സ്മാർട്ഫോണിന്റെ അമിതമായ ഉപയോഗം കുട്ടികളുടെ മാനസികാരോഗ്യത്തെ സാരമായി ബാധിക്കുമെന്ന് പഠനം. അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന സാപിയൻ ലാബ്സ് എന്ന സ്ഥാപനമാണ് പഠനം നടത്തിയത്. ചെറുപ്രായത്തിൽ തന്നെ സ്‌മാർട്ട്‌ഫോൺ സ്ഥിരമായി ഉപയോഗിക്കുന്ന പെൺകുട്ടികളിലാണ് വലുതാകുമ്പോൾ ഇതിന്റെ പ്രത്യാഘാതങ്ങൾ പുരുഷൻമാരേക്കാൾ കൂടുതലായി ഉണ്ടാകുക എന്നും പുതിയ കണ്ടെത്തലുകൾ വെളിപ്പെടുത്തുന്നു. എങ്ങനെയാണ് പഠനം നടത്തിയത്, പഠനത്തിലെ പ്രധാന കണ്ടെത്തലുകൾ എന്തൊക്കെയാണ് തുടങ്ങിയ കാര്യങ്ങൾ വിശദമായി മനസിലാക്കാം.
പഠനം നടത്തിയതെങ്ങനെ?
‘സ്മാർട്ട്ഫോൺ യുഗവും മാനസികാരോഗ്യ പ്രശ്നങ്ങളും’ (Age of First Smartphone and Mental Well-being Outcomes) എന്ന പേരിലുള്ള പഠനഫലം ഇക്കഴിഞ്ഞ മെയ് 14 നാണ് പ്രസിദ്ധീകരിച്ചത്. ഈ വർഷം ജനുവരി മുതൽ ഏപ്രിൽ വരെ, 40 ലധികം രാജ്യങ്ങളിലുള്ള 18 നും 24 നും ഇടയിൽ പ്രായമുള്ളവരിലാണ് പഠനം നടത്തിയത്. ഈ പ്രായത്തിലുള്ള 27,969 പേരെയാണ് പഠനവിധേയരാക്കിയത്. ഇതിൽ 4,000 പേരും ഇന്ത്യയിൽ നിന്നുള്ളവരാണ്.
Also read-മെഥനോൾ വില്ലനാകുന്ന വ്യാജമദ്യ ദുരന്തങ്ങൾ; മറുമരുന്ന് എന്ത്? തമിഴ്‌നാട് പഠിപ്പിക്കുന്ന പാഠം
സാപിയൻ ലാബ്സ് നടത്തുന്ന ‘ഗ്ലോബൽ മൈൻഡ് പ്രോജക്റ്റ്’ എന്ന ഗവേഷണത്തിന്റെ ഭാഗമാണ് ഈ പഠനം. പ്രധാനമായും മാനസികാരോഗ്യത്തെക്കുറിച്ചു പഠനങ്ങൾ നടത്തുന്ന പ്രൊജക്ടാണിത്. 47 ഓളം ഘടകങ്ങൾ അടിസ്ഥാനമാക്കിയാണ് സ്മാർട്ഫോൺ ഉപയോഗവും മാനസികാരോഗ്യവും സംബന്ധിക്കുന്ന പഠനം നടത്തിയത്.
പഠനത്തിലെ കണ്ടെത്തലുകൾ എന്തൊക്കെയാണ്?
ആറാമത്തെ വയസിൽ ആദ്യത്തെ സ്‌മാർട്ട്‌ഫോൺ ലഭിച്ച പെൺകുട്ടികളിൽ 74 ശതമാനം പേരെങ്കിലും ഏതെങ്കിലും വിധത്തിലുള്ള മാനസികാരോഗ്യ പ്രശ്നങ്ങൾ നേരിടുന്നതായി പഠനം കണ്ടെത്തി. പത്താമത്തെ വയസിൽ ആദ്യത്തെ സ്‌മാർട്ട്‌ഫോൺ ലഭിച്ച പെൺകുട്ടികളിൽ ഏകദേശം 61 ശതമാനം പേരും പ്രായപൂർത്തിയായപ്പോൾ മാനസിക പ്രശ്‌നങ്ങൾ നേരിട്ടതായും കണ്ടെത്തി.പതിനഞ്ചാമത്തെ വയസിൽ ആദ്യത്തെ സ്‌മാർട്ട്‌ഫോൺ ലഭിച്ച പെൺകുട്ടികളിൽ ഇത് 52 ശതമാനമായി കുറഞ്ഞു.
പതിനെട്ടാമത്തെ വയസിൽ ആദ്യത്തെ സ്‌മാർട്ട്‌ഫോൺ ലഭിച്ച പെൺകുട്ടികളിൽ 46 ശതമാനം പേരാണ് ഏതെങ്കിലും വിധത്തിലുള്ള മാനസികാരോഗ്യ പ്രശ്നങ്ങൾ ഉണ്ടായതായി തുറന്നു പറഞ്ഞത്. പുരുഷന്മാരുടെ കാര്യമെടുത്താൽ ആറാമത്തെ വയസിൽ ആദ്യത്തെ സ്മാർട്ട്‌ഫോൺ സ്വന്തമാക്കിയ ഏകദേശം 42 ശതമാനം പേരും പ്രായപൂർത്തിയായപ്പോൾ തങ്ങൾ ഏതെങ്കിലും വിധത്തിലുള്ള മാനസികാരോഗ്യ പ്രശ്നങ്ങൾ നേരിട്ടതായി വെളിപ്പെടുത്തി. പതിനെട്ടാമത്തെ വയസിൽ സ്മാർട്ട്‌ഫോൺ സ്വന്തമാക്കിയ പുരുഷന്മാരിൽ ഇത് 36 ശതമാനമായി കുറഞ്ഞു.
കുട്ടികൾക്ക് പ്രായപൂർത്തിയാകുമ്പോൾ മാത്രം സ്വന്തമായി സ്മാർട്ട്‌ഫോണുകൾ ഉണ്ടായാൽ മതിയെന്നും എങ്കിൽ മാത്രമേ അവരുടെ ആത്മവിശ്വാസം, മറ്റുള്ളവരുമായി ആശയവിനിമയം നടത്താനുള്ള കഴിവ് തുടങ്ങിയ കാര്യങ്ങൾ മെച്ചപ്പെടൂ എന്നും പഠനം കണ്ടെത്തി. ”ഈ ഫലങ്ങൾ ദക്ഷിണേഷ്യ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലുള്ള ജനങ്ങൾക്ക് ബാധകമാണ്. ചെറുപ്രായത്തിലേ സ്മാർട്ഫോൺ അമിതമായി ഉപയോഗിക്കുന്നവരിൽ ആത്മഹത്യാ ചിന്തകൾ, ആക്രമണോത്സുകത, മിഥ്യാ ബോധം, ഭ്രമാത്മകത എന്നിങ്ങനെയുള്ള പ്രശ്നങ്ങൾ കൂടുന്നതായും ഞങ്ങൾ ഈ പഠനത്തിലൂടെ കണ്ടെത്തി”, എന്നും ഗവേഷകർ കൂട്ടിച്ചേർത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Children, Mental health, Smart phone