ക്രിസ്മസിന് മലയാളിയെ കാത്തിരിക്കുന്നത് 'ഒടിയൻ' ഉൾപ്പെടെ 100 കോടിയുടെ സിനിമകള്‍
Last Updated:
തിരുവനന്തപുരം: ഡിസംബര്‍ 14 ന് തിയറ്ററിലെത്തുന്ന ഒടിയന്റെ 'ഒടിവിദ്യകളോടെയാണ്' അടുത്തകാലത്തെ ഏറ്റവും വലിയ 'റിലീസ് യുദ്ധം' മലയാള ചലച്ചിത്ര ലോകത്ത് ആരംഭിക്കുന്നത്. 100 കോടിയുടെ സിനിമകളാണ് വരുന്ന മൂന്നാഴ്ചകൊണ്ട് കേരളത്തില്‍ പ്രദര്‍ശനത്തിനെത്തുക.
ക്രിസ്മസ് ലക്ഷ്യമിട്ട് അണിയറയില്‍ ഒരുങ്ങിയ ചിത്രങ്ങള്‍ക്ക് പുറമെ പ്രളയം പിടിച്ചുലച്ചപ്പോള്‍ നിര്‍മ്മാണം നിര്‍ത്തിവെക്കേണ്ടിവന്ന ചിത്രങ്ങളും ഒരുമിച്ച് പൂര്‍ത്തിയായതാണ് സിനിമകളുടെ ഈ ചാകരയ്ക്ക് കാരണമായത്.
ഡിസംബര്‍ 14 ന് റിലീസ് ചെയ്യുന്ന ഒടിയന്‍ ആദ്യദിവസം 400 ഓളം സ്‌ക്രീനുകളില്‍ പ്രദര്‍ശിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കേരളത്തില്‍ ആകെ 629 സ്‌ക്രീനുകളാണുള്ളത്. ഒടിയന്റെ ഒടിവിദ്യകള്‍ കേരളക്കരയെ മയക്കിയാല്‍ സ്‌ക്രീനുകളുടെ ഭൂരിഭാഗവും ഒരാഴ്ചക്കാലം ഒടിയന്റെ കൈയ്യില്‍ തന്നെയാകും. റിലീസിനു മുന്നേ കേരളത്തിൽ ബാഹുബലിയുടെ റെക്കോര്‍ഡ് തകര്‍ത്താണ് മോഹന്‍ലാല്‍ ചിത്രം റിലീസ് കാത്ത് നില്‍ക്കുന്നത്.
advertisement
ഒടിയന്റെ ഓളം അടങ്ങുമ്പോഴേക്ക് അഞ്ച് സിനിമകള്‍ ഒരുമിച്ച് തിയറ്ററുകളിലെത്തുകയും ചെയ്യും. ഡിസംബര്‍ 21 നാണ് അഞ്ച് ചിത്രങ്ങളുടെ റിലീസ്. സത്യന്‍ അന്തിക്കാടിന്റെ ഫഹദ് ഫാസില്‍ ചിത്രം 'ഞാന്‍ പ്രകാശന്‍', ആന്റോ ജോസഫ് നിര്‍മിക്കുന്ന ടോവിനൊ ചിത്രം 'എന്റെ ഉമ്മാന്റെ പേര്', ജയസൂര്യയുടെ 'പ്രേതം 2' എന്നീ മലയാള ചിത്രങ്ങളും ധനുഷ് നായകനും ടൊവീനോ വില്ലനായും എത്തുന്ന മാരി 2, ഷാരൂഖ് ഖാന്റെ ഹീറോ എന്നിവയുമാണ് 21 ന്റെ റിലീസ്.
advertisement
മലയാള സിനിമയിലെ എക്കാലത്തെയും വലിയ ഹിറ്റ് കൂട്ടുകെട്ടായ സത്യന്‍ അന്തിക്കാട്- ശ്രീനിവാസന്‍ ടീം വീണ്ടും ഒരുമിക്കുന്നെന്ന പ്രത്യേകതയുമായാണ് 'ഞാന്‍ പ്രകാശന്‍' തിയറ്ററിലെത്തുന്നത്. 17 വര്‍ഷത്തിനു ശേഷം പതിനാറാം ചിത്രവുമായാണ് ഫഹദ് ഫാസിലുമൊത്ത് ഈ വരവ്. ജോസ് സെബാസ്റ്റ്യൻ രചനയും സംവിധാനവും നിര്‍വഹിക്കുന്ന 'എന്റെ ഉമ്മാന്റെ പേരി'ല്‍ ടൊവിനോയ്‌ക്കൊപ്പം ഉര്‍വശിയാണ് മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇരുവരും ഒന്നിക്കുന്ന ആദ്യ ചിത്രമാണിത്.
റിസോര്‍ട്ടില്‍ താമസിക്കുന്ന യുവാക്കളുടെ ഇടയില്‍ പരിഭ്രാന്തി പടര്‍ത്തിയ ആത്മാവിന്റെ കഥ പറഞ്ഞ ചിത്രമായ 'പ്രേത'ത്തിന്റെ രണ്ടാം ഭാഗമാണ് പ്രേതം 2. സാനിയ അയ്യപ്പന്‍, ദുര്‍ഗ്ഗ എന്നിവരാണ് നായികമാര്‍. ജയസൂര്യ, രഞ്ജിത്ത് ശങ്കര്‍ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നുവെന്നതാണ് ചിത്രത്തിന്റെ പ്രത്യേകത.
advertisement
ലാല്‍ജോസ് ചിത്രം 'തട്ടിന്‍പുറത്തെ അച്യുതന്‍' 22 ന് തിയറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കുഞ്ചാക്കോ ബോബന്‍-ലാല്‍ ജോസ് കൂട്ടുകെട്ടിലുള്ള മൂന്നാമത്തെ ചിത്രമാണ് തട്ടിന്‍പുറത്തെ അച്യുതന്‍. ക്രിസ്മസിനു മാത്രം 100 കോടിയോളം രൂപയുടെ സിനിമകള്‍ എത്തുന്നു എന്നതിനു പുറമെ റിലീസ് കാത്തുനില്‍ക്കുന്നത് ഏകദേശം 90 കോടിയുടെ ചിത്രങ്ങളാണെന്നതും ഈ സീസണിന്റെ പ്രത്യേകതയാണ്. 14 മലയാള ചിത്രങ്ങളാണ് റിലീസിനായ് കാത്തുനില്‍ക്കുന്നത്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 10, 2018 9:16 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
ക്രിസ്മസിന് മലയാളിയെ കാത്തിരിക്കുന്നത് 'ഒടിയൻ' ഉൾപ്പെടെ 100 കോടിയുടെ സിനിമകള്‍


