വികസനത്തിൽ പിന്നിൽ; സൈബര്‍ കുറ്റകൃത്യങ്ങളുടെ ഹോട്ട് സ്‌പോട്ടായി ഹരിയാനയിലെ നൂഹ്
- Published by:Vishnupriya S
- news18-malayalam
Last Updated:
മേവാട്ടി ഗ്യാംങുകളുടെയും സൈബര്‍ കുറ്റകൃത്യങ്ങളുടെയും പേരിലാണ് നൂഹ് എന്ന നഗരം കുപ്രസിദ്ധി നേടിയിരിക്കുന്നത്
നൂഹ്, രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഹരിയാനയിലെ ഒരു നഗരം. ജനസംഖ്യാ കണക്കിലും വികസനമുരടിപ്പിലും കുപ്രസിദ്ധിയാര്‍ജിച്ച പ്രദേശം. ആരവല്ലി പര്‍വതത്തിന്റെ താഴ്വാരത്ത് സ്ഥിതി ചെയ്യുന്ന ഈ നഗരം വാര്‍ത്തകളിലിടം നേടുക പതിവാണ്. മേവാട്ടി ഗ്യാംങുകളുടെയും സൈബര്‍ കുറ്റകൃത്യങ്ങളുടെയും പേരിലാണ് നൂഹ് എന്ന നഗരം കുപ്രസിദ്ധി നേടിയിരിക്കുന്നത്.
ഇത്തവണയും പതിവ് തെറ്റിച്ചില്ല. വിശ്വഹിന്ദു പരിഷത്ത് റാലിക്കിടെയുണ്ടായ വര്‍ഗ്ഗീയ കലാപത്തെത്തുടര്‍ന്ന് നൂഹ് എന്ന നഗരം വീണ്ടും വാര്‍ത്തകളിലിടം നേടി. മൂന്ന് പോലീസുദ്യോഗസ്ഥര്‍ ഉള്‍പ്പടെ അഞ്ച് പേരാണ് കലാപത്തില്‍ കൊല്ലപ്പെട്ടത്. അതേസമയം നൂഹിലേയും സമീപ പ്രദേശങ്ങളിലേയും സ്ഥിതി നിയന്ത്രണവിധേയമാണെന്ന് പോലീസുദ്യോഗസ്ഥര്‍ പറയുന്നു. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ പ്രദേശത്ത് നിരോധനാജ്ഞയും പുറപ്പെടുവിച്ചിട്ടുണ്ട്.
നൂഹിലെ ചില കണക്കുകൾ
മുസ്ലീം വിഭാഗക്കാർ തിങ്ങിപ്പാര്‍ക്കുന്ന മേവാട്ട് ബെല്‍റ്റിലെ പ്രദേശമാണ് നൂഹ്. രാജ്യത്തെ ഏറ്റവും പിന്നാക്കം നില്‍ക്കുന്ന പ്രദേശങ്ങളിലൊന്നു കൂടിയാണിത്. 2018ല്‍ ഇക്കാര്യം നീതി ആയോഗ് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. രാജ്യത്തെ ഏറ്റവും പിന്നാക്കം നില്‍ക്കുന്ന ജില്ലയായി കേന്ദ്രം നൂഹിനെ വിലയിരുത്തിയിരുന്നു. രാജസ്ഥാനിലെ ആള്‍വാര്‍, ഭരത്പൂര്‍ എന്നീ പ്രദേശങ്ങളുമായും ഉത്തര്‍ പ്രദേശിന്റെ പടിഞ്ഞാറന്‍ പ്രദേശവുമായും ചേര്‍ന്ന് കിടക്കുന്ന സ്ഥലമാണ് മേവാട്ട്. 2005ല്‍ ഭൂപേന്ദര്‍ ഹൂഡയുടെ നേതൃത്വത്തില്‍ അധികാരത്തിലെത്തിയ കോണ്‍ഗ്രസ് സര്‍ക്കാരാണ് ഈ ജില്ലയ്ക്ക് രൂപം നല്‍കിയത്. ഗുര്‍ഗോണ്‍, ഫരീദാബാദ് എന്നീ പ്രദേശങ്ങളില്‍ നിന്നുമാണ് ഈ ജില്ലയെ വേര്‍തിരിച്ചത്. തങ്ങളുടെ ഉദ്ഭവം രജപുത്രരില്‍ നിന്നാണെന്നാണ് ഇവിടെ താമസിക്കുന്ന മിയോസ് ജാതിയിൽപ്പെടുന്നവരുടെ വിശ്വാസം.
advertisement
എന്നാല്‍ അവര്‍ മിന, ജാട്ട്, ഗുജ്ജര്‍ തുടങ്ങിയ ജാതികളില്‍ നിന്ന് ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടവരായിരിക്കാമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. 2011ലെ സെന്‍സസ് അനുസരിച്ച് നൂഹിലെ മൊത്തം ജനസംഖ്യയുടെ 79.2 ശതമാനവും മുസ്ലീങ്ങളാണ്. ജനസംഖ്യയുടെ 20.4 ശതമാനം പേര്‍ ഹിന്ദുക്കളാണ്. ഏകദേശം രണ്ട് മണിക്കൂര്‍ നേരത്തെ യാത്ര മതിയാകും നൂഹ് ജില്ലയില്‍ നിന്നും രാജ്യ തലസ്ഥാനമായ ഡല്‍ഹിയിലെത്താന്‍. കൂടാതെ ഐടി ഹബ്ബായ ഗുരുഗ്രാമുമായും നൂഹ് അതിര്‍ത്തി പങ്കിടുന്നു. എന്നിട്ടും രാജ്യത്തെ പിന്നാക്കം നില്‍ക്കുന്ന ജില്ലയായി അറിയപ്പെടാനാണ് നൂഹിന്റെ വിധി. വളരെ കുറഞ്ഞ സാക്ഷരത നിരക്കും ജലവിതരണ പ്രതിസന്ധിയുമുണ്ടായിരുന്ന നഗരം കൂടിയാണിത്. ഇതെല്ലാം തന്നെ നൂഹിന്റെ സാമ്പത്തിക നിലയെ തകിടം മറിക്കുന്നു.
advertisement
മേവാട്ടില്‍ നിന്ന് നൂഹ്
2016വരെ നൂഹ് പട്ടണത്തെ മേവാട്ട് എന്നാണ് വിളിച്ചിരുന്നത്. എന്നാല്‍ മേവാട്ട് എന്നത് ഒരു പട്ടണമല്ലെന്നും അതൊരു ഭൂമിശാസ്ത്രപരമായ യൂണിറ്റാണെന്നും പറഞ്ഞ് ഹരിയാന സര്‍ക്കാര്‍ പേര് മാറ്റിയതോടെയാണ് ഈ നഗരം നൂഹ് എന്നറിയപ്പെടാന്‍ തുടങ്ങിയത്. മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ ആയിരുന്നു പേര് മാറ്റത്തിന് മുന്‍കൈയെടുത്തത്. തുടര്‍ന്ന് 2016 ഏപ്രിലില്‍ ഈ നഗരത്തിന്റെ പേര് നൂഹ് എന്നാക്കി പുനര്‍നാമകരണം ചെയ്തു. രാജസ്ഥാന്‍, ഉത്തര്‍പ്രേദശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് സംസ്ഥാനത്തെ പ്രദേശങ്ങളെ വേര്‍തിരിക്കാനാണ് ഈ പേരുമാറ്റം എന്നായിരുന്നു ഇതിനുകാരണമായി അന്നദ്ദേഹം പറഞ്ഞിരുന്നത്.
advertisement
നഗരത്തിന്റെ വികസനപദ്ധതിയുടെ ഭാഗമായാണ് പേരുമാറ്റിയതെന്നും അദ്ദേഹം അന്ന് പറഞ്ഞിരുന്നു. ” മേവാട്ട് എന്നത് ഭൂമിശാസ്ത്രപരവും സാംസ്‌കാരികപരവുമായ ഒരു പ്രദേശമാണ്. അതൊരു നഗരമായി പരിഗണിക്കാനാകില്ല. രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലേക്ക് വ്യാപിച്ചുകിടക്കുന്ന പ്രദേശമാണിത്. മേവാട്ട് ജില്ലയുടെ ആസ്ഥാനമാണ് നൂഹ്. ഈ പ്രദേശത്തെ ജനങ്ങളും ജനപ്രതിനിധികളും മേവാട്ടിന്റെ പേര് മാറ്റണമെന്ന് നിരന്തരം ആവശ്യപ്പെടുന്നുണ്ടായിരുന്നു,” ഹരിയാനയിലെ ധനകാര്യ മന്ത്രിയായ ക്യാപ്റ്റന്‍ അഭിമന്യു പറഞ്ഞു.
സൈബര്‍ കുറ്റകൃത്യങ്ങളും അക്രമങ്ങളും
ഈ പ്രദേശത്തെ തൊഴിലില്ലായ്മയാണ് കുറ്റകൃത്യങ്ങള്‍ പെരുകാന്‍ പ്രധാന കാരണം. പ്രത്യേകിച്ച് മേവാട്ട് പ്രദേശത്തെ സൈബര്‍ കുറ്റകൃത്യങ്ങളുടെ വർധനവിന് കാരണം ഈ സാമൂഹിക-സാമ്പത്തിക അരക്ഷിതാവസ്ഥയാണ്. ഇക്കഴിഞ്ഞ ഏപ്രിലില്‍ ജില്ലയിലെ സൈബര്‍ കുറ്റവാളികളുടെ ഒരു സംഘത്തെ പോലീസ് പിടികൂടിയിരുന്നു. ഇതോടെയാണ് ജില്ലയില്‍ കുറ്റകൃത്യങ്ങള്‍ തഴച്ചുവളരുന്നുവെന്ന കാര്യം പുറംലോകം അറിഞ്ഞത്. തുടര്‍ന്ന് 102 അംഗങ്ങളടങ്ങിയ പോലീസ് സംഘം 320 സ്ഥലങ്ങളില്‍ റെയ്ഡ് നടത്തിയിരുന്നു. അതില്‍ 126 പേരെയാണ് കൈയ്യോടെ പിടിച്ചത്. ഇതില്‍ 65 പേരെ അറസ്റ്റ് ചെയ്തു. റെയ്ഡില്‍ 166 വ്യാജ ആധാര്‍ കാര്‍ഡുകള്‍, 128 എടിഎം കാര്‍ഡ്, 99 സിം കാര്‍ഡ്, 66 മൊബൈല്‍ ഫോണ്‍, അഞ്ച് പിഒഎസ് മെഷീന്‍ എന്നിവയും കണ്ടെടുത്തിരുന്നു.
advertisement
മേവാട്ടിന്റെ വ്യാപ്തി തന്നെയാണ് കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നതിന്റെ മറ്റൊരു പ്രധാന കാരണം. ഹരിയാന, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് എന്നീ മൂന്ന് സംസ്ഥാനങ്ങളിലായി വ്യാപിച്ച് കിടക്കുന്ന പ്രദേശമാണ് മേവാട്ട്. ഈ സവിശേഷ ഭൂമിശാസ്ത്രം സൈബര്‍ കുറ്റകൃത്യങ്ങളുടെ ഹോട്‌സ് സ്‌പോട്ടായി മേവാട്ടിനെ മാറ്റുന്നു. പോലീസ് പിടിയിലാകുമെന്ന് ഉറപ്പായാല്‍ സംസ്ഥാന അതിര്‍ത്തി കടന്ന് മറ്റ് സംസ്ഥാനങ്ങളിലേക്ക് കടക്കാനും കുറ്റവാളികള്‍ക്ക് കഴിയുന്നു. ഇതെല്ലാം പ്രദേശത്തെ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കാന്‍ കാരണമാകുന്നുവെന്നാണ് പൊതുവെയുള്ള അഭിപ്രായം. അതേസമം റെയ്ഡ് നടത്താനായി ഗ്രാമങ്ങളിലേക്ക് പോയ പോലീസുകാര്‍ വരെ ആക്രമിക്കപ്പെട്ട സംഭവങ്ങളും ഇവിടെ നടന്നിട്ടുണ്ടെന്ന് ഇന്ത്യ ടുഡെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ മേഖലയിലെ സൈബര്‍ കുറ്റകൃത്യങ്ങള്‍ കണ്ടെത്തുന്നതില്‍ വളരെയധികം ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്ന് പൊലീസ് പറയുന്നു.
ലോകമെമ്പാടു നിന്നുള്ള ബ്രേക്കിംഗ് ന്യൂസുകളുടെ ആഴത്തിലുള്ള വിശകലനത്തിന് News18 മലയാളത്തിനൊപ്പം വരൂ
Location :
Haryana
First Published :
August 01, 2023 7:21 PM IST
മലയാളം വാർത്തകൾ/ വാർത്ത/Explained/
വികസനത്തിൽ പിന്നിൽ; സൈബര്‍ കുറ്റകൃത്യങ്ങളുടെ ഹോട്ട് സ്‌പോട്ടായി ഹരിയാനയിലെ നൂഹ്