രാജസ്ഥാനിലെ ദേഗാന നഗരപ്രദേശത്ത് വന്‍ ലിഥിയം ശേഖരം കണ്ടെത്തിയിരുന്നു. പുതിയ കണ്ടെത്തലിനെ തുടര്‍ന്ന് മൊബൈല്‍-ലാപ്ടോപ്പ്, ഇലക്ട്രിക് വാഹനങ്ങള്‍ (ഇവി) എന്നിവക്കും, മറ്റ് ചാര്‍ജ് ചെയ്യാവുന്ന ബാറ്ററികള്‍ എന്നിവയുടെ നിര്‍മ്മാണത്തിന് രാജ്യം ചൈനയെ ആശ്രയിക്കുന്നത് ഗണ്യമായി കുറയുമെന്ന് വിദഗ്ധരും ഖനന ഉദ്യോഗസ്ഥരും വിശ്വസിക്കുന്നതായി മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു. ലിഥിയത്തിനായി ഇന്ത്യ കൂടുതലായും ചൈനയെയാണ് ആശ്രയിക്കുന്നത്. 2020-21 വര്‍ഷത്തില്‍, ഇന്ത്യ 6,000 കോടിയിലധികം മൂല്യമുള്ള ലിഥിയം ഇറക്കുമതി ചെയ്തിരുന്നു.
ഇതില്‍ 3,500 കോടിയിലധികം വിലമതിക്കുന്ന ലിഥിയം ചൈനയില്‍ നിന്നാണ് വാങ്ങിയതെന്ന് ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്യുന്നു. രാജസ്ഥാനില്‍ വന്‍ ലിഥിയം ശേഖരം കണ്ടെത്തിയതോടെ ആഗോള വിപണിയില്‍ ചൈനയുടെ കുത്തകക്ക് ഇടിവ് സംഭവിക്കും എന്നാണ് കരുതുന്നത്.
ഈ വര്‍ഷം ആദ്യം ജമ്മു കശ്മീരില്‍ കണ്ടെത്തിയ ലിഥിയം ശേഖരത്തേക്കാള്‍ കൂടുതലാണ് രാജസ്ഥാനില്‍ കണ്ടെത്തിയ ലിഥിയം ശേഖരമെന്ന് ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയും (ജിഎസ്ഐ) ഖനന ഉദ്യോഗസ്ഥരും പറയുന്നു. രാജ്യത്തെ മൊത്തം ലിഥിയം ആവശ്യത്തിന്റെ 80 ശതമാനവും നിറവേറ്റാന്‍ പര്യാപ്തമാണ് രാജസ്ഥാനിലെ ശേഖരമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
എന്താണ് ലിഥിയം, എന്താണ് അതിന്റെ പ്രാധാന്യം എന്ത്?
ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങള്‍ക്ക് ആവശ്യമായ ലോകത്തിലെ ഏറ്റവും മൃദുവും ഭാരം കുറഞ്ഞതുമായ ലോഹമാണ് ലിഥിയം. പച്ചക്കറി മുറിക്കാന്‍ ഉപയോഗിക്കുന്ന കട്ടി കുറഞ്ഞ കത്തി ഉപയോഗിച്ച് മുറിക്കത്തക്ക വിധം മൃദുവും വെള്ളത്തിലിടുമ്പോള്‍ പൊങ്ങിക്കിടക്കുന്ന ഒരു ലോഹവുമാണ് ഇത്. ഇത് രാസ ഊര്‍ജം സംഭരിക്കുകയും അതിനെ വൈദ്യുതോര്‍ജമാക്കി മാറ്റുകയും ചെയ്യുന്നു.
‘വൈറ്റ് ഗോള്‍ഡ്’ എന്നും അറിയപ്പെടുന്ന ലിഥിയത്തിന് ആഗോള വിപണിയില്‍ വന്‍ ഡിമാന്‍ഡാണ്. ചാര്‍ജ് ചെയ്യാവുന്ന ഇലക്ട്രോണിക് ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ഗാഡ്ജെറ്റുകളിലും ഈ ലോഹം ഉണ്ട്. ഒരു ടണ്‍ ലിഥിയത്തിന്റെ ആഗോള മൂല്യം ഏകദേശം 57.36 ലക്ഷം രൂപയാണ്.
Also read- ചാൾസ് രാജാവാകുന്നത് തന്റെ ‘പിംഗ് പോംഗ് ബോൾ’ കിരീടം ധരിച്ചാകുമോ?
ലോകബാങ്കിന്റെ റിപ്പോര്‍ട്ട് പ്രകാരം 2050-ഓടെ ലിഥിയം ലോഹത്തിന്റെ ആഗോള ഡിമാന്‍ഡ് 500 ശതമാനം വര്‍ധിക്കും. ഊര്‍ജ മേഖലയില്‍ ഇന്ധനത്തില്‍ നിന്ന് ഹരിത ഊര്‍ജത്തിലേക്ക് ലോകം ചലനാത്മകമായ ഒരു മാറ്റത്തിന് സാക്ഷ്യം വഹിക്കുന്ന ഒരു സമയത്ത് ലോക രാജ്യങ്ങള്‍ക്ക് ലിഥിയം വലിയ ഡിമാന്‍ഡുള്ള ഒരു ആസ്തിയായി മാറും. വിന്‍ഡ് ടര്‍ബൈനുകള്‍, സോളാര്‍ പാനലുകള്‍, ഇലക്ട്രിക് വണ്ടികള്‍ എന്നിവ നിര്‍മ്മിക്കുന്നതിനും ഈ ലോഹം വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.
ഉയര്‍ന്ന പവര്‍-ടു-വെയ്റ്റ് അനുപാതം ഉള്ളതിനാല്‍ ഇവികളിലും ലിഥിയം ബാറ്ററി ഉപയോഗിക്കുന്നു. വാഹനത്തിന്റെ ഭാരം കുറച്ചുകൊണ്ട് കൂടുതല്‍ നേരം ചാര്‍ജ് നല്കാന് ലിഥിയം ബാറ്ററിക്ക് സാധിക്കും. രാജസ്ഥാനില്‍ കണ്ടെത്തിയ ലിഥിയം ശേഖരം ചൈനയില്‍ നിന്നുള്ള ഇറക്കുമതി കുറയ്ക്കാന്‍ സഹായിക്കുമെന്ന് മാത്രമല്ല, ഹരിത ഊര്‍ജത്തില്‍ രാജ്യത്തിന് സ്വയംപര്യാപ്തത കൈവരിക്കാനും സഹായിക്കുമെന്ന് ഖനന ഉദ്യോഗസ്ഥര്‍ പറയുന്നു.
ഇന്ത്യയുടെ രണ്ടാമത്തെ ലിഥിയം ശേഖരം; ചരിത്രം എന്താണ്?
രാജസ്ഥാനിലെ ദേഗാനയിലെ റെന്‍വത് കുന്നിലും അതിന്റെ ചുറ്റുമുള്ള പ്രദേശങ്ങളിലും നിന്നാണ് ലിഥിയം ശേഖരം കണ്ടെത്തിയത്. ഇവിടെ നിന്നാണ് ഒരിക്കല്‍ ടങ്സ്റ്റണ്‍ ധാതു വിതരണം ചെയ്തിരുന്നത്. ബ്രിട്ടീഷ് ഭരണകാലത്ത് 1914-ലാണ് ഉദ്യോഗസ്ഥര്‍ കുന്നില്‍ നിന്ന് ടങ്സ്റ്റണ്‍ ധാതു കണ്ടെത്തിയത്. സ്വാതന്ത്ര്യത്തിന് മുമ്പ്, ഒന്നാം ലോകമഹായുദ്ധസമയത്ത് ബ്രിട്ടീഷ് സൈന്യത്തിന് യുദ്ധസാമഗ്രികള്‍ നിര്‍മ്മിക്കാന്‍ ഈ പ്രദേശത്ത് നിന്ന് കണ്ടെത്തിയ ടങ്സ്റ്റണ്‍ ഉപയോഗിച്ചിരുന്നു. സ്വാതന്ത്ര്യാനന്തരം, ഊര്‍ജ, ആരോഗ്യ മേഖലകളിലും ഇത് ഉപയോഗിച്ചിരുന്നു.
Also read- ‘മാപ്രകൾക്ക് വല്ലതും അറിയാമോ?’ അരിക്കൊമ്പനെ കൊണ്ടുപോയ തകർപ്പൻ പാത ചർച്ചയാകുമ്പോൾ
1992-93 കാലഘട്ടത്തില്‍ കൊണ്ടുവന്ന ചൈനയുടെ വിലകുറഞ്ഞ കയറ്റുമതി നയം ഈ മേഖലയില്‍ നിന്നുള്ള ടങ്സ്റ്റണ്‍ വളരെ ചെലവേറിയതാക്കി. ഇതേതുടര്‍ന്ന് ടങ്സ്റ്റണ്‍ ഉത്പാദനം നിര്‍ത്തി. ഇതോടെ ടങ്സ്റ്റണ്‍ വിതരണം ചെയ്യുകയും വര്‍ഷങ്ങളോളം രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് സംഭാവന നല്‍കുകയും ചെയ്ത ഈ കുന്ന് പിന്നീട് ആരും തിരിഞ്ഞ് നോക്കാതെയായി. ഇതോടെ ആ കാലഘട്ടത്തില്‍, ജിഎസ്ഐയുടെയും മറ്റ് സര്‍ക്കാര്‍ ഏജന്‍സികളുടെ ഉദ്യോഗസ്ഥര്‍ നിര്‍മ്മിച്ച ഓഫീസുകള്‍, വീടുകള്‍, പൂന്തോട്ടങ്ങള്‍, സ്കൂളുകള്‍ എന്നിവയും നശിക്കുകയും ചെയ്തു. പുതുതായി കണ്ടെത്തിയ ലിഥിയം ശേഖരം, കുന്നിന്റെയും രാജ്യത്തിന്റെയും നിലിവലെ സ്ഥിതി മാറ്റുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ലിഥിയം ശേഖരം ഇന്ത്യയെ ഒന്നാം നമ്പര്‍ ഇവി നിര്‍മ്മാതാക്കളാക്കുമോ?
ജമ്മു കശ്മീരിലെ റിയാസി ജില്ലയില്‍ 5.9 ദശലക്ഷം ടണ്‍ ലിഥിയം ശേഖരം നേരത്തെ കണ്ടെത്തിയിയിരുന്നു. ഈ ശേഖരം ഉപയോഗിക്കുകയണെങ്കില്‍ ഇന്ത്യക്ക് ഇവി മേഖയില്‍ ലോകത്തെ ഒന്നാം നമ്പര്‍ വാഹന നിര്‍മ്മാതാവാകാന്‍ കഴിയുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞിരുന്നു.
‘ഓരോ വര്‍ഷവും നമ്മള് 1,200 ടണ്‍ ലിഥിയമാണ് ഇറക്കുമതി ചെയ്യുന്നത്, ഇപ്പോള്‍, ജമ്മു കശ്മീരില്‍ ലിഥിയം ശേഖരം കണ്ടെത്തി.ഈ ലിഥിയം ശേഖരം നമുക്ക് ഉപയോഗിക്കാനായാല്‍ നമ്മള് ലോകത്തിലെ ഒന്നാം നമ്പര്‍ വാഹന നിര്‍മ്മാണ രാജ്യമാകും,’ അദ്ദേഹം പറഞ്ഞു. വാഹന നിര്‍മ്മാണത്തില്‍ 2022-ല്‍ ചൈനയ്ക്കും യുഎസ്എയ്ക്കും ശേഷം ജപ്പാനെ പിന്തള്ളി ഇന്ത്യ മൂന്നാം സ്ഥാനത്തെത്തിയിരുന്നു.
2030-ഓടെ ഇവി വണ്ടിയുടെ വ്യാപ്തി 30 ശതമാനം വര്‍ദ്ധിപ്പിക്കാനുള്ള ഇന്ത്യയുടെ പദ്ധതി ലിഥിയത്തെ വളരെയധികം ആശ്രയിക്കുന്നുണ്ട്. നിലവില്‍, രാജ്യത്തെ മൊത്തം വാഹന വില്‍പ്പനയുടെ ഒരു ശതമാനത്തില്‍ കൂടുതല്‍ മാത്രമാണ് ഇലക്ട്രിക് വാഹനങ്ങള്‍. ഇലക്ട്രിക് വാഹനങ്ങളില്‍ ഉപയോഗിക്കുന്ന ബാറ്ററികളുടെ പ്രധാന ഘടകമായതിനാല്‍, രാജ്യത്തിനകത്തും പുറത്തുമുള്ള കൂടുതല്‍ ലിഥിയം ശേഖരം കണ്ടെത്താനുള്ള തിരച്ചിലിലാണ് സര്‍ക്കാര്‍.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.