ആണവായുധ സംഭരണകേന്ദ്രത്തില്‍ സൂപ്പർസോണിക് മിസൈല്‍ പതിച്ചാല്‍ എന്ത് സംഭവിക്കും?
- Published by:Rajesh V
- news18-malayalam
Last Updated:
ആണവായുധങ്ങള്‍ വളരെ സുരക്ഷിതമായ സ്ഥലത്താണ് സൂക്ഷിക്കുക. സാധാരണയായി ഭൂഗര്‍ഭ ബങ്കറുകളിലോ പ്രത്യേക ആയുധ സംഭരണ മേഖലകളിലോ ആണ് ആണവായുധങ്ങള്‍ സൂക്ഷിക്കുക. നാലോ അഞ്ചോ മീറ്റര്‍ കനമുള്ള മതിലുകള്‍ കെട്ടി അതിനുള്ളിലാണ് അവ സംഭരിക്കുക
പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാകുകയും ആണവായുധങ്ങളെ സംബന്ധിച്ചുള്ള ചര്‍ച്ച സജീവമാകുകയുംചെയ്തു. ഇതിനിടെ ഒരു ആണവായുധ ശേഖരത്തില്‍ ഒരു സൂപ്പര്‍സോണിക് മിസൈല്‍ പതിച്ചാല്‍ എന്താണ് സംഭവിക്കുകയെന്ന ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. അങ്ങനെയൊരു കാര്യം ഇതുവരെ സംഭവിച്ചിട്ടില്ലെങ്കിലും അത് ഒരു ആണവ സ്‌ഫോടനത്തിന് കാരണമാകുമോയെന്നും റേഡിയോ ആക്ടീവ് വസ്തുക്കള്‍ സജീവമാക്കുമോയെന്നും ന്യൂസ് 18 പരിശോധിക്കുകയാണ്.
ആണവായുധങ്ങള്‍ സൂക്ഷിക്കുന്നത് എങ്ങനെ?
ആണവായുധങ്ങള്‍ വളരെ സുരക്ഷിതമായ സ്ഥലത്താണ് സൂക്ഷിക്കുക. സാധാരണയായി ഭൂഗര്‍ഭ ബങ്കറുകളിലോ പ്രത്യേക ആയുധ സംഭരണ മേഖലകളിലോ (എസ്ഡബ്ല്യുഎസ്എ) ആണ് ആണവായുധങ്ങള്‍ സൂക്ഷിക്കുക. നാലോ അഞ്ചോ മീറ്റര്‍ കനമുള്ള മതിലുകള്‍ കെട്ടി അതിനുള്ളിലാണ് അവ സംഭരിക്കുക. കൂടാതെ, സ്‌ഫോടനങ്ങളെ പ്രതിരോധിക്കാന്‍ ശേഷിയുള്ള വാതിലുകളാണ് അവയ്ക്കുണ്ടാകുക. ഒന്നിലധികം സുരക്ഷാ പാളികളോടെ അവ ആഴത്തിലുള്ള ഭൂഗര്‍ഭ അറകളിലാണ് സൂക്ഷിക്കുക. ആണവായുധ കേന്ദ്രങ്ങള്‍ക്കുള്ള പ്രധാന സുരക്ഷാ നടപടികള്‍ അറിയാം.
ഭൗതികമായ സുരക്ഷാ കവചങ്ങള്‍: ഉയര്‍ന്ന വോട്ടേജില്‍ വൈദ്യുതി പ്രവഹിക്കുന്ന മുള്ളുകമ്പി, റേസര്‍ വയറുകള്‍, സുരക്ഷാ വളയങ്ങള്‍
advertisement
നിരീക്ഷണവും സെന്‍സറുകളും: എപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്ന സെന്‍സറുകള്‍, സിസിടിവി കാമറകള്‍, നൂതനമായ നിരീക്ഷണ സംവിധാനങ്ങള്‍ എന്നിവയെല്ലാം എപ്പോഴും നിരീക്ഷിച്ചുകൊണ്ടിരിക്കും.
ബലപ്പെടുത്തിയ സ്റ്റോറേജ് സംവിധാനം: ഓരോ ആണവായുധങ്ങളും പ്രത്യേകമായി നിര്‍മ്മിച്ചതും ബലപ്പെടുത്തിയതുമായ സ്റ്റീല്‍ കൊണ്ട് നിര്‍മിച്ച അറയ്ക്കുള്ളിലാണ് സൂക്ഷിച്ചിരിക്കുന്നത്.
ആണവായുധം സൂക്ഷിച്ചിരിക്കുന്ന ഇടത്തേക്ക് എപ്പോഴും തടസ്സം കൂടാതെ വൈദ്യുതി നല്‍കും. കൂടാതെ ഇവിടെ പ്രവേശനം നിയന്ത്രിച്ചിട്ടുണ്ട്. ഇലക്ട്രോണിക് ആക്‌സസ് സംവിധാനങ്ങള്‍ വഴി ഇവിടേക്കുള്ള പ്രവേശനം കര്‍ശനമായി നിയന്ത്രിച്ചിട്ടുണ്ട്.
പാകിസ്ഥാന്റെ ആണവായുധങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത് എവിടെ?
മാധ്യമ റിപ്പോര്‍ട്ടുകളും വിദഗ്ധരുടെ വിശകലനങ്ങളും പ്രകാരം പാകിസ്ഥാന്‍ നാല് പ്രധാന സ്ഥലങ്ങളിലാണ് തങ്ങളുടെ ആണവായുധ ശേഖരം സൂക്ഷിച്ചിരിക്കുന്നത്.
advertisement
മസ്രൂര്‍ വ്യോമതാവളം: കറാച്ചിക്ക് സമീപമുള്ള മസ്രൂര്‍ വ്യോമതാവളമാണിത്. മിറാഷ് III, V സ്‌ക്വാഡ്രണുകളുടെ ആസ്ഥാനമായ ഈ താവളത്തിന് സമീപം ആണവായുധങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന ഭൂഗര്‍ഭ അറയുണ്ടെന്ന് കരുതുന്നു.
സര്‍ഗോധ ഗാരിസണ്‍: പാകിസ്ഥാന്‍ മിസൈലുകളും ആയുധങ്ങളും സൂക്ഷിച്ചിരിക്കുന്ന പ്രധാന സ്ഥലമായി കണക്കാക്കപ്പെടുന്ന ഇടമാണിത്. പേലോഡുകള്‍ എത്തിക്കാന്‍ കഴിവുള്ള എഫ്-16 വിമാനങ്ങള്‍ക്ക് ഇവിടെ എത്തിച്ചേരാന്‍ കഴിയും.
ഭോലാരി വ്യോമതാവളം (സിന്ധ്): അസാധാരണമാംവിധം ഉയര്‍ന്ന സുരക്ഷാ നടപടികള്‍ സ്വീകരിച്ചിട്ടുള്ള വ്യോമതാവളമാണിത്. താരതമ്യേന പുതിയ വ്യോമതാവളമായ ഇവിടെ ആണവായുധങ്ങള്‍ സംഭരിച്ചിട്ടുണ്ടെന്ന് കരുതുന്നു.
advertisement
ബലൂചിസ്ഥാനിലെ ഭൂഗര്‍ഭ സൗകര്യം: മിസൈലുകലും ആണവായുധങ്ങളും സൂക്ഷിക്കാന്‍ സാധ്യതയുള്ള ഒരു സ്ഥലമായി ഈ മേഖലയിലെ ഭൂഗര്‍ഭ അറ കരുതപ്പെടുന്നു.
മറ്റ് ആണവായുധ രാജ്യങ്ങളെപ്പോലെ പാകിസ്ഥാനും രാജ്യത്തെ ഒന്നിലധികം സ്ഥലങ്ങളിലായാണ് ആണവായുധങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്. ഈ തന്ത്രം ആണവായുധങ്ങളുടെ സുരക്ഷ വര്‍ധിപ്പിക്കുകയും ഭീഷണിയുണ്ടായാല്‍ വേഗത്തില്‍ നടപടി സ്വീകരിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു.
സൂപ്പര്‍സോണിക് ക്രൂയിസ് മിസൈല്‍ എന്നാല്‍ എന്ത്?
ലോകത്തിലെ ഏറ്റവും ഫലപ്രദമായ സൂപ്പര്‍സോണിക് ക്രൂയിസ് മിസൈലുകളിലൊന്നാണ് ഇന്ത്യയുടെ ബ്രഹ്‌മോസ് മിസൈല്‍, മാക് 2.8 മുതല്‍ 3.0 വരെ വേഗത കൈവരിക്കാന്‍ ഈ മിസൈലിന് കഴിയും. ഇത് ശബ്ദത്തിന്റെ മൂന്നിരട്ടി വേഗതയില്‍ സഞ്ചരിക്കും (ഒരു മാക് എന്നാല്‍ മണിക്കൂറില്‍ 1234.8 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കും എന്നാണ്). ഇതിന് 200 മുതല്‍ 300 കിലോഗ്രാം വരെ ഭാരമുള്ള ഒരു ഉയര്‍ന്ന സ്‌ഫോടക വസ്തു വഹിക്കാനും 300 മുതല്‍ 800 കിലോമീറ്റര്‍ വരെയുള്ള ലക്ഷ്യങ്ങളെ ആക്രമിക്കാനും കഴിയും. ഇത് കൂട്ടിയിടിക്കുമ്പോള്‍ അതിന്റെ വലിയ സ്‌ഫോടനശേഷിയും ഉയര്‍ന്ന വേഗതയാല്‍ സൃഷ്ടിക്കപ്പെടുന്ന വലിയ ഗതികോര്‍ജവും കാരണം വലിയ നാശമുണ്ടാക്കും.
advertisement
ഒരു മിസൈല്‍ ആണവായുധ സംഭരണ കേന്ദ്രത്തില്‍ പതിച്ചാല്‍ എന്ത് സംഭവിക്കും?
സാധാരണയായി വലിയ കനത്തില്‍ സുരക്ഷാ കവചം തീര്‍ത്ത ബങ്കറുകള്‍ അല്ലെങ്കില്‍ സ്‌പെഷ്യല്‍ വെപ്പണ്‍സ് സ്റ്റോറേജ് ഏരിയകള്‍(SWSA)യിലാണ് ആണവായുധങ്ങള്‍ സൂക്ഷിക്കുക. ഉയര്‍ന്ന സ്‌ഫോടനശേഷിയുള്ള ഒരു മിസൈല്‍ പതിച്ചാല്‍ പോലും അത് ഒരു ആണവ സ്‌ഫോടനത്തിന് കാരണമാകില്ല. കാരണം പരമ്പരാഗതമായ രീതിയിലൂടെയുള്ള സ്‌ഫോടനത്തിലൂടെ മാത്രം ആണവബോംബുകള്‍ക്ക് പൊട്ടിത്തെറിക്കാന്‍ കഴിയില്ല. അവ സജീവമാക്കുന്നതിന് ഇലക്ട്രോണിക് കമാന്‍ഡുകളും സുരക്ഷിതമായ സ്‌ഫോടന കോഡുകളും കൃത്യമായി നല്‍കേണ്ടതുണ്ട്. അപ്രതീക്ഷിതമായ സ്‌ഫോടനം ഉണ്ടായാൽ അത് തടയുന്നതിന് ഒന്നിലധികം സുരക്ഷാ പാളികളുള്ള അറയിലാണ് അവ സൂക്ഷിച്ചിരിക്കുന്നത്. അതിനാല്‍ നേരിട്ട് മിസൈല്‍ പതിച്ചാല്‍ പോലും ആണവവിസ്‌ഫോടനം ഉണ്ടാകാനുള്ള സാധ്യതയില്ല. അതേസമയം, അതിന്റെ ഘടന നശിക്കാനും റേഡിയോ ആക്ടീവ് ചോര്‍ച്ചയുണ്ടാകാനുമുള്ള സാധ്യതയുണ്ട്.
advertisement
റേഡിയോ ആക്ടീവ് മെറ്റീരിയല്‍ പുറത്തുവന്നാല്‍ എന്ത് സംഭവിക്കും?
മിസൈല്‍ ആക്രമണത്തില്‍ ആണവായുധങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന സംരക്ഷണ കവചം തകര്‍ത്ത് അതിലെ റേഡിയോ ആക്ടീവ് മൂലകങ്ങള്‍ പുറത്ത് വന്നാല്‍ അതിന്റെ ആഘാതം ഒരു 'ഡേര്‍ട്ടി ബോംബി'ന് സമാനമായിരിക്കും. റേഡിയോ ആക്ടീവ് വസ്തുക്കള്‍ പരമ്പരാഗത സ്‌ഫോടക വസ്തുക്കളുമായി സംയോജിപ്പിച്ച് നിര്‍മിക്കുന്ന ആയുധമാണ് ഡേര്‍ട്ടി ബോംബ്. അത്തരമൊരു സാഹചര്യത്തില്‍ ചുറ്റുമുള്ള പ്രദേശം റേഡിയോ ആക്ടീവ് മൂലകങ്ങളാണ് മലിനമാക്കപ്പെടും. ഇത് മനുഷ്യരില്‍ ഗുരുതരമായ ദീര്‍ഘകാല ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും പരിസ്ഥിതി നാശത്തിന് കാരണമാകുകയുംചെയ്യും. അവിടെ നിന്ന് ഉടനടി ആളുകളെ ഒഴിപ്പിക്കേണ്ടി വരും.
advertisement
എതിരാളി ബങ്കര്‍ ബസ്റ്ററുകളോ തെര്‍മോബാറിക് ആയുധങ്ങളോ ഉപയോഗിച്ചാല്‍ എന്താണ് സംഭവിക്കും?
ആണവായുധങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന സ്ഥലം ഭൂമിക്കടിയിലേക്ക് തുളച്ചുകയറാന്‍ സാധ്യതയുള്ള ഉഗ്ര സ്‌ഫോടനശേഷിയുള്ള പെനട്രേഷന്‍ ബങ്കര്‍ ബസ്റ്റര്‍ അല്ലെങ്കില്‍ തെര്‍മോബാറിക് ആയുധം ഉപയോഗിച്ച് തകര്‍ത്താല്‍ ഇത് ഘടനാപരമായ നാശത്തിന് കാരണമാകുകയും റേഡിയോ ആക്ടീവ് ചോര്‍ച്ചയ്ക്കും മലിനീകരണത്തിനും വഴിവെക്കുകയും ചെയ്യും. എന്നാല്‍ അത്തരമൊരു സാഹചര്യത്തില്‍ പോലും ഒരു ആണവ സ്‌ഫോടനം സംഭവിക്കില്ല. അതിനാലാണ് ലോകരാജ്യങ്ങള്‍ ആണവായുധങ്ങള്‍ സൂക്ഷിക്കാന്‍ ആഴത്തിലും ആഘാതങ്ങളെ നേരിടാന്‍ ഒന്നിലധികം പാളികളുള്ള സംരക്ഷണ കവചത്തോടെയും ഭൂഗർഭ അറകൾ നിര്‍മിച്ചിരിക്കുന്നത്.
എന്താണ് ന്യൂക്ലിയര്‍ കമാന്‍ഡ്?
ഒരു രാജ്യത്തിന്റെ ആണവായുധങ്ങളുടെ വിന്യാസം, നിയന്ത്രണം, പ്രവര്‍ത്തനം, ഉപയോഗം എന്നിവയ്ക്ക് മേല്‍നോട്ടം വഹിക്കുന്ന ഒരു ചട്ടക്കൂടാണ് ന്യൂക്ലിയര്‍ കമാന്‍ഡ്. ആണവായുധങ്ങളുടെ സുരക്ഷ കൈകാര്യം ചെയ്യുന്നതിനൊപ്പം പ്രതിസന്ധിഘട്ടങ്ങളില്‍ അവ എപ്പോള്‍, എവിടെ, എങ്ങനെ ഉപയോഗിക്കാമെന്ന് തീരുമാനിക്കുകയും ചെയ്യുന്നു.
ആണവ ആസ്തികളുടെ നിയന്ത്രണം: മിസൈലുകള്‍, ബോംബുകള്‍, അന്തര്‍വാഹിനികള്‍ തുടങ്ങിയ അനുബന്ധ സംവിധാനങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ ആണവായുധങ്ങളും ഇത് കൈകാര്യം ചെയ്യുന്നു.
സുരക്ഷയും സംഭരണവും: ആണവായുധങ്ങള്‍ സുരക്ഷിതമായ സ്ഥലങ്ങളിലാണ് സൂക്ഷിക്കുന്നതെന്ന് ഉറപ്പുവരുത്തുന്നു. ശത്രുവിന്റെ ഭീഷണിയുണ്ടാകുന്ന സമയങ്ങളില്‍ അവയുടെ സുരക്ഷയും വിന്യാസവും പരിശോധിക്കുന്നു.
വിക്ഷേപണത്തിനുള്ള അനുമതി: യുദ്ധസമയത്തോ അടിയന്തിര സാഹചര്യങ്ങളിലോ ഒരു ആണവായുധ പ്രയോദം നടത്താനോ ഉത്തരവുകള്‍ പുറപ്പെടുവിക്കാനോ കമാന്‍ഡിന് ഉത്തരവാദിത്വമുണ്ട്.
പെട്ടെന്നുള്ള പ്രതികരണം: ശത്രു ആക്രമിക്കുകയോ ആണവ ഭീഷണി ഉയര്‍ത്തുകയോ ചെയ്യുമ്പോള്‍ വേഗത്തില്‍ പ്രതികരിക്കുന്നു. ആവശ്യമുള്ളപ്പോള്‍ വേഗത്തിലുള്ള പ്രതികരണം ഉറപ്പാക്കുന്നു.
ആണവായുധ സംഭരണവുമായി ബന്ധപ്പെട്ട് അപകടങ്ങള്‍ ഉണ്ടായിട്ടുണ്ടോ?
രണ്ട് ശ്രദ്ധേയമായ അപകടങ്ങളാണ് ഇതുവരെ സംഭവിച്ചിട്ടുള്ളത്.
സോവിയറ്റ് യൂണിയല്‍(1986): സോവിയറ്റ് യൂണിയനിലെ സെവെറോമോര്‍ക്‌സില്‍ ആണവ മിസൈല്‍ സംഭരണകേന്ദ്രത്തില്‍ തീപിടിത്തമുണ്ടാകുകയായിരുന്നു. ആണവ വാര്‍ഹെഡുകള്‍ വഹിച്ചുകൊണ്ടിരുന്ന 16 മിസൈലുകള്‍ നശിച്ചു. ആണവ സ്‌ഫോടനം ഉണ്ടായില്ലെങ്കിലും തീപിടത്തം സംഭരണകേന്ദ്രത്തിന് കാര്യമായ നാശനഷ്ടമുണ്ടാക്കുകയും റേഡിയോ ആക്ടീവ് ചോര്‍ച്ചയ്ക്ക് കാരണമാകുകയും ചെയ്തു.
യുഎസ്(2007): കൃത്യമായ അനുമതിയില്ലാതെ മിനോട്ട് വ്യോമസേനാ താവളത്തിലെ ഒരു ബി52 ബോംബറില്‍ ആറ് ആണവ വാര്‍ഹെഡുകള്‍ തെറ്റായി കയറ്റപ്പെട്ടു. തുടര്‍ന്ന് ബോംബര്‍ 1500 കിലോമീറ്റര്‍ പിന്നിട്ട് മറ്റൊരു വ്യോമതാവളത്തിലേക്ക് പറന്നു. മണിക്കൂറുകളോളം ഈ തെറ്റ് സംഭവിച്ചകാര്യം ആരും അറിഞ്ഞില്ല.
ലോകമെമ്പാടു നിന്നുള്ള ബ്രേക്കിംഗ് ന്യൂസുകളുടെ ആഴത്തിലുള്ള വിശകലനത്തിന് News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
May 13, 2025 3:51 PM IST
മലയാളം വാർത്തകൾ/ വാർത്ത/Explained/
ആണവായുധ സംഭരണകേന്ദ്രത്തില്‍ സൂപ്പർസോണിക് മിസൈല്‍ പതിച്ചാല്‍ എന്ത് സംഭവിക്കും?