• HOME
 • »
 • NEWS
 • »
 • explained
 • »
 • Ukraine | എന്തുകൊണ്ട് ഇന്ത്യൻ വിദ്യാർത്ഥികൾ ഉന്നതവിദ്യാഭ്യാസത്തിനായി യുക്രൈനെ തിരഞ്ഞെടുക്കുന്നു?

Ukraine | എന്തുകൊണ്ട് ഇന്ത്യൻ വിദ്യാർത്ഥികൾ ഉന്നതവിദ്യാഭ്യാസത്തിനായി യുക്രൈനെ തിരഞ്ഞെടുക്കുന്നു?

മെഡിക്കൽ കോഴ്സുകൾ പഠിക്കുന്നവരാണ് യുക്രെയ്നിലുള്ള ഭൂരിഭാഗം ഇന്ത്യൻ വിദ്യാർത്ഥികളും. ഒരു ചെറിയ വിഭാഗം എഞ്ചിനീയറിംഗ് കോഴ്‌സുകളും തെരഞ്ഞെടുത്തിട്ടുണ്ട്.

 • Last Updated :
 • Share this:
  റഷ്യയുമായുള്ള (Russia) യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ (War) യുക്രെയ്നിൽ (Ukraine) നിന്ന് സുരക്ഷിതമായ തിരിച്ചുവരവ് ആഗ്രഹിച്ച് നൂറുകണക്കിന് ഇന്ത്യൻ വിദ്യാർത്ഥികളാണ് സർക്കാരിനോട് അഭ്യർത്ഥനകളുമായി രംഗത്തെത്തിയിരിക്കുന്നത്. യുദ്ധഭൂമിയിൽ ഒറ്റപ്പെട്ടുപോയ വിദ്യാർത്ഥികൾ (Students) തങ്ങൾക്ക് മടങ്ങി വരാനുള്ള ക്രമീകരണങ്ങൾ ചെയ്യണമെന്ന് ഇന്ത്യൻ (Indian) അധികൃതരോട് അഭ്യർത്ഥിക്കുന്ന നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. അത്തരത്തിലുള്ള ഒരു വീഡിയോയിൽ, വിദ്യാർത്ഥികൾ അവരുടെ പായ്ക്ക് ചെയ്ത ബാഗുകളുമായി ഇന്ത്യൻ എംബസിക്ക് പുറത്ത് ഉദ്യോഗസ്ഥരുടെ പ്രതികരണത്തിനായി കാത്തു നിൽക്കുന്നതും കാണാം. റഷ്യൻ അതിർത്തിയിൽ നിന്ന് 50 മൈൽ അകലെയുള്ള സുമ നഗരത്തിൽ, വടക്കുകിഴക്കൻ നഗരത്തിന്റെ നിയന്ത്രണം റഷ്യൻ സൈന്യം ഏറ്റെടുത്തതോടെ 400 ഓളം ഇന്ത്യൻ വിദ്യാർത്ഥികൾ ഒരു ബേസ്‌മെന്റിൽ അഭയം പ്രാപിച്ചിട്ടുണ്ട്.

  യുക്രൈനിൽ ഒറ്റപ്പെട്ടുപോയ വിദ്യാർത്ഥികളെക്കുറിച്ചുള്ള ഉത്കണ്ഠകൾ നിലനിൽക്കുമ്പോഴും എന്തുകൊണ്ട് ഇത്രയധികം ഇന്ത്യൻ വിദ്യാർത്ഥികൾ ഉന്നത വിദ്യാഭ്യാസത്തിനായി യുക്രെയ്ൻ തെരഞ്ഞെടുത്തു എന്നതാണ് ആളുകളിൽ ഉയരുന്ന സംശയം. യുഎസും പടിഞ്ഞാറൻ യൂറോപ്പ്യൻ രാജ്യങ്ങളും ഓസ്‌ട്രേലിയയും ചൈന പോലും പതിറ്റാണ്ടുകളായി ഇന്ത്യയിലെ യുവാക്കളുടെ പ്രിയപ്പെട്ട ഉന്നത വിദ്യാഭ്യാസ ലക്ഷ്യസ്ഥാനങ്ങളാണ്. എന്നാൽ യുക്രെയ്നിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെയാണ് ഇത്രയധികം ഇന്ത്യൻ വിദ്യാർത്ഥികൾ ഉന്നതവിദ്യാഭ്യാസത്തിനായി യുക്രെയ്ൻ തെരഞ്ഞെടുത്തിട്ടുണ്ടെന്ന വിവരം വ്യക്തമാകുന്നത്.

  മെഡിക്കൽ കോഴ്സുകൾ പഠിക്കുന്നവരാണ് യുക്രെയ്നിലുള്ള ഭൂരിഭാഗം ഇന്ത്യൻ വിദ്യാർത്ഥികളും. ഒരു ചെറിയ വിഭാഗം എഞ്ചിനീയറിംഗ് കോഴ്‌സുകളും തെരഞ്ഞെടുത്തിട്ടുണ്ട്. തലസ്ഥാനമായ കൈവിൽ നിന്ന് 480 കിലോമീറ്റർ അകലെയുള്ള ഖാർകിവ് നാഷണൽ മെഡിക്കൽ യൂണിവേഴ്സിറ്റിയാണ് രാജ്യത്തെ ഏറ്റവും മികച്ച മെഡിക്കൽ സ്കൂൾ. യുക്രെയ്നിലെ മെഡിക്കൽ കോളേജുകൾ ലോകാരോഗ്യ സംഘടനയുടെ അംഗീകാരമുള്ളവയാണ്. കൂടാതെ ഇന്ത്യൻ മെഡിക്കൽ കൗൺസിലിന്റെ അംഗീകാരമുള്ളതിനാൽ അവിടെ നിന്ന് ലഭിക്കുന്ന ബിരുദങ്ങൾക്ക് ഇന്ത്യയിലും സാധുതയുണ്ട്.

  Also Read- War in Ukraine| ആദ്യദിനം യുക്രെയ്നിൽ 137 മരണം; 316 പേർക്ക് പരിക്ക്; ഇതുവരെ 203 ആക്രമണങ്ങൾ

  എംബിബിഎസ് സീറ്റ് ലഭിച്ച കർണാടകയിലെ റായ്ച്ചൂർ ജില്ലയിലെ ദേവസാഗുരു ഗ്രാമത്തിൽ നിന്നുള്ള ചെന്നവീരേഷ് 2021 ഒക്ടോബർ 4നാണ് യുക്രൈനിലേയ്ക്ക് പോയത്. ആറ് വർഷത്തിന് ശേഷം ഒരു ഡോക്ടറാകാം എന്ന ആഗ്രഹത്തിലാണ് ചെന്നവീരേഷിനെപ്പോലെയുള്ള നിരവധി വിദ്യാർത്ഥികൾ യുക്രെയ്നിലെത്തിയത്.

  "കോളേജിലെ അവന്റെ സീനിയർ യുക്രെയ്നിലേയ്ക്ക് പഠനത്തിനായി പോയിരുന്നു, അതേ മാർഗ്ഗം തന്നെ അവനും സ്വീകരിച്ചു. ചെന്നവീരേഷ് എന്റെ ഇളയ മകനാണ്," യുദ്ധത്തിൽ തകർന്ന യുക്രെയ്നിൽ കുടുങ്ങിപ്പോയ നൂറുകണക്കിന് ഇന്ത്യൻ വിദ്യാർത്ഥികളിൽ ഇപ്പോൾ ചെന്നവീരേഷുമുണ്ട്.

  “യുക്രെയ്നിലെ കോളേജുകളിൽ പ്രവേശനം ലഭിക്കുന്നത് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല. ഞാൻ രണ്ടാം പിയുസിയിൽ 73% മാർക്ക് നേടുകയും നീറ്റിൽ 370-ാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തിരുന്നു. യുക്രെയ്നിൽ മെഡിക്കൽ കോഴ്സിന് അഡ്മിഷൻ ലഭിക്കാൻ ഒരു അടിസ്ഥാന പ്രവേശന പരീക്ഷയുണ്ട്. അത് ജയിക്കാൻ വളരെ എളുപ്പമാണ്. സ്വകാര്യ സ്ഥാപനമായ ഖാർകിവ് മെഡിക്കൽ കോളേജിലാണ് ഞാൻ പഠിക്കുന്നത്. കോളേജ് ഫീസും ഹോസ്റ്റലും മറ്റു ചെലവുകളും ഉൾപ്പെടെ അഞ്ചു ലക്ഷം രൂപയാണ് പ്രതിവർഷം ചെലവ്. കൂടുതൽ പണം ചെലവഴിക്കുന്ന വിദ്യാർത്ഥികളുമുണ്ട്. എന്നാൽ ഒരു ശരാശരി തുകയാണിത്. ഇംഗ്ലീഷിലാണ് പഠിപ്പിക്കുന്നത്. ഇന്ത്യയിലുടനീളവും കർണാടകയിൽ നിന്നുമുള്ള ധാരാളം വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നുണ്ട്“ വാട്ട്‌സ്ആപ്പ് കോളിലൂടെ ന്യൂസ് 18നോട് സംസാരിച്ച ചെന്നവീരേഷ് പറഞ്ഞു.

  Also Read- War in Ukraine| കുഞ്ഞുമകളോട് കണ്ണീരോടെ യാത്ര പറയുന്ന അച്ഛൻ; റഷ്യൻ അധിനിവേശത്തിനിടെ യുക്രെയിനിലെ കാഴ്ച

  ഇന്ത്യയിലേത് പോലെ തന്നെ യുക്രെയ്നിലും എംബിബിഎസ് ആറ് വർഷത്തെ കോഴ്സാണ്. അഞ്ച് വർഷം കോളേജിലും ഒരു വർഷം ഹൗസ് സർജനായും ജോലി ചെയ്യണം. “ഇന്നലെ മുതൽ ടെൻഷൻ കൂടി. എന്താണ് ഇനി സംഭവിക്കുന്നതെന്ന് നോക്കാം" റഷ്യൻ ആക്രമണത്തിന് ശേഷമുള്ള സ്ഥിതിഗതികളെക്കുറിച്ച് സംസാരിച്ച ചെന്നവീരേഷ് പറഞ്ഞു.

  യുക്രെയ്നിൽ പഠിക്കുന്ന മറ്റൊരു കർണാടക സ്വദേശിയാണ് പൂരൻ ചന്ദ്രശേഖർ. പൂരന്റെ മാതാപിതാക്കളായ ചന്ദ്രശേഖറും രാജേശ്വരിയും 12 വയസ്സുള്ള സഹോദരൻ ലോചനൊപ്പം ബെംഗളൂരുവിലെ തുംഗ നഗറിലാണ് താമസിക്കുന്നത്. പിയുസിയിൽ 95 ശതമാനം മാർക്കുണ്ടായിരുന്ന പൂരൻ വിജയനഗർ എഎസ്‌സി കോളജിലെ വിദ്യാർഥിയായിരുന്നു. നീറ്റിന് യോഗ്യത നേടിയിരുന്നു, എന്നാൽ കോവിഡ് -19 സാഹചര്യം കാരണം, ഒരു വർഷം നഷ്ടപ്പെടുമെന്ന് കരുതി യുക്രെയ്ൻ തെരഞ്ഞെടുക്കുകയായിരുന്നു.

  ചെറുപ്പം മുതലേ ആർമിയിൽ ചേരണമെന്നായിരുന്നു പൂരന്റെ ആഗ്രഹം. എന്നാൽ ശാരീരികമായി അത്ര ശക്തനായിരുന്നില്ല പൂരൻ. അതുകൊണ്ട് തന്നെ തന്റെ ലക്ഷ്യത്തിനായി മറ്റൊരു വഴി തെരഞ്ഞെടുക്കുകയായിരുന്നു. മെഡിസിൻ പഠനം പൂർത്തിയാക്കി, സ്പെഷ്യലൈസേഷനും ചെയ്ത ശേഷം പട്ടാളത്തിൽ ചേരാനാണ് ഈ ചെറുപ്പക്കാരന്റെ ആഗ്രഹം. തന്റെ ലക്ഷ്യത്തെക്കുറിച്ച് വളരെ വ്യക്തമായ കാഴ്ച്ചപ്പാടുള്ള വ്യക്തിയാണ് പൂരൻ. ”എന്റെ ഭർത്താവ് ഒരു എംഎൻസിയിൽ സീനിയർ തസ്തികയിലാണ് ജോലി ചെയ്യുന്നത്. പൂരന്റെ ഉപരിപഠനത്തിന് ഏത് രാജ്യമാണ് ഏറ്റവും അനുയോജ്യമെന്ന് ആറ് മാസത്തോളം ഞങ്ങൾ ഗവേഷണം നടത്തിയിരുന്നു” പൂരന്റെ അമ്മ രാജേശ്വരി പറയുന്നു.

  “നിരവധി ആലോചനകൾക്കും കണക്കുകൂട്ടലുകൾക്കും ശേഷമാണ് ഞങ്ങൾ യുക്രെയ്ൻ തെരഞ്ഞെടുത്തത്. അവിടെ ചെലവ് താരതമ്യേന കുറവും ഗുണനിലവാരമുള്ള വിദ്യാഭ്യാസവുമാണ് വാഗ്ദാനം ചെയ്യുന്നത്. ഇന്നലെ വരെ ഞങ്ങൾ എല്ലാവരും വളരെ സന്തോഷത്തിലായിരുന്നു. എന്റെ മകനും അവന്റെ സുഹൃത്തുക്കളും ഖാർകിവിൽ വളരെ സന്തോഷത്തോടെയാണ് കഴിഞ്ഞിരുന്നത്" പൂരന്റെ അമ്മ കൂട്ടിച്ചേർത്തു.

  റസിഡൻഷ്യൽ കാർഡ്, വിസ, ഏജൻസി ഫീസ്, യാത്രാ ചെലവുകൾ, കോളേജ് ഫീസ്, താമസച്ചെലവുകൾ എന്നിവ ഉൾപ്പെടെ ആദ്യ വർഷം ഏകദേശം 13 മുതൽ 14 ലക്ഷം രൂപ വരെ ചെലവാകുമെന്ന് മാതാപിതാക്കൾ പറയുന്നു. രണ്ടാം വർഷം മുതൽ, ട്യൂഷൻ ഫീസും താമസ ചെലവുകൾക്കുമായി പ്രതിവർഷം 5 മുതൽ 6 ലക്ഷം രൂപ വരെയാണ് ചെലവ്. അവിടെ തന്നെ മാസ്റ്റേഴ്സ് കൂടി ചെയ്യാൻ ആഗ്രഹിക്കുന്നതിനാൽ മിക്ക മെഡിക്കൽ വിദ്യാർത്ഥികളും സാധാരണയായി 10 വർഷത്തെ വിസയാണ് തെരഞ്ഞെടുക്കുന്നത്.

  യുക്രെയ്നിലെ മെഡിക്കൽ പഠനത്തിന് ശേഷം ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ NEXT (നാഷണൽ എക്സിറ്റ് ടെസ്റ്റ്) എന്ന ബ്രിഡ്ജ് കോഴ്‌സ്-പരീക്ഷ പാസാകാണം. അതിനുശേഷം അവർക്ക് ഇന്ത്യയിൽ പ്രാക്ടീസ് ആരംഭിക്കാം. സൈനിക നിയമത്തിന് കീഴിലായതിനാൽ യുക്രെയ്നിൽ ആളുകൾക്ക് ഇപ്പോൾ പുറത്തിറങ്ങി സഞ്ചരിക്കാൻ കഴിയില്ല. എയർ സൈറണുകളും ബോംബ് മുന്നറിയിപ്പുകളും കേൾക്കുന്നവർ സമീപത്തുള്ള ബോംബ് ഷെൽട്ടറുകൾ കണ്ടെത്തണമെന്നും വ്യാഴാഴ്ച പുതിയ നിർദ്ദേശത്തിൽ കൈവിലെ ഇന്ത്യൻ എംബസി പറഞ്ഞു.

  കൈവിൽ താമസിക്കാൻ ഇടമില്ലാതെ ഒറ്റപ്പെട്ട ഇന്ത്യൻ വിദ്യാർത്ഥികളെ പാർപ്പിക്കാൻ എംബസി സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും നിർദ്ദേശങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ട്. കൈവിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടാൻ വിദേശകാര്യ മന്ത്രാലയം താഴെ പറയുന്ന 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ലൈൻ നമ്പറുകളും പുറത്തിറക്കിയിട്ടുണ്ട്:

  +38 0997300428

  +38 0997300483

  +38 0933980327

  +38 0635917881

  +38 0935046170
  Published by:Rajesh V
  First published: