ജനീവ: കോവിഡ് 19 മഹാമാരിയെ ആഗോള ആരോഗ്യ അടിയന്തരാവസ്ഥ എന്ന ഗണത്തിൽ നിന്നും നീക്കം ചെയ്തതായി കഴിഞ്ഞ ദിവസമാണ് ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചത്. 2020 ജനുവരി 30നാണ് കോവിഡ് 19 രോഗവ്യാപനത്തെത്തുടര്ന്ന് ലോകാരോഗ്യ സംഘടന ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഈ തീരുമാനം പിന്വലിച്ചുകൊണ്ടുള്ള ലോകാരോഗ്യ സംഘടനയുടെ പ്രഖ്യാപനം എന്താണ് അര്ത്ഥമാക്കുന്നത് എന്ന് പരിശോധിക്കാം.
എന്തുകൊണ്ടാണ് ആഗോള ആരോഗ്യ അടിയന്തരാവസ്ഥ അവസാനിച്ചത്? ലോകത്തെ ഭീതിയിലാഴ്ത്തിയ കോവിഡ് മഹാമാരിയുടെ വ്യാപനം കഴിഞ്ഞ ഒരുവര്ഷമായി കുറഞ്ഞ് വരികയാണെന്ന് കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന അധ്യക്ഷന് ടെഡ്രോസ് അഥനോം ഗബ്രിയേസിസ് പറഞ്ഞു. വാക്സിനിലൂടെ വൈറസിനെതിരെ ജനങ്ങള് പ്രതിരോധ ശക്തി കൈവരിച്ചുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. പല രാജ്യങ്ങളും കോവിഡിന് മുമ്പുള്ള സാഹചര്യത്തിലേക്ക് തിരിച്ച് വരികയാണെന്നും രോഗവ്യാപനത്തിന്റെ അപകടകരമായ സ്ഥിതിയില് നിന്നും കരകയറിക്കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.
കോവിഡ് 19 ഇപ്പോഴും ഒരു മഹാമാരി തന്നെയാണോ കോവിഡ് 19 രോഗം മഹാമാരി എന്ന ഗണത്തില്പ്പെടുത്താവുന്നതാണ് എന്നാണ് ലോകാരോഗ്യ സംഘടന വക്താക്കള് അറിയിച്ചത്. ആരോഗ്യ അടിയന്തരാവസ്ഥ പിന്വലിച്ചുവെങ്കിലും വൈറസ് ഇപ്പോഴും ലോകത്ത് നിലനില്ക്കുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടന അധ്യക്ഷന് മുന്നറിയിപ്പ് നല്കി. ആയിരക്കണക്കിന് പേര് അതിന്റെ ഫലമായി ഓരോ ആഴ്ചയും മരണത്തിന് കീഴടങ്ങുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. വൈറസിന്റെ പുതിയ വകഭേദങ്ങളാണ് രോഗം പടരാന് വീണ്ടും കാരണമാകുന്നത്. അടിയന്തരാവസ്ഥ എന്നതില് നിന്ന് മാറി മറ്റ് രോഗങ്ങളോടൊപ്പം കോവിഡ് 19നെയും നിരീക്ഷിച്ച് കൊണ്ട് മുന്നോട്ട് പോകേണ്ട രീതിയാണ് എല്ലാ രാജ്യങ്ങളും പിന്തുടരേണ്ടതെന്നും ലോകാരോഗ്യ സംഘടന അധ്യക്ഷന് കൂട്ടിച്ചേര്ത്തു.
എന്നാണ് കോവിഡ് 19 രോഗവ്യാപനം പൂര്ണ്ണമായി അവസാനിക്കുക? കോവിഡ് 19 പൂര്ണ്ണമായി എന്ന് അവസാനിക്കുമെന്ന് നിലവിലെ സാഹചര്യത്തില് പറയാനാകില്ല. ഇപ്പോളും പൊതുജനാരോഗ്യത്തിന് വെല്ലുവിളി തന്നെയാണ് കോവിഡ് 19 എന്നാണ് ലോകാരോഗ്യ സംഘടന അടിയന്തരാവസ്ഥ വിഭാഗം അധ്യക്ഷന് ഡോ. മെക്കല് റയാന് പറഞ്ഞത്. വൈറസിന്റെ വകഭേദം ഭാവിയിലും പ്രശ്നങ്ങളുണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.
1918ലെ മഹാമാരിയായ സ്പാനിഷ് ഫ്ളൂ പൂര്ണ്ണമായി അവസാനിക്കാന് പതിറ്റാണ്ടുകളാണ് എടുത്തതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഏകദേശം 40 മില്യണ് ജനങ്ങളാണ് സ്പാനിഷ് ഫ്ളു ബാധിച്ച് മരിച്ചത്. വളരെക്കാലം കൂടി കോവിഡ് 19 വൈറസ് സമൂഹത്തില് നിലനില്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.
ഏതൊക്കെ രോഗത്തിനാണ് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുള്ളത്? പന്നിപ്പനി, സിക വൈറസ്, എബോള, പോളിയോ, മങ്കിപോക്സ് എന്നീ രോഗവ്യാപന കാലത്താണ് ലോകാരോഗ്യ സംഘടന ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നത്.
കോവിഡ് 19 മുന്കരുതലുകള് ഇനിയും തുടരണോ? കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തില് പ്രഖ്യാപിച്ച ആഗോള അടിയന്തരാവസ്ഥ പിന്വലിച്ചെങ്കിലും രോഗവ്യാപനത്തിനെതിരെ സ്വീകരിച്ച് വന്നിരുന്ന മുന്കരുതലുകള് തുടരേണ്ടതുണ്ടെന്ന് തന്നെയാണ് വിദഗ്ധര് സൂചിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ വാക്സിനുകള് കൃത്യമായി എടുക്കുകയും ബൂസ്റ്റര് ഡോസുകള് കൃത്യമായ കാലയളവില് സ്വീകരിക്കണമെന്നും വിദഗ്ധര് നിര്ദ്ദേശിക്കുന്നു. പല സ്ഥലങ്ങളിലും മാസ്ക് സാമൂഹിക അകലം എന്നിവ പാലിക്കുന്നതില് അയവ് വന്നിട്ടുണ്ട്. എന്നാല് ആരോഗ്യപ്രശ്നമുള്ളവരും പ്രതിരോധ ശക്തി കുറഞ്ഞവരും കോവിഡ് മുന്കരുതലുകള് തുടരുക തന്നെ വേണമെന്നാണ് വിദഗ്ധര് പറയുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.