ഖത്തറിനെ ഇസ്രയേല്‍ ആക്രമിച്ചത് എന്തുകൊണ്ട്? മേഖലയെ ബാധിക്കുന്നതെങ്ങനെ?
- Published by:meera_57
- news18-malayalam
Last Updated:
ഖത്തറിനെതിരേ ഇസ്രായേൽ നടത്തിയ ആക്രമണത്തിന്റെ സമയവും ലക്ഷ്യവും കൂടുതല്‍ ആഴത്തിലുള്ള ഒരു കഥ പറയുന്നുണ്ട്
ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ ഇസ്രായേൽ നടത്തിയ വ്യോമാക്രമണം മിഡില്‍ ഈസ്റ്റില്‍ ഒരു ഭൂകമ്പത്തിന് തന്നെ കാരണമായിരിക്കുകയാണ്. മുതിര്‍ന്ന ഹമാസ് നേതാക്കളെ ലക്ഷ്യമിട്ടാണ് ഇസ്രായേലിന്റെ ആക്രമണം. യുഎസിന്റെ പ്രധാന സഖ്യകക്ഷിയും ഗാസയിലെ വെടിനിര്‍ത്തല്‍ ചർച്ചയിൽ മധ്യസ്ഥത വഹിക്കുകയും ചെയ്യുന്ന ഒരു ഗള്‍ഫ് രാജ്യത്തിനെതിരേയുള്ള അപ്രതീക്ഷിതമായ ആക്രമണം മിഡില്‍ ഈസ്റ്റില്‍ വലിയ ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്. ദോഹയുടെ ആകാശത്തിന് മുകളില്‍ പുക ഉയരുന്നുമ്പോള്‍ അതിനൊപ്പം ചില ചോദ്യങ്ങള്‍ കൂടി ഉയര്‍ന്നുവരികയാണ്. ഇസ്രായേൽ എന്തിനാണ് ഇത്തരമൊരു ആക്രമണം നടത്തിയത്? ഇതിനോടകം തന്നെ അസ്ഥിരമായ മിഡില്‍ ഈസ്റ്റില്‍ ഈ ആക്രമണം പിരിമുറുക്കം വര്‍ധിപ്പിക്കുന്നതെങ്ങനെ? അടിയന്തര സാഹചര്യമില്ലാതിരുന്നിട്ടും ഇസ്രായേൽ പരമാധികാര രാഷ്ട്രങ്ങളെ ആക്രമിക്കുന്നത് എന്തിനാണ്? തങ്ങളെ ആരും ശിക്ഷിക്കില്ലെന്ന ധാരണയോടെ അവര്‍ പ്രവര്‍ത്തിക്കുന്നത് എന്തുകൊണ്ട്?
ഖത്തറിനെ ഇസ്രയേല്‍ ആക്രമിച്ചത് എന്തുകൊണ്ട്?
2012 മുതല്‍ ദോഹ ആസ്ഥാനമായി നടക്കുന്ന മധ്യസ്ഥ ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കുന്ന ഖലീല്‍ അല്‍-ഹയ്യ ഉള്‍പ്പെടെയുള്ള ഹമാസിന്റെ രാഷ്ട്രീയ നേതൃത്വത്തെ ലക്ഷ്യം വെച്ച് ഇസ്രായേൽ നടത്തിയ മിന്നലാക്രമണമായിരുന്നു അത്. 15 യുദ്ധവിമാനങ്ങളും 10 യുദ്ധ ഉപകരണങ്ങളും ഉപയോഗിച്ച് നടത്തിയ ഈ ഓപ്പറേഷനില്‍ ഒരു പെട്രോള്‍ സ്റ്റേഷന് സമീപമുള്ള താമസസ്ഥലമാണ് ആക്രമിക്കപ്പെട്ടത്. ആക്രമണത്തില്‍ ഖത്തറി സുരക്ഷാ ഉദ്യോഗസ്ഥനും അല്‍-ഹയ്യയുടെ മകനും ഉള്‍പ്പെടെ ആറ് പേരാണ് കൊല്ലപ്പെട്ടത്. തങ്ങളുടെ ഉന്നത നേതാക്കള്‍ ആക്രമണത്തില്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് ഹമാസ് അവകാശപ്പെട്ടു.
advertisement
2023 ഒക്ടോബര്‍ 7ന് ഹമാസ് ഇസ്രായേലിന് നേരെ നടത്തിയ ആക്രമണത്തില്‍ 1200 ഇസ്രായേലികള്‍ കൊല്ലപ്പെടുകയും 251 പേരെ ബന്ദികളാക്കുകയും ചെയ്തിരുന്നു. തിങ്കളാഴ്ച ജറുസലേമില്‍ ഹമാസിന്റെ അല്‍-ഖസ്സാം ബ്രിഗേഡുകള്‍ നടത്തിയ വെടിവെപ്പില്‍ ആറ് പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് പ്രതികാരമെന്നോണമാണ് ഖത്തറിനുനേരെ നടത്തിയ ആക്രമണം.
ഖത്തറിനെതിരേ ഇസ്രായേൽ നടത്തിയ ആക്രമണത്തിന്റെ സമയവും ലക്ഷ്യവും കൂടുതല്‍ ആഴത്തിലുള്ള ഒരു കഥ പറയുന്നുണ്ട്. വര്‍ഷങ്ങളായി ഹമാസും ഇസ്രായേലുമായി നടന്നുവരുന്ന പരോക്ഷ ചര്‍ച്ചകള്‍ക്ക് ഖത്തറാണ് സൗകര്യമൊരുക്കി വരുന്നത്. സെപ്റ്റംബര്‍ 9ന് ഹമാസ് നേതാക്കള്‍ ദോഹയില്‍ യുഎസ് പിന്തുണയോടെ ഒരു ചര്‍ച്ചയില്‍ പങ്കെടുത്തുവരികയായിരുന്നു. ആക്രമണം നടത്തിയതോടെ ഇത് സമാധാന ശ്രമങ്ങള്‍ക്ക് മേലുള്ള നേരിട്ടുള്ള പ്രഹരമായി മാറി. ഹമാസിനെ തളര്‍ത്താനുള്ള പൂര്‍ണമായും ന്യായീകരിക്കപ്പെട്ട നടപടിയാണിതെന്നാണ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞത്. വിദേശരാജ്യങ്ങളിലുള്ള ഹമാസ് നേതാക്കളെ ലക്ഷ്യമിടുന്നുണ്ടെന്ന് ആഴ്ചകള്‍ക്ക് മുമ്പ് ഇസ്രായേലിന്റെ സൈനിക മേധാവി ലെഫ്റ്റനന്റ് ജനറല്‍ ഇയാള്‍ സമീര്‍ പ്രഖ്യാപിച്ചിരുന്നു. സുരക്ഷിത താവളമായി ഹമാസ് കണക്കാക്കിയിരുന്ന ദോഹ പോലും തൊട്ടുകൂടാത്തതല്ലെന്ന് തെളിയിക്കാനുള്ള ഇസ്രായേലിന്റെ ധീരമായ തിരഞ്ഞെടുപ്പായിരുന്നു അത്.
advertisement
ഹമാസ്, ഹിസ്ബുള്ള, യെമനിലെ ഹൂതികള്‍ എന്നിവ ഉള്‍പ്പെടുന്ന ഇറാന്റെ പ്രതിരോധ അച്ചുതണ്ട് ദുര്‍ബലപ്പെടുത്താനുള്ള ഇസ്രായേലിന്റെ തന്ത്രം കൂടിയാണ് ഇതെന്ന് വിലയിരുത്തപ്പെടുന്നു. ഇറാനുമായുള്ള ഖത്തറിന്റെ ബന്ധവും ഹമാസിനെ സഹായിക്കുന്നതും ആക്രമണത്തിന്റെ ഒരു പ്രതീകാത്മക ലക്ഷ്യമാക്കി മാറ്റി. ദോഹയെ ആക്രമിക്കുന്നത് ഹമാസിന്റെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തുമെന്നും ഇസ്രായേൽ കരുതി. ഗാസയില്‍ ഇപ്പോഴും ഇസ്രയേലികളെ ബന്ധികളാക്കി വെച്ചിരിക്കുന്നത് തുടരുകയാണ്. യുദ്ധം കൈകാര്യം ചെയ്യുന്നതിനെതിരേ നെതന്യാഹുവിനെതിരേ പ്രതിഷേധങ്ങള്‍ ശക്തമാകുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഇസ്രായേലിന്റെ ഉള്ളില്‍ നിന്നുള്ള സമ്മര്‍ദങ്ങള്‍ കുറയ്ക്കാനും ആക്രമണം ലക്ഷ്യം വയ്ക്കുന്നു.
advertisement
മിഡില്‍ ഈസ്റ്റിലുടനീളം അലയൊലികള്‍ തുടരുന്നു
ദോഹയില്‍ നടത്തിയ ആക്രമണം മിഡില്‍ ഈസ്റ്റിനെ പുരിമുറുക്കത്തിലാഴ്ത്തിയിരിക്കുന്നു. ഇതിനോടകം തന്നെ സംഘര്‍ഷത്താല്‍ വലഞ്ഞ ഒരു മേഖലയുടെ സ്ഥിരതയ്ക്ക് ഈ ആക്രമണം ഭീഷണിയാണ്. ഗാസയിലെ ചര്‍ച്ചകള്‍ക്ക് ഈജിപ്തിനൊപ്പം മധ്യസ്ഥത വഹിക്കുന്ന നയതന്ത്ര ശക്തി കേന്ദ്രമായ ഖത്തര്‍ ഈ ആക്രമണത്തെ രാജ്യം നടത്തുന്ന ഭീകരാക്രമണമെന്നും തങ്ങളുടെ പരമാധികാരത്തിനെതിരേയുള്ള നഗ്നമായ ലംഘനമെന്നുമാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ആക്രമണത്തില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെടുകയും ഏതാനും പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. എംബസികള്‍ക്കും സ്‌കൂളുകള്‍ക്കും സമീപമായാണ് ആക്രമണം നടന്നത്. ഇത് ഒരു നിഷ്പക്ഷ താവളമെന്ന നിലയിലുള്ള ദോഹയുടെ പ്രതിച്ഛായ തകര്‍ത്തുകളഞ്ഞു.
advertisement
ഇസ്രായേലിനെതിരേ നിയമപരമായ നടപടികള്‍ സ്വീകരിക്കുമെന്ന് ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്‌മാന്‍ അല്‍ താനി പറഞ്ഞു. മധ്യസ്ഥ ശ്രമങ്ങള്‍ മരവിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും സൂചന നല്‍കി. ഖത്തര്‍ ഒപ്പം നിന്നില്ലെങ്കില്‍ ചര്‍ച്ചകള്‍ അവസാനിക്കുകയും 65,000ല്‍പരം പലസ്തീനികളെ കൊന്നൊടുക്കുകയും ലക്ഷക്കണക്കിന് ആളുകളെ നാടുകടത്തുകയും ചെയ്ത ഗാസയിലെ യുദ്ധം നീണ്ടുനില്‍ക്കുകയും ചെയ്യും.
സൗദി അറേബ്യയും മറ്റ് ഗള്‍ഫ് രാജ്യങ്ങളും ഉള്‍പ്പെടുന്ന ഗള്‍ഫ് കോര്‍പ്പറേഷന്‍ കൗണ്‍സിലിലും (ജിസിസി) ഇത് വിശാലമായ പ്രതിസന്ധിക്ക് തിരികൊളുത്തും. ഹമാസിനെ പിന്തുണയ്ക്കുന്ന ഇറാന്‍ ആക്രമണത്തെ അപകടകരമെന്നാണ് വിശേഷിപ്പിച്ചത്. ഇത് പ്രതികാരമായി ആക്രമണങ്ങള്‍ ഉണ്ടാകുമെന്ന ഭയം ഉയര്‍ത്തുന്നു. ഖത്തറിന് നേരെയുള്ള ആക്രമണം ഒരു ബഹുമുഖ സംഘര്‍ഷത്തിനുള്ള സാധ്യതയും സൃഷ്ടിക്കുന്നു. ഈജിപ്ത്, ജോര്‍ദാന്‍, മൊറോക്കോ തുടങ്ങിയ അറബ് രാജ്യങ്ങളും ഫ്രാന്‍സ്, യുഎന്‍ എന്നിവയും ആക്രമണത്തെ ഇതിനോടകം തന്നെ അപലപിച്ചിട്ടുണ്ട്. ആക്രമണം മേഖലയെ കൂടുതല്‍ കുഴപ്പത്തിലേക്ക് തള്ളിവിടുമെന്ന് അവര്‍ ഭയപ്പെടുന്നു. ഗാസയില്‍ ഇപ്പോഴുള്ള പലസ്തീനികളെ സംബന്ധിച്ചിടത്തോളം ആക്രമണം സമാധാനത്തിലേക്കുള്ള പ്രതീക്ഷകള്‍ ഇല്ലാതാക്കുകയുമാണ് ചെയ്യുന്നത്.
advertisement
ഇതുണ്ടാക്കുന്ന സാമ്പത്തിക പ്രത്യാഘാതങ്ങളും ഭയപ്പെടുത്തുന്നതാണ്. യുഎസിന്റെ മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ വ്യോമതാവളമായ അല്‍ ഊദൈദ് ഖത്തറിലാണ് സ്ഥിതി ചെയ്യുന്നത്. പ്രകൃതിവാതകത്തിന്റെ വലിയ നിക്ഷേപമുള്ള അവര്‍ വ്യാപാരത്തിനും നിക്ഷേപത്തിനും ഇതിനെയാണ് ആശ്രയിക്കുന്നത്. ഈ ആക്രമണം സുരക്ഷിതമായ സാമ്പത്തിക കേന്ദ്രമെന്ന അതിന്റെ ഖ്യാതയെയും തകര്‍ത്തു. ഈ ആക്രമണം മേഖലയിലെ എണ്ണയുടെയും വാതകത്തിന്റെയും വില ഉയര്‍ത്താന്‍ സാധ്യതയുണ്ട്. 2025 ജൂണില്‍ അല്‍ ഉദൈദില്‍ ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തിന് ശേഷം ഇതിനോടകം ആശങ്കാകുലരായ ഗള്‍ഫ് രാജ്യങ്ങള്‍ ഇപ്പോള്‍ യുഎസിന്റെ സുരക്ഷാ ഉറപ്പുകളെ ചോദ്യം ചെയ്യുകയാണ്.
advertisement
ഇസ്രയേല്‍ പ്രത്യാക്രമണത്തില്‍ നിന്ന് രക്ഷപ്പെടുന്നത് എങ്ങനെ?
ഉടനടി തിരിച്ചടിയുണ്ടാകാതെ ഖത്തറിനെ ആക്രമിക്കാന്‍ ഇസ്രായേൽ തീരുമാനിച്ചത് അവരുടെ സൈനിക ശക്തി, നയതന്ത്രസ്വാധീനം, ആഗോളതലത്തിലെ ഇടപെടലുകള്‍ എന്നിവയാണ്. യുഎസിന്റെ പിന്തുണയാണ് ഇസ്രായേലിന്റെ കവചം. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇസ്രായേലിനെ ശാസിച്ചിട്ടും ആക്രമണത്തെ ഏകപക്ഷീയം എന്ന് വിളിക്കുകയും ഖത്തറിനോട് ഖേദം പ്രകടിപ്പിക്കുകയും ചെയ്തിട്ടും അദ്ദേഹത്തിന്റെ ഭരണകൂടം സ്വീകരിച്ച നടപടികള്‍ ഇസ്രായേലിനോടുള്ള സഹിഷ്ണുതയെ സൂചിപ്പിക്കുന്നു. ഹമാസിനെ ഇല്ലാതാക്കുക എന്നത് ലക്ഷ്യമാണെന്ന് ട്രംപ് ഖത്തറിനോട് ആവര്‍ത്തിക്കുന്നു. സഖ്യകക്ഷികളെ സമ്മര്‍ദ്ദിലാക്കുമ്പോള്‍ ഇസ്രായേലിന്റെ നടപടികള്‍ക്ക് പച്ചക്കൊടി കാട്ടുകയും ചെയ്യുന്നു. യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ യുഎസിനുള്ള വീറ്റോ അധികാരം ഇസ്രായേലിനെതിരായ പ്രമേയങ്ങള്‍ തടയുന്നു. കൂടാതെ യുഎസിന്റെ രഹസ്യാന്വേഷണ വിവരങ്ങള്‍ പങ്കിടല്‍ ഇസ്രായേലിന്റെ പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.
അന്താരാഷ്ട്ര നിയമത്തിലെ അവ്യക്തത ഇസ്രായേലിന് മുന്‍തൂക്കം നല്‍കുന്നു. യുഎന്‍ ചട്ടത്തില്‍ പരമാധികാര രാഷ്ട്രങ്ങള്‍ക്കെതിരായ ആക്രമണങ്ങളെ വിലക്കുന്നുണ്ടെങ്കിലും ഭീകരതയ്‌ക്കെതിരായ പോരാട്ടമായാണ് ഇത് ഇസ്രയേല്‍ ഉയര്‍ത്തിക്കാട്ടുന്നത്. ഉദാഹരണമായി 2023 ഒക്ടോബറിലെ ആക്രമണമാണ് ചൂണ്ടിക്കാട്ടുന്നത്.
പ്രാദേശികമായ ചില ഘടകങ്ങളും ഇസ്രായേലിന് അനുകൂല സാഹചര്യമൊരുക്കുന്നുണ്ട്. ഗള്‍ഫ് രാജ്യങ്ങള്‍ ആക്രമണത്തെ അപലപിക്കുന്നുണ്ടെങ്കിലും അത് കേവലം വാക്കുകളില്‍ മാത്രം ഒതുങ്ങുന്നു. രൂക്ഷമായ ഒരു പ്രതികരണം നടത്താന്‍ അവര്‍ മടിക്കുന്നു. യുഎസ് നല്‍കുന്ന സുരക്ഷയാണ് ഇതിന് കാരണം. സൗദിയും യുഎഇയും ഉള്ളില്‍ രോഷം കൊള്ളുന്നുണ്ടെങ്കിലും ഇസ്രായേലിന്റെ ഇറാന്‍ വിരുദ്ധ നിലപാടിനോട് യോജിച്ച് ഇറാന്‍ ഒരു വലിയ ഭീഷണിയായി മുന്‍ഗണന നല്‍കുകയാണ് ചെയ്യുന്നത്.
ഈ ആക്രമണത്തിന്റെ പ്രധാന്യമെന്ത്?
ദോഹ ആക്രമണം വെറുമൊരു ഒറ്റപ്പെട്ട സംഭവമല്ല, മറിച്ച് എവിടെയും എപ്പോള്‍ വേണമെങ്കിലും ആക്രമണം നടത്താനുള്ള ഇസ്രായേലിന്റെ സന്നദ്ധതയുടെ മുന്നറിയിപ്പാണ്. മധ്യസ്ഥതയില്‍ നിന്നുള്ള ഖത്തറിന്റെ പിന്മാറ്റം ഗാസയെ ഒരിക്കലും അവസാനിക്കാത്ത യുദ്ധത്തില്‍ കുടുക്കിയിട്ടേക്കാം. അതേസമയം, ഗള്‍ഫ് രാജ്യങ്ങള്‍ യുഎസ് പങ്കാളിത്തത്തെക്കുറിച്ച് പുനര്‍വിചിന്തരം നടത്തുകയും ചൈനയുമായോ റഷ്യയുമായോ അടുക്കുകയും ചെയ്യും. സാമ്പത്തികമായി ബുദ്ധിമുട്ടിലായ ഊര്‍ജവിപണികള്‍ ആഗോള ഉപഭോക്താക്കളെ ബാധിക്കുകയും ഗള്‍ഫ് എണ്ണയെ വന്‍തോതില്‍ ആശ്രയിക്കുന്ന ഇന്ത്യയില്‍ വിലക്കയറ്റം ഉണ്ടാക്കുകയും ചെയ്യും.
പലസ്തീനികളെ സംബന്ധിച്ചിടത്തോളം ഈ ആക്രമണം മധ്യസ്ഥ ശ്രമങ്ങള്‍ക്ക് പോലും സുരക്ഷിതമായ ഒരു താവളമില്ലെന്ന സൂചനയാണ് നല്‍കുന്നത്. ഇത് സമാധാന ശ്രമങ്ങള്‍ക്ക് മങ്ങലേല്‍പ്പിക്കുന്നു.
പഴുതുകള്‍ അടയ്ക്കാന്‍ അന്താരാഷ്ട്ര നിയമം കൂടുതല്‍ ശക്തിപ്പെടുത്തുക, യുഎന്‍ പ്രമേയങ്ങള്‍ നടപ്പിലാക്കുക, സംയമനം പാലിക്കാന്‍ ഇസ്രായേലിന് മേല്‍ സമ്മര്‍ദം ചെലുത്തുക എന്നിവ പ്രധാനമാണ്. അല്ലെങ്കില്‍ മിഡില്‍ ഈസ്റ്റില്‍ എല്ലാവര്‍ക്കുമുള്ള സ്വാതന്ത്ര്യം അപകടത്തിലാക്കപ്പെടും. സ്ഥിരത എന്നത് ഒരു വിദൂര സ്വപ്‌നമായും അവശേഷിക്കും.
ലോകമെമ്പാടു നിന്നുള്ള ബ്രേക്കിംഗ് ന്യൂസുകളുടെ ആഴത്തിലുള്ള വിശകലനത്തിന് News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
September 12, 2025 12:51 PM IST
മലയാളം വാർത്തകൾ/ വാർത്ത/Explained/
ഖത്തറിനെ ഇസ്രയേല്‍ ആക്രമിച്ചത് എന്തുകൊണ്ട്? മേഖലയെ ബാധിക്കുന്നതെങ്ങനെ?