ഇന്റർഫേസ് /വാർത്ത /Explained / സേർച്ചിംഗ് അനുഭവം മാറ്റിമറിയ്ക്കാൻ AI; ചാറ്റ്ജിപിടിയ്ക്ക് എതിരാളിയായി ഗൂഗിളിന്റെ ബാർഡ്

സേർച്ചിംഗ് അനുഭവം മാറ്റിമറിയ്ക്കാൻ AI; ചാറ്റ്ജിപിടിയ്ക്ക് എതിരാളിയായി ഗൂഗിളിന്റെ ബാർഡ്

പ്രധാന പ്രതിയോഗിയായ മൈക്രോസോഫ്റ്റിനെ പിന്നിലാക്കാനുള്ള കുതിപ്പിലാണിപ്പോൾ ഗൂഗിൾ.

പ്രധാന പ്രതിയോഗിയായ മൈക്രോസോഫ്റ്റിനെ പിന്നിലാക്കാനുള്ള കുതിപ്പിലാണിപ്പോൾ ഗൂഗിൾ.

പ്രധാന പ്രതിയോഗിയായ മൈക്രോസോഫ്റ്റിനെ പിന്നിലാക്കാനുള്ള കുതിപ്പിലാണിപ്പോൾ ഗൂഗിൾ.

  • News18 Malayalam
  • 4-MIN READ
  • Last Updated :
  • Thiruvananthapuram
  • Share this:

ചാറ്റ്ജിപിടിയുടെ വരവോടെ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് നിത്യജീവിതത്തിൽ വരുത്തിയേക്കാവുന്ന അത്ഭുതകരമായ മാറ്റങ്ങളെക്കുറിച്ചുള്ള ചർച്ചകൾ കൊഴുക്കുകയാണ്. മൈക്രോസോഫ്റ്റിൻ്റെ പിന്തുണയോടെ കളംപിടിക്കുന്ന ചാറ്റ്ജിപിടിയ്ക്ക് എതിരാളിയായി ബാർഡ് എന്ന പുതിയ പദ്ധതിയുമായി ഇപ്പോൾ ഗൂഗിളും എത്തിയിരിക്കുകയാണ്. ഗൂഗിളിന്റെ എല്ലാ പ്ലാറ്റ്‌ഫോമുകളിലും നിർമിതബുദ്ധിയുടെ ഉപയോഗം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി 180 രാജ്യങ്ങളിൽ ഉടൻതന്നെ ബാർഡ് അവതരിപ്പിക്കാനാണ് തീരുമാനം.

ഗൂഗിളിന്റെ പ്രധാന ഉത്പന്നമായ സേർച്ച് എഞ്ചിൻ്റെ പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്താനായി ഇത്തരം ജനറേറ്റീവ് എഐ ഉപയോഗപ്പെടുത്തുമെന്നും സിലിക്കൺ വാലിയിൽ വച്ചു നടന്ന ഗൂഗിൾ ഡെവലപ്പർമാരുടെ വാർഷിക യോഗത്തിൽ അധികൃതർ വെളിപ്പെടുത്തിയിട്ടുണ്ട്.

‘നിർമിത ബുദ്ധി ഞങ്ങൾ ഏറെക്കാലമായി ഉപയോഗപ്പെടുത്തുന്നുണ്ട്. ജനറേറ്റീവ് എഐയുടെ വരവോടെ ഞങ്ങൾ അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണ്. സേർച്ച് എഞ്ചിൻ അടക്കമുള്ള ഞങ്ങളുടെ സുപ്രധാന ഉത്പന്നങ്ങളെല്ലാം ഞങ്ങൾ പുനരാവിഷ്‌കരിക്കുകയാണ്,’ പരിപാടിയിൽ പങ്കെടുത്ത ആയിരക്കണക്കിന് ഡെവലപ്പർമാരെ അഭിസംബോധന ചെയ്തു സംസാരിക്കവെ ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ പറഞ്ഞു.

Also Read-പാസ്‌വേഡുകൾക്ക് പകരം കൂടുതൽ സുരക്ഷയുള്ള പാസ് കീയുമായി ഗൂഗിൾ

പ്രധാന പ്രതിയോഗിയായ മൈക്രോസോഫ്റ്റിനെ പിന്നിലാക്കാനുള്ള കുതിപ്പിലാണിപ്പോൾ ഗൂഗിൾ. ഇതിന്റെ ഭാഗമായാണ് ബിംഗ് സേർച്ച് എഞ്ചിൻ അടക്കമുള്ള തങ്ങളുടെ ഉത്പന്നങ്ങളുടെ നിരയിൽ ചാറ്റ്ജിപിടിയുടേതിന് സമാനമായ സങ്കേതങ്ങൾ ഇത്ര വേഗത്തിൽ ഉൾപ്പെടുത്താനുള്ള നീക്കങ്ങളും പുരോഗമിക്കുന്നത്.

നിർമിതബുദ്ധി സമൂഹത്തിന് വലിയൊരു വെല്ലുവിളിയായിത്തീർന്നേക്കും എന്ന ആശങ്ക നിലനിൽക്കുന്നതിനിടെയായിരുന്നു മൈക്രോസോഫ്റ്റ് ചാറ്റ്ജിപിടിയുമായെത്തിയത്. നിർമിതബുദ്ധി ഉപയോഗപ്പെടുത്തി വ്യജവാർത്തകൾ പ്രചരിപ്പിക്കാനുള്ള സാധ്യതകൾ നിലനിൽക്കുന്നുണ്ട്. അതിനൊപ്പം, ചാറ്റ്ജിപിടി പോലുള്ള സങ്കേതങ്ങളുടെ വരവോടെ പല മേഖലകളിലും ജോലികൾ പോലും ഇല്ലാതെയായേക്കാം എന്ന ഭീതിയും ഉടലെടുത്തുകഴിഞ്ഞു. കൌതുകകരമായ മാറ്റങ്ങൾ ഈ മേഖലയിൽ സംഭവിക്കുമ്പോഴും, ഇത്തരം ആശങ്കൾക്കും ഇടമുണ്ടാകുന്നുണ്ട്.

നിർമിതബുദ്ധി ഉൾപ്പെടുത്തിയ പുതിയ സേർച്ച് എഞ്ചിൻ അനുഭവം, സംഭാഷണങ്ങളിലൂടെ സംവദിക്കാൻ കഴിയുന്ന ഒരു ബോട്ട് ഉപയോഗിച്ച് കൂടുതൽ മെച്ചപ്പെടുത്തിയ സേർച്ച് നൽകുന്ന അനുഭവത്തിന് സമാനമായിരിക്കുമെന്ന് ഗൂഗിൾ സേർച്ചിലെ ഉദ്യോഗസ്ഥയായ കാത്തി എഡ്വാർഡ്‌സ് പറയുന്നു. ജിമെയിൽ, ഫോട്ടോ എഡിറ്റിംഗ്, ഓൺലൈനായി ജോലി ചെയ്യാൻ സഹായിക്കുന്ന ടൂളുകൾ എന്നിവയിൽ ജനറേറ്റീവ് എഐ എങ്ങനെയാണ് ഉൾപ്പെടുത്തുക എന്ന് മറ്റു ഗൂഗിൾ അധികൃതരും വിശദീകരിക്കുന്നുണ്ട്.

Also Read- AI വോയിസ് ക്ലോണിംഗ്: സൈബര്‍ കുറ്റവാളികളുടെ പുതിയ ആയുധം; സാമ്പത്തിക നഷ്ടമുണ്ടായതായി 83% ഇരകൾ

ഗൂഗിളിന്റെ നിർമിതബുദ്ധി പദ്ധതി നിർഭയമായും ഉത്തരവാദിത്തബോധത്തോടു കൂടിയുമാണ് നടത്തപ്പെടുക എന്ന് സീനിയകർ പ്രോഡക്ട് എഞ്ചിനീയർ ജാക്ക് ക്രോസിക്കും പറയുന്നു. ഗൂഗിളിന്റെ ഈ തിരക്കിട്ട വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ, ബാർഡ് ഉപയോഗിക്കാൻ ഉപഭോക്താക്കൾ കാത്തിരിക്കേണ്ടി വരുന്ന പ്രശ്നവും പരിഹരിക്കപ്പെട്ടിട്ടുണ്ട്. ഉപഭോക്താക്കൾക്ക് ഇനി മുതൽ ബാർഡ് ഉപയോഗിച്ചു തുടങ്ങാവുന്നതാണ്. അമേരിക്കയിലും ബ്രിട്ടനിലും മാസങ്ങളോളം നീണ്ട പരീക്ഷണങ്ങൾക്ക് വിധേയമാക്കിയ ശേഷമാണ് ലോകമെങ്ങുമുള്ള ഉപഭോക്താക്കൾക്കു മുന്നിൽ ബാർഡിനെ ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്. ആർക്കും എവിടെ നിന്നും ബാർഡുമായി സംവദിക്കാം.

സേർച്ച് പ്രക്രിയയിൽ നിർമിതബുദ്ധി ഉൾപ്പെത്തുന്നതോടെ, ഗൂഗിളിംഗ് എന്ന പ്രവൃത്തി തന്നെ ഇന്നേവരെ ഉണ്ടായിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ മാറ്റങ്ങളിലൂടെ കടന്നുപോയേക്കുമെന്നാണ് യുഎസ്എ ടുഡേയുടെ റിപ്പോർട്ട്. വലിയ വ്യാപ്തിയും മനസ്സിലാക്കാൻ ബുദ്ധിമുട്ടുമുള്ള വിവരങ്ങൾ പോലും ഏറ്റവും ലളിതമായ രീതിയിൽ ചുരുക്കി, അതിൻ്റെ അന്തസ്സത്ത ചോരാതെ സംഗ്രഹിക്കാനുള്ള കഴിവാണ് ജനറേറ്റീവ് എഐയുടെ ഏറ്റവും മികച്ച പ്രത്യേകതകളിലൊന്ന് എന്നാണ് ലഭ്യമായ വിവരം. പ്രായോഗിക ഉപയോഗത്തിലേക്ക് വരുമ്പോൾ, അസംഖ്യം സ്രോതസ്സുകളിൽ നിന്നും ശേഖരിക്കുന്ന പല വിവരങ്ങൾ ഒന്നിച്ചു ചേർത്ത്, ഉപഭോക്താവ് ആഗ്രഹിക്കുന്ന തരത്തിൽ ഒരൊറ്റ ഉത്തരമായി ചുരുക്കി അവതരിപ്പിക്കാനാകും എന്നാണ് ഇതിനർത്ഥം. മാത്രമല്ല, കൂടുതൽ ആഴത്തിലുള്ള ചോദ്യങ്ങൾ ചോദിക്കാനും അവയ്ക്ക് അത്യധികം വിശദമായ രീതിയിൽത്തന്നെ തയ്യാറാക്കപ്പെടുന്ന ഉത്തരങ്ങൾ ലഭിക്കാനുമുള്ള അവസരങ്ങൾ ഉപഭോക്താവിനു ലഭിക്കുകയും ചെയ്യും.

ഉദാഹരണത്തിന്, ഒരു അവധിക്കാല യാത്രയ്ക്ക് തയ്യാറെടുക്കുന്നതായി സങ്കൽപ്പിക്കുക. സാധാരണഗതിയിൽ യാത്രയുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾ ആരംഭിക്കുക പോകുന്നയിടത്ത് ഏർപ്പെടാനാകുന്ന വിനോദങ്ങൾ ഏതെല്ലാമാണെന്ന് ആയിരിക്കും. തുടർന്ന്, താമസിക്കാനുള്ള സ്ഥലങ്ങൾ അന്വേഷിച്ചുതുടങ്ങും. അതിനുശേഷം, പ്രദേശത്തെ നല്ല ഹോട്ടലുകൾ ഏതാണെന്നും അന്വേഷിച്ചേക്കും. ഇവയെല്ലാം ചേർന്ന് നൂറുകണക്കിന് സാധ്യതകളാണ് ഉപഭോക്താവിന് മുന്നിൽ നിരത്തുക. ഇവയിൽ നിന്നും തനിക്ക് ഏറ്റവും അനുയോജ്യമായവ ഓരോന്നായി കണ്ടെത്തി പരസ്പരം ഒത്തു നോക്കേണ്ടിവരും. അങ്ങിനെ പടിപടിയായാണ് അവധിക്കാല പദ്ധതികൾ രൂപം കൊള്ളുക.

പുതിയ മാറ്റങ്ങൾ വരുന്നതോടെ, കാര്യങ്ങൾ വളരെ എളുപ്പമാകും. യാത്രപോകുന്നയിടത്ത് ലഭ്യമായ എല്ലാ വിനോദപരിപാടികളിലും പങ്കെടുത്തുകൊണ്ട്, എല്ലാ ഹോട്ടലുകളെയും ഉൾപ്പെടുത്തിക്കൊണ്ട്, ഒരു നാലംഗ കുടുംബത്തിന് അഞ്ചു ദിവസം എങ്ങനെ ചെലവഴിക്കാം എന്ന് നേരിട്ട് ഗൂഗിളിനോട് ചോദിക്കാനാകും. സ്പഗെറ്റി മാത്രം കഴിക്കുന്ന കുട്ടികളെയും അത്താഴത്തിനൊപ്പം നല്ല കോക്ടെയിലുകൾ ആവശ്യപ്പെടുന്ന മുതിർന്നവരെയും പ്രത്യേകം പരിഗണിക്കണമെന്നും അതിനോടൊപ്പം തന്നെ കൂട്ടിച്ചേർക്കുകയുമാകാം. ഇക്കാര്യങ്ങളെല്ലാം പരിഗണിച്ചുകൊണ്ടുള്ള പ്രതികരണം ഉപഭോക്താവിന് ഒരൊറ്റ ഉത്തരമായി ലഭിക്കും. ലഭ്യമായ സാധ്യതകൾ വിലയിരുത്തി സ്വന്തമായി ഒരു പ്ലാൻ ഉണ്ടാക്കേണ്ടതായി വരില്ല എന്നർത്ഥം.

ഇനി, ഷോപ്പിംഗുമായി ബന്ധപ്പെട്ടാണ് നിങ്ങളുടെ സേർച്ചുകൾ എന്നിരിക്കട്ടെ. നിങ്ങൾ ചോദിക്കുന്ന വിശദമായ ചോദ്യത്തിനുത്തരമായി നിങ്ങൾക്കു വേണ്ട വസ്തുക്കൾ വാങ്ങാനുള്ള ഏറ്റവും മികച്ച ഓപ്ഷനുകളെക്കുറിച്ചുള്ള ഉപദേശം മാത്രമായിരിക്കില്ല പുതിയ ഗൂഗിൾ നിങ്ങൾക്കു നൽകുക. നിങ്ങൾ വാങ്ങാനുദ്ദേശിക്കുന്ന വസ്തുക്കളുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങൾ, അവയ്‌ക്കൊപ്പം വാങ്ങി ഉപയോഗിക്കേണ്ട മറ്റു വസ്തുക്കൾ, ഇവയെല്ലാം ഉപയോഗിക്കേണ്ട വിധം എന്നിങ്ങനെ പല അനുബന്ധ വിവരങ്ങളും ഒപ്പം ലഭിക്കും.

സേർച്ച് ചെയ്യുന്ന വിഷയത്തിൽ കൂടുതൽ ഗവേഷണം നടത്താനുള്ള ആഗ്രഹം ഉപഭോക്താവിൽ ഉണ്ടാക്കാൻ കഴിയുന്നു എന്നതാണ് ഈ പുതിയ സേർച്ച് രീതിയുടെ ഏറ്റവും വലിയ പ്രത്യേകത. എത്ര കടുപ്പമേറിയ വിഷയവും ലളിതമായി അവതരിപ്പിക്കപ്പെടുമ്പോൾ, ആ വിഷയത്തെക്കുറിച്ച് അല്പം കൂടി ആഴത്തിൽ മനസ്സിലാക്കാനുള്ള താൽപര്യം വർദ്ധിക്കും. ഇന്റർനെറ്റിൽ ലഭ്യമായ അസംഖ്യം വിവരസ്രോതസ്സുകൾ ഉപഭോക്താവിന് അങ്ങേയറ്റം ഉപയോഗപ്രദമായ രീതിയിൽ മാറ്റിയെടുക്കാൻ ഇതിലും ഉചിതമായ മറ്റൊരു വഴിയില്ല.

നിർമിതബുദ്ധി ഉൾപ്പെടുത്തി വിപുലീകരിച്ച ബിംഗ് സേർച്ച് എഞ്ചിനോട് ഒരു ചോദ്യം ചോദിക്കുമ്പോൾ, അതിന് മറുപടിയായി എല്ലാം അടങ്ങിയ ഒരു ഉത്തരം ലഭിക്കുന്നു. നമ്മൾ കാലങ്ങളായി ഉപയോഗിച്ചു പഴകിയിട്ടുള്ള സേർച്ച് രീതികളിൽ നിന്നും തീർത്തും വ്യത്യസ്തമാണിത്. സാധാരണഗതിയിൽ ഒരു കാര്യം സേർച്ച് ചെയ്താൽ അതിന് പ്രതികരണമായി നമുക്കു ലഭിക്കുക സേർച്ച് റിസൾട്ടുകളുടെ ഒരു നിരയാണ്. മുന്നിലെത്തുന്ന വിവിധ ലിങ്കുകളിൽ തനിക്കേറ്റവും ഉപയോഗപ്പെടുന്നത് ഏതായിരിക്കുമെന്ന് ഉപഭോക്താവ് സ്വയം വിലയിരുത്തി കണ്ടെത്തുകയാണ് പതിവ്.

എന്നാൽ, നിർമിതബുദ്ധിയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന ബിംഗിനും അതിന്റേതായ ന്യൂനതകളുണ്ട് എന്നതാണ് വാസ്തവം. ഒരു ചോദ്യത്തിന് ബിംഗ് നൽകുന്ന ഉത്തരം ശരിയാണെന്ന് ഉപഭോക്താവ് കണ്ണുമടച്ച് വിശ്വസിക്കേണ്ടി വന്നേക്കും. ഉപഭോക്താവ് തനിക്കു ലഭിക്കുന്ന വിവരങ്ങൾ ഉപയോഗിച്ച് സ്വയം തീരുമാനമെടുക്കുകയല്ല ഇവിടെ ചെയ്യുന്നത്. നിർമിതബുദ്ധി എല്ലായ്‌പ്പോഴും ശരിയാകണമെന്നില്ലെന്ന് ഫോർബ്‌സ് പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. ദിനംപ്രതി പുതിയ കാര്യങ്ങൾ പഠിക്കുകയും, പഠിക്കുന്തോറും മെച്ചപ്പെടുകയും ചെയ്യുന്ന സാങ്കേതികവിദ്യയാണ് നിർമിതബുദ്ധി.

മൈക്രോസോഫ്ട് ജനറേറ്റീവ് എഐ പ്രോഗ്രാമുകൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കിയതിന് തൊട്ടുപിന്നാലെയാണ് ഗൂഗിളിന്റെ പ്രഖ്യാപനങ്ങളും പുറത്തു വന്നിരിക്കുന്നത്. ഓപ്പൺ എഐ എന്ന കമ്പനി നിർമിച്ച മോഡലുകളാണ് മൈക്രോസോഫ്ടിൻ്റെ എഐ പ്രോഗ്രാമുകൾക്കു പിന്നിൽ. ചാറ്റ്ജിപിടി നിർമിച്ചതും ഓപ്പൺ എഐ തന്നെ.

നിർമിതബുദ്ധിയുടെ മേഖലയിൽ ടെക് ഭീമന്മാർ നേരിട്ട് ഏറ്റുമുട്ടുന്നത് സാമ്പത്തികരംഗത്തും വലിയ അലയൊലികൾ സൃഷ്ടിച്ചേക്കുമെന്നാണ് വിദഗ്ധാഭിപ്രായം. എഐ യുദ്ധത്തിൽ ഗൂഗിളും മൈക്രോസോഫ്ടും നേർക്കുനേർ വരുന്നതോടെ, മാർക്കറ്റിലെ ഓഹരികൾക്കായുള്ള പോരാട്ടവും കനക്കും.

ഓപ്പൺ എഐ കമ്പനിയിൽ വളരെ നേരത്തേ തന്നേ നിക്ഷേപം നടത്തിയതുവ ഴി മൈക്രോസോഫ്ട് ഈ പോരാട്ടത്തിൽ ബഹുദൂരം മുന്നിലായിട്ടുണ്ടെന്നും, മൈക്രോസോഫ്ടിനൊപ്പം എത്തിപ്പെടാനുള്ള നീക്കങ്ങൾ മാത്രമാണ് ഗൂഗിൾ നടത്തുന്നതെന്നും അനലിസ്റ്റുകൾ പറയുന്നു.

മൈക്രോസോഫ്ടിന്റെ ബിംഗ് സേർച്ച് എഞ്ചിനിലും എഡ്ജ് ഇന്റർനെറ്റ് ബ്രൗസറിലും ഉൾപ്പെടുത്തിയ എഐ ഫീച്ചറുകൾ ഇപ്പോൾ ഉപഭോക്താക്കൾക്ക് ലഭ്യമാണ്. സേർച്ചിനായി ടെക്‌സ്റ്റിനൊപ്പം ചിത്രങ്ങളും ഉപയോഗിക്കാവുന്ന തരത്തിലാണ് പുതിയ മാറ്റം. ഉടൻതന്നെ വീഡിയോയും ഉപയോഗപ്പെടുത്താൻ കഴിയുന്ന തരത്തിൽ സേർച്ച് എഞ്ചിൻ വിപുലീകരിക്കാനാണ് മൈക്രോസോഫ്ടിന്റെ പുതിയ ശ്രമം.

ആഗോളതലത്തിലെ രണ്ട് ടെക് ഭീമന്മാർ പങ്കെടുക്കുന്ന മത്സരമാണ് എഐ മേഖലയിൽ നടക്കുന്നതെങ്കിലും, ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ഉപയോഗം മുന്നോട്ടുവയ്ക്കുന്ന വെല്ലുവിളികൾ കണ്ടില്ലെന്ന് വയ്ക്കാനാകില്ല. വോയ്‌സ് ക്ലോൺ, ഡീപ്-ഫേക് വീഡിയോ എന്നീ സങ്കേതങ്ങൾ ഉപയോഗപ്പെടുത്തിക്കൊണ്ട് വ്യാജവാർത്തകൾ പ്രചരിപ്പിക്കപ്പെടാനുള്ള സാധ്യത പാടേ തള്ളിക്കളയാനാകില്ല. ആരെയും വിശ്വസിപ്പിക്കുന്ന സന്ദേശങ്ങൾ നിർമിതബുദ്ധിയ്ക്ക് സ്വയം എഴുതിത്തയ്യാറാക്കാൻ സാധിക്കുമെന്നിരിക്കേ പ്രത്യേകിച്ചും.

ശക്തിയേറിയ എഐ സിസ്റ്റങ്ങളുടെ നിർമാണം താൽക്കാലികമായി നിർത്തിവയ്ക്കണമെന്നും, ആദ്യം അവ സുരക്ഷിതമാണോ എന്ന് വിശദമായി പഠിക്കണമെന്നും ഒരു സംഘം വിദഗ്ധർ അഭിപ്രായപ്പെട്ടത് കഴിഞ്ഞ മാർച്ചിലാണ്.

ഓപ്പൺ എഐ പുറത്തിറക്കിയ മൈക്രോസോഫ്ടിന്റെ ജനറേറ്റീവ് എഐ സാങ്കേതികവിദ്യയുടെ പശ്ചാത്തലത്തിൽ ആയിരം പേർ ഒപ്പുവച്ച ഒരു തുറന്ന കത്തും അവർ തയ്യാറാക്കിയിരുന്നു. ഇലോൺ മസ്‌ക്, ആപ്പിളിന്റെ സ്ഥാപകരിലൊരാളായ സ്റ്റീവ് വോസ്‌നിയാക് എന്നിവരടക്കമുള്ളവർ കത്തിൽ ഒപ്പുവച്ചിരുന്നു.

‘നിർമിതബുദ്ധിയുടെ തലതൊട്ടപ്പൻ’ എന്ന പേരിൽ പ്രസിദ്ധനായ കംപ്യൂട്ടർ വിദഗ്ധർ അടുത്തിടെ ഗൂഗിളിൽ നിന്നും രാജിവച്ചതും വാർത്തയായിരുന്നു. താൻ കൂടെ ചേർന്ന് വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യയിൽ ഒളിഞ്ഞിരിക്കുന്ന അപകടങ്ങളെക്കുറിച്ച് ലോകത്തെ ബോധ്യപ്പെടുത്താനാണ് രാജിവച്ചതെന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം.

എഐ സിസ്റ്റങ്ങളുടെ പ്രവർത്തനത്തെ സഹായിക്കുന്ന ചില സാങ്കേതികവിദ്യകൾ വികസിപ്പിച്ചെടുത്തിട്ടുള്ള ജെഫ്രി ഹിൻടന്റെ അഭിപ്രായത്തിൽ, നിർമിതബുദ്ധി മുന്നോട്ടുവയ്ക്കുന്ന വെല്ലുവിളികൾ ഗൗരവമേറിയതാണ്. നിർമിത ബുദ്ധി നമുക്കു മുന്നിൽ തുറന്നിടുന്ന സാധ്യതകൾ ഉപയോഗപ്പെടുത്തുമ്പോൾത്തന്നെ, ഭാവിയിൽ ഉണ്ടായേക്കാവുന്ന പ്രതിസന്ധികൾ കാണാതെപോകരുതെന്നർത്ഥം.

First published:

Tags: Artificial intelligence, ChatGPT, Google