അമേരിക്കയിൽ ഗ്യാസ് അടുപ്പുകൾ നിരോധിക്കുമോ ? ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് കണ്ടെത്തൽ
- Published by:Vishnupriya S
- news18-malayalam
Last Updated:
വീട്ടുപകരണങ്ങൾ ശ്വാസകോശ, ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്ന തരത്തിൽ വായു മലിനീകരണം ഉണ്ടാക്കുന്നു എന്നതാണ് കാരണം
വീട്ടുപകരണങ്ങളിൽ നിന്നുള്ള വായു മലിനീകരണം അമേരിക്കയിൽ വലിയ ആശങ്ക സൃഷ്ടിക്കുകയും, മാധ്യമവാർത്തകളിൽ ഇടം പിടിക്കുകയും ചെയ്തിരിക്കുകയാണ്. ഇതിനെ തുടർന്ന് അമേരിക്കയിൽ ഗ്യാസ് അടുപ്പുകൾക്ക് നിരോധനം ഏർപ്പെടുത്തുമെന്ന പ്രചാരണവും വ്യാപകമായി ഉണ്ടാകുന്നുണ്ട്. രാജ്യവ്യാപകമായി ഗ്യാസ് അടുപ്പുകൾ നിരോധിക്കാൻ ബൈഡൻ ഭരണകൂടം ആലോചിക്കുന്നതായാണ് റിപ്പോർട്ട്.
എന്നാൽ ഈ വാർത്തകൾ ചില വൈറ്റ് ഹൗസ് ഉദ്യോഗസ്ഥൻ നിഷേധിച്ചതായി ഫോക്സ് ബിസിനസ്സ് റിപ്പോർട്ട് ചെയ്യുന്നു. യുഎസ് ഉപഭോക്തൃ ഉൽപ്പന്ന സുരക്ഷാ കമ്മീഷൻ ഗ്യാസ് സ്റ്റൗവുകൾ നിരോധിക്കുന്ന കാര്യം പരിഗണിക്കുന്നതായി ബ്ലൂംബെർഗ് ആണ് നേരത്തെ റിപ്പോർട്ട് ചെയ്തത്. വീട്ടുപകരണങ്ങൾ ശ്വാസകോശ, ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്ന തരത്തിൽ വായു മലിനീകരണം ഉണ്ടാക്കുന്നു എന്നായിരുന്നു ഇതിന് കാരണമായി പറഞ്ഞത് .
” സുരക്ഷ ഉറപ്പാക്കാൻ ഒരു ഏജൻസി ഇവിടെ പ്രവർത്തിക്കുന്നുണ്ട്, സുരക്ഷിതമല്ലാത്ത ഏത് ഉപകരണവും നിരോധിക്കാനുള്ള വിവേചനാധികാരം ഞങ്ങൾക്കുണ്ട് ” എന്നാണ് വീട്ടുപകരണങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്താൻ ബൈഡൻ നിയമിച്ച കമ്മീഷണർ റിച്ചാർഡ് ട്രുംക ജൂനിയർ ബ്ലൂംബെർഗിനോട് പറഞ്ഞത്. യുഎസിലെ 35 % വീടുകളിലും ഉപയോഗിക്കുന്ന ഗ്യാസ് സ്റ്റവ് നൈട്രജൻ ഡയോക്സൈഡ്, കാർബൺ മോണോക്സൈഡ് തുടങ്ങിയ വിഷവാതകങ്ങൾ പുറത്തു വിടുന്നു.
advertisement
ഇവ പരിസ്ഥിതി സംരക്ഷണ ഏജൻസിയും ലോകാരോഗ്യ സംഘടനയും അനുവദിച്ചിട്ടുള്ള അളവിനേക്കാൾ കൂടുതലാണ്. ഇത് ഹൃദയ സംബന്ധമായ പ്രശ്നങ്ങൾക്കും ക്യാൻസറിനും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കാം. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ന്യൂസ് 18 ഇതിന്റെ ശാസ്ത്രീയ അടിത്തറ പരിശോധിക്കുകയാണ്.
ഗ്യാസ് അടുപ്പിന്റെ അപകടങ്ങൾ എന്തൊക്കെയാണ്?
ഗ്യാസ് അടുപ്പിന്റെ അപകടം അര നൂറ്റാണ്ടായി നടക്കുന്ന പഠനങ്ങളിൽ കാണുന്നുണ്ട്. ഗ്യാസ് അടുപ്പിന്റെ പ്രശ്‌നം എന്താണെന്ന് വോക്‌സിന്റെ ഒരു റിപ്പോർട്ട് വിശദീകരിക്കുന്നുണ്ട്. നിങ്ങൾ കുക്കറോ ഓവനോ ഉപയോഗിക്കുമ്പോൾ, അത് ഹരിതഗൃഹവാതകമായ മീഥേൻ പുറത്തു വിടുന്നുണ്ട്. കാർബൺ മോണോക്സൈഡ്, ഫോർമാൽഡിഹൈഡ് തുടങ്ങിയ മറ്റ് മാലിന്യങ്ങൾ അടുക്കളയിലെ ചിമ്മിനിയിൽ അടിഞ്ഞു കൂടുന്നു. ഏറ്റവും ഗുരുതരമായ ആശങ്ക നൈട്രജൻ ഡയോക്സൈഡ് ആണ്, ഇത് ഹൃദയ സംബന്ധമായ പ്രശ്നങ്ങൾക്കും ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്കും കാരണമാകുന്നു.
advertisement
ഇത് ആളുകളിൽ, പ്രത്യേകിച്ച് കുട്ടികളിൽ ആസ്തമയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കും. വായു മലിനീകരണം ശ്വാസനാളത്തിലെ വീക്കം, ചുമ, ശ്വാസതടസ്സം, ആസ്ത്മ പ്രശ്നങ്ങൾ എന്നിവ വർദ്ധിക്കാൻ കാരണമാകും. കുട്ടികൾ, പ്രായമായവർ, ശ്വാസകോശ രോഗമുള്ളവർ എന്നിവർ ഇത്തരം അന്തരീക്ഷത്തിൽ നിന്ന് മാറി നിൽക്കുന്നത് നല്ലതാണ്. മീഥേൻ കത്തുമ്പോൾ ഉണ്ടാകുന്ന ഒരു ഉപോൽപ്പന്നമാണ് നൈട്രജൻ ഓക്സൈഡുകൾ.
advertisement
ഗ്യാസ് അടുപ്പ് അല്ലെങ്കിൽ ഓവൻ പ്രവർത്തിപ്പിക്കുമ്പോൾ വീടിനുള്ളിലെ അന്തരീക്ഷത്തിൽ നൈട്രജൻ ഓക്സൈഡുകൾ കൂടുതലായി വ്യാപിക്കുന്നു. ദീർഘനാളായി നടക്കുന്ന ഗവേഷണനങ്ങളിലെ കണ്ടെത്തലുകൾ അനുസരിച്ച് , ഗ്യാസ് അടുപ്പും ഓവനും ഉപയോഗിക്കുമ്പോൾ നൈട്രജൻ ഡയോക്സൈഡ് കൂടുതലായി ഉല്പാദിപ്പിക്കപ്പെടുന്നു. 1980 കളിൽ ഗ്യാസ് അടുപ്പുകളുമായി ബന്ധപ്പെട്ട് ഉണ്ടാകാനിടയുള്ള ആരോഗ്യ പ്രശ്നങ്ങളെ കുറിച്ച് CPSC (Consumer Product Safety Commission) യും EPA യും (U.S. Environmental Protection Agency ) മുന്നറിയിപ്പ് നൽകിയിരുന്നു.
“കുറഞ്ഞത് 1990 കൾ മുതലെങ്കിലും സമൂഹത്തിന് ഇതിന്റെ അപകടങ്ങളെക്കുറിച്ച് അറിയാമായിരുന്നു” എന്നാണ്” കൊളറാഡോ ബോൾഡർ സർവകലാശാലയിലെ പരിസ്ഥിതി എഞ്ചിനീയറായ ഷെല്ലി മില്ലർ പറയുന്നത്. ഇന്റർനാഷണൽ ജേണൽ ഓഫ് എൻവയോൺമെന്റൽ റിസർച്ച് ആൻഡ് പബ്ലിക് ഹെൽത്തിൽ ഡിസംബറിൽ പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ട് അനുസരിച്ച്, അമേരിക്കയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന കുട്ടികളുടെ ആസ്ത്മ കേസുകളിൽ 13 ശതമാനത്തിനും കാരണം ഗ്യാസ് അടുപ്പിന്റെ ഉപയോഗം ആണ്.
advertisement
സെക്കൻഡ് ഹാൻഡ് സ്മോക്കിങ് പോലെ പാചകം അപകടകരമാണോ ?
അമേരിക്കയിലെ കുട്ടികളിലെ ആസ്തമ കേസുകളിൽ 12.7 ശതമാനത്തിനും കാരണം ഗ്യാസ് ഉപയോഗിച്ച് വീടിനുള്ളിൽ പാചകം ചെയ്യുന്നത് ആണെന്നും അതുമൂലം ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെ സെക്കൻഡ് ഹാൻഡ് സ്മോക്കിങ് മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളുമായി താരതമ്യം ചെയ്യാമെന്നും പഠനം പറയുന്നു. ഒരാൾ വലിച്ചു പുറത്തേക്ക് വിടുന്ന പുക പുകവലിക്കാത്തവരെ മാരകമായി ബാധിക്കും. ഇതിനെയാണ് സെക്കൻഡ് ഹാൻഡ് സ്മോക്കിങ് എന്ന് പറയുന്നത്.
advertisement
യു.എസ് ഊർജ സെക്രട്ടറി ജെന്നിഫർ ഗ്രാൻഹോം ഉൾപ്പെടെയുള്ളവർ ഇലക്ട്രിക്, ഇൻഡക്ഷൻ സ്റ്റൌ ഉപയോഗിക്കണമെന്ന് ആഹ്വാനം ചെയ്തിരുന്നു. അമേരിക്കയിൽ ഏകദേശം 35% ഗ്യാസ് അടുപ്പുകൾ ഉണ്ട്, അവയിലൂടെ ഉയർന്ന അളവിലുള്ള നൈട്രജൻ ഡയോക്സൈഡ് പുറന്തള്ളപ്പെടുന്നുമുണ്ട്, ഇത് ഉയർന്ന ആസ്ത്മ നിരക്കുമായി ബന്ധപ്പെട്ടിരിക്കുന്നു. ഗ്യാസ് അടുപ്പുകളോട് സമ്പർക്കം പുലർത്തിയില്ലായിരുന്നുവെങ്കിൽ പല കുട്ടികൾക്കും ആസ്ത്മ ബാധിക്കില്ലായിരുന്നു എന്നും പഠനം പറയുന്നു.
“ഗ്യാസ് അടുപ്പ് ഉപയോഗിക്കുന്നത് ഒരു പുകവലിക്കാരൻ നിങ്ങളുടെ വീട്ടിൽ താമസിക്കുന്നത് പോലെയാണ്”, എന്നും ഗവേഷകർ പറയുന്നു. ഓസ്‌ട്രേലിയയിലെ കുട്ടികളിലെ ആസ്ത്മയുടെ 12.3 ശതമാനവും ഗ്യാസ് അടുപ്പുകളുമായി ബന്ധപ്പെട്ടതാണെന്നും പഠനങ്ങള് തെളിയിച്ചിരുന്നു. “ഞങ്ങൾക്ക് ഇത് പരിഹരിക്കാനാകും, പരിഹരിക്കണം,” അമേരിക്കൻ ഊർജ സെക്രട്ടറി ഗ്രാൻഹോം ട്വിറ്ററിലൂടെ പ്രതികരിച്ചു. പ്രസിഡന്റ് ജോ ബൈഡന്റെ നയങ്ങൾ അമേരിക്കക്കാരെ ഇലക്ട്രിക്, ഇൻഡക്ഷൻ കുക്ക്ടോപ്പുകളിലേക്ക് കൂടുതൽ ആകർഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
advertisement
എലിസബത്ത് വാറൻ, ബെർണി സാൻഡേഴ്‌സ് എന്നിവരുൾപ്പെടെ ഇരുപത് ഡെമോക്രാറ്റിക് സെനറ്റർമാർ ഈ വിഷയത്തിൽ നടപടിയെടുക്കാൻ ആവശ്യപ്പെട്ടിരുന്നു. ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തിൽ, കുട്ടികളിൽ ഏറ്റവും സാധാരണമായ, വിട്ടുമാറാത്ത രോഗമാണ് ആസ്ത്മ, ഇത് ലോകമെമ്പാടുമുള്ള 262 ദശലക്ഷം ആളുകളെ ബാധിക്കുകയും 2019 ൽ 4,55,000 മരണങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നു.
ഇക്കാര്യത്തിൽ എന്ത് പ്രായോഗിക നടപടിയാണ് ഉണ്ടാകുന്നതെന്നാണ് അമേരിക്കൻ ജനത ഉറ്റുനോക്കുന്നത്. ഏതു തരം സ്റ്റവ്വിലും അപകടമുണ്ട് എന്നാണ് ഗ്യാസ് സ്റ്റൗ നിർമാതാക്കൾ പറയുന്നത് . യഥാർത്ഥ പ്രശ്നം വായുസഞ്ചാരമാണ് എന്നാണ് അവരുടെ വാദം. ഗ്യാസ് സ്റ്റൗ നിരോധിച്ചിട്ടു കാര്യമില്ല എന്നും അവർ വാദിക്കുന്നു. ജനങ്ങളുടെ ആരോഗ്യത്തിനാണോ ഗ്യാസ് ലോബി ഗ്രൂപ്പിന്റെ സമ്മർദ്ദത്തിനാണോ സർക്കാരിൽ സ്വാധീനം എന്നാണ് ഇനി അറിയാനുള്ളത്.
ഗ്യാസ് അടുപ്പുകളുടെ നിരോധന വാർത്തകളെ ഇപ്പോൾ വൈറ്റ് ഹൗസ് നിഷേധിച്ചിരിക്കുകയാണ്. എന്നാൽ പ്രസിഡന്റ് ബൈഡൻ തന്നെ നേരിട്ട് നിയമിച്ച കമ്മീഷണർ റിച്ചാർഡ് ട്രുംക ജൂനിയർ പറയുന്നത് നിരോധനം ഉൾപ്പെടെയുള്ള തീരുമാനങ്ങൾ തങ്ങളുടെ വിവേചനാധികാരത്തിലുള്ളതും, അത് ഞങ്ങളുടെ പരിഗണയിൽ ആണെന്നുമാണ്. നിരോധിക്കില്ല എന്ന വൈറ്റ് ഹൗസ് പ്രസ്താവനയും പരിഗണിക്കുന്നു എന്ന കമ്മീഷണറുടെ പ്രസ്താവനയും ആശയകുഴപ്പം ഉണ്ടാക്കിയിട്ടുണ്ട്. ഇതിൽ വ്യക്തത വരാതെ ഈ പ്രശ്‌നത്തിന് ശാശ്വത പരിഹാരം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാൻ കഴിയില്ല.
ലോകമെമ്പാടു നിന്നുള്ള ബ്രേക്കിംഗ് ന്യൂസുകളുടെ ആഴത്തിലുള്ള വിശകലനത്തിന് News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
January 14, 2023 2:46 PM IST
മലയാളം വാർത്തകൾ/ വാർത്ത/Explained/
അമേരിക്കയിൽ ഗ്യാസ് അടുപ്പുകൾ നിരോധിക്കുമോ ? ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് കണ്ടെത്തൽ