ട്രംപിന്റെ 20 ഇന സമാധാന പദ്ധതി; ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?

Last Updated:

ഇസ്രായേലും ഹമാസും സമ്മതിച്ചാല്‍ ഗാസ യുദ്ധത്തിന് ഉടന്‍ അറുതി വരുത്താനാകുമെന്ന് ട്രംപ്

News18
News18
ഗാസയില്‍ യുദ്ധം അവസാനിപ്പിക്കാന്‍ എന്ന പേരില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നോട്ടുവെച്ച 20 ഇന പദ്ധതി രേഖയുടെ പൂര്‍ണരൂപം പുറത്തുവിട്ടു. ഇസ്രായേലും ഹമാസും സമ്മതിച്ചാല്‍ ഗാസ യുദ്ധത്തിന് ഉടന്‍ അറുതി വരുത്താനാകുമെന്ന് ട്രംപ് പറഞ്ഞു. ഇസ്രായേല്‍ പ്രസിഡന്റ് ബെഞ്ചമിന്‍ നെതന്യാഹുവുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷമാണ് ട്രംപ് വാഷിംഗ്ടണില്‍ 20 നിര്‍ദ്ദേശങ്ങളടങ്ങുന്ന സമാധാന പദ്ധതി പ്രഖ്യാപിച്ചത്. കഴിഞ്ഞ ആഴ്ച നടന്ന യുഎന്‍ പൊതുയോഗത്തില്‍ അറബ് നേതാക്കളുമായി പദ്ധതി രേഖ കൈമാറുകയും ചെയ്തു.
ഇരുപക്ഷവും കരാര്‍ അംഗീകരിച്ചുകഴിഞ്ഞാല്‍ ഉടന്‍ തന്നെ ശത്രുത അവസാനിപ്പിക്കണമെന്ന് പദ്ധതിയില്‍ ആവശ്യപ്പെടുന്നു. തുടര്‍ന്ന് ഇസ്രയേല്‍ സൈന്യം പരസ്പര ധാരണയോടെ ഗാസയില്‍ നിന്നും പിന്‍വാങ്ങും. എല്ലാ വ്യോമ, കര പ്രവര്‍ത്തനങ്ങളും മരവിപ്പിക്കും. 72 മണിക്കൂറിനുള്ളില്‍ ഹമാസ് ബന്ദികളാക്കിയിട്ടുള്ള എല്ലാവരെയും മോചിപ്പിക്കും. പകരമായി പാലസ്തീന്‍ തടവുകാരെയും മോചിപ്പിക്കുകയും ചെയ്യുമെന്നാണ് പദ്ധതി രേഖയിലെ നിര്‍ദ്ദേശങ്ങളിലൊന്ന്.
ഗാസയെ തകര്‍ത്തെറിഞ്ഞ, ദശലക്ഷകണക്കിന് ആളുകളെ കുടിയിറക്കിയ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ഏറ്റവും അടുത്ത നീക്കമെന്നാണ് ഈ സമാധാന ഉടമ്പടിയെ ട്രംപ് വിശേഷിപ്പിച്ചത്. ഇസ്രായേലിനോ അയല്‍ രാജ്യങ്ങള്‍ക്കോ ഭീഷണിയാകില്ലെന്ന് ഉറപ്പാക്കാന്‍ ഗാസയെ തീവ്രവാദമുക്തമാക്കണമെന്നതാണ് പദ്ധതി മുന്നോട്ടുവെക്കുന്ന പ്രധാന ഉപാധി. പദ്ധതിയെ നെതന്യാഹു അംഗീകരിച്ചതായി പറഞ്ഞാണ് ട്രംപ് ഇത് നടപ്പാക്കാനൊരുങ്ങുന്നത്. അതേസമയം, ഹമാസ് ഇത് നിരസിക്കുകയും നിബന്ധനകള്‍ ലംഘിക്കുകയും ചെയ്താല്‍ ഇസ്രായേല്‍ സൈന്യം തങ്ങളുടെ ജോലി പൂര്‍ത്തിയാക്കുമെന്നും നെതന്യാഹു മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
advertisement
പദ്ധതി പ്രകാരം ബന്ദികള്‍ക്കും തടവുകാര്‍ക്ക് എന്ത് സംഭവിക്കും?
സമാധാന പദ്ധതിയുടെ ആദ്യ ഘട്ടം ഒരു വലിയ കൈമാറ്റത്തെ കുറിച്ചാണ് പറയുന്നത്. ജീവിച്ചിരിക്കുന്നതോ മരിച്ചവരോ ആയിട്ടുള്ള എല്ലാ ഇസ്രായേലി ബന്ദികളെയും 72 മണിക്കൂറിനുള്ളില്‍ ഹമാസ് ഇസ്രായേല്‍ സ്വീകാര്യതയോടെ മോചിപ്പിക്കണമെന്നാണ് ഒരു നിര്‍ദ്ദേശം. ഇതിന് പകരമായി ജീവപര്യന്തം തടവ് അനുഭവിക്കുന്ന 250 പാലസ്തീനികളെ ഇസ്രായേലും മോചിപ്പിക്കും. 2023 ഒക്ടോബര്‍ ഏഴിന് ശേഷം തടവിലാക്കപ്പെട്ട 1,700 ഗാസക്കാരെയും സംഘര്‍ഷം ആരംഭിച്ച ശേഷം അറസ്റ്റിലായ സ്ത്രീകളെയും കുട്ടികളെയും ഉള്‍പ്പെടെ മോചിപ്പിക്കും. മരണപ്പെട്ട ഇസ്രായേല്‍ പൗരന്മാരുടെ മൃതദേഹങ്ങള്‍ കൈമാറുമ്പോള്‍ 15 പാലസ്തീന്‍കാരുടെ മൃതദേഹാവശിഷ്ഠങ്ങള്‍ ഇസ്രായേലും കൈമാറും.
advertisement
ഈ സമയത്ത് എല്ലാ യുദ്ധ പ്രവര്‍ത്തനങ്ങളും മരവിപ്പിക്കും. ബോംബാക്രമണങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കും. തുടര്‍ന്ന് ഗാസയില്‍ നിന്നും ഇസ്രായേല്‍ സൈന്യത്തെ പിന്‍വലിക്കുന്നതിനുള്ള നടപടികള്‍ ഘട്ടംഘട്ടമായി ആരംഭിക്കും.
കരാറിനുകീഴില്‍ ഹമാസിന് എന്ത് സംഭവിക്കും ?
ഭാവിയില്‍ ഗാസയുടെ ഭരണച്ചക്രം തിരിക്കുന്നതില്‍ ഹമാസിന് ഒരു പങ്കും ഉണ്ടാകില്ലെന്നാണ് ട്രംപിന്റെ 20 ഇന സമാധാന പദ്ധതി വ്യക്തമായി പറയുന്നത്. നേരിട്ടോ അല്ലാതെയോ അനുബന്ധ ഗ്രൂപ്പുകള്‍ വഴിയോ ഗാസയുടെ ഭാവി ഭരണത്തില്‍ ഹമാസിന് സ്ഥാനമുണ്ടാകില്ലെന്ന് പദ്ധതി വ്യക്തമാക്കുന്നു. ഇസ്രായേലിന്റെ ദീര്‍ഘകാല ആവശ്യമാണ് ഈ പോയിന്റ് അഭിസംബോധന ചെയ്യുന്നത്. കൂടാതെ തീവ്രവാദ വിമുക്ത മേഖലയായി ഗാസയെ മാറ്റുമെന്ന ട്രംപിന്റെ വളരെക്കാലമായുള്ള ആഗ്രഹം കൂടി ഇതില്‍ പ്രതിഫലിക്കുന്നുണ്ട്.
advertisement
അതേസമയം, ഹമാസ് അംഗങ്ങളുടെ പൂര്‍ണ്ണമായ ഒരു തുടച്ചുനീക്കല്‍ പദ്ധതിയിൽ ആവശ്യപ്പെടുന്നില്ല. പകരം വ്യവസ്ഥാപരമായ പൊതുമാപ്പ് നിര്‍ദ്ദേശിക്കുന്നു. നിരായുധീകരണവും സമാധാനപരമായ സഹവര്‍ത്തിത്വവും പ്രതിജ്ഞ ചെയ്യുന്നവര്‍ക്ക് ഗാസയില്‍ തന്നെ തുടരാം. ഇത് പ്രോത്സാഹിപ്പിക്കുന്നതിനായി അന്താരാഷ്ട്ര ധനസഹായത്തോടെയുള്ള ബൈ ബാക്ക് പദ്ധതിയും ട്രംപ് മുന്നോട്ടുവെച്ചിട്ടുണ്ട്. സാമ്പത്തികമായോ സാമൂഹികമായോ അനുകൂല്യങ്ങള്‍ കൈപ്പറ്റികൊണ്ട് തീവ്രവാദികള്‍ക്ക് ആയുധങ്ങള്‍ കൈമാറാന്‍ ഇത് അവസരം നല്‍കും.
ഈ വ്യവസ്ഥകള്‍ പാലിക്കാന്‍ തയ്യാറാകാത്തവരെ സുരക്ഷിതമായി നാടുകടത്തും. ഹമാസ് അംഗങ്ങള്‍ക്ക് അവരെ സ്വീകരിക്കാന്‍ തയ്യാറായിട്ടുള്ള മൂന്നാം രാജ്യങ്ങളിലേക്ക് കുടിയേറാമെന്നും പദ്ധതി വിശദമാക്കുന്നു. എന്നാല്‍ ഹമാസിനായി ഏതൊക്കെ രാജ്യങ്ങള്‍ വാതിലുകള്‍ തുറന്നിടുമെന്ന് പദ്ധതി രേഖയില്‍ വ്യക്തമാക്കിയിട്ടില്ല. വിദേശത്ത് ഇവര്‍ക്ക് സംരക്ഷണം ലഭിക്കുമോ എന്ന കാര്യത്തിലും വ്യക്തതയില്ല.
advertisement
ഇസ്രായേലും യുഎസും പ്രാദേശിക ഗ്യാരണ്ടര്‍മാരുമാണ് പദ്ധതി നടത്തിപ്പിന് മേല്‍നോട്ടം വഹിക്കുക. വര്‍ഷങ്ങളായി നിലകൊള്ളുന്ന ഹമാസിന്റെ സൈനിക അടിസ്ഥാനസൗകര്യങ്ങള്‍ പൊളിച്ചുമാറ്റുന്നതിന് സ്വതന്ത്ര നിരീക്ഷകര്‍ മേല്‍നോട്ടം വഹിക്കും.
ട്രംപിന്റെ പദ്ധതി രേഖ അനുസരിച്ചാണെങ്കില്‍ ഹമാസിനു മുന്നില്‍ രണ്ട് വഴികളാണുള്ളത്. ഒന്നുകില്‍ ഗാസയുടെ ഭരണത്തില്‍ നിയന്ത്രണമില്ലാത്ത നിരായുധരായ രാഷ്ട്രീയ സാന്നിധ്യമായി മാറുക. അല്ലെങ്കില്‍ അന്താരാഷ്ട്ര ക്രമീകരണങ്ങള്‍ക്കുകീഴില്‍ നാടുകടത്തല്‍ സ്വീകരിക്കുക.
ഗാസയില്‍ ആര് ഭരിക്കും ?
സംഘര്‍ഷം അവസാനിച്ചുകഴിഞ്ഞാല്‍ ഗാസയെ നിയന്ത്രിക്കുന്നതിന് രണ്ട് തലങ്ങളിലുള്ള അതോറിറ്റി സൃഷ്ടിക്കുക എന്നതാണ് ട്രംപ് മുന്നോട്ടുവെക്കുന്ന നിര്‍ദ്ദേശത്തിന്റെ പ്രധാന സവിശേഷത. ഹമാസിനെ അധികാരത്തില്‍ നിന്നും മാറ്റിനിര്‍ത്തിയാലും അധികാര ശൂന്യത തടയുക എന്ന ലക്ഷ്യത്തോടെയാണിത്.
advertisement
ഒരു വിദഗ്ദ്ധ പാലസ്തീന്‍ കമ്മിറ്റി രൂപീകരിക്കും
പ്രാദേശിക തലത്തില്‍ ദൈനംദിന ഭരണം കൈകാര്യം ചെയ്യുന്നത് യോഗ്യരായ പ്രൊഫഷണലുകളും അന്താരാഷ്ട്ര വിദഗ്ധരുടെ പിന്തുണയുള്ളതുമായ ഒരു സാങ്കേതിക, അരാഷ്ട്രീയ പാലസ്തീന്‍ സമിതിയായിരിക്കും. ആശുപത്രികളും സ്‌കൂളുകളും നടത്തുന്നത് മുതല്‍ വൈദ്യുതി, വെള്ളം, മുനിസിപ്പല്‍ സംവിധാനങ്ങള്‍ എന്നിവ കൈകാര്യം ചെയ്യുന്നതുവരെയുള്ള പൊതുസേവനങ്ങളില്‍ ഈ സമിതി കര്‍ശനമായി ശ്രദ്ധകേന്ദ്രീകരിക്കും.
സമാധാന ബോര്‍ഡ് 
പാലസ്തീൻ സമിതിയുടെ മേല്‍നോട്ടം വഹിക്കുന്നത് ട്രംപിന്റെ തന്നെ അധ്യക്ഷതയിലുള്ള ഒരു അന്താരാഷ്ട്ര ഇടക്കാല സമിതിയായിരിക്കും. ഭരണ ചട്ടക്കൂടുകള്‍ രൂപീകരിക്കുന്നതും പുനര്‍നിര്‍മ്മാണ ധനസഹായം ഏകോപിപ്പിക്കുന്നതും സഹായം സായുധ ഗ്രൂപ്പുകളിലേക്ക് വഴിതിരിച്ചുവിടുന്നില്ലെന്ന് ഉറപ്പാക്കുന്നതും ഈ ബോര്‍ഡിന്റെ ചുമതലയാണ്. യുകെ മുന്‍ പ്രധാനമന്ത്രി ടോണി ബ്ലെയറിനെ ബോര്‍ഡിലെ അംഗങ്ങളില്‍ ഒരാളായി തിരഞ്ഞെടുത്തിട്ടുണ്ട്. മറ്റ് രാഷ്ട്രത്തലവന്മാരും ഇതില്‍ അംഗങ്ങളാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
advertisement
മിഡില്‍ ഈസ്റ്റിലെ ആധുനിക അത്ഭുത നഗരങ്ങളുടെ മാതൃകയില്‍ ഗാസ പുനര്‍നിര്‍മ്മിക്കണമെന്ന് വിഭാവനം ചെയ്യുന്ന ട്രംപിന്റെ സാമ്പത്തിക വികസന പദ്ധതിയുമായും ബോര്‍ഡിന്റെ ദൗത്യം ബന്ധപ്പെട്ടിരിക്കുന്നു. ഗാസയുടെ പുനർനിർമ്മാണത്തിൽ അന്താരാഷ്ട്ര ദാതാക്കളെയും നിക്ഷേപകരെയും പങ്കാളികളാക്കാന്‍ ലക്ഷ്യമിട്ടുള്ള നീക്കം ഭരണത്തെ നിക്ഷേപ താല്‍പ്പര്യങ്ങളുമായി ബന്ധപ്പെടുത്തിയുള്ളതാണ്.
സഹായവും പുനര്‍നിര്‍മ്മാണവും സംബന്ധിച്ച് പദ്ധതിയില്‍ പറയുന്നത് 
മാനുഷിക സഹായമാണ് അടിയന്തര മുന്‍ഗണനയായി മുന്നോട്ടുവെക്കുന്നത്. കരാര്‍ ഇരുപക്ഷവും അംഗീകരിച്ചുകഴിഞ്ഞാല്‍ താഴെ പറയുന്ന കാര്യങ്ങള്‍ ഉറപ്പാക്കും.
ഭക്ഷണം, മരുന്ന്, ഇന്ധനം, വെള്ളവും വൈദ്യുതിയും മലിനജല സംവിധാനങ്ങള്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ പുനര്‍നിര്‍മ്മിക്കുന്നതിനുള്ള വസ്തുക്കള്‍ എന്നിവ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ പുനരാരംഭിക്കും.
ഐക്യരാഷ്ട്രസഭ, റെഡ് ക്രസന്റ്, നിഷ്പക്ഷ ഏജന്‍സികള്‍ എന്നിവയായിരിക്കും വിതരണം നിയന്ത്രിക്കുക. ഇസ്രായേലിനോ ഹമാസിനോ ഇടപെടാന്‍ അനുവാദമില്ല.
2025 ജനുവരിയിലെ മാനുഷിക ഉടമ്പടിയിലെ വ്യവസ്ഥകള്‍ പ്രകാരം ഗാസയ്ക്കും ഈജിപ്തിനും ഇടയിലുള്ള റാഫ ക്രോസിംഗ് വീണ്ടും തുറക്കും.
അന്താരാഷ്ട്ര സുരക്ഷാ സേന 
ഒരു അന്താരാഷ്ട്ര സുരക്ഷാ സേന (ഐഎസ്എഫ്) വിന്യസിപ്പിക്കുന്നതിനുള്ള നിര്‍ദ്ദേശവും കരാറിലുണ്ട്. പാലസ്തീന്‍ പോലീസിനെ പരിശീലിപ്പിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുക, ഇസ്രായേലുമായും ഈജിപ്തുമായും സഹകരിച്ച് ഗാസയുടെ അതിര്‍ത്തികള്‍ സുരക്ഷിതമാക്കല്‍, ഗാസയിലേക്കുള്ള ആയുധക്കടത്ത് തടയല്‍, ചരക്കുകളുടെയും സഹായങ്ങളുടെയും സുരക്ഷിതമായ നീക്കം സാധ്യമാക്കല്‍ എന്നിവയാണ് ഈ സേനയുടെ ഉത്തരവാദിത്തങ്ങള്‍
കാലക്രമേണ ഐഎസ്എഫ് നിയന്ത്രണം സ്ഥാപിക്കുമ്പോള്‍ ഇസ്രായേല്‍ സൈന്യം അധിനിവേശ പ്രദേശങ്ങള്‍ ക്രമേണ കൈമാറുകയും ഒടുവില്‍ പിന്‍വാങ്ങുകയും ചെയ്യും. എന്നിരുന്നാലും ഗാസ സുരക്ഷിതമാണെന്ന് കണക്കാക്കുന്നതുവരെ ഇസ്രായേല്‍ ഒരു പരിധിവരെ സാന്നിധ്യം നിലനിര്‍ത്തിയേക്കാം.
പദ്ധതി പലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുന്നുണ്ടോ?
പലസ്തീന്‍ ഒരു രാജ്യമായി ട്രംപിന്റെ പദ്ധതിയില്‍ അംഗീകരിക്കുന്നില്ല. പക്ഷേ അത് ഒരു അഭിലാഷമായി അംഗീകരിക്കുന്നു. നിര്‍ദ്ദിഷ്ട കാര്യങ്ങള്‍ നടപ്പായാല്‍ ഭാവിയില്‍ അതിലേക്ക് എത്താനുള്ള സാധ്യയുണ്ടായേക്കാമെന്ന് അവ്യക്തമായി സൂചന നല്‍കുന്നു.
ട്രംപിന്റെ നിര്‍ദ്ദേശത്തിന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പിന്തുണ പ്രഖ്യാപിച്ചെങ്കിലും ഗാസയില്‍ പലസ്തീന്‍ അതോറിറ്റിക്ക് നേരിട്ടുള്ള പങ്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ഹമാസ് ഈ വാഗ്ദാനം നിരസിച്ചാല്‍ സൈനികമായി ഇല്ലാതാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
ഹമാസ് ഇതുവരെ പദ്ധതി അംഗീകരിച്ചിട്ടില്ല. ബന്ദികളായും ആയുധങ്ങളില്ലാതെയും കീഴടങ്ങാനുള്ള വ്യവസ്ഥകളെ കരാര്‍ ആശ്രയിച്ചിരിക്കുന്നതിനാല്‍ അവരുടെ നിലപാട് നിര്‍ണായകമാണ്. ഹമാസിന്റെ പ്രതികരണം, ഇസ്രായേല്‍ നേതൃത്വത്തിന്റെ ഐക്യം, സുരക്ഷയ്ക്കും പുനര്‍നിര്‍മ്മാണത്തിനും അന്താരാഷ്ട്ര പങ്കാളികളുടെ സന്നദ്ധത എന്നിവയെ ആശ്രയിച്ചിരിക്കും ട്രംപ് പദ്ധതിയുടെ വിജയം.
നിലവില്‍ ട്രംപ് അധ്യക്ഷനായ അന്താരാഷ്ട്ര സമാധാന ബോര്‍ഡിന്റെ മേല്‍നോട്ടത്തിലുള്ള വിദഗ്ദ്ധ പാലസ്തീന്‍ കമ്മിറ്റിക്കായിരിക്കും ഗാസയുടെ നടത്തിപ്പ് ചുമതല. അതേസമയം പരിഷ്‌കരണങ്ങള്‍ അംഗീകരിച്ചാല്‍ ദീര്‍ഘകാല നിയന്ത്രണം ഒടുവില്‍ പാലസ്തീന്‍ അതോറിറ്റിക്ക് കൈമാറാന്‍ കഴിയും. എങ്കിലും ഗാസയെ ആരാണ് ആത്യന്തികമായി ഭരിക്കുക എന്ന ചോദ്യം പരിഹരിക്കപ്പെടാതെ തുടരുന്നു.
Click here to add News18 as your preferred news source on Google.
ലോകമെമ്പാടു നിന്നുള്ള ബ്രേക്കിംഗ് ന്യൂസുകളുടെ ആഴത്തിലുള്ള വിശകലനത്തിന് News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Explained/
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി; ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
Next Article
advertisement
Love Horoscope Dec 28 | പങ്കാളിയെ ആഴത്തിൽ മനസ്സിലാക്കും; വൈകാരിക അടുപ്പം ഉണ്ടാകും: ഇന്നത്തെ പ്രണയഫലം
Love Horoscope Dec 28 | പങ്കാളിയെ ആഴത്തിൽ മനസ്സിലാക്കും; വൈകാരിക അടുപ്പം ഉണ്ടാകും: ഇന്നത്തെ പ്രണയഫലം
  • വിവിധ രാശിക്കാർക്ക് വൈകാരിക അടുപ്പം, ബന്ധം ശക്തിപ്പെടുത്തൽ

  • പ്രണയത്തിൽ പുതിയ തലങ്ങളിലേക്ക് കടക്കാൻ മികച്ച ദിവസമാണ്

  • മീനം രാശിക്കാർക്ക് കുടുംബ ഉത്തരവാദിത്വങ്ങളും സ്‌നേഹവും

View All
advertisement