ജോലിസമയം കഴിഞ്ഞ് ഫോണ്‍കോളും സന്ദേശങ്ങളും സ്വീകരിക്കേണ്ട; കേരളം നിയമം പാസാക്കിയോ?

Last Updated:

സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ജോലിസമയത്തിനുശേഷം ഔദ്യോഗിക ഫോൺവിളികളും സന്ദേശങ്ങളും സ്വീകരിക്കാതിരിക്കാനുള്ള അവകാശമാണ് റൈറ്റ് ടു ഡിസ്കണക്റ്റ്

പ്രതീകാത്മക എ ഐ ചിത്രം
പ്രതീകാത്മക എ ഐ ചിത്രം
തിരുവനന്തപുരം: രാജ്യത്താദ്യമായി 'റൈറ്റ് ടു ഡിസ്കണക്റ്റ്' ബിൽ കേരള നിയമസഭയിൽ അവതരിപ്പിച്ചെന്നും പാസായെന്നുമൊക്കെ ഓൺലൈനിലും സോഷ്യൽ മീഡിയയിലും വലിയരീതിയിൽ പ്രചാരണം നടക്കുന്നു. എന്നാല്‍ ഇത്തരത്തിലൊരു ബിൽ കേരള നിയമസഭയിൽ അവതരിപ്പിക്കുകയോ പാസാക്കുകയോ ചെയ്തിട്ടില്ലെന്നതാണ് വസ്തുത. സ്വകാര്യമേഖലയിലെ ജീവനക്കാര്‍ക്ക് ജോലിസമയത്തിനുശേഷം ഔദ്യോഗിക ഫോൺവിളികളോ സന്ദേശങ്ങളോ സ്വീകരിക്കാതിരിക്കാനുള്ള അവകാശമാണ് റൈറ്റ് ടു ഡിസ്കണക്റ്റ്. അവതരിപ്പിക്കപ്പെടുകപോലും ചെയ്യാത്ത ബില്ലിന് ഇത്ര പ്രചാരം ലഭിക്കാൻ കാരണമെന്തെന്ന് നോക്കാം.
ജോലിയും വ്യക്തിജീവിതവും തമ്മിലുള്ള അതിരുകൾ മായ്ക്കുന്ന ആധുനിക സാങ്കേതികവിദ്യയുടെ വളർച്ചയിൽ നിന്ന് ഉടലെടുത്തതാണ് റൈറ്റ് ടു ഡിസ്കണക്റ്റ് എന്ന ആശയം. ജോലി സമയത്തിനുശേഷവും ഫോൺകോളുകളും സന്ദേശങ്ങളും സ്വീകരിക്കേണ്ടിവരുന്നത് ജീവനക്കാരിൽ സമ്മർദവും പിരിമുറുക്കവും വർധിപ്പിക്കുന്നു. ഇതിൽ നിന്നുള്ള മോചനം എന്ന നിലയിലാണ് ഇത്തരമൊരു ആശയം ഉയർന്നുവന്നത്. ഫ്രാൻസ്, ബെൽജിയം തുടങ്ങിയ രാജ്യങ്ങളിൽ നിയമപരമായി ഇത് നിലവിലുണ്ട്.
പ്രചാരണത്തിന് പിന്നിൽ
നിയമസഭയിൽ ഔദ്യോഗിക ബില്ലുകളും അനൗദ്യോഗിക അംഗങ്ങളുടെ (പ്രൈവറ്റ് മെമ്പേഴ്സ്) ബില്ലുകളുമുണ്ട്. ഔദ്യോഗിക ബില്ലുകള്‍ മന്ത്രിമാരാണ് അവതരിപ്പിക്കുന്നത്. എംഎല്‍എമാർ അനൗദ്യോഗിക അംഗങ്ങളാണ്. അവരാണ് അനൗദ്യോഗിക ബില്ലുകൾക്ക് നോട്ടീസ് നൽകുന്നത്. ഇവയെ സ്വകാര്യ ബില്ലുകൾ എന്നു പറയും. എംഎൽഎമാർക്ക് ബിൽ അവതരിപ്പിക്കാൻ നോട്ടീസ് നൽകാം. പക്ഷേ, സഭയിൽ അവതരിപ്പിക്കണമോ വേണ്ടയോ എന്നത് സർക്കാരാണ് തീരുമാനിക്കുക.
advertisement
നിയമസഭാ വെബ്സൈറ്റിൽ അനൗദ്യോഗിക അംഗങ്ങളുടെ ബില്ലുകളുടെ കൂട്ടത്തിൽ ചീഫ് വിപ്പും കാഞ്ഞിരപ്പള്ളി എംഎൽഎയുമായ ഡോ. എൻ ജയരാജ് നിര്‍ദേശിച്ച ഇത്തരമൊരു ബിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നാൽ സഭയിൽ‌ അവതരിപ്പിച്ചിട്ടില്ല എന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ, സഭ ഈ ബില്‍ പരിഗണിച്ചെന്നും നിയമം ഉടൻ നിലവിൽ വരുമെന്നുമാണ് വിവിധ ദേശീയ മാധ്യമങ്ങളിലും ഓൺലൈൻ പ്ലാറ്റ്ഫോമുകളിലും പ്രചരിക്കുന്നത്.
ജയരാജിന്റെ ബിൽ
‌വർക്ക് ലൈഫ് ബാലൻസ് മെച്ചപ്പെടുത്തുന്നതും ചൂഷണങ്ങൾ അവസാനിപ്പിക്കുന്നതും ലക്ഷ്യമിട്ടുള്ളതാണ് ഈ സ്വകാര്യ ബില്‍. ജോലി സമയം കഴിഞ്ഞാൽ ഔദ്യോഗിക കാര്യങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ ജീവനക്കാർക്ക് അവകാശമുണ്ടായിരിക്കും എന്നതാണ് ബില്ലിലെ ഒരു പ്രധാന നിർദേശം. ജോലി ചെയ്യാനുള്ള അവകാശം പോലെ തന്നെ തൊഴിൽ ചൂഷണത്തിന് ഇരയാകാതിരിക്കാനുള്ള അവകാശവും ജീവനക്കാർക്കുണ്ടെന്ന് ഓർമപ്പെടുത്തുന്നതാണ് ഈ ബില്ലിലെ നിർദേശങ്ങൾ. സംസ്ഥാനത്തെ സ്വകാര്യമേഖലയിലെ തൊഴിലിടങ്ങളിൽ ക്രൂരമായ ചൂഷണത്തിന് ഇരയാകുന്നവർക്ക് ഇത്തരമൊരു നിയമ നിർമാണം വേണമെന്ന് വാദിക്കുന്നവർ ഏറെയാണ്. അതേസമയം, ഇത്തരമൊരു നിയന്ത്രണം സ്വകാര്യമേഖലയിലെ മിക്കയിടങ്ങളിലും പ്രായോഗികമല്ലെന്ന വാദവും ഉയരുന്നുണ്ട്.
advertisement
അംഗീകാരം ലഭിച്ചത് ഒരേയൊരു സ്വകാര്യ ബില്ലിന് മാത്രം
കേരള നിയമസഭയുടെ ചരിത്രത്തിൽ സ്വകാര്യബിൽ അംഗീകരിച്ചത് ഒരേയൊരു തവണമാത്രമാണ്. 67 വർഷം മുമ്പ്.1958ൽ മഞ്ചേശ്വരം എംഎൽഎ എം ഉമേഷ് റാവുവാണ് ബിൽ അവതരിപ്പിച്ചത്. എംഎൽഎമാരുടെയും മന്ത്രിമാരുടെയും വേതനവും ആനുകൂല്യങ്ങളും ഉയര്‍ത്തണമെന്ന ബില്‍ സഭ പാസാക്കുകയായിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Explained/
ജോലിസമയം കഴിഞ്ഞ് ഫോണ്‍കോളും സന്ദേശങ്ങളും സ്വീകരിക്കേണ്ട; കേരളം നിയമം പാസാക്കിയോ?
Next Article
advertisement
News18 Investigation| മുകുന്ദൻ ഉണ്ണി ഒറിജിനൽ! ഇല്ലാത്ത അപകടങ്ങളുടെ പേരിൽ കോടികളുടെ ഇൻഷുറൻസ് തട്ടിപ്പ്; പിന്നിൽ‌ വൻ സംഘം
News18 Investigation| മുകുന്ദൻ ഉണ്ണി ഒറിജിനൽ! ഇല്ലാത്ത അപകടങ്ങളുടെ പേരിൽ കോടികളുടെ ഇൻഷുറൻസ് തട്ടിപ്പ്
  • അഭിഭാഷകരും പോലീസ് ഉദ്യോഗസ്ഥരും സർക്കാർ ഡോക്ടർമാരും ഉൾപ്പെട്ട വൻ സംഘമാണ് തട്ടിപ്പിന് പിന്നിൽ.

  • ഇൻഷുറൻസ് തട്ടിപ്പിൽ 66 പ്രതികൾ, വ്യാജ രേഖകൾ ഉപയോഗിച്ച് കോടികളുടെ തട്ടിപ്പ് നടത്തിയതായി പരാതി.

  • കോടതിയെ തെറ്റിദ്ധരിപ്പിച്ച് എഫ്ഐആർ രജിസ്റ്റർ ചെയ്ത് ഇൻഷുറൻസ് തട്ടിപ്പ് നടത്തുന്നതായി കണ്ടെത്തി.

View All
advertisement