വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികം; ലോക്‌സഭയില്‍ പത്ത് മണിക്കൂര്‍ നീളുന്ന പ്രത്യേക ചര്‍ച്ച എന്തുകൊണ്ട്?

Last Updated:

ബിജെപിയെ സംബന്ധിച്ച് ചരിത്രപരമായ തീരുമാനങ്ങള്‍ പുനഃപരിശോധിക്കാനും സംസ്‌കാരിക ആത്മവിശ്വാസത്തിന്റെയും നാഗരിക പൈതൃകത്തിന്റെയും പ്രതീകമായി വന്ദേമാതരത്തെ അവതരിപ്പിക്കാനുള്ള അവസരമാണിത്

News18
News18
ദേശീയ ഗീതമായ വന്ദേമാതരം അച്ചടിച്ചതിന്റെ 150-ാം വാര്‍ഷികത്തോടനുബന്ധിച്ച് ലോക്‌സഭയില്‍ ഇന്ന് പ്രത്യേക ചര്‍ച്ച നടക്കും. പത്ത് മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന ചര്‍ച്ചയ്ക്കായാണ് പാര്‍ലമെന്റ് സമ്മേളിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി സഭയെ അഭിസംബോധന ചെയ്യും. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ആയിരിക്കും ചര്‍ച്ച അവസാനിപ്പിക്കുന്നത്. ചൊവ്വാഴ്ച രാജ്യസഭയിലും സമാനമായ വന്ദേമാതര ചര്‍ച്ച ആസൂത്രണം ചെയ്തിട്ടുണ്ട്. രാജ്യസഭയില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ ചര്‍ച്ചയ്ക്ക് തുടക്കമിടും.
ഇതോടെ വന്ദേമാതരം വീണ്ടും ഇന്ത്യയുടെ രാഷ്ട്രീയ ചര്‍ച്ചയുടെ കേന്ദ്ര ബിന്ദുവായി തിരിച്ചെത്തിയിരിക്കുകയാണ്. 1870-കളിലാണ് വന്ദേമാതരം രചിക്കപ്പെട്ടത്. ബങ്കിം ചന്ദ്ര ചതോപാധ്യായ് രചിച്ച വന്ദേമാതരം സ്വാതന്ത്ര്യ സമര സേനാനികളെ ആവേശം കൊള്ളിച്ച ഗാനമാണ്. ഈ ഗീതത്തിന്റെ പ്രധാനപ്പെട്ടതും അജ്ഞാതവുമായ വശങ്ങള്‍ പാര്‍ലമെന്റ് ചര്‍ച്ചയിലൂടെ വെളിപ്പെടുത്തുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്.
അതേസമയം, പ്രതിപക്ഷം ഇക്കാര്യത്തില്‍ ഭിന്നിച്ച് നില്‍ക്കുകയാണ്. തൃണമൂല്‍ കോണ്‍ഗ്രസ് ചര്‍ച്ചയെ പിന്തുണച്ചിട്ടുണ്ടെങ്കിലും ചര്‍ച്ചയുടെ സമയത്തെ കോണ്‍ഗ്രസ് ചോദ്യം ചെയ്തു. തിരിഞ്ഞെടുപ്പ് പരിഷ്‌കാരങ്ങളില്‍ നിന്നും എസ്‌ഐആര്‍ വിഷയത്തില്‍ നിന്നും ശ്രദ്ധതിരിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ഇതിലൂടെ ശ്രമിക്കുന്നതെന്നും കോണ്‍ഗ്രസ് ആരോപിച്ചു.
advertisement
150 വര്‍ഷം പഴക്കമുള്ള ഒരു കവിത എന്തുകൊണ്ടാണ് ഒരു പ്രധാന പാര്‍ലമെന്ററി ഏറ്റുമുട്ടലിന്റെ വിഷയമായി മാറിയത്?  അതിന്റെ ഉത്തരം ഗാനത്തെ ചുറ്റിപ്പറ്റിയുള്ള രാഷ്ട്രീയ ആഖ്യാനങ്ങളില്‍ അധിഷ്ടിതമാണ്. അത് എന്താണെന്ന് നോക്കാം
കോണ്‍ഗ്രസിനെതിരെയുള്ള പ്രധാനമന്ത്രിയുടെ ആരോപണം
ദേശീയ ഗീതവുമായി ബന്ധപ്പെട്ട് 1937-ല്‍ എടുത്ത ഒരു തീരുമാനത്തില്‍ കോണ്‍ഗ്രസിനെ കഴിഞ്ഞ മാസം പ്രധാനമന്ത്രി നരേന്ദ്ര മോദി നിശിതമായി വിമര്‍ശിച്ചിരുന്നു. 1937-ല്‍ വന്ദേമാതരത്തിന്റെ പ്രധാന ശ്ലോകങ്ങള്‍, അതിന്റെ ആത്മാവിന്റെ ഒരു ഭാഗം വേര്‍പെടുത്തപ്പെട്ടതായി മോദി പറഞ്ഞു. വന്ദേമാതരത്തിന്റെ വിഭജനം ഇന്ത്യയിൽ വിഭജനത്തിന്റെ വിത്തുകള്‍ വിതച്ചതായും മോദി പറഞ്ഞു. രാഷ്ട്രനിര്‍മാണത്തിന്റെ ഈ മഹാമന്ത്രം ഉപയോഗിച്ച് കോൺഗ്രസ് ഈ അനീതി ചെയ്തത് എന്തിനാണെന്ന് ഇന്നത്തെ തലമുറ അറിയേണ്ടതുണ്ടെന്നും മോദി പറഞ്ഞു. ഈ വിഭജന മനോഭാവം രാജ്യത്ത് ഇപ്പോഴും ഒരു വെല്ലുവിളിയായി തുടരുകയാണെന്നും മോദി പറഞ്ഞതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
advertisement
വന്ദേമാതരം ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിന്റെ ശബ്ദമായി മാറിയിരുന്നുവെന്നും അത് ഓരോ ഇന്ത്യക്കാരന്റെയും വികാരങ്ങള്‍ പ്രകടിപ്പിച്ചിരുന്നതായും മോദി ചൂണ്ടിക്കാട്ടി. വന്ദേമാതരത്തിലെ നിര്‍ണായക ഭാഗങ്ങള്‍ വെട്ടി മാറ്റിയത് അനീതിയാണെന്നും പ്രധാനമന്ത്രി വിശേഷിപ്പിച്ചു. യഥാര്‍ത്ഥ രചനയുടെ ആറ് ശ്ലോകങ്ങളും മോദി ചൊല്ലുകയും ചെയ്തിരുന്നു. സ്വാതന്ത്ര്യത്തിന് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് കോണ്‍ഗ്രസ് സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങിയതായും മോദി ആരോപിച്ചു.
കോണ്‍ഗ്രസ് ആരോപണങ്ങള്‍ തള്ളി 
എന്നാല്‍, പ്രധാനമന്ത്രിയുടെ ഈ ആരോപണങ്ങളെല്ലാം കോണ്‍ഗ്രസ് നിഷേധിച്ചു. ആരോപണങ്ങള്‍ക്ക് മറുപടിയായി മഹാത്മാഗാന്ധി, ജവഹര്‍ലാല്‍ നെഹ്‌റു, സര്‍ദാര്‍ പട്ടേല്‍, സുഭാഷ് ചന്ദ്രബോസ്, രാജേന്ദ്ര പ്രസാദ്, മൗലാന ആസാദ്, സരോജിനി നായിഡു എന്നിവര്‍ ഉള്‍പ്പെട്ട 1937-ലെ വര്‍ക്കിംഗ് കമ്മിറ്റി തീരുമാനത്തെക്കുറിച്ച് പാര്‍ട്ടി പരാമര്‍ശിച്ചു.
advertisement
യഥാര്‍ത്ഥ രചനയിലെ ആദ്യ രണ്ട് ശ്ലോകങ്ങള്‍ മാത്രമേ സ്വീകരിച്ചിട്ടുള്ളു എന്നാണ് കോണ്‍ഗ്രസ് വാദിക്കുന്നത്. കവിതയിലെ ബാക്കിയുള്ള ഭാഗങ്ങളില്‍ മുസ്ലീം സമൂഹത്തിലെ ചില വിഭാഗങ്ങള്‍ക്കിടയില്‍ എതിര്‍പ്പിന് കാരണമായ മതപരമായ ചില ആഖ്യാനങ്ങള്‍ ഉണ്ടായിരുന്നതായും പാര്‍ട്ടി പറയുന്നു. സ്വാതന്ത്ര്യ പ്രസ്ഥാനത്തിനുള്ളില്‍ ഐക്യം ഉറപ്പാക്കാനാണ് ഈ തീരുമാനമെടുത്തതെന്നും പാര്‍ട്ടി വാദിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് രവീന്ദ്രനാഥ ടാഗോര്‍ ജവഹര്‍ലാല്‍ നെഹ്‌റുവിന് അയച്ച ഒരു കത്തും കോണ്‍ഗ്രസ് നേതാക്കള്‍ ഉദ്ധരിച്ചു. ഗീതത്തിലെ രണ്ട് ശ്ലോകങ്ങള്‍ മാത്രമേ ഉപയോഗിക്കാവു എന്ന് കത്തില്‍ ടാഗോര്‍ ആവശ്യപ്പെട്ടതായും പാര്‍ട്ടി അവകാശപ്പെട്ടു.
advertisement
ആരോപണങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മാപ്പ് പറയണമെന്നും കോണ്‍ഗ്രസ് വാദിച്ചു. മോദി ചരിത്രത്തെ വളച്ചൊടിച്ചതായും നിലവിലെ ദേശീയ പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കാന്‍ ശ്രമിച്ചതായും പാര്‍ട്ടി ആരോപിച്ചു.
പാര്‍ലമെന്റ് ചര്‍ച്ചയില്‍ ബിജെപി പറയാന്‍ ഉദ്ദേശിക്കുന്നത്
വന്ദേമാതരം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യുമ്പോള്‍ ചരിത്രപരമായ അഭിപ്രായ വ്യത്യാസങ്ങള്‍ പാര്‍ട്ടി മുന്നോട്ടുവയ്ക്കുമെന്ന് ബിജെപി വക്താക്കള്‍ സൂചന നല്‍കിയിട്ടുണ്ട്. വന്ദേമാതരവും ആനന്ദമഠം നോവലുമായുള്ള ബന്ധം മുസ്ലീങ്ങളെ അലോസരപ്പെടുത്തുമെന്നും രചനയുടെ ചില ഭാഗങ്ങള്‍ പിന്തുടാന്‍ പ്രയാസമാണെന്നും നെഹ്‌റു വിശ്വസിച്ചിരുന്നതായി സംബിത് പത്ര പറഞ്ഞു. വിഷയത്തില്‍ നെഹ്‌റു സ്വീകരിച്ചിരുന്ന യഥാര്‍ത്ഥ നിലപാട് ചര്‍ച്ചയില്‍ വെളിപ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു.
advertisement
ചര്‍ച്ചയ്ക്ക് മുന്നോടിയായി ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരി ഒരു വിശദമായ പോസ്റ്റ് പങ്കുവെച്ചു. "നാളെ ഒരു ചരിത്ര ദിനമാണ്. നമ്മുടെ പാര്‍ലമെന്റ് ലോക്‌സഭയില്‍ വന്ദേമാതരത്തിന്റെ 150 വര്‍ഷത്തെക്കുറിച്ച് ഒരു പ്രത്യേക ചര്‍ച്ച നടത്തും. രാജ്യം വന്ദേമാതരത്തിന്റെ 150 വര്‍ഷത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ ചില ചരിത്ര വസ്തുതകള്‍ നാം മറക്കരുത്", എന്നായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റ്.
* സുഭാഷ് ചന്ദ്രബോസിനെപ്പോലുള്ള കോണ്‍ഗ്രസുകാരുടെ എതിര്‍പ്പ് വകവയ്ക്കാതെ വോട്ട് ബാങ്ക് രാഷ്ട്രീയത്തിനായി ജവഹര്‍ലാല്‍ നെഹ്‌റു വന്ദേമാതരം വെട്ടിച്ചുരുക്കി.
advertisement
* വന്ദേമാതരം ശ്ലോകങ്ങള്‍ എഡിറ്റ് ചെയ്യണമെന്ന മുസ്ലീം ലീഗിന്റെയും ജിന്നഹയുടെയും ആവശ്യത്തിന് 1937-ല്‍ നെഹ്‌റു വഴങ്ങി.
* 1896-ല്‍ ഡിസംബറിലെ കോൺഗ്രസ് സമ്മേളനത്തില്‍ ഗുരുദേവ് രവീന്ദ്രനാഥ ടാഗോര്‍ വന്ദേമാതരം മുഴുവനും പാരായണം ചെയ്തപ്പോള്‍ കോണ്‍ഗ്രസ് പ്രസിഡന്റ് മുസ്ലീം നേതാവ് റഹിംതുള്ള എം സയാനി ആയിരുന്നു.
* ബങ്കിം ചന്ദ്ര ചതോപാധ്യായ് 1875-ല്‍ രചിച്ച വന്ദേമാതരം ബ്രിട്ടീഷുകാര്‍ക്കെതിരായ പോരാട്ടത്തില്‍ ഹിന്ദുക്കളെയും മുസ്ലീങ്ങളെയും ഒന്നിപ്പിച്ചു.
* 1905-ല്‍ ബ്രിട്ടീഷുകാരുടെ ബംഗാൾ വിഭജനത്തിനെതിരെയുള്ള പ്രതിഷേധ റാലിയിലെ പ്രധാന മുദ്രാവാക്യം സമ്പൂര്‍ണ്ണ വന്ദേമാതരം ആയിരുന്നു.
* തീവ്രവാദികളുടെയും മതമൗലികവാദികളുടെയും എതിര്‍പ്പുകള്‍ പരിഗണിച്ച് കോണ്‍ഗ്രസ് വന്ദേമാതരം രണ്ട് ശ്ലോകങ്ങളിലേക്ക് ചുരുക്കി.
ഈ പ്രീണന മനോഭാവത്തെ മുസ്ലീം ലീഗ് മാവോവാദി കോണ്‍ഗ്രസ് എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വിശേഷിപ്പിച്ചത്.
ഇന്ത്യയുടെ നാഗരികതയുടെ ആത്മാവിലും ദേശീയ ചിഹ്നങ്ങളിലും വന്ദേമാതരത്തിലും കോണ്‍ഗ്രസ് എല്ലായ്‌പ്പോഴും അസ്വസ്ഥരായിരുന്നു. ഒരു പൊതുറാലിയില്‍ വന്ദേമാതരം ചൊല്ലുന്നത് തടസപ്പെടുത്താന്‍ താന്‍ വൈകുമെന്ന കാരണം പറഞ്ഞ് രാഹുല്‍ ഗാന്ധി കെസി വേണുഗോപാലിനോട് ആവശ്യപ്പെട്ടതായും ബിജെപി പരാമര്‍ശിച്ചു. ഇതൊക്കെയാണ് ബിജെപി ചർച്ചയിൽ മുന്നോട്ടുവെക്കുന്ന വാദങ്ങൾ.
കോണ്‍ഗ്രസിന്റെ ഈ നിലപാടിന് കാരണം എന്താണെന്ന് മനസ്സിലാക്കാന്‍ 1937-ലെ തീരുമാനം പുനഃപരിശോധിക്കണമെന്ന് ബിജെപി വാദിക്കുന്നു. രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ വഴി തകര്‍ക്കപ്പെട്ട ഒരു ഏകീകരണ ശക്തിയായിട്ടാണ് ഗീതത്തെ പാര്‍ട്ടി നേതാക്കള്‍ കാണുന്നത്.
കോണ്‍ഗ്രസ് പ്രതിരോധ നിലപാട് സ്വീകരിച്ചത് എന്തുകൊണ്ട് ?
ബിജെപി നിലനില്‍ക്കുന്നതിന് വളരെ മുമ്പ് തന്നെ വന്ദേമാതരം ഉയര്‍ത്തിക്കാട്ടിയിരുന്നുവെന്നും ഗാന്ധി, നെഹ്‌റു, പട്ടേല്‍ തുടങ്ങിയ നേതാക്കള്‍ സ്വാതന്ത്ര്യസമരകാലത്ത് ഇത് പതിവായി ഉപയോഗിച്ചിരുന്നതായും കോണ്‍ഗ്രസ് വാദിക്കുന്നു. രണ്ട് ശ്ലോകങ്ങള്‍ സ്വീകരിക്കാനുള്ള തീരുമാനം ടാഗോറിന്റെ ഉപദേശത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്നും വര്‍ഗീയ ഭിന്നതകള്‍ രൂക്ഷമായിരുന്ന സമയത്ത് ഐക്യം ഉറപ്പാക്കാനാണ് അന്നത്തെ നേതൃത്വം ലക്ഷ്യമിട്ടതെന്നും പാര്‍ട്ടി പറയുന്നു.
തങ്ങളുടെ ചരിത്രപരമായ പങ്ക് ഉയര്‍ത്തിക്കാട്ടി ബിജെപിയുടെ ആരോപണങ്ങളെ നേരിടുമെന്നും പാര്‍ട്ടി നേതാക്കള്‍ പറഞ്ഞു. സമകാലിക വിഷയങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കാന്‍ ബിജെപി സാംസ്‌കാരിക പ്രതീകങ്ങൾ ഉപയോഗിക്കുന്നതായും കോണ്‍ഗ്രസ് ആരോപിച്ചു.
വന്ദേമാതരത്തിന്റെ പിറവി
1870-കളില്‍ ബ്രിട്ടീഷ് ഭരണത്തിനു കീഴില്‍ ഡെപ്യൂട്ടി മജിസ്‌ട്രേറ്റായി സേവനമനുഷ്ഠിച്ചിരുന്ന ബങ്കിം ചന്ദ്ര ചതോപാധ്യായ് ആണ് വന്ദേമാതരം രജിച്ചത്. കൊളോണിയല്‍ നയങ്ങളില്‍ വളരെ അസ്വസ്ഥനായിരുന്നു അദ്ദേഹം.
1875 നവംബര്‍ 7-ന് അദ്ദേഹം തന്റെ ബംഗാള്‍ മാസികയായ ബംഗദര്‍ശനില്‍ കവിത പ്രസിദ്ധീകരിച്ചു. പൂര്‍ണ്ണ പതിപ്പ് പിന്നീട് 1882-ല്‍ പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ ആനന്ദമഠം എന്ന നോവലില്‍ പ്രത്യക്ഷപ്പെട്ടു. അതില്‍ ഒരു സന്യാസിയായ ഭവനാനന്ദ് ആണ് ഇത് ആലപിക്കുന്നത്. സംസ്‌കൃതത്തില്‍ രചിക്കപ്പെട്ട ആദ്യ രണ്ട് ശ്ലോകങ്ങളില്‍ ഇന്ത്യയെ ദുര്‍ഗ്ഗാ ദേവിയായി ചിത്രീകരിക്കുന്നതാണ്. അതേസമയം ബംഗാളി ഭാഷയിലുള്ള ബാക്കി ഭാഗത്ത് മാതൃരാജ്യത്തിന്റെ സൗന്ദര്യത്തെയും ചൈതന്യത്തെയും വിവരിക്കുന്നു. ബ്രിട്ടീഷ് ഗാനമായ 'ഗോഡ് സേവ് ദി ക്വീനി'ന് പകരമായാണ് ചതോപാധ്യായ് വന്ദേമാതരം സങ്കല്‍പ്പിച്ചതെന്നും റിപ്പോര്‍ട്ടുണ്ട്.
19-ാം നൂറ്റാണ്ടിന്റെ അവസാനത്തോടെ വന്ദേമാതരം വ്യാപകമായി പൊതു ഇടങ്ങളില്‍ ആലപിക്കാന്‍ തുടങ്ങി. 1886-ല്‍ കൊല്‍ക്കത്തയില്‍ നടന്ന കോണ്‍ഗ്രസ് സമ്മേളനത്തില്‍ ഹേമചന്ദ്ര ബാനര്‍ജി ഇതിന്റെ ഭാഗങ്ങള്‍ ആലപിച്ചു. എന്നാല്‍ നിര്‍ണായക നിമിഷം ടാഗോര്‍ 1896-ല്‍ അതിന് സംഗീതം നല്‍കുകയും കൊല്‍ക്കത്തയില്‍ നടന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സമ്മേളനത്തില്‍ അവതരിപ്പിക്കുകയും ചെയ്തതാണ്. കവിതയെ രാഷ്ട്രീയ പ്രാധാന്യമുള്ള ഒരു ദേശീയ ഗാനമാക്കി മാറ്റിയ ആദ്യത്തെ പൂര്‍ണ്ണ പൊതു ആലാപനമായിരുന്നു അത്.
1905 ആയപ്പോഴേക്കും ബംഗാള്‍ വിഭജനത്തിനെതിരായ പ്രതിഷേധങ്ങള്‍ക്ക് ഇടയില്‍ കൊല്‍ക്കത്ത മുതല്‍ ലാഹോര്‍ വരെയുള്ള നഗരങ്ങളില്‍ ഈ ഗീതം ഒരു റാലിയായി മാറി. അരൊബിന്ദോ ഘോഷിനെ പോലുള്ള വിപ്ലവകാരികള്‍ ഇതിനെ വിമോചന മന്ത്രമായി വിശേഷിപ്പിച്ചു. ബ്രിട്ടീഷുകാര്‍ ഗാനത്തെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചിട്ടും 1911-ല്‍ ബംഗാള്‍ വിഭജനം പിന്‍വലിക്കുന്നതിനെ സ്വാധീനിക്കാന്‍ തക്ക ശക്തമായ പ്രതിരോധത്തിന്റെ പ്രതീകമായി വന്ദേമാതരം മാറി.
മുസ്ലീം ലീഗിന്റെ എതിര്‍പ്പ് 
1906 മുതല്‍ 1911 വരെ കോണ്‍ഗ്രസ് പരിപാടികളില്‍ വന്ദേമാതരം പൂര്‍ണ്ണ പതിപ്പ് തന്നെ ആലപിച്ചിരുന്നു. എന്നാല്‍ ദേവതകളെ കുറിച്ച് അടക്കമുള്ള കവിതയിലെ മതപരമായ പരാമര്‍ശങ്ങളില്‍ മുസ്ലീം ലീഗ് എതിര്‍പ്പ് പ്രകടിപ്പിച്ചു. ഇതോടെ ആദ്യ രണ്ട് ശ്ലോകം മാത്രം കോണ്‍ഗ്രസ് സ്വീകരിച്ചു. ഗാന്ധി വന്ദേമാതരത്തെ പിന്തുണച്ചെങ്കിലും അതിലെ മതപരമായ സ്വരങ്ങളില്‍ ജാഗ്രത പാലിച്ചു. 1937-ല്‍ കോണ്‍ഗ്രസ് നേതൃത്വം രണ്ട് ശ്ലോകങ്ങളിലുള്ള ദേശീയ ഗാനമായി ഇതിനെ ഔദ്യോഗികമായി അംഗീകരിച്ചു.
സ്വാതന്ത്ര്യത്തിനുശേഷം 1950-ല്‍ രാജേന്ദ്ര പ്രസാദിന്റെ നേതൃത്വത്തിലുള്ള ഭരണഘടനാ അസംബ്ലി വന്ദേമാതരം ഇന്ത്യയുടെ ദേശീയ ഗീതമായി പ്രഖ്യാപിച്ചു. ഇതോടൊപ്പം ജനഗണമന ദേശീയ ഗാനമായും പ്രഖ്യാപിച്ചു.
എന്തുകൊണ്ട് ഇപ്പോള്‍ ചര്‍ച്ചയാകുന്നു ?
ബിജെപിയെ സംബന്ധിച്ച് ചരിത്രപരമായ തീരുമാനങ്ങള്‍ പുനഃപരിശോധിക്കാനും സംസ്‌കാരിക ആത്മവിശ്വാസത്തിന്റെയും നാഗരിക പൈതൃകത്തിന്റെയും പ്രതീകമായി വന്ദേമാതരത്തെ അവതരിപ്പിക്കാനുള്ള അവസരമാണിത്. മാത്രമല്ല അടുത്ത വര്‍ഷം പശ്ചിമബംഗാളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ചതോപാധ്യയെയും സുഭാഷ് ചന്ദ്ര ബോസിനെയും ഒരിക്കല്‍ കൂടി ഇത് ഓര്‍മ്മിപ്പിക്കുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Explained/
വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികം; ലോക്‌സഭയില്‍ പത്ത് മണിക്കൂര്‍ നീളുന്ന പ്രത്യേക ചര്‍ച്ച എന്തുകൊണ്ട്?
Next Article
advertisement
'അവള്‍ക്കൊപ്പം'; അതിജീവിതയ്ക്ക് പിന്തുണയുമായി WCC അംഗങ്ങള്‍
'അവള്‍ക്കൊപ്പം'; അതിജീവിതയ്ക്ക് പിന്തുണയുമായി WCC അംഗങ്ങള്‍
  • WCC അംഗങ്ങള്‍ നടിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.

  • ദിലീപിനെ കോടതി കുറ്റവിമുക്തനാക്കിയതിനെ WCC അംഗങ്ങള്‍ വിമര്‍ശിച്ചു.

  • പാര്‍വതി, റീമ, രമ്യ എന്നിവര്‍ ഇന്‍സ്റ്റഗ്രാമില്‍ പിന്തുണ അറിയിച്ചു.

View All
advertisement