തിരുവനന്തപുരം: കേരളമാകെ സ്ത്രീധന പീഡനത്തിനെതിരായ വികാരം കത്തി നിൽക്കെ, ഭർതൃപീഡനത്തിനെതിരെ പരാതി പറഞ്ഞ യുവതിയോട് നിലവിട്ട് സംസാരിച്ച എം സി ജോസഫൈന് സ്ഥാനം നഷ്ടമായി. കേരളം ഒന്നടങ്കം ജോസഫൈനെ ഒഴിവാക്കണമെന്ന നിലപാട് പ്രകടമാക്കിയപ്പോഴും കാലാവധി തീരാൻ 11 മാസം മാത്രം നിൽക്കെ മുതിർന്ന വനിതാ നേതാവിനെതിരെ പാർട്ടി ശക്തമായ നടപടി സ്വീകരിക്കുമോ എന്ന സംശയം പലരും ഉയർത്തിയിരുന്നു. എന്നാൽ പാർട്ടിയിൽ നിന്നും പിന്തുണ ലഭിക്കാതെ വന്നതോടെയാണ്
ജോസഫൈന് പുറത്തേക്കുള്ള വഴി തെളിഞ്ഞത്. ഇന്നു ചേർന്ന സംസ്ഥാന സെക്രട്ടറിയേറ്റിൽ നേതാക്കളാരും വനിതാ നേതാവിനെ പിന്തുണക്കാൻ തയാറായില്ല.
സിപിഎം കേന്ദ്ര കമ്മിറ്റി അംഗം കൂടിയായ ജോസഫൈന്‍ നടത്തിയ പരാമര്‍ശം വ്യാപകമായ വിമര്‍ശനം ഏറ്റവാങ്ങിയ പശ്ചാത്തലത്തിലാണ് പാർട്ടി രാജി ആവശ്യപ്പെട്ടത്. യോഗത്തിലും കൂട്ട വിമര്‍ശനം നേരിട്ടതിന് പിന്നാലെയാണ് നടപടി. തന്റെ നിലപാട് കഴിഞ്ഞ ദിവസം പുറത്തിറക്കിയ പത്രക്കുറിപ്പിന് സമാനമായി തന്നെ എം സി ജോസഫൈന്‍ വിശദീകരിച്ചെങ്കിലും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ കൂട്ട വിമര്‍ശനമാണ് ഉയര്‍ന്നത്. ഇപി ജയരാജന്‍ ഉള്‍പ്പെടെ കടുത്ത നിലപാടാണ് യോഗത്തില്‍ സ്വീകരിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
Also Read-
എം സി ജോസഫൈൻ വനിതാ കമ്മീഷൻ അധ്യക്ഷസ്ഥാനം രാജിവെച്ചു; സിപിഎം നേതാക്കളാരും പിന്തുണച്ചില്ലസിപിഎം കേന്ദ്ര കമ്മിറ്റി അംഗം കൂടിയായ ജോസഫൈനിന്റെ കൈയിൽ നിന്നും രാജി എഴുതി വാങ്ങുന്ന നില ഉണ്ടാവരുത് എന്ന് ധാരണ ഉണ്ടായിരുന്നു. ഇതു പ്രകാരമാണ് സ്വയം പുറത്ത് പോവുന്നു എന്ന നിലപാട് ജോസഫൈന്‍ സ്വീകരിച്ചത്. ജോസഫൈന്‍ സ്ഥാനമൊഴിഞ്ഞില്ലെങ്കില്‍ സമര പരിപാടികളിലേക്ക് കടക്കാനും സര്‍ക്കാരിനെതിരെ പ്രചരാണയുധമാക്കാനുമാണ് യുഡിഎഫിന്റേയും ബിജെപിയുടേയും നീക്കമെന്നിരിക്കെയാണ് രാജിയെന്നതും ശ്രദ്ധേയമാണ്.
കൊല്ലത്തെ വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട് സ്വകാര്യ വാർത്താ ചാനൽ സംഘടിപ്പിച്ച പ്രത്യേക പരിപാടിക്കിടെയായിരുന്നു എം സി ജോസഫൈന്റെ മോശം പെരുമാറ്റം. എറണാകുളം സ്വദേശിയോടാണ് ജോസഫൈന്‍ ഇത്തരത്തില്‍ സംസാരിച്ചത്. തനിക്ക് ഭര്‍ത്താവില്‍ നിന്നും ഭര്‍തൃവീട്ടുകാരില്‍ നിന്നും നേരിടേണ്ടി വന്ന ക്രൂരതകളെകുറിച്ച് തുറന്നുപറഞ്ഞ യുവതിയോട് എന്തുകൊണ്ട് പൊലീസില്‍ അറിയിച്ചില്ലായെന്ന ചോദ്യത്തിന് താന്‍ ആരോടും പറഞ്ഞില്ലായെന്നായിരുന്നു മറുപടി. പെട്ടെന്ന് ക്ഷുഭിതയായി എങ്കില്‍ അനുഭവിച്ചോളൂ എന്നായിരുന്നു എംസി ജോസഫൈന്റെ പ്രതികരണം. 'കൊടുത്ത സ്ത്രീധനം തിരിച്ചുകിട്ടാനും നഷ്ടപരിഹാരം കിട്ടാനും കുടുംബ കോടതി വഴി നിയമപരമായി മൂവ് ചെയ്യുക. വേണമെങ്കില്‍ വനിതാ കമ്മീഷന് ഒരു പരാതിയും അയച്ചോ. പക്ഷേ അയാള്‍ വിദേശത്താണല്ലോ. പറഞ്ഞത് മനസിലായോ.’ എന്നുമായിരുന്നു എംസി ജോസഫൈന്‍ പ്രതികരണം.
Also Read-
'സ്ഥാനത്ത് നിന്ന് നീക്കണം'; വനിതാ കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈനെതിരെ കേരളം ഒന്നടങ്കംപ്രതികരണത്തിനെതിരേ സിപിഎം കേന്ദ്രകമ്മിറ്റി അംഗം പി കെ ശ്രീമതിയടക്കം ഇടതുനേതാക്കളും സിപിഐയുടെ യുവജന സംഘടനകളുമടക്കം രംഗത്തെത്തി. പാർട്ടിയിൽ നിന്നും ഒരു നേതാവും പിന്തുണക്കാതിരിക്കെ, ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം മാത്രമാണ് രാജിവേണ്ടെന്ന നിലപാട് സ്വീകരിച്ചത് എന്നതും ശ്രദ്ധേയമാണ്. ഖേദപ്രകടനം നടത്തിയതോടെ വിവാദം അവസാനിച്ചെന്നും രാജി ആവശ്യമില്ലെന്നും റഹീം പറഞ്ഞിരുന്നു. എന്നാൽ സാമൂഹിക മാധ്യമങ്ങളില്‍ പ്രമുഖരുള്‍പ്പടെയുളളവര്‍ ജോസഫൈന്റെ രാജി ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. സിപിഎം സഹയാത്രികരായുള്ളവര്‍ അടക്കം ജോസഫൈനെതിരെ രംഗത്തുവന്നു.
സിപിഎം കേന്ദ്ര കമ്മിറ്റി അംഗമായ എം സി ജോസഫൈനെ 2017 മാർച്ചിലായിരുന്നു വനിതാ കമ്മീഷൻ അധ്യക്ഷയായി നിയമിച്ചത്. പി കെ ശശിക്ക് എതിരെ ഉയർന്ന പീഡന പരാതിയിൽ പാർട്ടി കോടതിയും പൊലീസ് സ്റ്റേഷനുമാണെന്ന ജോസഫൈന്‍റെ പരാമർശം വിവാദമായിരുന്നു. 89വയസ്സുള്ള സ്ത്രീക്ക് മർദ്ദനമേറ്റ സംഭവത്തിൽ പരാതിയറിച്ചവരോട് മോശമായി പെരുമാറിയതിലും ജോസഫൈൻ ആക്ഷേപം നേരിട്ടിട്ടുണ്ട്. 2017ൽ മനുഷ്യവിസർജ്യവും ഭീഷണകത്തും തപാലിലൂടെ പാഴ്സലായി വനിതാ കമ്മീഷൻ അധ്യക്ഷയ്ക്ക് അയച്ചതും വലിയ വിവാദമായിരുന്നു.
വൈപ്പിൻ സ്വദേശിനിയായ ജോസഫൈൻ 1989ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടുക്കിയിൽ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. 2006ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മട്ടാഞ്ചേരിയിൽ എല്‍ഡിഎഫ് സ്ഥാനാർഥിയായെങ്കിലും വി കെ ഇബ്രാഹിംകുഞ്ഞിനോട് തോറ്റു. ജിസിഡിഎ ചെയർപേഴ്സണ്‍, വനിതാ വികസന കോർപറേഷൻ ചെയർപേഴ്സൺ, അങ്കമാലി നഗരസഭാ കൗൺസിലർ, ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.