പ്രതിപക്ഷ സഖ്യം I.N.D.I.Aയുടെ ഭാവി എന്ത്? സഖ്യ രാഷ്ട്രീയത്തിന്റെ ചരിത്രം നല്‍കുന്ന സൂചനകള്‍

Last Updated:

ഭരണപക്ഷത്തിനെതിരെയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ പുതിയ സഖ്യം രൂപീകരിച്ചിരിക്കുന്നത്.

2024ല്‍ നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തയ്യാറെടുക്കുന്ന പാര്‍ട്ടികളുടെ രാഷ്ട്രീയ സന്നാഹത്തിനാണ് ജൂലൈ 18 സാക്ഷ്യം വഹിച്ചത്. ഒരു വശത്ത് കേന്ദ്രം ഭരിക്കുന്ന ഭാരതീയ ജനതാ പാര്‍ട്ടിയുടെ (ബിജെപി) നേതൃത്വത്തില്‍ 38 സഖ്യ പാര്‍ട്ടികള്‍ ഒന്നിച്ചു വരുന്ന നാഷണല്‍ ഡെമോക്രാറ്റിക് അലയന്‍സ് (എന്‍ഡിഎ) യുടെ യോഗം നടക്കുന്നു. മറുവശത്താകട്ടെ 26 പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ചെത്തി ബെംഗളൂരുവില്‍ I.N.D.I.A (ഇന്ത്യന്‍ നാഷണല്‍ ഡെവലപ്‌മെന്റല്‍ ഇന്‍ക്ലുസിവ് അലയന്‍സ്) എന്ന പേരില്‍ പുതിയൊരു സഖ്യം രൂപീകരിക്കുന്നു. ഭരണപക്ഷത്തിനെതിരെയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ പുതിയ സഖ്യം രൂപീകരിച്ചിരിക്കുന്നത്. ദേശീയ രാഷ്ട്രീയത്തില്‍ മുന്‍കാല രാഷ്ട്രീയ സഖ്യങ്ങളുടെ ചരിത്രം പരിശോധിക്കുന്നതിലൂടെ പുതിയ സഖ്യത്തിന്റെ ഭാവി എന്താകുമെന്ന് നോക്കാം.
സഖ്യം എന്ന ആശയത്തിന്റെ ഉത്ഭവം
സ്വാതന്ത്ര്യലബ്ധിക്കുശേഷമുള്ള ആദ്യ രണ്ട് പതിറ്റാണ്ടുകള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അപ്രമാദിത്യമാണ് ചൂണ്ടിക്കാട്ടുന്നത്. പാര്‍ലമെന്റിലും ഭൂരിഭാഗം സംസ്ഥാനങ്ങളിലും ഭരണം കൈയാളിയിരുന്നത് കോണ്‍ഗ്രസ് പാര്‍ട്ടിയാണ്. 1969-ല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ പിളര്‍പ്പ് ഉണ്ടായിട്ട് പോലും ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അത് വേണ്ടവിധം കൈകാര്യം ചെയ്തിരുന്നുവെന്നും ഭരണകാലാവധി പൂര്‍ത്തിയാക്കിയെന്നും എം. ലക്ഷ്മികാന്ത് തന്റെ ഇന്ത്യ പോളിറ്റി എന്ന പുസ്തകത്തില്‍ പറയുന്നു. 1971-ല്‍ ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നിര്‍ണായക വിജയം കരസ്ഥമാക്കുകയും 1977 വരെ നീണ്ടുനിന്ന ഏകകക്ഷി സര്‍ക്കാര്‍ രൂപവത്കരിക്കുകയും ചെയ്തു. 1975 ജൂണില്‍ ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും 1977ല്‍ പിന്‍വലിക്കുകയും ചെയ്തു. ഇതിന് തൊട്ട് പിന്നാലെ പുതിയ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയായിരുന്നു.
advertisement
അടിയന്താരാവസ്ഥയ്ക്ക് ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വന്‍തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നു. അതോടെ ദേശീയതലത്തില്‍ സഖ്യരാഷ്ട്രീയം ഒരു സാധാരണ സംഭവമായി മാറി. ഒട്ടേറെ പാര്‍ട്ടികളുടെ പിന്തുണയോടെ സര്‍ക്കാര്‍ ഭരണത്തിലെത്തുന്ന കാഴ്ചാണ് പിന്നീട് കണ്ടത്. ഈ ട്രെന്‍ഡ് 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് വരെ കണ്ടു. ഈ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് സര്‍ക്കാര്‍ രൂപീകരണത്തിന് വ്യക്തമായ ഭൂരിഭക്ഷമുണ്ടായിട്ടും തിരഞ്ഞെടുപ്പിന് മുമ്പ് ഏര്‍പ്പെട്ട സഖ്യകക്ഷികളുമായി കൈകോര്‍ക്കുന്ന കാഴ്ചയാണ് കണ്ടത്.
advertisement
ആദ്യ സഖ്യം – ജനതാപാര്‍ട്ടി (1977-1979)
ഇന്ദിരാഗാന്ധിയുടെ ഭരണത്തില്‍ അസംതൃപ്തരായ, വ്യത്യസ്തമായ ഒരു കൂട്ടം പാര്‍ട്ടികള്‍ ഒന്നിച്ചുചേര്‍ന്ന് 1970-കളുടെ അവസാനത്തോടെ സഖ്യരൂപീകരണത്തിന് ശ്രമങ്ങളാരംഭിച്ചിരുന്നു. ഇത്തരത്തിലുള്ള ആദ്യ പരീക്ഷണമായിരുന്നു ഇത്.വ്യത്യസ്തമായ ആശയങ്ങള്‍ പുലര്‍ത്തുന്ന പ്രതിപക്ഷ പാര്‍ട്ടികള്‍ പെട്ടെന്ന് ഒന്നിച്ചു ചേര്‍ന്ന് ജനതാ പാര്‍ട്ടിയെന്ന പുതിയൊരു പാര്‍ട്ടിക്ക് രൂപം നല്‍കി. അടിയന്താരാവസ്ഥയെ എതിര്‍ക്കുന്ന എല്ലാവരും, കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഉള്ളില്‍ നിന്നുപോലുമുള്ളവര്‍ ഈ പാര്‍ട്ടിയില്‍ ചേര്‍ന്നു. അതില്‍ ശ്രദ്ധേയമായത് പ്രമുഖനായ ദളിത് നേതാവ് ജഗ്ജീവന്‍ റാം ആണ്. ജനസംഘം പുതിയ പാര്‍ട്ടിയുമായി ലയിപ്പിച്ചതോടെ അത് ഔദ്യോഗികമായി ഇല്ലാതായി. സോഷ്യലിസ്റ്റുകളും ചരണ്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള ലോക് ദളുമാണ് ഇതില്‍ പ്രധാനപ്പെട്ടത്. ഇവരെല്ലാം ജനതാ പാര്‍ട്ടിക്കൊപ്പം ചേര്‍ന്നു. ഇവരെല്ലാവരും ജനതാപാര്‍ട്ടിയുടെ നേതൃത്വം സ്വീകരിച്ചു. ഇന്ദിരാഗാന്ധിയെയും അടിയന്താരാവസ്ഥയെയും എതിര്‍ക്കുക എന്നതായിരുന്നു ഈ സഖ്യത്തിന്റെ ലക്ഷ്യമെന്ന് സബാ നഖ്‌വി തന്റെ പോളിറ്റിക്‌സ് ഓഫ് ജുഗാദ്; ദ കോയലിഷന്‍ ഹാന്‍ഡ്ബുക്ക് എന്ന പുസ്തകത്തില്‍ പറയുന്നു.
advertisement
1977 ജനുവരി 23-നാണ് ജനതാ പാര്‍ട്ടി ഔദ്യോഗികമായി ആരംഭിച്ചത്. ജനതാ പാര്‍ട്ടിയുടെ രണ്ട് വര്‍ഷം നീണ്ട നിന്ന കാലയളവില്‍ രണ്ട് പ്രധാനമന്ത്രിമാരുണ്ടായി, മൊറാര്‍ജി ദേശായിയും ചരണ്‍ സിങ്ങും. 1977-ല്‍ തിരഞ്ഞെടുപ്പില്‍ ഈ സഖ്യം വിജയം നേടിയെങ്കിലും തമ്മിലടി രൂക്ഷമായതോടെ രണ്ട് വര്‍ഷം കൊണ്ട് സര്‍ക്കാര്‍ താഴെ വീണു.
സഖ്യത്തിന്റെ പരാജയത്തെക്കുറിച്ച് മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി ബാജ്‌പേയി പറഞ്ഞത് ഇപ്രകാരമാണ്- ”തിരിഞ്ഞു നോക്കുമ്പോള്‍ ഈ അവസ്ഥയുടെ ഉത്തരവാദിത്വം എല്ലാവരും പങ്കിടണം. സഖ്യത്തിലെ വിശ്വസ്തതയും വ്യക്തിഗത താത്പര്യങ്ങളും പാര്‍ട്ടിയുടെ ആദ്യകാല പ്രവര്‍ത്തനങ്ങളെ അടയാളപ്പെടുത്തി. സംസ്ഥാനങ്ങളിലെയും കേന്ദ്രത്തിലെയും ജനതാപാര്‍ട്ടിയുടെ പ്രകടനം അതിനു മുമ്പുള്ള കോണ്‍ഗ്രസ് ഭരണകാലത്തേക്കാള്‍ ഏറെ മികച്ചതായിരുന്നു. എന്നാല്‍, പാര്‍ട്ടിക്കുള്ളിലെ വിഭാഗീയ വഴക്കുകളും എതിര്‍പ്പുകളും പരസ്യമായി പറഞ്ഞതും അന്തരീക്ഷത്തെ തകിടം മറിക്കുകയും പ്രതിച്ഛായ നഷ്ടപ്പെടുത്തുകയും ചെയ്തു”.
advertisement
പൂന്തോട്ടം നശിപ്പിക്കപ്പെട്ടു എന്നാണ് ജനതാപാര്‍ട്ടിയുടെ മുഖ്യസൂത്രധാരനായ ജയപ്രകാശ് നാരായണ്‍ ഇക്കാര്യത്തിൽ പ്രതികരിച്ചത്.
രണ്ടാം സഖ്യം: നാഷണല്‍ ഫ്രണ്ട് (1989-1990)
ജനതാദള്‍, തെലുങ്കുദേശം പാര്‍ട്ടി (ടിഡിപി), ദ്രാവിഡ മുന്നേട്ര കഴകം (ഡിഎംകെ), അസോം ഗന പരിഷത് (എജിപി), കോണ്‍ഗ്രസ് (സോഷ്യലിസ്റ്റ്) എന്നീ പാര്‍ട്ടികള്‍ കൂടിച്ചേര്‍ന്നാണ് നാഷണല്‍ ഫ്രണ്ട് എന്ന പാര്‍ട്ടി രൂപീകരിച്ചത്. ബിജെപിയും ഇടതുപക്ഷ പാര്‍ട്ടികളും പുറത്ത് നിന്ന് ഇവരെ പിന്തുണച്ചു. 1984-ല്‍ വന്‍ വിജയം നേടിയ കോണ്‍ഗ്രസ് പാര്‍ട്ടി ഇന്ദിരാ ഗാന്ധിയുടെ വധത്തോടെ പിന്നിലേക്ക് പോയി. തുടര്‍ന്ന് 1989-ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ തോല്‍വിയേറ്റു വാങ്ങി. കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായപ്പോള്‍ 197 സീറ്റുകള്‍ മാത്രമാണ് അവര്‍ക്ക് നേടാനായത്.
advertisement
എന്നാല്‍ 146 സീറ്റുകള്‍ നേടിയ നാഷണല്‍ ഫ്രണ്ടും ബിജെപിയുടെ 86 സീറ്റുകളും ഇടതുപാര്‍ട്ടികളുടെ 52 സീറ്റുകളുമായി ചേർന്ന് സര്‍ക്കാര്‍ രൂപീകരിച്ചു. വി.പി സിങ് ആയിരുന്നു പ്രധാനമന്ത്രി.
രാമക്ഷേത്രം നിര്‍മിക്കണമെന്ന ആവശ്യവുമായി അയോധ്യയിലേക്ക് രഥയാത്ര നടത്തിയ തങ്ങളുടെ നേതാവ് എല്‍കെ അദ്വാനിയെ അറസ്റ്റ് ചെയ്തതോടെ ബിജെപി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചു. ഇതോടെ സര്‍ക്കാര്‍ താഴെ വീണു.
advertisement
മൂന്നാം സഖ്യം: ജനതാദള്‍ (സോഷ്യലിസ്റ്റ്), സമാജ് വാദി പാര്‍ട്ടി(1990-91)
വിപി സിങ് സര്‍ക്കാരിന്റെ പതനത്തോടെയാണ് ഈ സഖ്യത്തിന്റെ രൂപീകരണം നടന്നത്. ജനതാദളിന്റെ അമരക്കാരനായിരുന്ന ചന്ദ്രശേഖര്‍ ഇതില്‍ നിന്ന് മാറി 64 എംപിമാരുമായി ചേര്‍ന്ന് സമാജ് വാദി പാര്‍ട്ടി രൂപീകരിച്ചു. കോണ്‍ഗ്രസിന്റെ പിന്തുണയോടെ അദ്ദേഹം ഭരണത്തിലെത്തുകയും പ്രധാനമന്ത്രിയാകുകയും ചെയ്തു. എന്നാല്‍, അദ്ദേഹത്തിന്റെ പ്രധാനമന്ത്രി പദവും സഖ്യവും ഏഴ് മാസത്തേക്ക് മാത്രമാണ് നീണ്ട് നിന്നത്. സര്‍ക്കാര്‍ രാജീവ് ഗാന്ധിക്കെതിരേ പടനീക്കം നടത്തുന്നുവെന്ന ആരോപണം പുറത്തു വന്നതിനെത്തുടര്‍ന്ന് കോണ്‍ഗ്രസ് പാര്‍ട്ടി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചു.
നാലാം സഖ്യം: യുണൈറ്റഡ് ഫ്രണ്ട്‌ (1996-1998)
രണ്ട് വര്‍ഷം മാത്രം നീണ്ടുനിന്ന ഈ സഖ്യത്തിലും രണ്ട് പ്രധാനമന്ത്രിമാരുണ്ടായി. എച്ച്ഡി ദേവഗൗഡയും ഐകെ ഗുജ്‌റാളും. ജനതാദള്‍, സിപിഐ, കോണ്‍ഗ്രസ് (ടി), സമാജ് വാദി പാര്‍ട്ടി, ഡിഎംകെ, എജിപി, തമിഴ് മാനിലാ കോണ്‍ഗ്രസ് (ടിഎംസി), തെലുഗു ദേശം പാര്‍ട്ടി (ടിഡിപി) എന്നിവരുടെ സഖ്യ സര്‍ക്കാരാണ് രൂപീകരിച്ചത്.
11-ാമത് പൊതു തിരഞ്ഞെടുപ്പ് കൂടുതല്‍ ആഴത്തില്‍ വിള്ളലുണ്ടാക്കുന്ന വിധമായിരുന്നു. 29 പാര്‍ട്ടികൾക്കും ഒന്‍പത് സ്വതന്ത്രര്‍ക്കും ലോക്‌സഭയില്‍ പ്രാതിനിധ്യം ലഭിച്ചു. ദേശീയ പാര്‍ട്ടികളില്‍ ഏഴെണ്ണം നാലില്‍ മൂന്ന് ഭാഗം നേടി, 543-ല്‍ 403 സീറ്റുകള്‍ നേടി. സംസ്ഥാനതലത്തില്‍ ശ്രദ്ധ നേടിയ 30 പാര്‍ട്ടികളില്‍ 18 എണ്ണം 127 സീറ്റുകള്‍ നേടി. രജിസ്റ്റര്‍ ചെയ്ത 170 പാര്‍ട്ടികളില്‍ (അംഗീകാരമില്ലാത്തത്) നാലെണ്ണം മാത്രമാണ് നിലനിന്നത്. ഓരോ സീറ്റുകളാണ് ഇവര്‍ക്ക് ലഭിച്ചത്. കോണ്‍ഗ്രസ് അതിന്റെ അതുവരെയുള്ള ചരിത്രത്തിലെ ഏറ്റവും മോശമായ നിലയിലേക്ക് കൂപ്പുകുത്തി. 140 സീറ്റുകളാണ് പാര്‍ട്ടി നേടിയത് – സഞ്ജയ് രൂപരേലിയ സഖ്യത്തെ കുറിച്ച് ഇപ്രകാരമാണ് എഴുതിയിരിക്കുന്നത്.
ഈ തിരഞ്ഞെടുപ്പില്‍ ബിജെപി ഏറെ ഉയരത്തില്‍ എത്തി. 161 സീറ്റുകളുമായി ഏറ്റവും വലിയ ഒറ്റകക്ഷിയായി അവര്‍ മാറി. 1991-ല്‍ 41 സീറ്റുകള്‍ മാത്രം നേടിയെടുത്തു നിന്നാണത്. എബി വാജ്‌പേയിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപവത്കരിച്ചെങ്കിലും വിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെട്ടു. ഇതിന് പിന്നാലെ എല്ലാ പാര്‍ട്ടികളുടെയും ഒരു യോഗം ചേരുകയും മൂന്നാം മൂന്നാം മുന്നണിയെന്ന ആശയം രൂപപ്പെടുകയും ചെയ്തു. 140 സീറ്റുകള്‍ നേടിയ കോണ്‍ഗ്രസ് സര്‍ക്കാരിന് നേതൃത്വം നല്‍കാന്‍ മടികാണിച്ചെങ്കിലും സഖ്യത്തെ പിന്തുണയ്ക്കാമെന്ന് അറിയിച്ചു. പക്ഷേ, തമ്മിലടി കാരണം ആ സര്‍ക്കാരിനും കാലാവധി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല.
അഞ്ചാം സഖ്യം: നാഷണല്‍ ഡെമോക്രാറ്റിക് അലയന്‍സ് (എന്‍ഡിഎ) (1998 മുതൽ ഇപ്പോള്‍ വരെ)
1998-ലാണ് ഈ സഖ്യം രൂപവത്കരിച്ചത്. തിരഞ്ഞെടുപ്പിന് മുമ്പായി ബിജെപിക്കൊപ്പം ഓള്‍ ഇന്ത്യ അണ്ണ ദ്രാവിഡ മുന്നേട്ര കഴഗം (എഐഎഡിഎംകെ), ബിജു ജനതാദള്‍ (ബിജെഡി), ശിവസേന, ലോക് ശക്തി, അരുണാചല്‍ കോണ്‍ഗ്രസ്, സാംതാ പാര്‍ട്ടി, അകാലി ദള്‍, പട്ടാലി മക്കള്‍ കച്ചി (പിഎംകെ) തുടങ്ങിയ പാര്‍ട്ടികളും ചേര്‍ന്നു. ഈ സഖ്യം നാല് ലോക്‌സഭാ തിരഞ്ഞെടുപ്പുകളാണ് വിജയിച്ചത്, 1998, 1998, 2014, 2019. ഇതിന്റെ രൂപീകരണത്തിന് ശേഷം ഒട്ടേറെ പാര്‍ട്ടികള്‍ പിരിഞ്ഞു പോകുകയും പുതിയ കുറേയെറെ പാര്‍ട്ടികള്‍ കൂടിച്ചേരുകയും ചെയ്തു. ഈയൊരു സഖ്യം മാത്രമാണ് 25 വര്‍ഷമായി നിലനില്‍ക്കുന്നത്.
ആറാം സഖ്യം: യുണൈറ്റഡ് പ്രോഗ്രസീവ് അലയന്‍സ് (യുപിഎ) 1 & യുപിഎ 2 (2004-2014)
ഈ സഖ്യം രണ്ട് തിരഞ്ഞെടുപ്പുകളാണ് വിജയിച്ചത്, 2004, 2009 എന്നീ വര്‍ഷങ്ങളിലെ ലോക്‌സഭാ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള ഈ സഖ്യം വിജയം നേടി. കോണ്‍ഗ്രസ്, നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍സിപി), ഡിഎംകെ, രാഷ്ട്രീയ ജനതാദള്‍ (ആര്‍ജെഡി), എല്‍ജെപി, പിഎംകെ എന്നിവയാണ് ഈ സഖ്യത്തിലെ കക്ഷികള്‍. ആദ്യ യുപിഎ സര്‍ക്കാരിനെ സിപിഐയും സിപിഎമ്മും പുറമെ നിന്ന് പിന്തുണച്ചു. യുഎസ്എയുമായുള്ള ആണവ കരാര്‍ ഒപ്പിട്ടതിനെത്തുടര്‍ന്ന് അവര്‍ പിന്തുണ പിന്‍വലിക്കുകയായിരുന്നു.
‘Forging Power: Coalition Politics in India’ എന്ന തന്റെ പുസ്തകത്തില്‍ ഇന്ത്യയിലെ സഖ്യരാഷ്ട്രീയത്തെക്കുറിച്ച് വളരെ പ്രധാനപ്പെട്ട നിരീക്ഷണമാണ് രാഷ്ട്രീയ ശാസ്ത്രഞ്ജനായ ബിദ്യുത് ചക്രബര്‍ത്തി നടത്തിയിരിക്കുന്നത്. ”ഇന്ത്യയിലെ രാഷ്ട്രീയം നാടകീയമായ രൂപാന്തരത്തിലൂടെയാണ് കടന്നുപോകുന്നത്. രാഷ്ട്രീയ പ്രക്രിയകളില്‍ ഇതുവരെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട, ഒറ്റപ്പെട്ട് മാറി നില്‍ക്കേണ്ടി വന്ന വിഭാഗങ്ങളുടെ സജീവ പങ്കാളിത്തത്തോടെ ജനാധിപത്യം ഇപ്പോള്‍ ബഹുജന സ്വഭാവവും ഒരു പുതിയ ചടുതലയും കൈവരിച്ചിരിക്കുന്നു. ഇന്ത്യയിലെ പഴയ പാര്‍ട്ടി സംവിധാനം വളരെ വേഗത്തിലാണ് മാറിക്കൊണ്ടിരിക്കുന്നത്. പുതിയ രാഷ്ട്രീയ സമവാക്യങ്ങള്‍ രൂപംകൊള്ളുന്നു. സഖ്യ രാഷ്ട്രീയത്തിന്റെ പുതിയ യുഗത്തിന് തുടക്കം കുറിച്ചിരിക്കുന്നു. റുഡോള്‍ഫ് പറഞ്ഞിരിക്കുന്നത് പോലെ ഒരു ആധിപത്യ പാര്‍ട്ടി സംവിധാനവും ഭൂരിപക്ഷ സർക്കാരുകളും ഒരു മള്‍ട്ടി-പാര്‍ട്ടി സംവിധാനത്തിലും കൂട്ടുകക്ഷി സര്‍ക്കാരുകള്‍ക്കും വഴിമാറി. രാഷ്ട്രീയ ആധിപത്യത്തിന്റെ വ്യവസ്ഥകള്‍ പ്രാദേശിക തലത്തിലും ദേശീയതലത്തിലും മാറിയിട്ടുണ്ട്”.
ഇന്ന് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സഖ്യമെന്നത് പാരമ്പര്യമായി തുടരുന്ന ഒരു സവിശേഷതയാണെങ്കിലും നങ്കൂരമിട്ട് പ്രവര്‍ത്തിക്കാൻ ശക്തമായ പാര്‍ട്ടിയില്ലാത്ത ഒരു സഖ്യം പരാജയമായിരിക്കുമെന്ന് ചരിത്രം തെളിയിക്കുന്നു. ജൂലൈ 18-ന് രൂപീകരിച്ച പുതിയ സഖ്യത്തിലും ഘടകകക്ഷികളെ കേടുകൂടാതെ നിലനിര്‍ത്താനുള്ള ഇച്ഛാശക്തിയോടൊപ്പം ശക്തമായ നങ്കൂരമായി നിലകൊള്ളാനുള്ള പ്രാപ്തികൂടി വേണം.
മലയാളം വാർത്തകൾ/ വാർത്ത/Explained/
പ്രതിപക്ഷ സഖ്യം I.N.D.I.Aയുടെ ഭാവി എന്ത്? സഖ്യ രാഷ്ട്രീയത്തിന്റെ ചരിത്രം നല്‍കുന്ന സൂചനകള്‍
Next Article
advertisement
MVD| മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പി​ന്‍റെ പരിപാടിക്ക് ആൾ കുറഞ്ഞ സംഭവത്തിൽ അസി. ട്രാൻസ്‌പോർട്ട് കമ്മീഷണർക്ക് കാരണം കാണിക്കൽ നോട്ടീസ്
MVD പരിപാടിക്ക് ആൾ കുറഞ്ഞ സംഭവത്തിൽ അസി. ട്രാൻസ്‌പോർട്ട് കമ്മീഷണർക്ക് കാരണം കാണിക്കൽ നോട്ടീസ്
  • അസി. ട്രാൻസ്‌പോർട്ട് കമ്മീഷണർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി.

  • 52 വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് ചടങ്ങിൽ ആളുകൾ കുറവായിരുന്നു.

  • മന്ത്രിയുടെ ക്ഷോഭം കാരണം പരിപാടി റദ്ദാക്കി.

View All
advertisement