ഇസ്രായേല്‍ - പലസ്തീന്‍ പ്രശ്നം തുടങ്ങിയത് എങ്ങനെ? ഇപ്പോൾ ഹമാസ് എന്തുകൊണ്ട് ആക്രമിച്ചു?

Last Updated:

ഹമാസ് പ്രവര്‍ത്തകര്‍ ഇസ്രയേലിലേക്ക് ഇരച്ചെത്തി നടത്തിയ ആക്രമണത്തില്‍ നിരവധി പേരാണ് കൊല്ലപ്പെട്ടത്.

ശനിയാഴ്ചയോടെ പലസ്തീനിലെ തീവ്രവാദ ഗ്രൂപ്പായ ഹമാസ് പ്രവര്‍ത്തകര്‍ ഇസ്രയേലിലേക്ക് ഇരച്ചെത്തി നടത്തിയ ആക്രമണത്തില്‍ നിരവധി പേരാണ് കൊല്ലപ്പെട്ടത്. ഇസ്രായേല്‍-പലസ്തീന്‍ സംഘര്‍ഷത്തിന്റെ കാരണവും ചരിത്രവും വിശദമായറിയാം.
ഇസ്രായേലിന്റെ രൂപീകരണം
1917ലെ ബാല്‍ഫര്‍ പ്രഖ്യാപനമാണ് ഇസ്രായേല്‍ എന്ന രാജ്യം രൂപീകരിക്കാന്‍ കാരണമായത്. ഒന്നാം ലോകമഹായുദ്ധകാലത്ത് ഓട്ടോമന്‍ സാമ്രാജ്യത്വത്തിന്റെ അധീനതയിലായിരുന്ന പലസ്തീന്‍ രാജ്യത്തെ ബ്രിട്ടണ്‍ തങ്ങളുടെ വരുതിയിലാക്കി. ഇതിനായി തങ്ങളോടൊപ്പം നിലനിന്ന ജൂതര്‍ക്ക് പലസ്തീനില്‍ ഒരു രാജ്യം നിര്‍മ്മിക്കാനുള്ള ആവശ്യത്തെ ബ്രിട്ടന്‍ അംഗീകരിക്കുകയും ചെയ്തു.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയോടെ ഐക്യരാഷ്ട്രസഭ 181-ാം പ്രമേയം അംഗീകരിച്ചു. ഇതോടെ ഇസ്രായേല്‍ -പലസ്തീന്‍ സംഘര്‍ഷം ആരംഭിക്കുകയും ചെയ്തു. ഈ പ്രമേയപ്രകാരം പ്രദേശം അറബ് വംശജര്‍ക്കായും ജൂത വിശ്വാസികള്‍ക്കായും ബ്രിട്ടണ്‍ വിഭജിച്ചു.
advertisement
1948 മെയ് 14നാണ് ഇസ്രായേല്‍ എന്ന രാജ്യം രൂപീകരിക്കപ്പെട്ടത്. ഒന്നാം അറബ്-ഇസ്രായേല്‍ യുദ്ധവും ഇതിനോടനുബന്ധിച്ച് നടന്നിരുന്നു. 1949ലാണ് യുദ്ധം അവസാനിച്ചത്. ഇസ്രായേല്‍ ആയിരുന്നു യുദ്ധത്തില്‍ വിജയിച്ചത്. 750000 പലസ്തീനികളാണ് അന്ന് പലായനം ചെയ്യപ്പെട്ടത്. പിന്നീടുള്ള വര്‍ഷങ്ങളില്‍ പലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ എന്ന സംഘടനയും പലസ്തീനികള്‍ക്കായി ആരംഭിക്കപ്പെട്ടു. 1964ലാണ് പിഎല്‍ഒ സ്ഥാപിച്ചത്.
യുദ്ധത്തിന് ശേഷം ഇസ്രായേല്‍ ചില പ്രദേശങ്ങള്‍ കൈയ്യടക്കിയിരുന്നു. ഐക്യരാഷ്ട്ര സഭയുടെ പ്രഖ്യാപനത്തിലൂടെ പലസ്തീനികള്‍ക്ക് ലഭിച്ച പ്രദേശമായിരുന്നു ഇസ്രായേല്‍ നേടിയെടുത്തത്. പലസ്തീൻ പ്രദേശം മൂന്ന് ഭാഗങ്ങളായി വിഭജിക്കപ്പെട്ടിരുന്നു. ഇസ്രായേല്‍ സ്റ്റേറ്റ്, വെസ്റ്റ് ബാങ്ക്, ഗാസാ മുനമ്പ് എന്നിവയായിട്ടായിരുന്നു പലസ്തിന്റെ വിഭജനം. വര്‍ഷങ്ങള്‍ പിന്നിട്ടതോടെ ഈ പ്രദേശത്ത് ഇസ്രായേല്‍-ഈജിപ്റ്റ്, ജോര്‍ദാന്‍, സിറിയ സംഘര്‍ഷങ്ങള്‍ രൂപപ്പെട്ടു.
advertisement
ഇസ്രായേല്‍-അറബ് യുദ്ധം
1967ല്‍ ഇസ്രായേല്‍ ഈജിപ്റ്റിനും സിറിയയ്ക്കുമെതിരെ വ്യോമാക്രമണം നടത്തി. ആറ് ദിവസം നീണ്ടുനിന്ന യുദ്ധമായിരുന്നു ഇത്. ഈ ആക്രമണത്തിലൂടെ സിനായ്, ഗാസാ മുനമ്പ്, വെസ്റ്റ് ബാങ്ക്, ജറുസലേം, ഗോലാന്‍ കുന്നുകള്‍ എന്നിവ പിടിച്ചെടുക്കാന്‍ ഇസ്രായേലിന് കഴിഞ്ഞു. ഈ പ്രദേശങ്ങളിലേക്ക് ജൂതവിശ്വാസികള്‍ കുടിയേറാനും തുടങ്ങി. ഇന്നും ഈ കുടിയേറ്റം തുടരുന്നു.
ആറ് വര്‍ഷത്തിന് ശേഷം ഇസ്രായേലിനെതിരെ പ്രത്യാക്രമണവുമായി ഈജിപ്റ്റും സിറിയയും രംഗത്തെത്തി. 1973ലാണ് ഇരുശക്തികളും ഇസ്രായേലിനെ ആക്രമിച്ചത്. തങ്ങളുടെ നഷ്ടപ്പെട്ട പ്രദേശം പിടിച്ചെടുക്കാനായിരുന്നു ഈ ആക്രമണം. എന്നാല്‍ ഈ ആക്രമണം ഇരു രാജ്യങ്ങള്‍ക്കും ഗുണം ചെയ്തില്ല. എന്നാല്‍ 1982ല്‍ സിനായ് പ്രദേശം ഈജിപ്റ്റിന് തിരികെ ലഭിച്ചിരുന്നു.
advertisement
ക്യാംപ് ഡേവിഡ് ഉടമ്പടി
1979കളിലാണ് ചില സമാധാനകരാറുകളും വെടിനിര്‍ത്തല്‍ പ്രഖ്യാപനങ്ങളും ഉടലെടുത്തത്. ഈജിപ്റ്റില്‍ നിന്നും ഇസ്രായേലില്‍ നിന്നുമുള്ള പ്രതിനിധികള്‍ ക്യാംപ് ഡേവിഡ് ഉടമ്പടിയില്‍ ഒപ്പുവെയ്ക്കുകയും ഇരു രാജ്യങ്ങളും തമ്മിലുള്ള മൂന്ന് ദശാബ്ദക്കാലത്തെ സംഘര്‍ഷത്തിന് അവസാനം കുറിക്കുകയും ചെയ്തു. ഈ ഉടമ്പടിയോടെ ഇസ്രായേലും അയല്‍രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം അവസാനിച്ചു. എന്നാല്‍ അപ്പോഴും പലസ്തീന്‍ വിഷയം കെട്ടടങ്ങിയിരുന്നില്ല.
ഒന്നാം ഇന്‍തിഫാദ
1987ല്‍ ഒന്നാം ഇന്‍തിഫാദയ്ക്ക് തുടക്കം കുറിച്ചു. ഇസ്രായേല്‍ ഭരണത്തിനെതിരെ നൂറുകണക്കിന് പലസ്തീന്‍ വംശജര്‍ നടത്തിയ മുന്നേറ്റമാണ് ഒന്നാം ഇന്‍തിഫാദ. ഗാസ മുനമ്പിലെയും വെസ്റ്റ് ബാങ്കിലേയും പലസ്തീന്‍ വംശജരാണ് ഈ പ്രതിരോധത്തില്‍ മുന്നിട്ട് നിന്നത്.
advertisement
1993വരെയാണ് ഒന്നാം ഇന്‍തിഫാദ തുടര്‍ന്നത്. ഈ സമയത്താണ് ഹമാസ് എന്ന സംഘടന ആരംഭിച്ചത്.
ഹരകത്ത് അല്‍-മുഖവാമ അല്‍-ഇസ്ലാമിയ്യയുടെ ചുരുക്കപ്പേരാണ് ഹമാസ്. പലസ്തീനിയന്‍ പുരോഹിതനായ ഷെയ്ഖ് അഹമ്മദ് യാസിനാണ് ഈ സംഘടന രൂപീകരിച്ചത്.
1993ലാണ് പലസ്തീന്‍ നേതാവായ യാസര്‍ അറാഫത്ത് ഓസ്ലോ കരാറില്‍ ഒപ്പുവെച്ചത്. ഇസ്രായേലുമായുള്ള സംഘര്‍ഷത്തിന് പരിഹാരം കാണുവാനുള്ള സമാധാന ഉടമ്പടിയായിരുന്നു ഇത്. 27 വര്‍ഷത്തെ പ്രവാസത്തിന് ഒടുവില്‍ 1994ല്‍ പലസ്തീന്‍ അതോറിറ്റി രൂപീകരിക്കുന്നതിനായി അദ്ദേഹം പലസ്തീന്‍ പ്രദേശങ്ങളിലേക്ക് എത്തി. ഗാസാ മുനമ്പില്‍ സ്വയം ഭരണാധികാരം ഏര്‍പ്പെടുത്തിയ സമയമായിരുന്നു അത്. എന്നാല്‍ ഈ ഉടമ്പടി അംഗീകരിക്കാന്‍ ഹമാസ് തയ്യാറായില്ല. അവര്‍ വീണ്ടും ആക്രമണം തുടര്‍ന്നുകൊണ്ടിരുന്നു.
advertisement
രണ്ടാം ഇന്‍തിഫാദ
2000ല്‍ പലസ്തീനികള്‍ വീണ്ടും രണ്ടാം ഇന്‍തിഫാദ ആരംഭിച്ചു. ഇതേവര്‍ഷം സെപ്റ്റംബറില്‍ ഇസ്രായേല്‍ പ്രധാനമന്ത്രിയായിരുന്ന ഏരിയല്‍ ഷാരോണ്‍ കിഴക്കന്‍ ജറുസലേമിലെ അല്‍-അഖ്‌സ മസ്ജിദിൽ സന്ദര്‍ശനം നടത്തി. ഇസ്ലാം വംശജരുടെ വിശുദ്ധ സ്ഥലങ്ങളിലൊന്നായിരുന്നു ഇത്. ജൂതവിശ്വാസികളുടെ വിശുദ്ധ സ്ഥലം കൂടിയായിരുന്നു അല്‍ അഖ്‌സ. ഇക്കാരണങ്ങളുടെ ഭാഗമായുണ്ടായ രണ്ടാം ഇന്‍തിഫാദ 2005വരെ നീണ്ടുനിന്നു. നിരവധി ചാവേര്‍ ആക്രമണങ്ങളും ഇതോടനുബന്ധിച്ച് നടന്നു. 2002ല്‍ ഇസ്രായേല്‍ വെസ്റ്റ് ബാങ്ക് ആക്രമിച്ചു.
advertisement
സമാധാന ശ്രമവുമായി യുഎസ്
2013ല്‍ ഇസ്രായേല്‍ സര്‍ക്കാരും പലസ്തീന്‍ അതോറിറ്റിയും തമ്മിലുള്ള സമാധാന ചര്‍ച്ചകള്‍ പുനരുജ്ജീവിപ്പിക്കാന്‍ അമേരിക്ക ശ്രമിച്ചു. എന്നാല്‍ സമാധാനചര്‍ച്ചകള്‍ പരാജയമായിരുന്നു. കാരണം 2014ല്‍ അന്നത്തെ പലസ്തീന്‍ ഭരണകക്ഷിയായ ഫത ഹമാസുമായി ചേര്‍ന്ന് ഒരു ഐക്യസര്‍ക്കാര്‍ രൂപീകരിച്ചതോടെ സമാധാന ചര്‍ച്ചകള്‍ക്ക് അന്ത്യം കുറിച്ചു.
2014ലെ സംഘര്‍ഷം
2014ല്‍ ഇസ്രായേല്‍ സൈന്യവും ഹമാസും തമ്മില്‍ സൈനിക ഏറ്റമുട്ടലുണ്ടായിരുന്നു. ഹമാസിന്റെ റോക്കറ്റാക്രമണം തടയാന്‍ ഇസ്രായേലും മുന്നിട്ട് നിന്നു. ഹമാസ് ഇസ്രായേലിന് എതിരെ മൂവായിരത്തോളം റോക്കറ്റുകള്‍ തൊടുത്തുവിട്ടു. പകരം ഗാസയില്‍ ഇസ്രായേല്‍ കനത്ത ആക്രമണം അഴിച്ചുവിട്ടു. 2014 ആഗസ്റ്റിലാണ് ഇരുരാജ്യങ്ങളുടേയും ആക്രമണത്തിന് ഒരറുതിയായത്. ഈജിപ്റ്റിന്റെ മധ്യസ്ഥതയില്‍ ചേര്‍ന്ന സമാധാന കരാറിന്റെ അടിസ്ഥാനത്തില്‍ ഇരുരാജ്യങ്ങളും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. സംഘര്‍ഷത്തില്‍ 2,251 പലസ്തീനികളാണ് കൊല്ലപ്പെട്ടത്. 73 ഇസ്രായേല്‍ വംശജരും കൊല്ലപ്പെട്ടു.
ജറുസലേമിനെ അംഗീകരിച്ച് ട്രംപ്
2017 ഡിസംബര്‍ ആറിന് ജറുസലേമിനെ അംഗീകരിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് രംഗത്തെത്തി. ജറുസലേമിനെ ഇസ്രായേലിന്റെ തലസ്ഥാനമായി അംഗീകരിക്കുന്നുവെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഇത് ആഗോളതലത്തില്‍ നിരവധി വിമര്‍ശനങ്ങള്‍ക്കിടയായാക്കി.
2021ലെ 11 ദിവസത്തെ യുദ്ധം
2021ല്‍ ഇസ്രായേല്‍ പോലീസ് ജറുസലേമിലെ അല്‍ അഖ്‌സ പള്ളി റെയ്ഡ് ചെയ്തു. ഇത് ഇസ്രായേലും ഹമാസും തമ്മില്‍ വീണ്ടുമൊരു ഏറ്റുമുട്ടലിന് വഴിയൊരുക്കി. ഏകദേശം 11 ദിവസം നീണ്ടുനിന്ന യുദ്ധത്തില്‍ 200ലധികം പലസ്തീന്‍ പൗരന്‍മാരാണ് കൊല്ലപ്പെട്ടത്. 10ലധികം ഇസ്രായേല്‍ പൗരന്‍മാരും സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടു.
സമീപകാല സംഘര്‍ഷങ്ങള്‍
ആഗസ്റ്റ് , 2022: ഇസ്രായേലിന്റെ വ്യോമാക്രമണത്തിനിടെ ഒരു ഇസ്ലാമിക് ജിഹാദ് കമാന്‍ഡര്‍ കൊല്ലപ്പെട്ടതോടെയാണ് ആക്രമണം ഉണ്ടായത്. മൂന്ന് ദിവസത്തെ ആക്രമണത്തിൽ 15 കുട്ടികളടക്കം 44 പേരാണ് കൊല്ലപ്പെട്ടത്.
ജനുവരി, 2023: ഇസ്രായേല്‍ സൈന്യം ഒരു അഭയാര്‍ത്ഥി ക്യാംപ് റെയ്ഡ് ചെയ്ത് 7 പലസ്തീന്‍ ഉദ്യോഗസ്ഥരെയും രണ്ട് സാധാരണക്കാരെയും കൊലപ്പെടുത്തിയതിന് പിന്നാലെയാണ് സംഘര്‍ഷം ആരംഭിച്ചത്. ഇതിനുപിന്നാലെ ഇസ്രായേലിലേക്ക് ഗാസയിലെ തീവ്രവാദികള്‍ റോക്കറ്റാക്രമണം നടത്തി. ഈ ആക്രമണത്തില്‍ ആര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടില്ല. പ്രത്യാക്രമണമെന്ന നിലയില്‍ ഗാസയ്ക്ക് നേരെ ഇസ്രായേല്‍ വ്യോമാക്രമണം നടത്തുകയും ചെയ്തു.
ഒക്ടോബര്‍, 2023: ഹമാസിന്റെ പ്രവര്‍ത്തകര്‍ ടെല്‍ അവീവിൽ ഇരച്ചെത്തി ജനങ്ങള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഇതിനെതിരെ ഇസ്രായേല്‍ ഗാസയില്‍ നടത്തിയ വ്യോമാക്രമണത്തില്‍ 370 പലസ്തീനികളും മരിച്ചു. പോരാട്ടം ശക്തമാക്കുമെന്ന് ഇസ്രായേല്‍ പ്രധാന മന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രഖ്യാപിച്ചു. നിരവധി ഇസ്രായേലി പൗരന്മാരെ തട്ടിക്കൊണ്ടുവന്നതായി ഹമാസും വ്യക്തമാക്കിയിട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Explained/
ഇസ്രായേല്‍ - പലസ്തീന്‍ പ്രശ്നം തുടങ്ങിയത് എങ്ങനെ? ഇപ്പോൾ ഹമാസ് എന്തുകൊണ്ട് ആക്രമിച്ചു?
Next Article
advertisement
മലപ്പുറത്ത് വൻ ആയുധവേട്ട; വീട്ടിൽ നിന്ന് കണ്ടെത്തിയത് 20 എയർ ഗണ്ണുകളും മൂന്ന് റൈഫിളുകളും 200 ലേറെ വെടിയുണ്ടകളും
മലപ്പുറത്ത് വൻ ആയുധവേട്ട; വീട്ടിൽ നിന്ന് കണ്ടെത്തിയത് 20 എയർ ഗണ്ണുകളും മൂന്ന് റൈഫിളുകളും 200 ലേറെ വെടിയുണ്ടകളും
  • മലപ്പുറം എടവണ്ണയിൽ വൻ ആയുധവേട്ടയിൽ 20 എയർ ഗണ്ണുകളും 3 റൈഫിളുകളും 200ലധികം വെടിയുണ്ടകളും പിടിച്ചു.

  • വീട്ടുടമസ്ഥൻ ഉണ്ണിക്കമ്മദിനെ (69) പൊലീസ് അറസ്റ്റ് ചെയ്തു; അനധികൃത ആയുധ വിൽപനയുമായി ബന്ധപ്പെട്ട് അന്വേഷണം.

  • 1365/ERD Arms ലൈസൻസ് ഉണ്ടായിരുന്നെങ്കിലും പിടിച്ചെടുത്ത ആയുധങ്ങൾക്ക് ലൈസൻസ് ഇല്ലെന്ന് കണ്ടെത്തി.

View All
advertisement