതി പറഞ്ഞു.
2017ലെ റിപ്പോര്‍ട്ട് അനുസരിച്ച് ഉയര്‍ന്ന അപകടസാധ്യതയുള്ള വിഭാഗത്തിന് സീസണല്‍ ഇന്‍ഫ്ളുവന്‍സ വാക്സിൻ പ്രതിരോധ കുത്തിവെപ്പ് നല്കാന് ഇന്ത്യാ സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തിരുന്നു. പ്രായമായവരിലും 6 മാസം മുതല്‍ എട്ട് വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ക്കും ഇത് ഫലപ്രദമാണെന്നും പറയുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.