• HOME
  • »
  • NEWS
  • »
  • explained
  • »
  • മെഥനോൾ വില്ലനാകുന്ന വ്യാജമദ്യ ദുരന്തങ്ങൾ; മറുമരുന്ന് എന്ത്? തമിഴ്‌നാട് പഠിപ്പിക്കുന്ന പാഠം

മെഥനോൾ വില്ലനാകുന്ന വ്യാജമദ്യ ദുരന്തങ്ങൾ; മറുമരുന്ന് എന്ത്? തമിഴ്‌നാട് പഠിപ്പിക്കുന്ന പാഠം

വ്യാജവാറ്റുകാർ മദ്യത്തിൽ കലർത്താൻ ഉപയോഗിച്ച മെഥനോളാണ് തമിഴ്‌നാട്ടില്‍ വൻ ദുരന്തത്തിനിടയാക്കിയത്

  • Share this:

    തമിഴ്‌നാട്ടിലെ രണ്ട് വടക്കൻ ജില്ലകളിലായി നടന്ന വ്യാജമദ്യ ദുരന്തങ്ങളിൽ മരണസംഖ്യ 14 ആയി ഉയർന്നിരിക്കുകയാണ്. ഔദ്യോഗിക കണക്കുകൾ പ്രകാരം വിഷമദ്യം അകത്തുചെന്ന നിലയിൽ 51 പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സയിൽ തുടരുന്നത്. വിഷയത്തിൽ ശക്തമായ നടപടികൾ കൈക്കൊള്ളുമെന്നും കേസ് സിബി-സിഐഡിയ്ക്ക് കൈമാറുമെന്നും തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ അറിയിച്ചിട്ടുണ്ട്. വില്ലുപുരം ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ളവരെ സന്ദർശിക്കുന്നതിനിടെയായിരുന്നു മുഖ്യമന്ത്രിയുടെ ഈ പരാമർശം.

    വ്യാജവാറ്റുകാർ മദ്യത്തിൽ കലർത്താൻ ഉപയോഗിച്ച മെഥനോളാണ് വൻ ദുരന്തത്തിനിടയാക്കിയതെന്ന് പൊലീസിന്റെ പ്രാഥമിക പരിശോധനയിൽ തെളിഞ്ഞിട്ടുണ്ട്. രണ്ടിടങ്ങളിലായാണ് ദുരന്തം ഉണ്ടായിരിക്കുന്നതെങ്കിലും, രണ്ടു സംഭവങ്ങളും തമ്മിൽ വലിയ സാമ്യങ്ങളുണ്ടെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. വില്ലുപുരം ജില്ലയിൽ ഒമ്പതു പേരും ചെങ്കൽപ്പേട്ട് ജില്ലയിൽ അഞ്ചു പേരുമാണ് വ്യാജമദ്യദുരന്തത്തിന് ഇരയായത്. വില്ലുപുരത്ത് ജീവൻ നഷ്ടപ്പെട്ട ഒമ്പതു പേരും മാരക്കാനത്തിനടുത്തുള്ള എക്കിയാർകുപ്പം എന്ന മത്സ്യബന്ധനഗ്രാമത്തിൽ നിന്നുള്ളവരാണ്.

    ജില്ലയിലെ മുണ്ടിയംപക്കം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ 40 പേർ നിലവിൽ ചികിത്സയിലുണ്ട്. മൂന്നു പേർ ജിപ്‌മെർ ആശുപത്രിയിലും ഒരാൾ പുതുച്ചേരി സർക്കാർ ആശുപത്രിയിലും ചികിത്സയിലാണ്. ചെങ്കൽപ്പേട്ട് ജില്ലയിലെ പെരുങ്കരനൈ ഗ്രാമത്തിൽ നിന്നുള്ളവരാണ് മരിച്ച മറ്റ് അഞ്ചു പേർ. ഏഴു പേർ ചെങ്കൽപ്പേട്ട് സർക്കാർ മെഡിക്കൽ കോളേജിലും ചികിത്സയിലുണ്ട്. വില്ലുപുരത്തും ചെങ്കൽപ്പേട്ടിലും വ്യാജമദ്യമുണ്ടാക്കാൻ ഉപയോഗിച്ചിരിക്കുന്നത് മെഥനോളാണ്. സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ടാസ്മാക് സ്റ്റോറുകളിൽ വിൽക്കുന്ന മദ്യത്തിന്റെ കുപ്പികളിലാണ് ചെങ്കൽപ്പേട്ടിൽ വ്യാജമദ്യം നിറച്ചു വിറ്റിരുന്നത്.

    Also read- തമിഴ്നാട്ടിൽ വിഷമദ്യ ദുരന്തം: രണ്ട് ജില്ലകളിലായി 11 മരണം; രണ്ടു പേർ അറസ്റ്റിൽ

    1945 മുതൽക്കിങ്ങോട്ട് ഇന്ത്യയിലും ലോകത്തിലെയാകെയും അരങ്ങേറിയിട്ടുള്ള എല്ലാ വ്യാജമദ്യ ദുരന്തങ്ങളിലും വില്ലനായെത്തിയിട്ടുള്ളത് ഇതേ മെഥനോൾ തന്നെയാണ്. വ്യാജമദ്യ ദുരന്തങ്ങളുടെ സമീപകാല ചരിത്രത്തിൽത്തന്നെ മെഥനോളല്ലാതെ മറ്റൊരു വിഷവസ്തുവിന്റെ സാന്നിധ്യം രേഖപ്പെടുത്തിയിട്ടില്ലെന്ന് ദി വയർ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ സൂചിപ്പിക്കുന്നുണ്ട്. മിക്ക രാജ്യങ്ങളിലെയും ഡോക്ടർമാർ ഇത്തരം കേസുകളിൽ ദുരന്തകാരണമായി ആദ്യം കണ്ടെത്തുന്നത് ക്ലോറൈൽ ഹൈഡ്രേറ്റിനെയായിരിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.

    എന്നാൽ, ഇത് തെറ്റായ കണ്ടെത്തലാകാറാണ് പതിവ്. അതുകൊണ്ടുതന്നെ, ചികിത്സകളും ഫലം കാണാറില്ല. ഇത്തരം കേസുകളിലെ പ്രശ്‌നക്കാരൻ എല്ലായ്‌പ്പോഴും മെഥനോളാണെന്നും, മെഥനോളിന്റെ മറുമരുന്ന് എഥനോളാണെന്നും നമ്മുടെ ഡോക്ടർമാരെയും നഴ്‌സുമാരെയും ബോധ്യപ്പെടുത്തേണ്ടതുണ്ടെന്നും റിപ്പോർട്ടിന്റെ ഭാഗമായി ജെയിംസ് മാനർ പറയുന്നു. കേൾക്കുമ്പോൾ വിചിത്രമായിത്തോന്നാമെങ്കിലും, അപകടകരമായ അളവിൽ മെഥനോൾ അകത്തു ചെന്നു കഴിഞ്ഞാൽ പിന്നീട് സാധ്യമായ ഒരേയൊരു ചികിത്സാരീതി സുരക്ഷിതമായ മദ്യം അഥവാ എഥനോൾ കഴിയുന്നത്ര അളവിൽ രോഗിയെക്കൊണ്ട് കഴിപ്പിക്കുക എന്നതാണ്.

    ഇതിന് ശാസ്ത്രീയമായ കാരണവുമുണ്ട്. മനുഷ്യശരീരത്തിലെത്തുന്ന മെഥനോൾ അപകടകാരിയാകുന്നത് ചില എൻസൈമുകളുടെ പ്രവർത്തനഫലമായി അത് വിവിധ ഘടകങ്ങളായി വേർതിരിക്കപ്പെടുമ്പോഴാണ്. ഫോർമാൽഡിഹൈഡ് അടക്കമുള്ള ഘടകങ്ങളായി മെഥനോൾ വിഭജിക്കപ്പെടുകയും, അത് അന്ധതയോ അംഗവൈകല്യമോ മരണമോ വരുത്തിവയ്ക്കുകയും ചെയ്യും. മെഥനോളിനൊപ്പം എഥനോൾ കൂടെ ശരീരത്തിലെത്തുമ്പോഴാകട്ടെ, ഇതു സംഭവിക്കുന്നില്ല. മെഥനോളിനെ വിഭജിച്ച് ഫോർമാൽഡിഹൈഡാക്കി മാറ്റുന്ന എൻസൈമുകളെ എഥനോൾ കൂടുതൽ ശക്തിയിൽ ആകർഷിക്കും.

    Also read- G7 ഉച്ചകോടിയിൽ അതിഥികൾക്കായുള്ള മെനുവിൽ ‘ഒക്കോണോമിയാക്കി’; തകർന്ന ഹിരോഷിമയെ തിരിച്ചുപിടിച്ച ഭക്ഷണം

    ഇതിന്റെ ഫലമായി മെഥനോളിനു പകരം എഥനോൾ വിഭജിക്കപ്പെടുകയും മെഥനോൾ അതേരൂപത്തിൽ സുരക്ഷിതമായി ശരീരത്തിൽ നിലവിൽക്കുകയും ചെയ്യും. ‘വിഷാംശം മെഥനോളാണ്, അതിന്റെ മറുമരുന്ന് എഥനോളും’ എന്ന തത്വം ഇന്ത്യയിലെ ഓരോ ഡോക്ടറും നഴ്‌സും മനസ്സിലാക്കിയിരുന്നെങ്കിൽ അവനവധി ജീവനുകൾ രക്ഷിക്കാനും ഭീകരമായ പല നഷ്ടങ്ങളും ഒഴിവാക്കാനും കഴിഞ്ഞേനെയെന്ന് മാനർ പറയുന്നു. ക്രൈസിൽ സർവേ കണക്കുകൾ പ്രകാരം, മദ്യത്തിന്റെ ഉപഭോഗത്തിൽ മുൻനിരയിലാണ് തമിഴ്‌നാടിന്റെ സ്ഥാനം. രാജ്യത്തെ ആകെ മദ്യ ഉപഭോഗത്തിന്റെ 13 ശതമാനത്തോളം തമിഴ്‌നാട്ടിലാണെന്ന് ദി ഹിന്ദുവിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടും ശരിവയ്ക്കുന്നു.

    സംസ്ഥാനത്തെ സ്പിരിറ്റ് വിൽപ്പന കൈകാര്യം ചെയ്യുന്നത് തമിഴ്‌നാട് സ്റ്റേറ്റ് മാർക്കറ്റിംഗ് കോർപ്പറേഷൻ അഥവാ ടാസ്മാക് ആണ്. പ്രതിദിനം 1,60,000 കെയ്‌സ് ഇന്ത്യൻ നിർമിത വിദേശമദ്യവും 90,000 കെയ്‌സ് ബിയറും ടാസ്മാക് വഴി വിറ്റഴിക്കപ്പെടുന്നുണ്ട്. മദ്യപാനം തന്നെ ഒരു സാമൂഹിക വിപത്തായി നിലനിൽക്കുമ്പോൾ, തമിഴ്‌നാട്ടിലെ സർക്കാർ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളിൽ മദ്യം വിതരണം ചെയ്യുകയും ഉപയോഗിക്കപ്പെടുകയും ചെയ്യുന്ന രീതികൾ തീർത്തും പരിതാപകരമാണ്. ഉപഭോക്താക്കൾക്കോ ജീവനക്കാർക്കോ ഒരു തരത്തിലുള്ള മാന്യതയും ഇത്തരമിടങ്ങളിൽ ലഭിക്കുന്നില്ലെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്.

    അഴിമതിയും മറ്റ് ദുഷിച്ച നടപടികളും ഈ സ്‌റ്റോറുകളിൽ സാധാരണയാണ്. കുറഞ്ഞ പ്രതിഫലവും മോശപ്പെട്ട തൊഴിൽ സാഹചര്യങ്ങളും തന്നെയാണ് അതിനു കാരണമാകുന്നതും. മദ്യവിൽപ്പനയ്ക്ക് നിയോഗിക്കപ്പെട്ടിട്ടുള്ള ജീവനക്കാർ ധാരാളം നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടാറുണ്ടെന്നും റിപ്പോർട്ടിൽ സൂചനകളുണ്ട്. ഉപഭോക്താക്കളിൽ നിന്നും അധികവില ഈടാക്കുക, തെറ്റായ ബില്ലുകൾ നൽകുക, മദ്യം നേർപ്പിച്ചു വിൽക്കുക എന്നിവ അവയിൽ ചിലതുമാത്രമാണ്. സീൽ ചെയ്ത കുപ്പികളിൽ മദ്യം വിൽക്കുന്നതിനു പകരം, ‘കട്ടിംഗ്’ എന്ന പേരിൽ പെഗ് കണക്കിൽ സ്പിരിറ്റുകൾ വിൽക്കുന്നതും റിപ്പോർട്ട് പ്രകാരം ഇവരുടെ പ്രധാന ഇതര വരുമാന മാർഗമാണ്.

    Also read- തുർക്കിയിൽ ആരാകും പ്രസിഡന്റ്? തിരഞ്ഞെടുപ്പ് ഫലം ലോകരാജ്യങ്ങളെ ബാധിക്കുന്നത് എങ്ങനെ?

    ഈ വസ്തുതകൾ നിലനിൽക്കെ, ഇപ്പോഴുണ്ടായിരിക്കുന്ന വ്യാജമദ്യദുരന്തവുമായി ബന്ധപ്പെട്ട വിഷയത്തിൽ സർക്കാരിനെതിരെയും വലിയ വിമർശനങ്ങളാണ് ഉയരുന്നുന്നത്. തമിഴ്‌നാട്ടിൽ വ്യാജമദ്യത്തിന്റെ ലഭ്യത വർദ്ധിച്ചുവരുന്നതായി താൻ നേരത്തേ തന്നെ അസംബ്ലിയിൽ പരാതിയുന്നയിച്ചിരുന്നുവെന്നും, സർക്കാർ അത് മുഖവിലയ്‌ക്കെടുത്ത് മതിയായ നടപടികൾ സ്വീകരിച്ചിരുന്നെങ്കിൽ ഇത്തരം ദുരന്തങ്ങൾ ഒഴിവാക്കാമായിരുന്നെന്നും പ്രതിപക്ഷ നേതാവും എഐഎഡിഎംകെ പ്രമുഖനുമായ കെ പളനിസ്വാമി ആരോപിക്കുന്നു.

    ‘മുഖ്യമന്ത്രി സ്റ്റാലിനാണ് ഇതിന്റെ പൂർണ ഉത്തരവാദിത്തം. അദ്ദേഹം മുഖ്യമന്ത്രിസ്ഥാനത്തിരിക്കാൻ യോഗ്യനല്ലെന്ന് തെളിയിച്ചു കഴിഞ്ഞു. അദ്ദേഹം പദവി രാജിവയ്ക്കണം.’ പളനിസ്വാമി പ്രതികരിച്ചു. സംസ്ഥാനത്തെ നീതിന്യായ വ്യവസ്ഥ പാടേ അധഃപതിച്ചിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ബിജെപിയുടെ സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈയും വിഷയത്തിൽ ഭരണകക്ഷിയായ ഡിഎംകെയെ നിശിതമായി വിമർശിച്ചിരുന്നു. ഇനിയും ഇത്തരം ദാരുണ സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിക്കണമെങ്കിൽ, തമിഴ്നാട്ടിലെ വ്യാജമദ്യദുരന്തങ്ങളുടെ ചരിത്രവും അവയുടെ സാമൂഹികപശ്ചാത്തലവും കൂടി മനസ്സിലാക്കേണ്ടതുണ്ട്.

    1937ൽ സി രാജഗോപാലാചാരിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരാണ് തമിഴ്‌നാട്ടിലെ സേലം ജില്ലയിൽ ആദ്യമായി മദ്യനിരോധനം നടപ്പിലാക്കിയുന്നത്. രാജ്യത്തെ ആദ്യ മദ്യനിരോധന പ്രഖ്യാപനങ്ങളിലൊന്നായിരുന്നു അത്. സ്വാതന്ത്ര്യലബ്ധിയ്ക്കു തൊട്ടുപിന്നാലെ, 1948ൽ, നിരോധനം സംസ്ഥാനത്തുടനീളം വ്യാപിപ്പിക്കുകയും ചെയ്തിരുന്നു. സംസ്ഥാനത്തിന്റെ ഭരണകാര്യങ്ങളുടെ നിയന്ത്രണം കാമരാജിന്റെ കൈകളിലായിരുന്ന കാലത്തും തമിഴ്‌നാട്ടിൽ മദ്യനിരോധനം തുടർന്നുപോന്നു. പ്രാദേശിക മദ്യത്തിന്റെ വിൽപ്പന നിരോധിക്കുകയും മറ്റ് അനവധി കർശന നിയന്ത്രണങ്ങൾ കൊണ്ടുവരികയും ചെയ്ത മദ്രാസ് അബ്കാരി ആക്ട് 1886ൽത്തന്നെ നിലവിൽ വന്നിരുന്നു.

    Also read- സുവിശേഷകനെ വിശ്വസിച്ച് സ്വർഗം കാണാൻ പട്ടിണി കിടന്ന് നൂറിലേറെപ്പേരുടെ മരണം; ലോകത്തെ നടുക്കി കെനിയ

    തദ്ദേശീയ മദ്യത്തിനു പകരം വിദേശ മദ്യത്തിന്റെ വിൽപ്പന മെച്ചപ്പെടുത്താൻ ലക്ഷ്യം വച്ചുകൊണ്ടുള്ള ബ്രിട്ടീഷ് നയമായിരുന്നു അത്. എം കരുണാനിധിയുടെ നേതൃത്വത്തിലുള്ള ഡിഎംകെ സർക്കാരാണ് 1971ൽ മദ്യനിരോധനം എടുത്തു മാറ്റുന്നത്. രാജ്യ വ്യാപക നിരോധനമില്ലാത്ത സ്ഥിതിയ്ക്ക് സംസ്ഥാനത്തെ മദ്യ നിരോധനം സർക്കാരിന് വലിയ വരുമാന നഷ്ടമുണ്ടാക്കുന്നുണ്ടെന്നായിരുന്നു ഇതിനു നൽകപ്പെട്ട വിശദീകരണം. തദ്ദേശീയ മദ്യമായ ചാരായത്തിന്റെയും കള്ളിന്റെയും വിൽപ്പനയും അതോടെ നിയമവിധേയമായി. എങ്കിലും, ഇവ രണ്ടും വിൽക്കുന്നത് 1974ൽ കരുണാനിധിയ്ക്ക് നിർത്തലാക്കേണ്ടിവന്നു.

    ഈ നിരോധനം നിലവിൽ വന്നതോടെ, വ്യാജമദ്യനിർമാണം ക്രമാതീതമായി വർദ്ധിച്ചു തുടങ്ങി. വ്യാവസായികാവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന ആൽക്കൊഹോളായ മെഥനോൾ അവയുടെ നിർമാണത്തിൽ വ്യാപകമായി ഉപയോഗിക്കപ്പെടാനുമാരംഭിച്ചു. അതോടെ, 1975-76 കാലഘട്ടത്തിൽ സംസ്ഥാനത്ത് അനവധി വ്യാജമദ്യ മരണങ്ങളുണ്ടായി. എംജിആറാണ് ചാരായത്തിനും കള്ളിനുമുണ്ടായിരുന്ന നിരോധനം പിന്നീട് എടുത്തുമാറ്റിയത്. എഐഡിഎംകെ നേതാവായി അദ്ദേഹം അധികാരത്തിലെത്തിയതിനു പിന്നാലെ, 1981ലായിരുന്നു അത്. വിദേശമദ്യ ഉപയോഗത്തിനായി പെർമിറ്റ് ലഭിക്കുന്ന കുറഞ്ഞ പ്രായം 45ൽ നിന്നും 30 ആക്കിയതും എംജിആർ തന്നെയാണ്. 1981ൽ, ധനകാര്യമന്ത്രി വി ആർ നെടുംചെഴിയൻ അത് വീണ്ടും കുറച്ച് 25 ആക്കുകയും ചെയ്തു.

    1983ൽ എംജിആർ സർക്കാരിന്റെ കീഴിൽ ടാസ്മാക് നിലവിൽ വന്നു. വിദേശമദ്യത്തിന്റെയും ചാരായത്തിന്റെയും വിൽപ്പന ടാസ്മാകിന്റെ പരിധിയിൽ കൊണ്ടുവരികയും ചെയ്തു. ചാരായത്തിന്റെയും കള്ളിന്റെയും വിൽപ്പന പുനരാരംഭിച്ച് ആറു വർഷങ്ങൾക്കു ശേഷം, എംജിആർ സർക്കാർ ഈ തദ്ദേശീയ പാനീയങ്ങൾ പൂർണമായും നിരോധിച്ചു. 1987 ജനുവരി ഒന്നിനായിരുന്നു അത്. തമിഴ്‌നാട്ടിൽ എല്ലാ പാർട്ടികളിൽ നിന്നുള്ള രാഷ്ട്രീയക്കാരും അധികാരത്തിലുള്ളപ്പോൾ മദ്യവിൽപ്പനയെ ന്യായീകരിക്കാറാണ് പതിവ്. മദ്യത്തിനു മേൽ ചുമത്തുന്ന വൻ നികുതിയിൽ നിന്നും ലഭിക്കുന്ന വരുമാനം സംസ്ഥാനത്തെ സാമൂഹ്യക്ഷേമ പദ്ധതികളെ സഹായിക്കാൻ ആവശ്യമാണെന്നാണ് ഇവർ കാലങ്ങളായി ഉയർത്തുന്ന വാദം.

    Also read- ഉപയോക്താവറിയാതെ വാട്‌സ്ആപ്പ് മെക്രോഫോണ്‍ ഉപയോഗിക്കുന്നുണ്ടെന്ന് ആരോപണം; നിങ്ങളുടെ അക്കൗണ്ട് എങ്ങനെ സുരക്ഷിതമാക്കാം?

    ഈ വരുമാനം കൂടി ചേർന്നാണ് തമിഴ്‌നാടിനെ മെച്ചപ്പെട്ട സാമൂഹിക സ്ഥിതിയിൽ എത്തിച്ചിരിക്കുന്നതെന്നും അവർ അവകാശപ്പെടുന്നുണ്ട്. എന്നാൽ, ഈ വാദത്തിനെതിരായി ഉയരുന്ന ശബ്ദങ്ങളുമേറെയാണ്. ‘മദ്യം വിൽക്കുകയും മദ്യപാനികളിൽ നിന്നും വലിയ തുക ഈടാക്കി ആ പണമുപയോഗിച്ച് ക്ഷേമപദ്ധതികൾ നടത്തുകയും ചെയ്യാമെന്ന സിദ്ധാന്തം തെറ്റാണ്,’ ഗാന്ധിയൻ എം ഇദിയനാരായണൻ പറയുന്നതായി ഐഎഎൻഎസ് റിപ്പോർട്ട് ചെയ്യുന്നു. ‘ജനങ്ങളുടെ ക്ഷേമം രാഷ്ട്രത്തിന്റെ പ്രാഥമിക ഉത്തരവാദിത്തങ്ങളുടെ പരിധിയിൽ വരുന്നതാണ്. അതിനുള്ള പണം കണ്ടെത്തേണ്ടത് മദ്യവിൽപ്പന വഴിയല്ല. പകരം, പണം കണ്ടെത്താനുള്ള മറ്റു മാർഗ്ഗങ്ങൾ നയതന്ത്രജ്ഞർ കണ്ടെത്തുക തന്നെ വേണം. മദ്യം ആപത്താണ്. മദ്യവിൽപ്പനയിലൂടെ വരുമാനം കണ്ടെത്തുന്ന രീതി സർക്കാർ അവസാനിപ്പിക്കണം.

    സമൂഹത്തിൽ അനൈക്യം കൊണ്ടുവരുമെന്നല്ലാതെ മറ്റൊരു ഗുണവും മദ്യത്തിനില്ല.’വ്യാജമദ്യദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഇത്തരം ധാരാളം ചർച്ചകൾ നടക്കുന്നതിനിടെ, ഇരകൾക്ക് സഹായവുമായി സർക്കാരും രംഗത്തെത്തിയിട്ടുണ്ട്. രണ്ടു ദുരന്തങ്ങളിലുമായി മരണപ്പെട്ടവരുടെ ആശ്രിതർക്ക് സംസ്ഥാന സർക്കാർ പത്തു ലക്ഷം രൂപ വീതമാണ് നഷ്ടപരിഹാരം പ്രഖ്യാപിച്ചിരിക്കുന്നത്. ചികിത്സയിലുള്ളവർക്ക് അടിയന്തര സഹായമായി 50,000 രൂപയും ലഭിക്കും. രണ്ടിടങ്ങളിലും വ്യാജമദ്യം വിറ്റവരെ അറസ്റ്റു ചെയ്തു കഴിഞ്ഞതായും, ദുരന്തത്തിനു കാരണക്കാരായ എല്ലാവരെയും നിയമത്തിനു മുന്നിൽ കൊണ്ടുവരാനുള്ള എല്ലാ നീക്കങ്ങളും ചെയ്തു കഴിഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി സ്റ്റാലിൻ അറിയിച്ചിട്ടുണ്ട്.

    Published by:Vishnupriya S
    First published: