• HOME
  • »
  • NEWS
  • »
  • film
  • »
  • AMMA ക്രിമിനലുകളെ സംരക്ഷിക്കുന്ന, സ്ത്രീ വിരുദ്ധ സംഘടന; അംഗത്വം ഒഴിവാക്കണമെന്ന് ഹരീഷ് പേരടി

AMMA ക്രിമിനലുകളെ സംരക്ഷിക്കുന്ന, സ്ത്രീ വിരുദ്ധ സംഘടന; അംഗത്വം ഒഴിവാക്കണമെന്ന് ഹരീഷ് പേരടി

ലൈംഗീക പീഡനക്കേസില്‍ കുറ്റാരോപിതനായ നടന്‍ വിജയ് ബാബുവിനെതിരെ നടപടിയെടുക്കാത്തതില്‍ സംഘടനയ്ക്കുള്ളില്‍ തന്നെ എതിര്‍പ്പുകള്‍ ശക്തമാണ്

  • Share this:
    താരസംഘടന അമ്മ (A.M.M.A)യില്‍ നിന്ന് തന്‍റെ പ്രാഥമിക അംഗത്വം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നടന്‍ ഹരീഷ് പേരടി (Hareesh Peradi) രംഗത്ത്. പൊതു സമൂഹത്തിന് ഒരിക്കലും ദഹിക്കാത്ത ക്രിമനലുകളെ സംരക്ഷിക്കുന്ന ഇത്രയും സ്ത്രീ വിരുദ്ധമായ നിലപാടുകൾ തുടരുന്ന A.M.M.A എന്ന സിനിമാ സംഘടനയിലെ എന്റെ പ്രാഥമിക അംഗത്വം ഒഴിവാക്കി തരണമെന്ന് സ്നേപൂർവ്വം അഭ്യർത്ഥിക്കുന്നതായി അദ്ദേഹം ഫേസ്ബുക്കിലൂടെ ആവശ്യപ്പെട്ടു. ലൈംഗീക പീഡനക്കേസില്‍ കുറ്റാരോപിതനായ നടന്‍ വിജയ് ബാബുവിനെതിരെ നടപടിയെടുക്കാത്തതില്‍ താരസംഘടനയ്ക്കുള്ളില്‍ തന്നെ എതിര്‍പ്പുകള്‍ തുടരുന്നതിനിടെയാണ് ഹരീഷ് പേരടി അംഗത്വം ഒഴിവാക്കണമെന്നാവശ്യപ്പെട്ടിരിക്കുന്നത്.

    ഹരീഷ് പേരടിയുടെ കുറിപ്പ്

    A.M.M.A യുടെ പ്രിയപ്പെട്ട പ്രസിഡന്‍റ് ,സെക്രട്ടറി..മറ്റ് അംഗങ്ങളെ...പൊതു സമൂഹത്തിന് ഒരിക്കലും ദഹിക്കാത്ത ക്രിമനലുകളെ സംരക്ഷിക്കുന്ന ഇത്രയും സ്ത്രി വിരുദ്ധമായ നിലപാടുകൾ തുടരുന്ന A.M.M.A എന്ന സിനിമാ സംഘടനയിലെ എന്റെ പ്രാഥമിക അംഗത്വം ഒഴിവാക്കി തരണമെന്ന് സ്നേപൂർവ്വം അഭ്യർത്ഥിക്കുന്നു...എന്റെ പ്രാഥമിക അംഗത്വത്തിനായി ഞാൻ അടച്ച ഒരു ലക്ഷം രൂപ എനിക്ക് തിരിച്ചു തരേണ്ട..ആരോഗ്യ ഇൻഷൂറൻസ് തുടങ്ങിയ എല്ലാ അവകാശങ്ങളിൽ നിന്നും എന്നെ ഒഴിവാക്കണം എന്നുകൂടി അഭ്യർത്ഥിക്കുന്നു...സ്നേഹപൂർവ്വം-ഹരീഷ്പേരടി..



    അതേസമയം, താരസംഘടനയായ അമ്മയുടെ (AMMA) ആഭ്യന്തര പരാതി പരിഹാര സെല്ലിൽ (ICC) നിന്ന് ശ്വേതാ മേനോനും (Shweta Menon) കുക്കു പരമേശ്വരനും (Kukku Parameswaran) രാജിവച്ചു. വിജയ് ബാബുവിനെതിരെ (Vijay Babu) നടപടി എടുക്കാത്തതിൽ പ്രതിഷേധിച്ചാണ് രാജി. വിജയ് ബാബുവിനെതിരെ നടപടിയെടുക്കണമെന്ന് ആഭ്യന്തര പരാതി സമിതി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതേ ആവശ്യമുന്നയിച്ച് നടി മാലാ പാർവതി കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു.

    ഐസിസി അധ്യക്ഷ കൂടിയായിരുന്ന ശ്വേത മേനോന്‍ അമ്മയുടെ വൈസ് പ്രസിഡന്‍റാണ്. ഏപ്രില്‍ 27നാണ് വിജയ് ബാബുവിനെ പുറത്താക്കണമെന്ന തീരുമാനം അറിയിച്ചത്. വിജയ് ബാബു വിഷയത്തിൽ അമ്മ കൈക്കൊണ്ട തീരുമാനം അംഗീകരിക്കില്ല എന്ന നിലപാട് വ്യക്തമാക്കിയായിരുന്നു മാലാ പാര്‍വതിയുടെ രാജി.

     Also Read- വിജയ് ബാബുവിനെതിരെ നടപടിയെടുക്കാത്തതിൽ പ്രതിഷേധം; നടി മാലാ പാര്‍വതി 'അമ്മ'യുടെ ആഭ്യന്തര പരാതി പരിഹാര സമിതിയില്‍നിന്ന് രാജിവച്ചു

    വിജയ് ബാബുവിന് എതിരായി ഉയര്‍ന്ന ആരോപണങ്ങള്‍ ഗൗരവമുള്ളതാണെന്നും പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയത് മാപ്പര്‍ഹിക്കാത്ത കുറ്റകൃത്യമാണെന്നും സംഘടനയില്‍ നിന്ന് പുറത്താക്കണമെന്നും സമിതി റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

    ഏപ്രിൽ 27ന് ചേർന്ന അമ്മയുടെ ആഭ്യന്തര പരാതി പരിഹാര സെൽ യോഗം വിജയ് ബാബുവിനെതിരെ നടപടിയെടുക്കാൻ ശുപാർശ ചെയ്തിരുന്നു. ആരോപണമുയർന്നതിന് പിന്നാലെ പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തി വിജയ്ബാബു ഫേസ്ബുക്ക് ലൈവ് നടത്തിയതിന് പിന്നാലെയായിരുന്നു ഐസിസി യോഗം. ഈ റിപ്പോർട്ട് അമ്മ യോഗത്തിൽ പരിഗണിക്കുമെന്നായിരുന്നു അറിയിച്ചത്. എന്നാൽ അമ്മ എക്സിക്യൂട്ടീവിന് തൊട്ടുമുമ്പ് ലഭിച്ച വിജയ് ബാബുവിന്റെ കത്ത് മാത്രമാണ് യോഗത്തിൽ പരിഗണിച്ചത്.

     Also Read- ഔദ്യോഗിക യാത്രയിലായതിനാല്‍ 19 വരെ ഇളവു വേണം; പൊലീസിന് മെയിലയച്ച് വിജയ് ബാബു; ഇളവില്ലെന്ന് മറുപടി

    'അമ്മ' എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ നിന്ന് മാറി നില്‍ക്കാമെന്ന് നടന്‍ വിജയ് ബാബു അറിയിച്ചിരുന്നു. നിരപരാധിത്വം തെളിയിക്കുന്നതുവരെ മാറിനില്‍ക്കാമെന്നാണ് അറിയിച്ചിരിക്കുന്നത്. വിജയ് ബാബു നല്‍കിയ കത്ത് അമ്മ എക്‌സിക്യൂട്ടീവ് അംഗീകരിച്ചു. തന്റെ പേരില്‍ ഉയര്‍ന്നുവന്ന ആരോപണങ്ങളുടെ പേരില്‍ താന്‍ എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗമായിരിക്കുന്ന സംഘടനയ്ക്ക് അവമതിപ്പ് ഉണ്ടാക്കാന്‍ ആഗ്രഹിക്കാത്തതിനാലാണ് മാറിനില്‍ക്കുന്നതെന്ന് വിജയ് ബാബു സംഘടനയെ അറിയിച്ചിരുന്നു.

    യുവനടിയുടെ പീഡന പരാതിയില്‍ വിജയ് ബാബുവിനെതിരെ പൊലീസ് കേസെടുത്തിരുന്നു. നടിയുടെ പേരു വെളിപ്പെടുത്തി സമൂഹമാധ്യമത്തില്‍ വിഡിയോ പോസ്റ്റ് ചെയ്തതും വന്‍വിവാദമായി. പൊലീസിന് മുന്നിൽ പരാതി എത്തിയതിന് പിന്നാലെ വിജയ് ബാബു ഒളിവിൽ പോവുകയായിരുന്നു,
    Published by:Arun krishna
    First published: