കൊവിഡ് 19 വൈറസിന്റെ പുതിയ വകഭേദമായ ഒമൈക്രോണിന്റെ (Omicron) വരവ് ലോകത്തെ മുഴുവന്‍ ഭീതിയില്‍ ആഴ്ത്തിയിരിക്കുകയാണ്.ഒമിക്രോണിന്റെ ദ്രുതഗതിയിലുള്ള മ്യൂട്ടേഷന് (mutation) ശേഷിയാണ് ആശങ്കയ്ക്ക് കാരണമാകുന്നത്.
ഏതാനും മാസങ്ങള്‍ക്കു മുമ്പ് ലോകമെമ്പാടും നാശം വിതച്ച ഡെല്‍റ്റയേക്കാള്‍ അപകടകാരിയാണ് ഈ പുതിയ വകഭേദം എന്നാണ് പറയപ്പെടുന്നത്. ഒമൈക്രോണില്‍ ഇതിനോടകം അമ്പതോളം മ്യൂട്ടേഷനുകള്‍ സംഭവിച്ചു കഴിഞ്ഞു എന്നതാണ് ഇതിന് പ്രധാന കാരണം.
വളരെ വേഗത്തില്‍ മ്യൂട്ടേഷന് സംഭവിക്കാനുള്ള ശേഷി ഒമൈക്രോണിനുണ്ട്. അതിനാല്‍ നിലവിലെ കൊറോണ വാക്സിനുകള്‍ ഈ പുതിയ വകഭേദത്തില്‍ ഫലപ്രദമാകുമോ എന്നതും ആശങ്കയുടെ ആക്കം കൂട്ടുന്നുണ്ട്. ഇതിനിടയില്‍ നിലവില്‍ ലഭ്യമാകുന്ന കൊവിഡ് വാക്സിനുകള്‍ പുതിയ വദഭേദമായ ഒമിക്രോണിനെതിരെ അത്ര ഫലപ്രദമാകുമെന്ന് കരുതുന്നില്ല എന്ന് ബ്രിട്ടീഷ് മരുന്ന് കമ്പനിയായ മൊഡേണയുടെ (Moderna) മുന്നറിയിപ്പും എത്തിയിട്ടുണ്ട്.
നിലവിലെ വാക്സിന് ഒമിക്രോണില്‍ ഫലപ്രദമല്ലാത്തത് എന്തുകൊണ്ടാണ്? ഇതിന് പ്രത്യേക വാക്സിന് ആവശ്യമായി വരുന്നത് എന്തുകൊണ്ട്?മോഡേണ നിര്‍മ്മിക്കുന്ന എംആര്‍എന്‍എ (mRNA) വാക്സിന് ഏതാണ്? ഇത്തരത്തില്‍ നിരവധി ചോദ്യങ്ങള്‍ പലരുടെയും മനസില്‍ ഈ സാഹചര്യത്തില്‍ ഉയര്‍ന്നു വരുന്നുണ്ട്. ഇതിനുള്ള ഉത്തരങ്ങള്‍ എന്താണന്ന് വിശദമായി നോക്കാം.
ഒമൈക്രോണില്‍ നിലവിലുള്ള വാക്സിനുകള്‍ ഫലപ്രദം ആയിരിക്കില്ല എന്ന് പറയുന്നത് എന്തുകൊണ്ട്?ഇതുവരെയുള്ളതില്‍ ഏറ്റവും വേഗത്തില്‍ മ്യൂട്ടേഷന് (Mutation) സംഭവിക്കുന്ന വൈറസാണ് ഒമൈക്രോണ്‍. ലോകാരോഗ്യ സംഘടന (WHO) ഇതിനെ ആശങ്കപ്പെടുത്തുന്ന വകഭേദം (വേരിയന്റ് ഓഫ് കണ്‍സേണ്‍) എന്ന വിഭാഗത്തില്‍ ആണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതിന്റെ സ്പൈക്ക് പ്രോട്ടീനില്‍ തന്നെ 30 മ്യൂട്ടേഷനുകള്‍ ഉണ്ടായിട്ടുണ്ട്. യഥാര്‍ത്ഥത്തില്‍, സ്പൈക്ക് പ്രോട്ടീനിലൂടെയാണ് വൈറസിന് മനുഷ്യകോശങ്ങളിലേക്ക് പ്രവേശിക്കാനുള്ള വഴി തുറന്നു കിട്ടുന്നത്. വാക്സിനുകള്‍ ലക്ഷ്യമിടുന്നതും ഇതിനെയാണ്. സ്പൈക്ക് പ്രോട്ടീനിനെതിരെ തന്നെ ആന്റിബോഡികള്‍ ഉത്പാദിപ്പിച്ച് ഇതിനെതിരെ പോരാടാന്‍ വാക്സിനുകള്‍ ശരീരത്തെ സജ്ജമാക്കുന്നു.
എന്നാല്‍, ഒമൈക്രോണിന്റെ സ്പൈക്ക് പ്രോട്ടീനില്‍ കൂടുതല്‍ മ്യൂട്ടേഷനുകള്‍ ഉള്ളതിനാല്‍ നിലവിലുള്ള വാക്സിനുകള്‍ ഇതിന് എതിരെ എത്രത്തോളം ഫലപ്രദമാകുമെന്നത് ആശങ്ക ഉയര്‍ത്തുന്നു.
കൂടാതെ, ചൈനയിലെ വുഹാനില്‍ പ്രത്യക്ഷപ്പെട്ട യഥാര്‍ത്ഥ കൊറോണ വൈറസ് സ്ട്രെയിന്‍ ( virus strain) അനുസരിച്ചാണ് നിലവിലെ വാക്സിന് വികസിപ്പിച്ച് എടുത്തിരിക്കുന്നത്. അതേസമയം ഒമൈക്രോണിന്റെ സ്ട്രെയിന്‍ ഇതില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ്. ഈ പുതിയ വകഭേദത്തിന് എതിരെ നിലവിലുള്ള വാക്സിനുകളുടെ സ്വാധീനം വളരെ കുറവായിരിക്കും അതല്ലെങ്കില്‍ തീര്‍ത്തും ഫലപ്രദമായിരിക്കില്ല എന്ന് പ്രതീക്ഷിക്കുന്നതിന്റെ കാരണം ഇതാണ്.
എന്തുകൊണ്ടാണ് ഒമൈക്രോണിനെക്കുറിച്ച് മൊഡേണ മുന്നറിയിപ്പ് നല്‍കിയത്?കൊറോണയുടെ പുതിയ വകഭേദമായ ഒമൈക്രോണിനെ ചെറുക്കാന്‍ നിലവിലുള്ള വാക്സിനുകള്‍ ഫലപ്രദമല്ല എന്നത് സംബന്ധിച്ച് നിരവധി ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. എന്നാല്‍ ഇതിനിടയില്‍ ഒമൈക്രോണിന് എതിരെ നിലവിലുള്ള വാക്സിനുകള്‍ അത്ര ഫലപ്രദമായിരിക്കില്ല എന്ന അഭിപ്രായവുമായി എത്തിയിരിക്കുകയാണ് ബ്രിട്ടീഷ് വാക്സിന് നിര്‍മാണ കമ്പനിയായ മൊഡേണ. ഒമൈക്രോണില്‍ നിലവിലെ വാക്സിനുകളുടെ സ്വാധീനം കുറവായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മോഡേണ സിഇഒ സ്റ്റെഫാന്‍ ബെന്‍സല്‍ പറഞ്ഞു. മുമ്പ് വന്നിട്ടുള്ള വകഭേദങ്ങള്‍ക്ക് എതിരെ നിലവിലുള്ള വാക്സിനുകള്‍ ഫലപ്രദമായിരുന്നു. എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തമാണ് പുതിയ ഒമൈക്രോണ്‍ വകഭേദം. അതുകൊണ്ടു തന്നെ നിലവിലെ വാക്സിനുകള്‍ ഒമൈക്രോണിനെതിരെ ഫലപ്രദമാകാന്‍ സാധ്യത കുറവാണന്ന് അദ്ദേഹം പറയുന്നു. പുതിയ വകഭേദത്തിന് എതിരെ വലിയ തോതില്‍ വാക്സിന് ഡോസുകള്‍ നിര്‍മ്മിക്കാന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ക്ക് മാസങ്ങള്‍ വേണ്ടി വരുമെന്നും ബെന്‍സല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സ്പൈക്ക് പ്രോട്ടീനില്‍ തീവ്രമായ മ്യൂട്ടേഷനുകള്‍ സംഭവിക്കാനുള്ള ഒമൈക്രോണിന്റെ കഴിവ് കണക്കിലെടുത്ത് ഫാര്‍മ കമ്പനികള്‍ നിലവിലുള്ള വാക്സിനുകള്‍ പരിഷ്കരിക്കേണ്ടി വരും. അടുത്ത വര്‍ഷത്തോടെ ഇത് ആവശ്യമായി വന്നേക്കാമെന്നും അദ്ദേഹം പറഞ്ഞു.
ഒമൈക്രോണിനെതിരെ പുതിയ വാക്സിന് എപ്പോള്‍ പുറത്തിറങ്ങും?ഒമൈക്രോണിന് എതിരെ നിലവിലുള്ള വാക്സിന്റെ ഫലം കുറവായിരിക്കുമെന്നും അതല്ല തീര്‍ത്തും ഫലപ്രദമല്ലെന്നും ഉള്ള ചര്‍ച്ചകള്‍ സജീവമാണ്. ഇതിനിടെ ഒമൈക്രോണിനെ പ്രതിരോധിക്കാന്‍ പുതിയ വാക്സിന് കൊണ്ടുവരാനുള്ള ചര്‍ച്ചകളും ആരംഭിച്ചിട്ടുണ്ട്. ആവശ്യമെങ്കില്‍, ഈ പുതിയ വകഭേദത്തിനുള്ള വാക്സിന് 2022ന്റെ ആദ്യ മാസങ്ങളില്‍ കൊണ്ടു വരുമെന്ന് ബ്രിട്ടീഷ് കമ്പനിയായ മൊഡേണ പറഞ്ഞു. കൊറോണയെ പ്രതിരോധിക്കാന്‍ വേണ്ടിയുള്ള എംആര്‍എന്‍എ (mRNA) വാക്സിന് മൊഡേണ ഇതിനകം തന്നെ നിര്‍മ്മിച്ചിട്ടുണ്ട്. ആവശ്യമെങ്കില്‍ അടുത്ത വര്‍ഷം ആദ്യം തന്നെ ഒമൈക്രോണിനെ നേരിടാന്‍ എംആര്‍എന്‍എ (mRNA) വാക്സിന് പുറത്തിറക്കാന്‍ കമ്പനിക്ക് കഴിയുമെന്ന് മൊഡേണയുടെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ പോള്‍ ബര്‍ട്ടണ്‍ പറഞ്ഞു.
അതേസമയം, ആവശ്യമെങ്കില്‍, ആറാഴ്ചയ്ക്കുള്ളില്‍ ഒമൈക്രോണിനെതിരെ പുതിയ വാക്സിന് നിര്‍മ്മിക്കാമെന്നും അതിന്റെ പ്രാരംഭ ഡോസ് 100 ദിവസത്തിനുള്ളില്‍ ലഭ്യമാക്കുമെന്നും കൊറോണ വാക്സിന് നിര്‍മ്മിക്കുന്ന മറ്റൊരു കമ്പനിയായ ഫൈസര്‍ പറഞ്ഞു.
ലോകാരോഗ്യ സംഘടന ഇതുവരെ അംഗീകരിച്ചിട്ടുള്ള കൊറോണ വാക്സിനുകള്‍ ഏതൊക്കെയാണ്?ലോകാരോഗ്യ സംഘടന(WHO) ഇതുവരെ ലോകവ്യാപകമായി മൊത്തം എട്ട് കൊറോണ വാക്സിനുകളുടെ ഉപയോഗത്തിന് അംഗീകാരം നല്‍കിയിട്ടുണ്ട്.
മോഡേണ
ഫൈസര്‍/ബയോഎന്‍ടെക്
ജോണ്സണ് & ജോണ്സണ്
കോവിഷീല്‍ഡ്
കോവാക്സിന്
സിനോഫാം
ഓക്സ്ഫോര്‍ഡ്- ആസ്ട്രാസെനക്ക
സിനോവാക് കൊറോണവാക്
വിവിധ വിഭാഗത്തിലുള്ള കൊറോണ വാക്സിനുകള്‍
നിലവില്‍ കൊറോണ വൈറസിനെ പ്രതിരോധിക്കാനായി എട്ട് വാക്സിനുകളാണ് ഉപയോഗിക്കുന്നത്. ഇവയെ മൂന്നായി തരംതിരിക്കാം.
ഒന്ന് മെസഞ്ചര്‍ ആര്‍എന്‍എ (mRNA) വാക്സിന്, രണ്ടാമത്തേത് വൈറല്‍ വെക്റ്റര്‍ വാക്സിന് (viral vector vaccine ), മൂന്നാമത്തേത് ഇനാക്ടിവേറ്റഡ് വാക്സിന് (inactivated vaccine). ഈ വാക്സിനുകളുടെ നിര്‍മ്മാണ രീതി വ്യത്യസ്തമാണ്. മാത്രമല്ല ഇവയുടെ പ്രവര്‍ത്തനരീതിയും വ്യത്യസ്തമാണ്.
വിവിധ കൊറോണ വാക്സിനുകളുടെ പ്രവര്‍ത്തനം എങ്ങനെ?മെസഞ്ചര്‍ ആര്‍എന്‍എ (mRNA) വാക്സിനുകള്ഈ വാക്സിനുകളില്‍ മെസഞ്ചര്‍ ആര്‍എന്‍എ (എംആര്‍എന്‍എ) കോഡുകള്‍ അടങ്ങിയിരിക്കും. ഇത് ശരീരത്തിലേക്ക് കടന്ന് ചെന്ന്
കൊറോണ വൈറസ് പ്രോട്ടീന്റെ ഒരു പതിപ്പ് ഉണ്ടാക്കും. വാക്സിന് എടുത്തതിന് ശേഷം, നിങ്ങളുടെ രോഗപ്രതിരോധ കോശങ്ങള്‍ സ്പൈക്ക് പ്രോട്ടീന്റെ അംശങ്ങള്‍ നിര്‍മ്മിക്കാന്‍ തുടങ്ങുകയും അതോടെ നിങ്ങളുടെ ശരീരം ആന്റിബോഡികള്‍ നിര്‍മ്മിക്കാന്‍ ആരംഭിക്കുകയും ചെയ്യും. നിങ്ങള്‍ക്ക് പിന്നീട് കൊവിഡ് 19 ( Covid - 19) വൈറസ് ബാധിക്കുകയാണെങ്കില്‍ ഈ ആന്റിബോഡികള്‍ വൈറസിനെ പ്രതിരോധിക്കാന്‍ സഹായിക്കും.
വൈറല്‍ വെക്റ്റര്‍ വാക്സിന് (Viral vector vaccine)ഇത് ഒരു കാരിയര്‍ വാക്സിന് അഥവ വാഹക വാക്സിന് ആണ്. ഇതില്‍ ഹാനികരമല്ലാത്ത അഡെനോവൈറസിനെ ഒരു വൈറല്‍ വെക്റ്റര്‍ (വൈറസ് വാഹകം) ആയി ജനിതക മാറ്റം വരുത്തിയിരിക്കുകയാണ്. ഈ വൈറസ് നിങ്ങളുടെ കോശങ്ങളില്‍ എത്തുമ്പോള്‍ സ്പൈക്ക് പ്രോട്ടീന്റെ പകര്‍പ്പുകള്‍ നിര്‍മ്മിക്കാന്‍ നിര്‍ദ്ദേശിക്കുന്നു. നിങ്ങളുടെ കോശങ്ങളുടെ ഉപരിതലത്തില്‍ സ്പൈക്ക് പ്രോട്ടീനുകള്‍ വര്‍ധിക്കുമ്പോള്‍ നിങ്ങളുടെ പ്രതിരോധ സംവിധാനം ആന്റിബോഡികളും പ്രതിരോധശേഷിയുള്ള ശ്വേത കോശങ്ങളും നിര്‍മ്മിച്ചു കൊണ്ട് പ്രതികരിക്കും. പിന്നീട്, കൊറോണ വൈറസ് ബാധിക്കുകയാണെങ്കില്‍, ഈ ആന്റിബോഡികള്‍ വൈറസിനെതിരെ പോരാടാന്‍ ഉപയോഗിക്കും.
ഇനാക്ടിവേറ്റഡ് (നിര്‍ജ്ജീവ) വാക്സിന് (Inactivated Vaccine)നിര്‍ജ്ജീവമായ അല്ലെങ്കില്‍ നിഷ്ക്രിയമായ വൈറസാണ് ഈ വാക്സിനില്‍ ഉപയോഗിക്കുന്നത്. ഈ നിര്‍ജ്ജീവമായ വൈറസിന് നിങ്ങളുടെ ശരീരത്തില്‍ പെരുകാനോ നിങ്ങളെ രോഗിയാക്കാനോ കഴിയില്ല. ഈ വാക്സിനിലൂടെ, സ്വാഭാവികമായ അണുബാധ ഉണ്ടാകുമ്പോഴുള്ളതിന് സമാനമായ രോഗപ്രതിരോധ പ്രതികരണം ശരീരത്തില്‍ സജ്ജമാക്കുകയാണ് ചെയ്യുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.