Kandahar Hijack: രാജ്യത്തെ നടുക്കിയ വിമാനറാഞ്ചൽ; ' IC 814: ദ കാണ്ഡഹാർ ഹൈജാക്ക്' വെബ് സീരീസ് വിവാദമെന്ത്?
- Published by:Rajesh V
- news18-malayalam
Last Updated:
അനുഭവ് സിൻഹ സംവിധാനം ചെയ്ത 'ഐസി 814: ദ കാണ്ഡഹാർ ഹൈജാക്ക്' ഓഗസ്റ്റ് 29 നാണ് നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്തത്. ഹൈജാക്ക് സംഭവത്തിൻ്റെ നാടകീയമായ പുനരാഖ്യാനമാണ് ഈ സീരീസ്.
ന്യൂഡൽഹി: നെറ്റ്ഫ്ലിക്‌സിൻ്റെ ഏറ്റവും പുതിയ വെബ് സീരീസായ 'ഐസി 814: ദ കാണ്ഡഹാർ ഹൈജാക്ക്' വലിയ വിവാദത്തിനാണ് തിരികൊളുത്തിയിരിക്കുന്നത്. 1999ൽ ഇന്ത്യൻ എയർലൈൻസ് വിമാനം ഭീകരർ ഹൈജാക്ക് ചെയ്തതിനെ അടിസ്ഥാനമാക്കിയുള്ള വെബ് സീരീസിനെതിരെ വസ്തുതകൾ വളച്ചൊടിക്കുക, തീവ്രവാദത്തെ വെള്ളപൂശുക, പൊതുവികാരം വ്രണപ്പെടുത്തുക തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഈ കോലാഹലം നെറ്റ്ഫ്ലിക്സ് ഇന്ത്യയുടെ ഉള്ളടക്ക മേധാവിയെ കേന്ദ്ര സർക്കാർ വിളിച്ചുവരുത്തുന്നതിലേക്ക് നയിച്ചു.
ഐസി 814 ഹൈജാക്കിംഗ്
1999 ഡിസംബർ 24നാണ് ഇന്ത്യൻ എയർലൈൻസ് ഫ്ലൈറ്റ് ഐസി 814 ഹൈജാക്ക് ചെയ്യപ്പെട്ടത്. 154 യാത്രക്കാരും ക്യാബിൻക്രൂവുമാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. നേപ്പാളിൻ്റെ തലസ്ഥാനമായ കാഠ്മണ്ഡുവിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട് 40 മിനിറ്റിനുള്ളിൽ അഞ്ച് ഭീകരർ വിമാനം തട്ടിക്കൊണ്ടുപോവുകയായിരുന്നു. പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ഹർകത്ത്-ഉൽ-മുജാഹിദീൻ (HuM) അംഗങ്ങളാണ് വിമാനം റാഞ്ചിയത്. അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറിലേക്ക് തിരിച്ചുവിട്ട വിമാനം തുടർന്ന് താലിബാൻ്റെ നിയന്ത്രണത്തിലായിരുന്നു.
advertisement
പ്രതിസന്ധി എട്ട് ദിവസം നീണ്ടുനിന്നു. കൊടുംഭീകരരായ മൗലാന മസൂദ് അസ്ഹർ, അഹമ്മദ് ഒമർ സയീദ് ഷെയ്ഖ്, മുഷ്താഖ് അഹമ്മദ് സർഗർ എന്നിവരെ മോചിപ്പിക്കണമെന്ന് തീവ്രവാദികൾ ആവശ്യപ്പെട്ടു. ബന്ദികളുടെ ജീവൻ രക്ഷിക്കാനുള്ള കടുത്ത സമ്മർദത്തിൻകീഴിൽ ഇന്ത്യൻ സർക്കാർ ഒടുവിൽ തീവ്രവാദികളെ മോചിപ്പിക്കാൻ സമ്മതിച്ചു. അന്നത്തെ വിദേശകാര്യ മന്ത്രി ജസ്വന്ത് സിംഗ് വ്യക്തിപരമായി ഭീകരരെ കാണ്ഡഹാറിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഈ നീക്കം ഇന്നും വിവാദമായി തുടരുകയാണ്.
IC 814: ദ കാണ്ഡഹാർ ഹൈജാക്ക് വെബ് സീരീസ്
അനുഭവ് സിൻഹ സംവിധാനം ചെയ്ത 'ഐസി 814: ദ കാണ്ഡഹാർ ഹൈജാക്ക്' ഓഗസ്റ്റ് 29 നാണ് നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്തത്. ഹൈജാക്ക് സംഭവത്തിൻ്റെ നാടകീയമായ പുനരാഖ്യാനമാണ് ഈ സീരീസ്. വിജയ് വർമ്മ, നസീറുദ്ദീൻ ഷാ, പങ്കജ് കപൂർ എന്നിവരുൾപ്പെടെയുള്ള താരനിരയാണ് പരമ്പരക്കുള്ളത്. ഹൈജാക്കിംഗിൻ്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് മാത്രമല്ല, ഭീകരരെ പ്രതിനിധീകരിക്കുന്നതിനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളും ഉയർന്നുവന്നുകഴിഞ്ഞു.
advertisement
സീരീസിൻ്റെ റിലീസിന് തൊട്ടുപിന്നാലെയാണ് വിവാദം പൊട്ടിപ്പുറപ്പെട്ടത്, ഹൈജാക്കിംഗുമായി ബന്ധപ്പെട്ട വസ്തുതകൾ ഈ സീരീസിൽ വളച്ചൊടിച്ചെന്ന് സോഷ്യൽ മീഡിയ ഉപയോക്താക്കൾ ആരോപിച്ചു. തീവ്രവാദികളുടെ ചിത്രീകരണത്തെ ചുറ്റിപ്പറ്റിയാണ് പ്രധാന വിവാദം. ഈ പരമ്പര ഹൈജാക്കർമാർക്ക് 'ശങ്കർ', 'ഭോല' എന്നീ പേരുകളാണ് ഉപയോഗിക്കുന്നത്. ഭീകരരുടെ യഥാർത്ഥ ഐഡൻ്റിറ്റികളും ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പുകളുമായുള്ള അവരുടെ ബന്ധവും മറയ്ക്കാനുള്ള ശ്രമമായി ഇതിനെ ചില പ്രേക്ഷകർ വ്യാഖ്യാനിക്കുന്നു.
എക്സ് ഉൾപ്പെടെയുളള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ, #BoycottNetflix, #BoycottBollywood തുടങ്ങിയ ഹാഷ്‌ടാഗുകൾ ട്രെൻഡുചെയ്യാൻ തുടങ്ങി. ഈ വെബ് സീരീസിന്റെ അണിയറക്കാർ ചരിത്രം തിരുത്തിയെഴുതുന്നുവെന്നും യഥാർത്ഥ ഹൈജാക്കർമാർ സൃഷ്ടിച്ച ഭീകരതയെ കുറച്ചുകാണുന്നുവെന്നുമാണ് വിമർശനം.
advertisement
ഭീകരതയെ വെള്ളപൂശാനും ഭീകരർക്ക് ഹിന്ദു പേരുകൾ നൽകി ഹിന്ദു സമൂഹത്തെ അപകീർത്തിപ്പെടുത്താനുമുള്ള 'നീചമായ ശ്രമമാണ്' ഈ പരമ്പരയെന്ന് ചില സോഷ്യൽ മീഡിയ യൂസർമാർ അവകാശപ്പെട്ടു.
വിവാദങ്ങൾ ശക്തമകുന്നതിനിടെ, ഇക്കര്യം കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിലും വന്നു. ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം നെറ്റ്ഫ്ലിക്‌സ് ഇന്ത്യയുടെ കണ്ടൻ്റ് ഹെഡ് മോണിക്ക ഷെർഗില്ലിനെ വിളിച്ചുവരുത്തിയതായി വൃത്തങ്ങൾ അറിയിച്ചു.
കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പ്രസ്താവന (ജനുവരി 6, 2000)
1999ലെ ഹൈജാക്കിംഗിന് തൊട്ടുപിന്നാലെ, അന്നത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി വിശദമായ പ്രസ്താവന പുറപ്പെടുവിച്ചിരുന്നു. സംഭവത്തെക്കുറിച്ചുള്ള നിർണായക വിവരങ്ങളും പാകിസ്ഥാൻ്റെ രഹസ്യാന്വേഷണ വിഭാഗമായ ഐഎസ്ഐയുടെ പങ്കാളിത്തവും വെളിപ്പെടുത്തി. ഹൈജാക്കർമാർക്കുള്ള സപ്പോർട്ട് സെല്ലിലെ പ്രധാന അംഗങ്ങളായ നാല് ഐഎസ്ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
advertisement
ഹൈജാക്കർമാർമാരായ സണ്ണി അഹമ്മദ് ഖാസി, ഷാക്കിർ എന്ന രാജേഷ് ഗോപാൽ വർമ്മ, മിസ്ത്രി സഹൂർ ഇബ്രാഹിം, ഷാഹിദ് അക്തർ സെയ്ദ്, ഇബ്രാഹിം അത്തർ എന്നിവർ വിമാനത്തിനുള്ളിൽ പരസ്പരം അഭിസംബോധന ചെയ്യാൻ ഭോല, ശങ്കർ, ഡോക്ടർ, ബർഗർ തുടങ്ങിയ വിളിപ്പേരുകൾ ഉപയോഗിച്ചതായി പ്രസ്താവനയിൽ പറയുന്നു.
യാത്രക്കാർക്ക് ഈ ഹൈജാക്കർമാർ യഥാക്രമം (1) ചീഫ്, (2) ഡോക്ടർ, (3) ബർഗർ, (4) ഭോല, (5) ശങ്കർ എന്നിങ്ങനെ പരസ്പരം വിളിച്ച പേരുകളാണ് അറിയാവുന്നത്.
advertisement
വെബ് സീരീസ് വലിയ വിവാദത്തിന് വഴിവച്ചുവെങ്കിലും റിലീസ് ചെയ്ത ദിവസം മുതൽ നെറ്റ്ഫ്ലിക്സിൽ ഏറ്റവുമധികം ആളുകൾ കണ്ട പരമ്പരകളിലൊന്നായി 'ഐസി 814: ദ കാണ്ഡഹാർ ഹൈജാക്ക്' മാറിയിരിക്കുകയാണ്.
ലോകമെമ്പാടു നിന്നുള്ള ബ്രേക്കിംഗ് ന്യൂസുകളുടെ ആഴത്തിലുള്ള വിശകലനത്തിന് News18 മലയാളത്തിനൊപ്പം വരൂ
Location :
Mumbai,Maharashtra
First Published :
September 02, 2024 5:16 PM IST
മലയാളം വാർത്തകൾ/ വാർത്ത/Explained/
Kandahar Hijack: രാജ്യത്തെ നടുക്കിയ വിമാനറാഞ്ചൽ; ' IC 814: ദ കാണ്ഡഹാർ ഹൈജാക്ക്' വെബ് സീരീസ് വിവാദമെന്ത്?