പാര്‍ലമെന്റിലെ സുരക്ഷാ വീഴ്ച്ച: 6 പേർ പരിചയപ്പെട്ടത് ഫേസ്ബുക്കിൽ; 11 മാസത്തെ ആസൂത്രണം; എങ്ങനെ സുരക്ഷാ പരിശോധന മറികടന്നു?

Last Updated:

ആറുപേരാണ് കൃത്യത്തില്‍ ഉള്‍പ്പെട്ടതെന്ന് പിന്നീട് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി

പാർലമെന്റിൽ ശീതകാല സമ്മേളനം നടക്കുന്നതിനിടെയാണ് സന്ദര്‍ശക ഗ്യാലറിയിലിരുന്ന രണ്ടുപേര്‍ എംപിമാരുടെ മേശകൾക്ക് മുകളിലേക്ക് ചാടിക്കയറി മഞ്ഞ നിറമുള്ള വാതക സ്പ്രേ പ്രയോഗിച്ചത്. ആറുപേരാണ് കൃത്യത്തില്‍ ഉള്‍പ്പെട്ടതെന്ന് പിന്നീട് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. അവരില്‍ അഞ്ചുപേരെയാണ് പിടികൂടിയിരിക്കുന്നത്. ഒരാള്‍ ഒളിവിലാണ്.
എന്തായാലും ഇത്തരമൊരു സംഭവം ഒട്ടേറെ ചോദ്യങ്ങളാണ് പൊതുസമൂഹത്തിനിടയില്‍ ഉയര്‍ത്തുന്നത്. അതില്‍ ഏറ്റവും പ്രധാനപ്പെട്ട ചോദ്യം ഏറെ സുരക്ഷയൊരുക്കിയിരിക്കുന്ന പാര്‍ലമെന്റ് പോലൊരു കെട്ടിടത്തില്‍ ഇത്രയെളുപ്പത്തില്‍ ആക്രമണകാരികൾക്ക് കടക്കാൻ കഴിയുമോ എന്നതാണ്. ഇല്ലയെന്നതു തന്നെയാണ് ഇതിന് ഉത്തരം. എന്നാല്‍, ബുധനാഴ്ചത്തെ സംഭവം ഇതിനായി പ്രതികള്‍ നടത്തിയ കൃത്യമായ ആസൂത്രണത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. സന്ദര്‍ശക പാസുകള്‍ സ്വന്തമാക്കുന്നത് മുതല്‍ സുരക്ഷാ പരിശോധനകളെയും സുരക്ഷാ ഉദ്യോഗസ്ഥരെയും മറികടക്കുന്നതു വരെയുള്ള കാര്യങ്ങളില്‍ അവര്‍ അണുവിട തെറ്റാതെയുള്ള ആസൂത്രണമാണ് നടത്തിയത്.
advertisement
പ്രതികള്‍ പരിചയപ്പെട്ടത് സമൂഹ മാധ്യമം വഴി
ആറുപേര്‍ ചേര്‍ന്ന് കൃത്യമായ ആസൂത്രണത്തിലൂടെയാണ് പാര്‍ലമെന്റില്‍ അതിക്രമം നടത്തിയതെന്ന് പോലീസ് വ്യക്തമാക്കി. ഭഗത് സിങ് എന്ന ഫെയ്‌സ്ബുക്ക് ഗ്രൂപ്പിലൂടെ ഒന്നര വര്‍ഷം മുമ്പാണ് പ്രതികള്‍ കണ്ടുമുട്ടിയതെന്ന് പോലീസ് പറയുന്നു.
അതിക്രമം നടത്തിയതിന്റെ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് പദ്ധതി ആവിഷ്‌കരിച്ചത്. ബുധനാഴ്ച പാര്‍ലമെന്റില്‍ വരുന്നതിന് മുമ്പായി അവര്‍ നിരീക്ഷണങ്ങൾ നടത്തുകയും ചെയ്തിരുന്നു. നേരത്തെയുണ്ടായിരുന്ന പദ്ധതി പ്രകാരം ആറുപേരും പാര്‍ലമെന്റിന് ഉള്ളില്‍ കയറാനാണ് പദ്ധതിയിട്ടിരുന്നത്. എന്നാല്‍, രണ്ടുപേര്‍ക്കു മാത്രമാണ് പാസ് ലഭിച്ചതെന്നാണ് വിവരം.
advertisement
മനോരഞ്ജന്‍ ഡി, സാഗര്‍ ശര്‍മ എന്നീ രണ്ടുപേര്‍ ലോക്‌സഭയിലെ സന്ദര്‍ശന ഗാലറിയില്‍ നിന്ന് എംപിമാരുടെ മേശയുടെ മുകളിലേക്ക് ചാടിക്കയറുകയും മഞ്ഞനിറത്തിലുള്ള വാതക ക്യാൻ തുറക്കുകയുമായിരുന്നു. അതേസമയം, ഇവരുടെ ഒപ്പമുണ്ടായിരുന്ന നീലം ദേവിയും അമോള്‍ ഷിന്‍ഡെയും പാര്‍ലമെന്റിന് പുറത്തും ഇതേ നിറമുള്ള വാതകം പ്രയോഗിക്കുന്നുണ്ടായിരുന്നു. ലളിത്, വിശാല്‍ ശര്‍മ എന്നീ രണ്ടുപേരു കൂടി ഇവരോടൊപ്പം പദ്ധതി ആസൂത്രണം ചെയ്തതില്‍ ഉള്‍പ്പെടുന്നതായും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. വിശാലിനെ ഹരിയാനയിലെ ഗുരുഗ്രാമില്‍ നിന്ന് പിടികൂടിയിട്ടുണ്ട്. ലളിത് ഒളിവിലാണ്.
advertisement
കൃത്യത്തില്‍ ഉള്‍പ്പെട്ട നാലുപേരും ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഒറ്റയ്ക്കായാണ് രാജ്യതലസ്ഥാനത്ത് എത്തിച്ചേര്‍ന്നത്. പ്രതാപ് സിംഹ എംപിയുടെ പേഴ്‌സണല്‍ സ്റ്റാഫ് വഴി മനോരഞ്ജനാണ് സന്ദര്‍ശക പാസ് നേടിയെടുത്തത്. ജനുവരിയിലാണ് പ്രതികള്‍ പാര്‍ലമെന്റില്‍ അതിക്രമം നടത്തുന്നതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയത്. പാര്‍ലമെന്റില്‍ മൺസൂൺകാല സമ്മേളനം നടക്കുന്ന സമയത്ത് മനോരഞ്ജന്‍ പാര്‍ലമെന്റ് പരിസരത്തെത്തി നിരീക്ഷണം നടത്തിയിരുന്നു.
advertisement
സര്‍ക്കാരില്‍ അതൃപ്തി
അതിക്രമത്തിന് ശേഷം പിടികൂടിയ പ്രതികളെ പാര്‍ലമെന്റ് സ്ട്രീറ്റ് പോലീസ് സ്‌റ്റേഷനിലാണ് എത്തിച്ചത്. രഹസ്യാന്വേഷണ ഏജന്‍സികളുടെയും ഡല്‍ഹി പോലീസിലെയും ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് ഇവരെ ചോദ്യം ചെയ്തത്.
കേന്ദ്രസര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ തങ്ങള്‍ അതൃപ്തരാണെന്നാണ് ചോദ്യം ചെയ്യലില്‍ പ്രതികള്‍ പറഞ്ഞത്. കൂടാതെ മണിപ്പൂരിലെ പ്രശ്‌നങ്ങള്‍, കര്‍ഷക സമരം, വിലക്കയറ്റം എന്നിവ സംബന്ധിച്ച് രാജ്യത്തെ ജനങ്ങള്‍ക്ക് സന്ദേശം നല്‍കുകയാണ് ലക്ഷ്യമിട്ടതെന്നും അവര്‍ പറഞ്ഞു. തങ്ങളുടെ ആരാധാപാത്രമായ ഭഗത് സിങ്ങിനെപ്പോലെ ഒരു സന്ദേശം നല്‍കാനാണ് പാര്‍ലമെന്റില്‍ അതിക്രമം നടത്താന്‍ തീരുമാനിച്ചതെന്ന് പ്രതികള്‍ പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടു ചെയ്തു.
advertisement
കഴിഞ്ഞ നാല് വര്‍ഷമായി പ്രതികള്‍ക്ക് സാമൂഹിക മാധ്യമത്തിലൂടെ പരസ്പരം അറിയാമായിരുന്നുവെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. വിജയിക്കുന്നതിനേക്കാള്‍ ശ്രമം നടത്തുന്നതാണ് പ്രധാനമെന്ന പോസ്റ്റ് വിശാല്‍ ആക്രമണം നടത്തുന്നതിന് ഏകാനും മണിക്കൂറുകള്‍ക്ക് മുമ്പ് സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ചിരുന്നു.
ഭഗത് സിങ്, ചന്ദ്രശേഖര്‍ ആസാദ്, സുഭാഷ് ചന്ദ്ര ബോസ്, രാജാറാം മോഹന്‍ റോയ് തുടങ്ങിയവരുടെ ചിത്രങ്ങളും ഇവര്‍ സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ചിട്ടുണ്ട്.
advertisement
'മകന്‍ തെറ്റു ചെയ്‌തെങ്കില്‍ തൂക്കിലേറ്റൂ'
കര്‍ണാടകയിലെ മൈസൂരു സ്വദേശിയാണ് മനോരഞ്ജന്‍. 2016-ല്‍ എഞ്ചിനീയറിങ്ങില്‍ ബിരുദം നേടിയ ഇയാള്‍ ഡല്‍ഹി, ബെംഗളൂരു എന്നിവിടങ്ങളില്‍ ജോലി ചെയ്തിരുന്നതായി ഇയാളുടെ കുടുംബം വ്യക്തമാക്കി.
ഉത്തര്‍പ്രദേശ് സ്വദേശിയാണ് സാഗര്‍ ശര്‍മ. സുഹൃത്ത് എന്നു പറഞ്ഞാണ് ഇയാളെ മനോരഞ്ജന്‍, പ്രതാപ് സിംഹ എംപിയിൽ നിന്ന് പാസ് ലഭ്യമാക്കാന്‍ പരിചയപ്പെടുത്തിയത്. തന്റെ മകന്‍ സത്യസന്ധനാണെന്നും സമൂഹത്തിന് നല്ലത് ചെയ്യാന്‍ എപ്പോഴും ആഗ്രഹിക്കുന്നയാളാണെന്നും മനോരഞ്ജന്റെ പിതാവ് ദേവരാജ ഗൗഡ പറഞ്ഞു. മകന്‍ തെറ്റ് ചെയ്‌തെങ്കില്‍ അവനെ തൂക്കിലേറ്റാനും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഡല്‍ഹിയില്‍ ഒരു പ്രതിഷേധത്തില്‍ പങ്കെടുക്കാനെന്ന് പറഞ്ഞാണ് സാഗര്‍ ശര്‍മ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഡല്‍ഹിയിലേയ്ക്ക് തിരിച്ചത്. നേരത്തെ ഇയാള്‍ ഓട്ടോറിക്ഷാ ഡ്രൈവറായി ജോലി നോക്കിയിരുന്നു. ബെംഗളൂരുവിലും ജോലി ചെയ്തിട്ടുണ്ട്.
പാര്‍ലമെന്റിന് പുറത്ത് അതിക്രമം നടത്തിയ നീലവും ഷിന്‍ഡെയും ഏകാധിപത്യം അനുവദിക്കില്ലെന്ന മുദ്രാവാക്യമാണ് മുഴക്കിയത്. ബിരുദധാരിയാണ് ഷിന്‍ഡെ.
കര്‍ഷക സമരം പോലുള്ള പ്രതിഷേധ പരിപാടികളില്‍ നിത്യസാന്നിധ്യമായിരുന്നു നീലം. ബിരുദാനന്തരബിരുദധാരിയായ ഇവര്‍ എം.എഡും എംഫില്ലും നേടിയിരുന്നതായി അവരുടെ കുടുംബാംഗങ്ങള്‍ പറഞ്ഞു.
ഒരു കയറ്റുമതി സ്ഥാപനത്തില്‍ ഡ്രൈവറായി നേരത്തെ ജോലി ചെയ്തിരുന്നയാളാണ് വിശാല്‍.
മലയാളം വാർത്തകൾ/ വാർത്ത/Explained/
പാര്‍ലമെന്റിലെ സുരക്ഷാ വീഴ്ച്ച: 6 പേർ പരിചയപ്പെട്ടത് ഫേസ്ബുക്കിൽ; 11 മാസത്തെ ആസൂത്രണം; എങ്ങനെ സുരക്ഷാ പരിശോധന മറികടന്നു?
Next Article
advertisement
മലപ്പുറത്ത് പൂര്‍വവിദ്യാര്‍ഥി സംഗമത്തില്‍ പരിചയം പുതുക്കി അധ്യാപികയുടെ അരക്കോടിയുടെ സ്വര്‍ണവും പണവും തട്ടിയെടുത്തു
മലപ്പുറത്ത് പൂര്‍വവിദ്യാര്‍ഥി സംഗമത്തില്‍ പരിചയം പുതുക്കി അധ്യാപികയുടെ അരക്കോടിയുടെ സ്വര്‍ണവും പണവും തട്ടിയെടുത്തു
  • മലപ്പുറത്ത് അധ്യാപികയുടെ 27.5 ലക്ഷം രൂപയും 21 പവൻ സ്വർണ്ണവും തട്ടിയെടുത്ത കേസിൽ യുവാവ് അറസ്റ്റിൽ.

  • പൂർവവിദ്യാർത്ഥി സംഗമത്തിൽ പരിചയം പുതുക്കി സ്വർണ്ണ ബിസിനസ് തുടങ്ങാനാണെന്ന് പറഞ്ഞ് തട്ടിപ്പിന് ഇരയാക്കി.

  • അധ്യാപികയുടെ വിശ്വാസം പിടിച്ചുപറ്റി തവണകളായി പണം വാങ്ങി മുങ്ങിയ പ്രതിയെ കർണാടകയിൽ നിന്ന് പിടികൂടി.

View All
advertisement