• HOME
  • »
  • NEWS
  • »
  • explained
  • »
  • Explained: കാട്ടിലെ തടി; മുട്ടിലിലെ വെട്ട്; 100 കോടി കവർന്ന 100 ദിന പരിപാടി

Explained: കാട്ടിലെ തടി; മുട്ടിലിലെ വെട്ട്; 100 കോടി കവർന്ന 100 ദിന പരിപാടി

അനധികൃത മരംമുറിക്കേസില്‍ പ്രതികളെ അറസ്റ്റ് ചെയ്യാത്തതിന് പിന്നില്‍ ഉന്നത ഇടപെടലെന്ന് ആക്ഷേപമുണ്ട്

Muttil_Tree_Row

Muttil_Tree_Row

  • Share this:
2020 ഒക്ടോബര്‍ 24 ന് സംസ്ഥാന റവന്യു വകുപ്പ് ഒരു ഉത്തരവിറക്കി. പട്ടയഭൂമിയിലെ ചന്ദനമൊഴികെയുള്ള മരങ്ങള്‍ വൃക്ഷവില അടച്ച് മറ്റനുമതിയുമില്ലാതെ മുറിക്കാമെന്നായിരുന്നു ആ ഉത്തരവ്. വിചിത്രമായൊരു നിർദ്ദേശവും അതിൽ ഉണ്ടായിരുന്നു. മരംമുറി തടസ്സപ്പെടുത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കണം എന്നായിരുന്നു അത്. 2020 ഒക്ടോബര്‍ 24 ലെ  ഉത്തരവ് റദ്ദാക്കിക്കൊണ്ട് 2021 ഫെബ്രുവരിയില്‍ റവന്യുവകുപ്പ് മറ്റൊരു  ഉത്തരവിറക്കി.

എന്തായാലൂം ഈ ഉത്തരവിന്റെ മറവില്‍  100 ദിവസത്തിനിടെ  വയനാട്, തൃശൂർ, എറണാകുളം, ഇടുക്കി പത്തനംതിട്ട എന്നീ  അഞ്ചു ജില്ലകളിലായി 100 കോടിയിലേറെ മരംകൊള്ള നടന്നതായാണ് കരുതുന്നത്. എന്നാൽ പിടികൂടാനായത് വയനാട് മുട്ടിലിലെ 15 കോടിയുടെ ഈട്ടിമരങ്ങളും. പല  ജില്ലാ കലക്ടര്‍മാരുടെയും വനം വകുപ്പിന്റെയും എതിര്‍പ്പ് അവഗണിച്ചാണ് റവന്യു റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയതിലക് ഇങ്ങനെയൊരു ഉത്തരവ് ഇറക്കിയത്.  2020 ഒക്ടോബര്‍ ഉത്തരവ് റദ്ദാക്കിക്കൊണ്ട് 2021 ഫെബ്രുവരിയില്‍ മറ്റൊരു  ഉത്തരവിറക്കി.
എന്നാൽ ഉത്തരവ് നിലനിന്ന നാലു മാസം കൊണ്ട്  ഒട്ടേറെ കൂറ്റന്‍മരങ്ങള്‍  എത്തേണ്ട ഇടത്ത് എത്തിക്കഴിഞ്ഞിരുന്നുവെന്നാണ്  പരിസ്ഥിതി പ്രവർത്തകരുടെ അനുമാനം.

ഒരു ഉത്തരവ് അഞ്ചു ജില്ലകൾ

സൗത്ത് വയനാട് ഡിവിഷനില്‍ നിന്ന് മാത്രം പതിനഞ്ച് കോടിയുടെ ഈട്ടിമരങ്ങള്‍ മുറിച്ചുകടത്തിയപ്പോള്‍ തൃശൂര്‍ ജില്ലയിലെ മലയാറ്റൂര്‍ ഡിവിഷനില്‍ നിന്നുള്‍പ്പെടെ 20 കോടിയുടെ മരംകൊള്ള നടന്നെന്നാണ് വനംവകുപ്പിന്റെ പ്രാഥമിക നിഗമനം.എറണാകുളം ജില്ലയിലെ കോടനാട് റെയ്ഞ്ച്, ഇടുക്കി ജില്ലയിലെ മൂന്നാര്‍, കോതമംഗലം ഡിവിഷനുകള്‍, പത്തനംതിട്ടയിലെ കോന്നി, റാന്നി, പുനലൂര്‍ റെയ്ഞ്ചുകള്‍ എന്നിവിടങ്ങളില്‍ 50 കോടിയോളം രൂപയുടെ മരംമുറിച്ചുകടത്തി. റവന്യു വകുപ്പിന്റെ ഉടമസ്ഥതയിലുള്ള റിസര്‍വ് ചെയ്ത ഈട്ടി, തേക്ക് ഉള്‍പ്പെടെയുള്ള മരങ്ങളാണ് മുറിച്ചു കടത്തിയത്.

മുട്ടിലിൽ തുറന്ന നിധി

വയനാട്ടിലെ കല്‍പറ്റയിൽ നിന്നും  സുല്‍ത്താന്‍ ബത്തേരിയിലേക്ക് പോകുമ്പോൾ ആറു കിലോമീറ്റർ ദൂരത്താണ് മുട്ടില്‍. മാണ്ടാട് മലയ്ക്കും ഇടതൂര്‍ന്ന് കിടക്കുന്ന കാപ്പിത്തോട്ടങ്ങള്‍ക്കും ഇടയിലായി കൂറ്റന്‍മരങ്ങളുടെ ശേഖരം. മുട്ടില്‍ വില്ലേജിലെ അനധികൃത മരംമുറിയാണ് ആദ്യം പുറത്ത് വന്നത്. 2020നവംബറിനും 2021 ജനുവരിയ്ക്കും ഇടയിൽ  ഇവിടെ നിന്നും ഈട്ടിമരങ്ങള്‍ മുറിച്ചുകടത്തിയത്.

മുട്ടില്‍ സൗത്ത് വില്ലേജില്‍ വരുന്ന പ്രദേശങ്ങളില്‍ നിന്ന് 42 ഇടങ്ങളില്‍ നിന്നായി 515 ക്യൂബിക് മീറ്റര്‍ മരങ്ങള്‍ മുറിച്ചുകടത്തിയെന്നാണ് വനംവകുപ്പിന്റെ കണ്ടെത്തല്‍. നവംബര്‍ മുതല്‍ ജനുവരി വരെ മരംമുറി തുടര്‍ന്നു.സര്‍ക്കാറിലേക്ക് റിസര്‍വ് ചെയ്ത മരങ്ങളായിരുന്നു അധികവും. 13.3 ക്യൂബിക് മീറ്റര്‍ മരങ്ങള്‍ 2021 ഫെബ്രുവരിയില്‍ മേപ്പാടി റെയ്ഞ്ച് ഓഫീസര്‍ സമീറും സംഘവും എറണാകുളത്ത് വച്ച് പിടികൂടി. 68 പേര്‍ക്കെതിരെ കേസെടുത്തു. പ്രധാന പ്രതികളായ വാഴവറ്റ സ്വദേശിറോജി അഗസ്റ്റിൻ , റോജിയുടെ സഹോദരന്‍ ആന്റോ അഗസ്റ്റിൻ, ജോസൂട്ടി എന്നിവര്‍ക്കെതിരെ 37 കേസുകള്‍ ചാര്‍ജ്ജ് ചെയ്തു.

മരങ്ങള്‍ മുറിക്കാന്‍ അവകാശമുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് ഈട്ടി മരങ്ങള്‍ മുറിച്ചുകടത്തിയത് റോജി അഗസ്റ്റിനും സംഘവുമാണെന്ന് കര്‍ഷകര്‍ വനംവകുപ്പിന് മൊഴി നല്‍കിയിട്ടുണ്ട്. മൊഴിയുടെ പകര്‍പ്പ്  ന്യൂസ് 18ന് ലഭിച്ചു. കര്‍ഷകരെ തെറ്റിദ്ധരിപ്പിച്ച് മുട്ടില്‍ വില്ലേജില്‍ നിന്ന് ഈട്ടിമരങ്ങള്‍ മുറിച്ചുകടത്തിയത്  റോജി അഗസ്റ്റിനും സംഘവുമാണെന്നതിന്റെ കൂടുതല്‍ തെളിവുകളാണ് പുറത്തുവന്നത്.

മരംമുറിക്കാന്‍ അനുമതിയുണ്ടെന്ന് കര്‍ഷകരെ വിശ്വസിപ്പിച്ച് കോടിക്കണക്കിന് രൂപയുടെ മരങ്ങള്‍ സംഘം മുറിച്ചുകടത്തി. റോജിയുടെ സഹായിയായ കല്ലൂര്‍ സ്വദേശി ഹംസക്കുട്ടിയുടെ നേതൃത്വത്തിലായിരുന്നു ഈട്ടിക്കൊള്ളയെന്നും കര്‍ഷകര്‍ നല്‍കിയ മൊഴിയിലുണ്ട്. പത്ത് സെന്റ് മുതല്‍ ഭൂമിയുള്ള സാധാരണക്കാരുടെ പറമ്പിലെ പതിറ്റാണ്ടുകള്‍ പഴക്കമുള്ള ഈട്ടിമരങ്ങളാണ് റോജിയും കൂട്ടരും ചുളുവിലയ്ക്ക് സ്വന്തമാക്കിയതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.യന്ത്രവാള്‍ ഉപയോഗിച്ച് ഈട്ടി മരങ്ങള്‍ മുറിച്ച് കഷണങ്ങളാക്കുകയായിരുന്നെന്നും കര്‍ഷകരുടെ മൊഴിയില്‍ പറയുന്നു.  ആന്റോ അഗസ്റ്റിനും കുറ്റകൃത്യത്തില്‍ പങ്കാളിയാണ്.. ഇരുവര്‍ക്കുമെതിരെ വ്യക്തമായ തെളിവുകളുണ്ടായിട്ടും അറസ്റ്റ് ചെയ്യാത്തതിനു പിന്നില്‍ ഉന്നത ഇടപെടലുണ്ടെന്നാണ് ആക്ഷേപം.
എന്നാൽ വയനാട് മുട്ടിലിൽ നടന്ന ഈട്ടിക്കൊള്ളയുടെ ഉത്തരവാദിത്തം വനപാലകർക്കെന്ന്  സോഷ്യല്‍ ഫോറസ്ട്രി കണ്‍സര്‍വേറ്റര്‍ എന്‍. ടി സാജന്‍ പറഞ്ഞു .

കേസിലെ മുഖ്യപ്രതി റോജി അഗസ്റ്റിനടക്കമുള്ള പ്രതികളെ പിടികൂടാത്തതെന്താണെന്ന ചോദ്യത്തോട് പ്രതികരിക്കുയായിരുന്നു അദ്ദേഹം. മുട്ടില്‍ മരംമുറിക്കേസിൽ പ്രതികളെ രക്ഷിക്കാൻ എന്‍ ടി സാജന്‍ ശ്രമിച്ചെന്ന് ഉത്തരമേഖലാ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ നേരത്തേ റിപ്പോര്‍ട്ട്  നല്‍കിയിരുന്നു.

സംശയത്തിന്റെ മുൾമുന
മരംമുറിക്ക് പിന്നില്‍ വനംവകുപ്പ് അധികൃതരുടെ പങ്ക് വ്യക്തമാക്കുന്ന കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നു. റവന്യു വകുപ്പിന്റെ ഉത്തരവിന്റെ മറവില്‍ മുറിച്ച മരങ്ങള്‍ കടത്താന്‍ അനുവദിക്കരുതെന്ന് വനംവകുപ്പ് മേധാവി  എല്ലാ ഫോറസ്റ്റ്  സര്‍ക്കിള്‍ സിസിഎഫുമാര്‍ക്കും ഫെബ്രുവരിയില്‍ നല്‍കിയ നിര്‍ദേശം അവഗണിച്ചതിന് തെളിവ്.  വയനാട്ടില്‍ നിന്ന് കടത്തിയ ഈട്ടിമരങ്ങള്‍ പിടികൂടിയതിന് പിന്നാലെയാണ് വനംവകുപ്പ് മേധാവി ഇങ്ങനെയൊരു നിര്‍ദേശം നല്‍കിയത്.മുട്ടില്‍ മരംമുറിയുടെ പശ്ചാത്തലത്തില്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ സംസ്ഥാനത്തെ  സര്‍ക്കിള്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍മാര്‍ക്ക് ഫെബ്രുവരി 16ന് സര്‍ക്കുലർ അയച്ചു. റവന്യു  വകുപ്പിന്റെ ഉത്തരവിന്റെ മറവില്‍ റിസര്‍വ് ചെയ്ത മരങ്ങള്‍ സ്വകാര്യ പട്ടയ ഭൂമിയില്‍ നിന്ന് മുറിച്ചത്  കടത്തിയിട്ടുണ്ടെങ്കില്‍ പിടികൂടണമെന്നായിരുന്നു വനംവകുപ്പ് മേധാവിയുടെ നിര്‍ദേശം.

വയനാട്ടില്‍ ഈട്ടിത്തടികള്‍ പിടികൂടിയതിന് പിന്നാലെയാണ് വനംവകുപ്പ് മേധാവി ഇങ്ങനെയൊരു സര്‍ക്കുലര്‍ അയച്ചത്. ചില വനംവകുപ്പ് ഉദ്യോഗസ്ഥരും ഇതിന് ഒത്താശ ചെയ്‌തെന്ന  സംശയവും സര്‍ക്കുലറിലുണ്ട്. വയനാട്, തൃശൂര്‍, ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ മരം മുറിച്ചുകടത്തിയതെന്നാണ് വനംവകുപ്പിന്റെ കണ്ടെത്തല്‍. വനംവകുപ്പ് മേധാവിയുടെ നിര്‍ദേശം അവഗണിച്ചില്ലായിരുന്നെങ്കില്‍ തന്നെ വയനാട് മാതൃകയില്‍ മരംകടത്ത് തടയാമായിരുന്നു. ഉത്തരമേഖല, ദക്ഷിണമേഖല , മധ്യമേഖല, ഹൈറേഞ്ച് മേഖല എന്നീ നാല്  സര്‍ക്കിളുകളിലാണ് സിസിഎഫുമാര്‍ക്ക് ചുമതല.

വയനാട്ടിൽ ചട്ടം;  തൃശൂരിൽ ചാട്ടം 

വിവാദ ഉത്തരവിന്റ മറവില്‍ ഉന്നത സ്വാധീനമുപയോഗിച്ച് വയനാട്ടില്‍ 15 കോടിയുടെ ഈട്ടിമരങ്ങളള്‍ മുറിച്ചപ്പോള്‍ റിസര്‍വ് ചെയ്ത മരങ്ങള്‍ മുറിക്കുന്നതിനെതിരെ രംഗത്ത് വന്നത് വനംവകുപ്പായിരുന്നു. എന്നാല്‍ തൃശൂരില്‍ യാതൊരു പരിശോധനയും നടത്താതെ വനംവകുപ്പധികൃതര്‍ തന്നെ മരംമുറിച്ച് കടത്താന്‍ അനുമതി നല്‍കി.റവന്യു വകുപ്പിന്റെ ഉത്തരവുണ്ടെങ്കിലും 1964 ഭൂപതിവ് ചട്ടം, 1996ലെ പതിച്ചു നല്‍കിയ ഭൂമിയിലെ മരംമുറി നിയന്ത്രണ നിയമം, 2005ലെ വൃക്ഷം വളര്‍ത്തല്‍ പ്രോത്സാഹന നിയമം സെക്ഷന്‍ ആറ് തുടങ്ങിയ വൃക്ഷസംരക്ഷണ നിയമങ്ങള്‍ മറികടന്നാണ് ഈട്ടി, തേക്ക് തുടങ്ങി റിസര്‍വ് ചെയ്ത മരങ്ങള്‍ മുറിച്ചുകടത്താന്‍ തൃശൂരില്‍ വനംവകുപ്പ് തന്നെ അനുമതി നല്‍കിയത്. വനനിയമങ്ങള്‍ മറികടന്ന്  റിസര്‍വ് ചെയ്ത മരങ്ങള്‍ മുറിക്കാന്‍ തൃശൂര്‍ ഡിഎഫ്ഒ അനുമതി നല്‍കിയതിന് തെളിവ്. 20 കോടിയുടെ മരങ്ങളാണ് തൃശൂരില്‍ നിന്ന് കടത്തിയതെന്നാണ് വനംവകുപ്പിന്റെ നിഗമനം.വയനാട്ടില്‍ മരംമുറിക്കെതിരെ വനംവകുപ്പ് രംഗത്ത് വന്നപ്പോഴാണ് തൃശൂരില്‍ വന്‍ മരംകൊള്ളയ്ക്ക് വനംവകുപ്പധികൃതര്‍ തന്നെ വഴിയൊരുക്കിയത്. റവന്യു വകുപ്പിന്റെ വിവാദ ഉത്തരവിന് പിന്നാലെ തൃശൂര്‍ ഡിഎഫ്ഒ എസ് ജയശങ്കർ  മരംമുറിക്കാന്‍ നല്‍കിയ അനുമതിയുടെ പകര്‍പ്പ് ന്യൂസ് 18ന് ലഭിച്ചു. മച്ചാട് ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ മരംകടത്താന്‍ പാസ് നല്‍കുകയായിരുന്നു. മച്ചാട്  റെയ്ഞ്ചിലെ എളനാട്, പുലക്കാട് ഭാഗങ്ങളില്‍ നിന്ന് വ്യാപകമായി മരംമുറിച്ചുകടത്തിയതിന്റെ തെളിവുകള്‍ അന്വേഷണ സംഘം ശേഖരിച്ചുവരുന്നുണ്ട്.

വന്മരങ്ങളുടെ തണലിൽ

മുട്ടില്‍ വില്ലേജിലെ അനധികൃത മരംമുറിക്കേസില്‍ പ്രതികളെ അറസ്റ്റ് ചെയ്യാത്തതിന് പിന്നില്‍ ഉന്നത ഇടപെടലെന്ന് ആക്ഷേപമുണ്ട് .മരംകടത്ത് സംഘത്തിന് ഒത്താശ ചെയ്ത വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള വകുപ്പുതല അന്വേഷണവും എങ്ങുമെത്തിയിട്ടില്ല. രണ്ട് മാസം പിന്നിട്ടിട്ടും ഒരാളെപോലും അറസ്റ്റ് ചെയ്യാന്‍ വനംവകുപ്പിനായിട്ടില്ല. പ്രതികള്‍ ഒളിവിലാണെന്ന് പറഞ്ഞ് വനംവകുപ്പ് തലയൂരുകയാണ്. അതേസമയം കേസിലെ പ്രധാന പ്രതികളായ റോജി അഗസ്റ്റിനും ആന്റോ അഗസ്റ്റിനും  വനംമന്ത്രിയെ കാണാന്‍ കോഴിക്കോട് ഗസ്റ്റ് ഗൗസിലെത്തിയതായി സൂചനയുണ്ട്. എന്നാല്‍ ഇക്കാര്യം അധികൃതര്‍ നിഷേധിച്ചു.

കേസ് അട്ടിമറിക്കാന്‍ സോഷ്യല്‍ ഫോറസ്ട്രി കണ്‍സര്‍വേറ്റര്‍ എന്‍ ടി സാജന്‍ നീക്കം നടത്തിയെന്ന ഉത്തരമേഖലാ സിസിഎഫിന്റെ റിപ്പോര്‍ട്ടിനോട്  അദേഹത്തിന്റെ പ്രതികരണം ഇങ്ങനെ. ആരോപണവിധേയനായ സാജനെ ഫോറസ്റ്റ് വിജിലന്‍സിന്റെ തലപ്പത്ത് നിയമിക്കാന്‍ നടന്ന നീക്കം  വിവാദമായിരുന്നു.
മേപ്പാടി റെയ്ഞ്ചിന് കീഴിലെ മരംമുറിയുമായി ബന്ധപ്പെട്ട് അഞ്ച്  വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പങ്ക് അന്വേഷിക്കണമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിരുന്നു. ഇതു സംബന്ധിച്ച വകുപ്പുതല അന്വേഷണവും മന്ദഗതിയിലാണ്.

കമ്യുണിസ്റ്റുകൾ കൈയൊഴിഞ്ഞ കാനനം

വിവാദ ഉത്തരവ് വരുന്ന കാലത്തെ ഒന്നാം പിണറായി സർക്കാരിൽ  വനം, റവന്യൂ എന്നീ രണ്ടു വകുപ്പുകളും കൈകാര്യം ചെയ്തിരുന്നത് സിപിഐ ആയിരുന്നു. 2006 ലെ എൽഡിഎഫ് മന്ത്രിസഭയിലും സിപിഐ തന്നെയായിരുന്നു വകുപ്പ് കൈകാര്യം ചെയ്തത്. എന്നാൽ ഇത്തവണ ഭരണത്തുടർച്ചയിൽ വനം വകുപ്പ്  വകുപ്പ്  സിപിഐയിൽ നിന്നും എൻ സി പിയിൽ എത്തി.പ്രതിപക്ഷം ഏറ്റെടുത്തതോടെ മന്ദഗതിയിലിലായ അന്വേഷണത്തിന് ജീവന്‍ വച്ചിട്ടുണ്ട്. വനംമന്ത്രി എ കെ ശശീന്ദ്രന്‍ ഉന്നതയോഗം വിളിച്ചിരുന്നു. റവന്യുവകുപ്പും അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഇത് സംബന്ധിച്ച് വയനാട് ജില്ലാ കളക്ടര്‍ അദീല അബ്ദുല്ല റവന്യു വകുപ്പ് മന്ത്രിയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.

പ്രതീക്ഷ കോടതി ഇടപെടലിൽ

കേസിന്റെ എഫ്‌ഐആര്‍ റദ്ദാക്കണമെന്നും അന്വേഷണം സ്റ്റേ ചെയ്യണമെന്നുമുള്ള പ്രതികളുടെ ആവശ്യം ഹൈക്കോടതി തള്ളി. പ്രതികളായ ആന്റോ അഗസ്റ്റിന്‍, റോജോ അഗസ്റ്റിന്‍ എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് തള്ളിയത്. സര്‍ക്കാര്‍ ഉത്തരവിനെ ദുര്‍വ്യാഖ്യാനം ചെയ്താണ് മരം മുറിക്കല്‍ നടത്തിയതെന്നും വലിയൊരു മഞ്ഞു മലയുടെ അറ്റം മാത്രമാണ് പുറത്തു വന്നതെന്നും പ്രാഥമിക അന്വേഷണം മാത്രമാണ് നടന്നിട്ടുള്ളതെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു.

കേസ് അന്വേഷണം നിയമവിരുദ്ധമാണെന്നും സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പട്ടയ ഭൂമിയിലെ മരമാണ് മുറിച്ചു മാറ്റിയതെന്നുമാണ് പ്രതികള്‍ ഹര്‍ജിയില്‍ ആരോപിച്ചു. എന്നാല്‍, ഇത് സര്‍ക്കാര്‍ തള്ളി.

മരംമുറിയുമായി ബന്ധപ്പെട്ട് റവന്യുവകുപ്പിനെതിരെയും ആരോപണം ഉയരുന്നതോടെ പരിസ്ഥിതി സ്നേഹികളെന്നു കേൾവി കേട്ട മുൻനിര നേതാക്കൾ നിറഞ്ഞ സിപിഐയും മറുപടി പറയേണ്ടിവരും.
Published by:Anuraj GR
First published: