• HOME
 • »
 • NEWS
 • »
 • explained
 • »
 • സജി ചെറിയാന്റെ മല്ലപ്പള്ളി പ്രസംഗം; മുങ്ങിയതും പൊങ്ങിയതും

സജി ചെറിയാന്റെ മല്ലപ്പള്ളി പ്രസംഗം; മുങ്ങിയതും പൊങ്ങിയതും

ഒരുപാട് മുങ്ങലുകളും മുക്കലുകളും കേട്ടിട്ടുണ്ട് രാഷ്ട്രീയ കേരളം. പക്ഷെ ഒരു പ്രസംഗം അപ്പാടെ മുങ്ങുക എന്നത് ആദ്യമായി കേൾക്കുന്ന കാര്യമാണ്

 • Share this:
  ഒരുപാട് മുങ്ങലുകളും മുക്കലുകളും കേട്ടിട്ടുണ്ട് രാഷ്ട്രീയ കേരളം. പക്ഷെ ഒരു പ്രസംഗം അപ്പാടെ മുങ്ങുക എന്നത് ആദ്യമായി കേൾക്കുന്ന കാര്യമാണ്. അതും സോഷ്യൽ മീഡിയയും മറ്റും സജീവമായ കാലത്ത്. മുക്കിയത് സിപിഎം മല്ലപ്പള്ളി ഏരിയാ കമ്മറ്റിയാണ്. മുങ്ങിയതാകട്ടെ രാജിവെച്ച മന്ത്രി സജി ചെറിയാന്റെ 40 മിനിറ്റ് നീണ്ട പ്രസംഗവും, ഒപ്പം രണ്ടര മണിക്കൂർ നീണ്ട പ്രതിവാര രാഷ്ചീയ നിരീക്ഷണ പരിപാടി അപ്പാടെയും.

  ന്യൂസ് 18 ആദ്യമായി ഈ പ്രസംഗത്തിലെ ഭരണഘടനാവിരുദ്ധത പുറത്തു കൊണ്ടു വന്നതിന് തൊട്ടുപിന്നാലെ, അതായത് 9.50 ന് വാർത്ത ബ്രേക്ക് ചെയ്യുന്നു.10 മണിക്ക് ഹെഡ്ലൈൻ അടിച്ച് ചർച്ച കയറുന്നു. 10:45 ഓടെ മല്ലപ്പള്ളി ഏരിയാ കമ്മറ്റിയുടെ ഫേസ്ബുക്കിൽ പേജിൽ നിന്ന് തന്നെ പരിപാടി അപ്പാടെ അപ്രത്യക്ഷമാകുന്നു. കൗതുകകരമായ കാര്യം മാധ്യമങ്ങളുടെ സാനിധ്യം ആ പരിപാടിയിൽ ഇല്ലായിരുന്നു എന്നതും, ഏരിയാകമ്മറ്റിയുടെ ചുമതലക്കാർ തന്നെയാണ് പ്രസംഗം ഫേസ്ബുക്ക് പേജിലൂടെ അപ്ലോഡ് ചെയ്തത് എന്നുമാണ്.

  ഏതായാലും ന്യൂസ് 18 വാർത്ത മറ്റ് മാധ്യമങ്ങൽ ഏറ്റെടുക്കുകയും രാഷ്ട്രീയ കേരളത്തിൽ വലിയ ചർച്ചകളിലേക്ക് പോകുകയും ചെയ്തത് മണിക്കൂറുകൾക്കകമാണ്. 42 മണിക്കൂറുകൾക്കകം മന്ത്രി രാജി വെച്ച് പോകേണ്ടിയും വന്നു. ഒരു പക്ഷെ ദിവസങ്ങൾ നീണ്ട ചർച്ചകളോ, പ്രതിഷേധങ്ങളെ സംഭവിക്കാതെ ഒരു മന്ത്രിയുടെ രാജി ഉണ്ടാകുന്നതും കേരള ചരിത്രത്തിൽ ആദ്യമാകാം.

  സർക്കാരിനോ പാർട്ടിക്കോ രക്ഷിക്കാൻ പറ്റാത്ത വിധം അപകടകരമായിരുന്നു സജി ചെറിയാന്റെ പ്രസംഗം എന്നതു തന്നെ ഇത്ര വേഗത്തിലൊരു രാജിയിലേക്ക് കാര്യങ്ങളെ എത്തിക്കുകയായിരുന്നു. തുടർന്ന് കേസായി, സജി എംഎൽഎ സ്ഥാനം രാജി വക്കണമെന്ന മുറവിളിയുമായി പ്രതിപക്ഷം. ആവശ്യത്തിന്റെ മൂർച്ച ആൽപം കുറച്ചിട്ടുണ്ടെങ്കിലും, കേസ് അന്വേഷിക്കാതെ തരമില്ലല്ലോ. അവിടെയാണ് മല്ലപ്പള്ളി ഏരിയാ കമ്മറ്റിയുടെ തന്ത്രം.

  കേസ് അന്വേഷിച്ച് പോലീസെത്തിയപ്പോൾ, പ്രസംഗം കൈവശമില്ല എന്ന പ്രതിരോധം. പരിപാടി മുഴുവൻ കാണാതെ എങ്ങനെ മുന്നോട്ട് പോകുമെന്ന ആശങ്ക പ്രകടിപ്പിച്ച് പോലീസും. പുതുയുഗത്തിൽ ഞങ്ങളടക്കമുള്ള മാധ്യമങ്ങളുടെ പക്കൽ ആ സമയത്ത് തന്നെ ഡൗൺലോഡ് ചെയ്ത പ്രസംഗം ഉണ്ടെന്ന വസ്തുത മനസ്സിലാകുന്നില്ലേ മല്ലപ്പള്ളിയിലേ ഉത്തരവാദിത്വ പെട്ടവർക്ക്. നിരുത്തരവാദപരമായി പ്രസ്താവനയിൽ എംഎൽഎ സ്ഥാനവും നഷ്ടപ്പെട്ടേക്കാം എന്ന ആശങ്ക പാർട്ടിക്കുണ്ട്.

  എംഎൽഎ സ്ഥാനവും രാജി വച്ച് പ്രതിസ്ഥാനത്ത് നിൽക്കേണ്ട പരുങ്ങലിൽ ആകുമോ ഇത്തരം പ്രതിവാദങ്ങൾ. പാർട്ടി കോടതിക്ക് മുന്നിൽ പ്രതി, പ്രസംഗിച്ച സജി ചെറിയാനോ, അതോ പാര്‍ട്ടിക്കാർ മാത്രം കേൾക്കേണ്ട പ്രസംഗം മാലോകരെ കേൾപ്പിക്ക തക്കവിധം അപ്ലോഡ് ചെയ്ത മല്ലപ്പള്ളി കമ്മറ്റിയോ?

  ഭരണ ഘടനയുടെ 158 ആം അനുച്ഛേദം അനുസരിച്ചുള്ള നിയമസഭാ സാമാജികനെന്ന പ്രതിഞ്ജയിലും, നിയമാനുസൃതം സ്ഥാപിതമായ ഭരണഘടനയോട് നിർവ്യാജം കൂറും വിശ്വാസവും രേഖപ്പെടുത്തും, എന്ന് സത്യപ്രതിഞ്ജ ചെയ്ത് ആൾ ജനങ്ങളെ കൊള്ളയടിക്കുന്ന ഭരണഘടന എന്ന് പറഞ്ഞതിലെ അപകടം മനസ്സിലാക്കാൻ സജി ചെറിയാനോ, മല്ലപ്പള്ളിയിൽ പ്രസംഗം കേട്ട പാര്‍ട്ടിക്കാർക്കോ, അത് അപ് ലോഡ് ചെയ്തവർക്കോ ആയില്ലേ.. മാത്രമല്ല പ്രസ്താവനയിൽ നിന്ന് പിന്നോട്ട് പോകാനോ തെറ്റ് സംഭവിച്ചു എന്ന് പറയാനോ ഇതുവരെ സജി ചെറിയാൻ തയ്യാറായിട്ടില്ല.

  കേസ് മുറുകുമ്പോൾ കോടതിയിൽ സ്വാഭാവികമായും പ്രോസിക്യൂഷൻ വെള്ളം കുടിക്കേണ്ടി വരും.എംഎൽഎ സ്ഥാനവും രാജി വപ്പിക്കാനും പ്രക്ഷോഭം നടത്തും എന്ന് പറഞ്ഞിരുന്ന പ്രതിപക്ഷം ഇപ്പോൾ വലിയ മിണ്ടാട്ടമില്ലാത്ത മട്ടാണ്.ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പെന്ന മറ്റൊരു പരീക്ഷണം ഉടനെ നേരിടാനുള്ള കോൺഗ്രസിന്റെ ശങ്ക ആണോ ഇതിന് പിന്നിലെന്നും വിലയിരുത്തേണ്ടി വരും.
  Published by:Naseeba TC
  First published: