ശബരിമല തീർത്ഥാടകരുടെ നഷ്ടമായ 102 ഫോണുകൾ പൊലീസ് കണ്ടെത്തിയതെങ്ങനെ?
- Published by:Sneha Reghu
- news18-malayalam
Last Updated:
സെക്കന്റ് ഹാൻഡ് ഫോണുകൾ വാങ്ങുന്നവർ ജാഗ്രത പാലിക്കണമെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു
പത്തനംതിട്ട: ഇക്കഴിഞ്ഞ മകരവിളക്ക് തീർത്ഥാടന സമയത്ത് ദർശനത്തിനെത്തിയ ഭക്തരിൽ നിന്നും നഷ്ടപ്പെട്ട 102 പേരുടെ ഫോണുകൾ കണ്ടെത്തി. പമ്പ പൊലീസ് സ്റ്റേഷനിലെ സൈബർ ഹെൽപ് ഡെസ്‌കാണ് ഇതിന് പിന്നിൽ പ്രവർത്തിച്ചത്. കഴിഞ്ഞ സീസണിൽ 203 പേരാണ് ഫോൺ നഷ്ടമായെന്ന പരാതിയുമായി പൊലീസിനെ സമീപിച്ചത്. ഇവയിൽ ഉൾപ്പെട്ട ഫോണുകളാണ് ഇപ്പോൾ കണ്ടെത്തിയത്.
ഫോണുകൾ കണ്ടെത്തിയതെങ്ങനെ?
മുൻ വർഷത്തെ മണ്ഡല മകരവിളക്ക് സീസണിലും മൊബൈൽ ഫോണുകൾ നഷ്ടപ്പെട്ടിരുന്നു. ഈ ഫോണുകൾ കണ്ടെത്താൻ ജില്ലാ പൊലീസ് മേധാവി വി.ജി വിനോദ് കുമാറിന്റെ നിർദേശപ്രകാരമാണ് സൈബർ ഹെൽപ്ഡെസ്ക് രൂപീകരിച്ചത്. ഇതിന്റെ ഭാഗമായി ഇന്റർനെറ്റ് കണക്‌ഷനുള്ള കൗണ്ടർ സജ്ജീകരിച്ച് സ്റ്റേഷനിലെ എല്ലാ പൊലീസ് ഉദ്യോഗസ്ഥർക്കും സിഇഐആർ (സെൻട്രൽ എക്യുപ്‌മെന്റ് ഐഡന്റിറ്റി റജിസ്റ്റർ) പോർട്ടൽ ഉപയോഗിക്കുന്നതിനുള്ള പരിശീലനവും നൽകി.
ഫോൺ നഷ്ടപ്പെട്ടെന്ന പരാതിയുമായി സ്റ്റേഷനിലെത്തുന്ന ഭക്തരിൽ നിന്നും വിവരങ്ങൾ ശേഖരിച്ച് സിഇഐആർ പോർട്ടലിലേക്ക് രജിസ്റ്റർ ചെയ്യും. ഉടൻ തന്നെ ആ മൊബൈൽ ഫോൺ ബ്ലോക്ക് ആകുകയും പരാതിക്കാരൻ റജിസ്റ്റർ ചെയ്ത മൊബൈൽ നമ്പരിലേക്ക് ഒരു സന്ദേശവും എത്തും. പോർട്ടൽ വഴി ബ്ലോക്ക് ചെയ്ത ഫോൺ ഏതെങ്കിലും മൊബൈൽ നെറ്റ്‌വർക്ക് വഴി ഓൺ ആയാൽ ആ നെറ്റ്‌വർക്ക് സർവീസ് പ്രൊവൈഡർ പോർട്ടൽ മുഖേന പരാതിക്കാരനും രജിസ്റ്റർ ചെയ്ത പൊലീസ് സ്റ്റേഷനിലേക്കും വിവരങ്ങൾ കൈമാറും.
advertisement
ആ ഫോണിൽ നിലവിൽ ഉപയോഗിക്കുന്ന നമ്പരിലേക്ക് സൈബർ ഹെൽപ്ഡെസ്കിലെ ഉദ്യോഗസ്ഥർ ബന്ധപ്പെട്ട വിവരങ്ങൾ അറിയിക്കും. ഇത്തരത്തിലാണ് പമ്പ സ്റ്റേഷനിലേക്ക് കേരളം, തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിൽ നിന്നും 102 ഫോണുകൾ അയച്ചു കിട്ടിയത്. ഈ ഫോണുകൾ കൊറിയർ വഴി യഥാർഥ ഉദ്യോഗസ്ഥർക്ക് അയച്ചുകൊടുക്കും. മേയ് മാസത്തിൽ മാത്രം നടത്തിയ സ്പെഷൽ ഡ്രൈവിൽ ആറര ലക്ഷത്തോളം രൂപ വില വരുന്ന 25 ഫോണുകളാണ് തിരിച്ചു കിട്ടിയതെന്ന് പൊലീസ് അറിയിച്ചു.
നഷ്ടപ്പെട്ട ഫോണുകൾ കണ്ടെത്തിയത് ഈ സംസ്ഥാനങ്ങളിൽ നിന്ന്
നഷ്ടപ്പെട്ട ഫോണുകൾ ഉത്തരേന്ത്യയിലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും മറ്റും ഉപയോഗിക്കുന്നതായി സിഇഐആർ പോർട്ടലിലൂടെയാണ് കണ്ടെത്തിയത്. ആന്ധ്രപ്രദേശ്, തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിൽ നിന്നാണ് കൂടുതൽ ഫോണുകളും തിരികെ ലഭിച്ചത്. കളഞ്ഞുകിട്ടുന്ന ഫോണുകൾ സ്വന്തം നാട്ടിലുള്ള മൊബൈൽ കടകളിലാണ് കൂടുതൽ പേരും വിറ്റിരുന്നത്. ഇവ മറ്റൊരാൾ വാങ്ങി പുതിയ സിം ഇടുമ്പോഴാണ് പൊലീസിന് സന്ദേശം ലഭിക്കുന്നത്. ഏറ്റവും കൂടുതൽ ഫോണുകൾ കണ്ടെത്തിയ കമ്പം, തേനി, കോയമ്പത്തൂർ എന്നിവിടങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിക്കുമെന്നും, സെക്കന്റ് ഹാൻഡ് ഫോണുകൾ വാങ്ങുന്നവർ ജാഗ്രത പാലിക്കണമെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.
ലോകമെമ്പാടു നിന്നുള്ള ബ്രേക്കിംഗ് ന്യൂസുകളുടെ ആഴത്തിലുള്ള വിശകലനത്തിന് News18 മലയാളത്തിനൊപ്പം വരൂ
Location :
Pathanamthitta,Kerala
First Published :
June 10, 2025 9:12 AM IST